Book Review : നിശ്ശബ്ദതയുടെ മുഴക്കം, ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ രചനാലോകം
പുസ്തകപ്പുഴയില്‍ ഇന്ന് ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ പുതിയ സമാഹാരമായ 'കിസാമ'യ്ക്ക് രാഹുല്‍ രാധാകൃഷ്ണന്‍ എഴുതിയ പഠനം
മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള കഥയില്‍ സജീവമായി നില്‍ക്കുന്ന ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ പുതിയ സമാഹാരമായ 'കിസാമ' അടുത്തു തന്നെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുറത്തിറക്കാനിരിക്കുകയാണ്. ഈ സമാഹാരത്തിന് ശ്രദ്ധേയനായ നിരൂപകന്‍ രാഹുല്‍ രാധാകൃഷ്ണന്‍ എഴുതിയ പഠനം. ഇന്ദുചൂഡന്റെ രചനാലോകങ്ങളിലേക്ക് പൊതുവായും ഈ സമാഹാരത്തിലെ കഥകളിലേക്ക് സവിശേഷമായുമുള്ള സഞ്ചാരം.
ഓര്‍മയുടെ ഭൂതകാലവും അനുഭവങ്ങളുടെ വര്‍ത്തമാനകാലവും കഥാക്കൂട്ടുകളാകുന്ന നാട്ടുനടപ്പ് സാധാരണമാണ്. എന്നാല്‍ തീര്‍ത്തും ഏകതാനമായ ആ ക്യാന്‍വാസിലേക്ക് സന്ദിഗ്ധതകളും സന്ദേഹങ്ങളും നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ നിരയൊപ്പിച്ച് നില്‍ക്കുന്നതോടെ കഥകളുടെ മാനം വലുതാവുകയാണ്. അരക്ഷിതമായ പശ്ചാത്തലം ഇരുള്‍ പരത്തുകയും കഥയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളുടെ ആഴപ്പരപ്പ് ഉത്കടമാകുകയും ചെയ്യുന്നു. ഇന്ദുചൂഡന്‍ കിഴക്കേടം എന്ന കഥാകാരന്‍ സൂക്ഷ്മവിശകലനം ചെയ്യുന്ന സാമൂഹികപരിസരമാണിത്. മൂന്ന് ദശാബ്ദങ്ങള്‍ക്കു മേലെയായി കഥകള്‍ എഴുതിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ അറുപതോളം കഥകള്‍ ഇപ്പറഞ്ഞത് ശരിവെക്കുന്നു. 'കിസാമ' എന്ന ഈ കഥാസമാഹാരവും സമാനമായ വിവേകമാണ് പകര്‍ന്നു തരുന്നത്.
ഏകാന്തമായ സഞ്ചാരമാണ് യാത്രകളെ പ്രണയിക്കുന്ന ഈ കഥാകാരന് പഥ്യം. നെടുംപാതകളുടെ അരികുകളിലൂടെ നടക്കുമ്പോഴും പ്രക്ഷുബ്ധമായ ശബ്ദമാണ് അദ്ദേഹത്തിന്റെയുള്ളില്‍ നിന്ന് മുഴങ്ങികേള്‍ക്കുന്നത്. പരിചിതമായ പാതകളിലെ അപരിചിതമായ സന്ദര്‍ഭങ്ങളെ തെഴുത്തു കൊണ്ടുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനാണ് ഇന്ദുചൂഡന്‍ കിഴക്കേടത്തിനു താത്പര്യം. മായക്കാഴ്ചകളോ വ്യാജവര്‍ണങ്ങളോ നിറം പിടിപ്പിക്കാത്ത ചുറ്റുപാടുകളുടെ തെളിച്ചമാണ് ആ എഴുത്തിനു ദാര്‍ശനികബലം നല്‍കുന്നത്. പറയാത്ത കഥകള്‍ ബാക്കിവെച്ചുകൊണ്ട് ഓരോ കഥയിലും സാധ്യതകളെ ഒളിപ്പിക്കുന്ന രചനാശൈലിയില്‍ അദ്ദേഹം അഭിരമിക്കുന്നു. ഒരുപക്ഷേ, എഴുതിഫലിപ്പിക്കുന്ന കഥാഗാത്രത്തെക്കാളും വിടവുകള്‍ നികത്തേണ്ട സാഹചര്യങ്ങള്‍ വായനക്കാരോട് സംവദിക്കുമെന്നു ഈ എഴുത്തുകാരന് അറിയാമെന്ന് ഉറപ്പാണ്. ജീവസുറ്റ തലങ്ങളെ സ്പര്‍ശിക്കുന്ന കഥയിടങ്ങളില്‍ അയഥാര്‍ത്ഥമായ മിശ്രിതങ്ങളോ ഭാവനയെ വെല്ലുവിളിക്കുന്ന കളംവരയ്ക്കലുകളോ ഇല്ല.
ആവാസവ്യവസ്ഥയുടെ ഉള്‍വിളിയും ഉള്ളെഴുത്തും
ജൈവാധികാരവും ജൈവരാഷ്ട്രീയവും പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ട വാക്കുകള്‍ മാത്രമല്ലാ എന്നും തങ്ങളുടെ ആന്തരികവ്യവഹാരങ്ങളുടെ സ്ഥിതിവിവരപ്പട്ടിക ആശ്രയിക്കുന്നത് ഈ സങ്കേതങ്ങളുടെ പ്രായോഗികതയെ ആണെന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ വാസുവും തങ്കയ്യനും മായനും തപനും നമ്മെ ഓര്‍മിപ്പിക്കുന്നു. ഈ കഥാപാത്രങ്ങളാകട്ടെ, പകലുറക്കത്തില്‍ നിന്നുവിടുതല്‍ നേടിക്കൊണ്ട് രാത്രിസ്വപ്നത്തിന്റെ ആശങ്കകളില്‍ നിന്ന് മോചനം നേടാനെന്നവണ്ണം അവരവരുടെ ചുറ്റുവട്ടങ്ങളിലേക്ക് ഉറ്റുനോക്കുകയാണ്. ഇതിനു മറുപടിയെന്നോണം ആവാസവ്യവസ്ഥയുടെ ഉള്‍വിളിയിലും ഉള്ളെഴുത്തിലും കഥാകൃത്ത് ബദ്ധശ്രദ്ധനാവുകയും കഥാഭൂമികയ്ക്ക് ഉര്‍വരത പകരുന്ന നാട്ടുവഴിപച്ചകളെ ആശ്ലേഷിക്കുകയും ചെയ്യുന്നു. ഇമവെട്ടലുകളും ഇലയനക്കങ്ങളും കാഴ്ചയുടെയും കേള്‍വിയുടെയും രാഷ്ട്രീയവിതാനങ്ങളെ പരോക്ഷമായി ക്രമീകരിക്കുന്ന പ്രക്രിയയാണ് ഇവിടെ നടപ്പിലാകുന്നത്. അതുവഴി അരികുജീവിതം നയിക്കുന്നവരുടെയും നിസ്സഹായരുടെയും ദൈനംദിനവ്യവഹാരങ്ങളുടെ പ്രതലങ്ങളിലും ആഴങ്ങളിലും അനുതാപപൂര്‍വം ഉറ്റുനോക്കുന്ന സ്ഥിതിവിശേഷം പ്രകടിപ്പിക്കാന്‍ ആഖ്യാനം സ്വയം ഊര്‍ജം ഉള്‍ക്കൊള്ളുകയത്രേ.
കുടിപാര്‍പ്പിനെ റദ്ദുചെയ്യാനോ അവിടെ നിന്ന് പൂര്‍ണമായ അര്‍ത്ഥത്തില്‍ പലായനം ചെയ്യാനോ കഴിയാതെ പോകുന്ന നിസ്സഹായരുടെ ഭാവഗീതമായി ഓരോ ആഖ്യാനവും രൂപം പ്രാപിക്കുന്നു. വേറൊരു അര്‍ത്ഥത്തില്‍ സമൂഹമായി പരിണമിക്കുമ്പോഴും ഒറ്റപ്പെടുന്ന മനുഷ്യരുടെ സംഘര്‍ഷങ്ങളുടെ വിളനിലമാണ് ഈ കഥകള്‍. കണ്ണുകളില്‍ ദൃശ്യങ്ങളില്ലാതെയും കാതുകളില്‍ ശബ്ദങ്ങളില്ലാതെയും ഉരിയാടാന്‍ വാക്കുകളില്ലാതെയും മനുഷ്യര്‍ ഏകാന്തതയില്‍ തുഴയുന്ന തോണിയുടെ ഛായാചിത്രമാണ് 'കിസാമ'. ഈ പുസ്തകത്തിലെ ഓരോ കഥയിലും ഓരോ അവസ്ഥാവിശേഷമാണ് അധ്യാരോപം ചെയ്തിരിക്കുന്നത്. ഭൂമിയില്‍ കാലുകളുറപ്പിച്ചുവെച്ചു കൊണ്ട് പ്രതിബന്ധങ്ങളോട് അഭിസംബോധന നടത്തുന്ന കഥാപാത്രങ്ങള്‍ ദാരുണമായ ചുറ്റുപാടുകളെ മറികടക്കുന്നതെങ്ങനെ എന്ന ക്ലേശം എഴുത്തുകാരനൊപ്പം വായനക്കാരും പങ്കുവെക്കുന്നു.
ജീവിതത്തെ അടുക്കിവെക്കാനുള്ള വ്യഗ്രത
മൂല്യബോധം, സാമൂഹികവ്യവസ്ഥിതി, ഒറ്റപ്പെടലിന്റെ ചിന്താഭാരം തുടങ്ങിയ ഘടകങ്ങളെ അഭിസംബോധന ചെയ്യാനായി 'കഥ'യെ ഭാഗഭാക്കാക്കുകയാണ് ഇന്ദുചൂഡന്‍ കിഴക്കേടം. തങ്ങള്‍ക്ക് വിധിക്കപ്പെട്ട ഏകാന്തതയുടെ പുതപ്പിലേക്ക് ചുരുണ്ടുകൂടുന്ന കഥാപാത്രങ്ങളാണ് ഈ കഥകളില്‍. പോരാടിക്കൊണ്ടുള്ള അതിജീവനത്തെക്കാള്‍ സഹനശീലത്തിന്റെയും ക്ഷമയുടെയും ഭാവുകത്വമാണ് അവര്‍ക്ക് ശീലം. തിരോഭവിക്കാത്ത ഓര്‍മകളും കൊളുത്തിപ്പിടിക്കുന്ന അനുഭവങ്ങളും മനുഷ്യരെ ആര്‍ദ്രരും അനുകമ്പാര്‍ഹരും ആക്കുന്നതിന്റെ ചിത്രങ്ങള്‍ 'കിസാമ'യിലെ കഥകളില്‍ കാണാനാകും. നിസ്സംഗതയെയും നിരാസത്തെയും പ്രതിരോധിച്ചു, ജീവിതത്തെ അടുക്കിവെക്കാനുള്ള കഥാപാത്രങ്ങളുടെ വ്യഗ്രതയാണ് ലോകത്തിന്റെ ഒസ്യത്ത് ജീവജാലങ്ങള്‍ക്ക് തന്നെയാണ് എന്ന് ഉറപ്പിക്കുന്നത്. ധ്വനിപ്രകാരമുള്ള ആട്ടക്കഥയ്ക്ക് ഭംഗം വരുത്താത്ത കഥാപാത്രങ്ങളുടെ ജീവചരിത്ര ആഖ്യാനത്തിനു ബലം നല്‍കുകയാണ്. കഥാകാരന്‍ സൂചിപ്പിക്കുന്നത്പ്രകാരം 'അതിനിഗൂഢമായ ഒരു ചെപ്പില്‍ നിന്ന് അവസാനമില്ലാതെ പുറത്തുവരുന്ന ബഹുവര്‍ണത്തൂവാലകളായി കഥകള്‍ നീളുന്നു.' എന്നാല്‍ സമകാലജീവിതത്തിന്റെ വെയിലിലും മഴയിലും നിശ്ചലാവസ്ഥയില്‍ അകപ്പെട്ടുപോകുന്നവര്‍ക്ക് പുറത്തെത്താനുള്ള ചുഴല്‍വഴികള്‍ തനിയെ കണ്ടുപിടിക്കേണ്ടി വരുന്നു എന്നത് വസ്തുതയാണ്. 'ബോധത്തിന്റെ തുറസ്സില്‍ മിന്നല്‍ പോലെ' ദൗര്‍ഭാഗ്യങ്ങള്‍ നിപതിക്കുകയും പ്രതിബോധങ്ങള്‍ ഉരുവം കൊള്ളാനുള്ള സമയമോ സ്വാതന്ത്ര്യമോ കരഗതമാവാത്ത സ്ഥിതി ഉരുണ്ടു കൂടുകയും ചെയ്യുന്നു.
സാംസ്‌കാരികനിര്‍മിതികള്‍ക്കും സാമൂഹികവ്യവസ്ഥിതികള്‍ക്കും ബദല്‍രൂപം കെട്ടിയുയര്‍ത്താനുള്ള സാധ്യതയുടെ സവിശേഷസാഹചര്യങ്ങളെയാണ് ഈ സമാഹാരത്തിലെ കഥകള്‍ തെരയുന്നത്. മനുഷ്യരെ വേട്ടയാടുന്ന മണ്ഡലങ്ങളുടെ മാനങ്ങളെയും ആത്മനിഷ്ഠമായ എതിരിടലുകളെയും അവര്‍ നേരിടുന്നത് ഇച്ഛാശക്തിയോടെ കൂടെയാവണം. പ്രതീകങ്ങള്‍ക്കും ബിംബങ്ങള്‍ക്കും ഉപരിയായി യാഥാര്‍ഥ്യബോധം മേല്‍ക്കൈ നേടുന്നതും ശരീരവും മനസ്സും തമ്മിലുള്ള സംഘര്‍ഷം ഒളിപ്പിച്ചുവെയ്ക്കാനാവാത്തതരത്തില്‍ മുഴച്ചുനില്‍ക്കേണ്ടിവരുന്നതും ജീവിതവിപര്യയങ്ങളാണ്. പാഠപുസ്തകങ്ങളിലെ സൂത്രവാക്യങ്ങളിലോ അനുഭവക്കുറിപ്പുകളിലെ ദൃഷ്ടാന്തങ്ങളിലോ കാണാത്ത വിധമുള്ള സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കുന്ന കഥാപാത്രങ്ങളുടെ ചെയ്തികളാണ് എഴുത്തുകാരന്‍ പ്രതിപാദിക്കുന്നത്.
.....................................
Read More: ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് എന്ന മലയാളി!
Read More: അടിമജീവിതങ്ങളുടെ സംഘര്‍ഷഭൂമികള്‍
.....................................
'കിസാമ'യുടെ പ്രസക്തി
പുസ്തകത്തിന്റെ ശീര്‍ഷകമായ 'കിസാമ' എന്ന കഥ നോക്കുക. മറ്റൊരു സംസ്‌കാരത്തിന്റെ ഇഴകളിലെ ഈര്‍പ്പവും മുറുക്കവുമാണ് ഈ പ്രമേയം പരിശോധിക്കുന്നത്. പറഞ്ഞു പ്രചാരത്തിലായ ചരിത്രമനുസരിച്ച് ചൈനയുടെ തെക്കു-കിഴക്കേ ഭാഗത്തുനിന്ന് പലായനം ചെയ്ത ഗോത്രവിഭാഗമാണ് നാഗ ഗോത്രവിഭാഗത്തിലുള്ളവരുടെ പൂര്‍വജര്‍. പിന്നീട് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ കാലത്ത് നാഗന്മാരുമായി വര്‍ഷങ്ങളോളം സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്തു (1830-കള്‍ മുതല്‍ 1870-കള്‍ വരെയുള്ള വര്‍ഷങ്ങള്‍). ബ്രിട്ടീഷുകാരുടെ കാലത്ത് നടന്ന മതപരിവര്‍ത്തനത്തിലൂടെ ഭൂരിഭാഗം ഗോത്രവര്‍ഗക്കാരും ക്രിസ്ത്യന്‍മതം സ്വീകരിച്ചിരുന്നു.
ഇങ്ങനെ ഗോത്രവീര്യം കാത്തുസൂക്ഷിക്കുന്ന വര്‍ഗ്ഗത്തിന്റെ പുതുതലമുറക്കാരിയായ തലികല കാമുകനായ വിശാലിന്റെ ഒപ്പം അയാളുടെ ജന്മദേശമായ കൊച്ചിയിലേക്ക് എത്തിച്ചേരുന്നു. 'കിസാമ' എന്ന കഥയുടെ ചുറ്റുവട്ടം പ്രസ്തുതസംഭവത്തെ ആസ്പദമാക്കിയാണ് വികസിക്കുന്നത്. ഇന്ത്യയെ വന്‍കര ആയി കാണുന്ന നാഗഗോത്രക്കാരുടെ ഇടയില്‍ നിന്ന് വ്യവസ്ഥാപിതമായ എല്ലാ വിലക്കുകളെയും വെല്ലുവിളിച്ചുകൊണ്ട് പ്രണയസാക്ഷാത്ക്കാരത്തിനായി ഇറങ്ങിത്തിരിച്ച യുവതിക്ക് എന്താണ് സംഭവിക്കുന്നത് എന്നതിന്റെ രത്‌നച്ചുരുക്കമാണ് ഈ കഥ. ഗ്രാമമുഖ്യനായ ഗംബൂറയുടെ കീഴിലെ അനുസരണയുള്ള അംഗമായി ജീവിച്ചിരുന്ന തലികല അച്ഛനമ്മമാരെയും ഗോത്രത്തെയും ഉപേക്ഷിക്കുകയാണ്. കണ്ടിട്ടില്ലാത്ത ഭൂഭാഗത്ത് കാമുകന്റെ കൂടെ ജീവിക്കാനായി ഇറങ്ങിത്തിരിച്ച അവള്‍ക്ക്, വിശാലുമായി പൊരുത്തക്കേടുകള്‍ ഉണ്ടാകുകയാണ്. ഇതിന് അനുബന്ധമായി സംസ്‌കാരങ്ങളുടെയും ഭാഷയുടെയും പെരുമാറ്റരീതികളുടെയും ഇടര്‍ച്ച സംഭവിക്കുകയും ഭക്ഷണക്രമത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തുവാന്‍ തലികല നിര്‍ബന്ധിതയാകുകയും ചെയ്യുന്നു. പക്ഷെ 'മറ്റൊരാളായി' രൂപപ്പെടാന്‍ അവള്‍ ഒരുക്കമല്ല. 'നിങ്ങള്‍ എന്തുകൊണ്ടാണ് എന്നെ ഞാനായിരിക്കാന്‍ അനുവദിക്കാത്തത്? എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ മറ്റൊരാളാകാന്‍ നിര്‍ബന്ധിക്കുന്നത്?' എന്ന അവളുടെ ചോദ്യത്തില്‍ സ്വത്വനഷ്ടം സംഭവിക്കാന്‍ ആഗഹിക്കാത്ത ഒരാളുടെ ഇച്ഛാശക്തി പ്രകടമാണ്. 'കാണുന്നതെല്ലാം മഞ്ഞയാകുന്നു-പിന്നെ സ്വര്‍ണമാകുന്നു' എന്ന തത്വമനുസരിച്ച് അവളുടെ മടങ്ങിപ്പോക്ക് വിശാലിന്റെ ജീവിതത്തെ എങ്ങെനയാവും ബാധിക്കുക എന്ന വിചാരം ബാക്കിനിര്‍ത്തുകയാണ് കഥ.
ഒരിടത്തേക്കും തിരിച്ചുപോകാനാകാതെ, നാടോടിയായി (നാടോടി എന്നര്‍ത്ഥം വരുന്ന 'നോക്' എന്ന പദമാണ് പിന്നീട് 'നാഗ' ആയി രൂപപ്പെട്ടത്) കാലം കഴിക്കേണ്ടി വരുമോ എന്ന ആകുലതയാണ് ഇവിടെ ഉരുണ്ടു കൂടുന്നത്. സാമൂഹിക-സാംസ്‌കാരിക- ജീവിതശൈലിയില്‍ ഇന്ത്യ എന്നും നാഗാലാന്‍ഡ് എന്നുമുള്ള വ്യത്യസ്തത വേറിട്ടുനില്‍ക്കുന്നത്, സമൂഹം മുന്നോട്ടുവെക്കുന്ന ചില മുന്‍ധാരണകളെ കൂടെ ആധാരമാക്കിയാണ്. നാഗാലാന്‍ഡിന്റെ തനിമയില്‍ അധിഷ്ഠിതമായി ജീവിക്കുന്നവര്‍ വന്‍കരയെ മറ്റേതോ ലോകമായി ഗണിക്കുന്നുണ്ട് എന്ന് കരുതുന്നതിലും തെറ്റില്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍ 'കിസാമ'യുടെ പ്രസക്തി വര്‍ധിക്കുന്നു.
അന്തഃഛിദ്രങ്ങള്‍ക്കും കലാപങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ജനതയുടെ ചരിത്രം പരിശോധിച്ചാല്‍ ഗോത്രവിശ്വാസങ്ങളാണ് എന്നും അവര്‍ക്ക് വഴികാട്ടിയായിരുന്നത് എന്ന് മനസ്സിലാകും. രണ്ടാംലോകയുദ്ധ കാലത്ത് ജപ്പാന്‍ ആക്രമിച്ചതിന്റെ ആഘാതത്തെ അതിജീവിച്ചതും ഇന്ത്യയുടെ ഭാഗമാവുന്നതിനു ഗാന്ധിജിയുമായുള്ള ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തതും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പ്രത്യേകജനതയായി മാറിനില്‍ക്കണമെന്ന ഉദ്ദേശ്യം സൈമണ്‍ കമ്മീഷന് മുന്‍പാകെ വെച്ചതുമെല്ലാം ഈ വിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ്. അങ്ങനെ ആര്‍ജവമുള്ള ഗോത്രപാരമ്പര്യത്തെ എതിര്‍ത്തുകൊണ്ടാണ് തലികല സ്വന്തം ജീവിതം തന്നിഷ്ടപ്രകാരം തീരുമാനിക്കുന്നത്. കൊച്ചിയിലെ കായലുകളെയും പള്ളിയെയും ഭൂപ്രദേശങ്ങളെയും ഇഷ്ടപ്പെടുന്ന അവള്‍ക്ക് എന്നാല്‍ അധിനിവേശത്തിന്റെ രാഷ്ട്രീയത്തോട് ആഭിമുഖ്യമില്ലാ എന്ന് വ്യക്തമാക്കുകയാണ്.
'ചിന്‍ ഓ അസം', കുടിയൊഴിപ്പിക്കലുകളുടെ ബലതന്ത്രം
വിദേശാധിപത്യം സൃഷ്ടിച്ച മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല എന്ന തോന്നല്‍ ബലപ്പെടുത്തുന്ന 'കിസാമ' യില്‍ നിന്നും പലായനത്തിന്റെ ഭൂപടത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന കഥയാണ് 'ചിന്‍ ഓ അസം'. എണ്ണയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ ആസാം ജനതയുടെ ആത്മാഭിമാനത്തെ സൂചിപ്പിക്കുന്നു. ആസാമിലെ ദിഗ്‌ബോയി എണ്ണസംസ്‌ക്കരണശാല നിലവില്‍ വന്നിട്ട് നൂറു കൊല്ലം കഴിഞ്ഞു. അതിനു ശേഷം ചെറുതും വലുതുമായ അനേകം എണ്ണപ്പാടങ്ങള്‍ ആസാമില്‍ കണ്ടെത്തിയിരുന്നു. അധികം വൈകാതെ, വ്യവസായപദ്ധതിയായും തൊഴിലുത്പാദനരംഗമായും എണ്ണപ്പാടങ്ങളെ കണ്ടു തുടങ്ങി. പക്ഷെ, അതിര്‍ത്തി കടന്നു ആസാമിലേക്കുള്ള അഭയാര്‍ഥികളുടെ പലായനം ഈ രംഗത്ത് ചില അലോസരങ്ങള്‍ സൃഷ്ടിച്ചു. ബംഗ്ലാദേശിന്റെ രൂപീകരണത്തോടെ അനിയന്ത്രിതമായ വിധത്തില്‍ അഭയാര്‍ത്ഥികള്‍ ആസാമിലേക്ക് എത്തിത്തുടങ്ങി. അവരെ അധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരുവിഭാഗം തദ്ദേശീയരെ ചൊടിപ്പിച്ചു. ഇതിന് ചുവട് പിടിച്ചുള്ള 'മണ്ണിന്റെ മക്കള്‍' വാദം പൊതുസമൂഹത്തില്‍ അലയൊലികള്‍ തീര്‍ത്തു. അഭയാര്‍ത്ഥികള്‍ അനധികൃതമായി കടന്നുവരുന്നതിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ഒരു ഘട്ടത്തില്‍ അങ്ങേയറ്റം രൂക്ഷമായി. അനുരഞ്ജനനീക്കമെന്ന നിലയില്‍, 1966 ജനുവരി 1 വരെയുള്ള കാലത്ത് സംസ്ഥാനത്ത് എത്തിപ്പെട്ടവരെ അംഗീകരിക്കുന്നതില്‍ സമവായം രൂപപ്പെട്ടു. എന്നാല്‍ പിന്നീട് എഴുപതുകളിലും എണ്‍പതുകളിലും അരാജകത്വം വളരുകയും വിദ്യാര്‍ത്ഥി യൂണിയനുകളുടെ (AASU) നേതൃത്വത്തില്‍ കലാപം ശക്തമാക്കുകയും ചെയ്തു. ആസാമിലെ എണ്ണപ്പാടത്തെ തൊഴിലുകളുടെ അസ്ഥിരത ഇന്നും പ്രസക്തവിഷയമാണ്. ഓയില്‍ കമ്പനിയിലെ കരാര്‍ അവസാനിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ബാധ്യസ്ഥനായ പ്രിയനെ കുറിച്ചാണ് 'ചിന്‍ ഓ അസം.' മനുഷ്യര്‍ക്ക് വേണ്ടതെല്ലാം അവര്‍ എന്തുവില കൊടുത്തും നേടിയെടുക്കുമെന്നും വേണ്ടാത്തതിനെ ഏതുവിധേനയും ഉപേക്ഷിക്കുമെന്നുമുള്ള ലോകതത്വം സാധൂകരിക്കാന്‍ എഴുത്തുകാരന്‍ ഈ കഥയിലൂടെ ശ്രമിക്കുന്നു. ഓയില്‍ മില്ലിലെ തൊഴില്‍പ്രശ്‌നങ്ങളോടൊപ്പം ആസാമിലെ തീവ്രവാദപ്രതിസന്ധികളെയും ചേര്‍ത്തുവെച്ചാണ് കഥ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ബന്ധങ്ങളില്‍ അപ്രതീക്ഷിതമായ വിള്ളല്‍ രൂപപ്പെടുന്നത് എങ്ങനെയാണെന്ന വിശകലനം മാനുഷികവിനിമയങ്ങളുടെ കലങ്ങിയ ചായക്കൂട്ടുകളിലേക്ക് വെളിച്ചം വീശുന്നു.
അധികാരവ്യവസ്ഥയുടെ ഭാഗമായി കരാറുകള്‍ പരിണമിക്കുകയും നീതി നടപ്പാക്കുന്നത് അസന്തുലിതമാവുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ് ഉടമ്പടികള്‍ ലംഘിക്കലും പുതുക്കാതിരിക്കലും എന്നുപറയേണ്ടി വരുന്നു. 'കരാര്‍നിയമം' എന്ന കഥയിലും സംഭവിക്കുന്നത് ഇതുതന്നെയാണ്. 'പാവല്‍ ഇലകള്‍ക്ക് മേല്‍ പറന്നു നടന്നു ലാന്‍ഡിങ് സ്‌പേസ് അന്വേഷിക്കുന്ന ചെറുവണ്ടുകളെ'ന്ന പോലെ നാട്ടിലെ വീടിനടുത്തുള്ള തോട്ടില്‍നിന്നു പൊങ്ങിവരുന്ന ചിന്‍മോയ് എന്ന ആസാമീസ് സുഹൃത്താണ് പ്രിയന്റെ ആഖ്യാനത്തെ പൂരിപ്പിക്കുന്നത്.
'ഭൂമിയിലേക്ക് ദൈവം പറഞ്ഞുവിടുന്നവര്‍ എങ്ങനെയാണ് ഇവിടെ എത്തുമ്പോള്‍ പല കാരണങ്ങളാല്‍ വിഭജിക്കുന്നത്' എന്ന ഒറ്റച്ചോദ്യത്തിലൂടെ ലോകത്തിന്റെ അതിരുകളും ഭൂപടങ്ങളും സജ്ജീകരിച്ചിരിക്കുന്നത് ജാതി, നിറം, മതം എന്നിങ്ങനെയുള്ള ഘടകങ്ങളുടെ വിന്യാസത്തിലൂടെയാണെന്ന് കഥാകൃത്ത് തീര്‍ച്ചപ്പെടുത്തുകയാണ്. ഒരു ഇടത്ത് നിന്ന് മറ്റേതോ സ്ഥലത്തേക്കുള്ള പലായനമായി മാത്രം കുടിയൊഴിക്കലിനെ കാണാനാകില്ല. ജീവിതത്തിന്റെ ചില സന്ധികളില്‍ നിന്ന് കരുതിക്കൂട്ടി വഴി മാറാനായി പ്രേരിപ്പിക്കുന്നത് ഒരുതരത്തില്‍ കുടിയൊഴിക്കലാണ്.
'കരാര്‍ നിയമം', ചുരുങ്ങിപ്പോവുന്ന ഇടങ്ങള്‍
'കരാര്‍ നിയമം' എന്ന കഥയിലെ നായകനെ തൊഴിലിടത്ത് നിന്ന് പുറത്താക്കിയതോടെ ജോലിസ്ഥാപനത്തില്‍ നിന്നുള്ള വിടുതല്‍ മാത്രമല്ലാ സംഭവിച്ചത് എന്ന് കാണാം. സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും അതുവരെ പഴകിക്കൊണ്ടിരുന്ന സംവിധാനത്തെയുമാണ് അയാള്‍ക്ക് നഷ്ടമായത്. ജീവിതസാഹചര്യങ്ങള്‍ പ്രത്യേകതരത്തില്‍ ഉരുണ്ടുകൂടി മനുഷ്യരുടെ സമാധാനം ഭഞ്ജിക്കുമ്പോള്‍ നിസ്സഹായതയുടെ ആഴങ്ങളില്‍ നിന്ന് കരകയറുക ശ്രമകരമാണ്. തൊഴിലിടങ്ങളുടെ ഓരം പറ്റി വികസിതമാവുന്ന സമ്പര്‍ക്കയിടങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്നതോടെ ഒറ്റയായ്മ അനുഭവിക്കുന്ന മനുഷ്യരുടെ പ്രതിനിധിയാണ് ഇതിലെ കഥാപാത്രം.
അസ്വാഭാവികമായ തരത്തില്‍ ഏകാകിത്വം മൂടുന്നതോടെ അതിജീവനവും ദുഷ്‌കരമാകും. അതുകൂടാതെ അയാളുടെ പിന്നീടുള്ള ജീവിതക്രമം, പുതിയ ജോലിസ്ഥലത്തെ കുറിച്ചുള്ള അന്വേഷണം, പഴയ സ്ഥാപനത്തിന്റെ നിരീക്ഷണവലയത്തില്‍ പെട്ടുപോകുന്നതിന്റെ തിക്കുമുട്ടലുകള്‍ എന്നിവയാണ് 'കരാര്‍ നിയമ'ത്തിന്റെ പരിസരം. ഒരാളുടെ ലോകം എത്രകണ്ട് ചുരുങ്ങുന്നുവെന്നും അതില്‍ അതിരുകളും വിലക്കുകളും നിര്‍മിച്ചുകൊണ്ട് ജീവിതത്തെ സങ്കരമാക്കുകയും ചെയ്യാന്‍ പുറംലോകം വിചാരിച്ചാല്‍ സാധിക്കാമെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ കഥ. വിഷാദാസങ്കുലമായ അവസ്ഥകളിലൂടെ സഞ്ചരിക്കുന്നവരുടെ സ്വാസ്ഥ്യം പൂര്‍ണമായും കെടുത്തുന്ന വിധത്തില്‍ അവരെ നിരീക്ഷണത്തിനു വിധേയമാക്കുന്നത് നൈതികതയല്ല എന്ന തീര്‍പ്പ് കല്പിക്കുകയാണ് 'കരാര്‍നിയമം'.
'മംഗളപത്രം', കേളുമ്മാനില്‍ നിന്ന് മാധവനിലേക്കുള്ള ദൂരം
കേള്‍വിയോടെ ജനിക്കുന്നവര്‍ ബധിരതരാവുന്നതും കാഴ്ചയോടെ ജനിക്കുന്നവര്‍ അന്ധരാവുന്നതും എന്തൊരു കഷ്ടമാണെന്നു ചിന്തിക്കുന്ന കഥാപാത്രം 'മംഗളപത്രം' എന്ന കഥയിലുണ്ട്. ചുരുക്കത്തില്‍ നാം കാണുന്ന ലോകം നമ്മെ കാണുന്നതും നാം സ്‌നേഹിക്കുന്നവര്‍ നമ്മെ സ്‌നേഹിക്കുന്നതും ഒരേ അനുപാതത്തിലല്ലെന്നും ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ കഥകള്‍ പറയാതെ പറയുകയാണ്. വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലും, കാഴ്ച നഷ്ടപ്പെട്ടതിന്റെ വേപഥുവും കൂടിക്കലര്‍ന്നു ദിനങ്ങള്‍ ദുസ്സഹമാവുന്ന കേളുമ്മാന്റെ ജീവിതമാണ് 'മംഗളപത്ര'ത്തിന്റെ ഉള്ളടക്കം.
അന്ധകാരവും നിശ്ശബ്ദതയും പരവശപ്പെടുത്തുന്ന വാര്‍ദ്ധക്യത്തെ നേരിടുന്ന കേളുമ്മാനും ജീവിതം പച്ചതൊടാനായി പലവിധത്തിലുള്ള ജോലിയും ചെയ്യേണ്ടി വരുന്ന വാസുവും രണ്ടു ദശകളെയാണ് പ്രതിനിധീകരിക്കുന്നത്. ഏകാന്തതയും ആശ്രിതത്വവും ചേര്‍ത്തുവെയ്ക്കപ്പെടുന്ന അംശങ്ങളാവുമ്പോള്‍ മനുഷ്യര്‍ ഭൂമിയിലെ 'ജീവനുള്ള വസ്തുക്കളായി' മാത്രം തീരുകയാണ്. വീടും സ്ഥലവും നോക്കാനുള്ള ഉപാധികളായി വൃദ്ധരെ മന:പൂര്‍വമോ അല്ലാതെയോ ഉപയോഗിക്കുന്ന ക്രമത്തിന്റെ ഇരകളായിത്തിത്തീര്‍ന്ന മാധവനും കനകവും ആണ് 'രാത്രികാല'ത്തിലെ കഥാപാത്രങ്ങള്‍. കേളുമ്മാനില്‍ നിന്ന് മാധവനിലേക്കുള്ള ദൂരം കണ്ണുകൊണ്ട് അളന്നെടുക്കാവുന്നതേ ഉള്ളു.
'എന്റെ അച്ഛന്‍ നിങ്ങളാണെന്നു എന്താണ് ഉറപ്പ്?' എന്ന മകന്റെ ചോദ്യത്തില്‍ വിഷണ്ണനായി നില്‍ക്കുന്ന അച്ഛനെ 'കൂപ്പ്' എന്ന കഥയില്‍ ചിത്രീകരിക്കുന്നുണ്ട്. തിരിച്ചറിയല്‍ കാര്‍ഡിലൂടെ സ്ഥാപിക്കാന്‍ കഴയുന്നതാണോ പിതൃത്വം എന്ന് ആലോചിക്കുന്ന അച്ഛനോട് മകന്റെ അടുത്ത ചോദ്യം ജാതിയെ സംബന്ധിച്ചായിരുന്നു. ജാതി പൂര്‍ണമായും (!) ഇല്ലാതാവുന്നത് വരെ ജാതിയുടെ ഇടപെടലുകള്‍ നേരിട്ടും അല്ലാതെയും തുടര്‍ന്ന് കൊണ്ടിരിക്കും എന്ന് സൂരജ് യെങ്‌ഡെ എന്ന ദളിത് ചിന്തകന്‍ ('Caste Matters' എന്ന പുസ്തകം) പറയുമ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് തീര്‍ച്ചയായും ശരിയാണ്. 'ഞാനും നിങ്ങളും ഒരേ ജാതിയാണെന്ന് എന്താണ് ഉറപ്പ്?' എന്ന മകന്റെ ചോദ്യം ഇത് അടിവരയിടുന്നു.
.....................................
Read More: ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം
Read More; ജൂമ്പ ലാഹിരി എന്തിനാണ് ഇറ്റാലിയന്‍ ഭാഷ പഠിച്ച് അതിലെഴുതുന്നത്?
.....................................
ശ്മശാനമായി മാറുന്ന കൃഷിഭൂമി
സ്വാഭാവികതയുടെ ഗഹനമായ ജലാശയത്തില്‍ പുതിയ ഉറവിടങ്ങള്‍ തേടുന്ന പ്രമേയങ്ങളാണ് ഈ സമാഹാരത്തെ വ്യത്യസ്തമാക്കുന്നത്. മനുഷ്യരുടെയിടയില്‍ പരോക്ഷമായി സംജാതമാവുന്ന പാരസ്പരികത ഒത്തുതീര്‍പ്പിന്റെ താളലയങ്ങള്‍ ആവിഷ്‌കരിക്കുന്ന ശൈലിയാണ് ഈ കഥകളുടെ അടിപ്പടവായി വര്‍ത്തിക്കുന്നത് എന്ന് വ്യക്തം. ആഖ്യാനസാരള്യത്തില്‍ ദൃഢമായി വിശ്വസിക്കുന്ന എഴുത്തുകാരന്റെ കഥാപാത്രങ്ങള്‍ (ഉദാഹരണമായി ചിന്‍ എന്ന ആസാംകാരന്‍) ഗ്രാമീണ -നാഗരിക സംക്രമണത്തെ ഫലപ്രാപ്തിയിലെത്തിക്കുവാന്‍ ഭഗീരഥയത്‌നം ചെയ്യാന്‍ മാനസികമായി സന്നദ്ധരാണ്.
കഥാകൃത്ത് വിഭാവനം ചെയ്യുന്ന ഭൂമിയെന്ന ആവാസയിടത്തില്‍ നിന്ന് കിളിര്‍ത്തുവരുന്ന മണ്ണിന്റെ ഗന്ധമുള്ള എന്തും സര്‍ഗ്ഗാത്മകമാണ്. മണ്ണിന്റെ ഗന്ധം ഹരം കൊള്ളിക്കുന്ന 'മായന്റെ മരണങ്ങളി'ലെ മായനെപ്പോലെ, മണ്ണിന്റെ വളക്കൂറില്‍ ആഹ്ലാദിക്കുന്ന ജൈവതയുടെ രസങ്ങളില്‍ അഭിരമിക്കുന്ന കഥാകാരന്റെ കൈയൊപ്പ് ചാര്‍ത്തുന്ന കഥകളാണ് 'കിസാമ'യില്‍. ഭൂമിയില്‍ നിന്ന് കൃഷി ഇല്ലാതാവുന്നതിനോട് പൊരുത്തപ്പെടാന്‍ കഴിയാത്ത മായന്റെ കഥയാണ് 'മായന്റെ മരണങ്ങള്‍'. ഭൂമിയുടെ തനതുവിഭവങ്ങളെ കച്ചവടക്കണ്ണോടെ നോക്കുന്ന ഉപഭോക്തൃസാധ്യതകള്‍, നിര്‍മാണപ്രവര്‍ത്തനമെന്ന 'കൃഷി' തഴച്ചുവളരുന്ന സമ്പ്രദായം, ഭൂമിയില്‍ പണിചെയ്യാനായി അന്യദേശതൊഴിലാളികളുടെ കടന്നുവരവ് എന്നിങ്ങനെയുള്ള വിഷയങ്ങളെ തൊട്ടുപോകുന്ന കഥയില്‍ സ്വാഭാവികമായ ജീവിതപരിസരങ്ങള്‍ അപ്രത്യക്ഷമാവുന്നതിനെ പറ്റിയുള്ള ഉത്കണ്ഠ പങ്കുവെക്കുന്നു.
'അവിടെ തന്റെ കൈക്കോട്ടിന്റെ സ്പര്‍ശമേല്‍ക്കുന്ന ഈര്‍പ്പമാര്‍ന്ന ഭൂമി അന്നേരവും അയാള്‍ സ്വപ്നം കണ്ടു. രതിമൂര്‍ച്ഛയെക്കാള്‍ ഉത്തുംഗമായ വികാരവായ്പ്പില്‍ മായന്റെ ശരീരമപ്പോള്‍ വിറച്ചു' എന്ന വിശേഷണത്തിലൂടെ ഭൂമിയുമായുള്ള അയാളുടെ ബന്ധത്തെ കൃത്യമായി വിലയിരുത്തുന്നു. ഭൂമിയിലെ സ്രോതസ്സുകളെ ആശ്രയിച്ച ജീവിക്കാനാവാതെ വരുമ്പോള്‍ മോര്‍ച്ചറിയില്‍ ശവം വെട്ടിമുറിക്കാനും മനുഷ്യര്‍ തയ്യാറാവുകയാണ്. വാഗ്ദാനങ്ങളുടെയും പ്രതീക്ഷകളുടെയും വിളനിലമായ ഭൂമിയും അതിന്റെ അവകാശികളായിത്തീരാന്‍ ഇനിയുള്ള കാലം സാധിക്കാതെ പോകുന്നതുമായ മനുഷ്യരെ കുറിച്ചാണ് കഥാകാരന്‍ ചിന്തിക്കുന്നത്. പാരിസ്ഥിതികമായ അവബോധത്തോടെ, പ്രകൃതിയുമായി ലയിച്ചുചേര്‍ന്നുള്ള ഇടപെടലുകള്‍ വികസിപ്പിക്കുന്ന ലാവണ്യബോധം നഷ്ടപ്പെടുകയാണെന്ന സൂചന കഥയിലുണ്ട്, കൃഷിഭൂമിയും ശ്മശാനമായി മാറുന്നതോടെ ചിതയിലെ അവസാനത്തെ വെളിച്ചം പോലും കെട്ടണയുന്നു. മനുഷ്യര്‍ക്ക് എന്നത് പോലെ വൃക്ഷങ്ങള്‍ക്കും സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെടാം എന്നിരിക്കെ അവരുടെ അനുവാദമില്ലാതെ മനുഷ്യര്‍ക്ക് കാടും നാടും വെട്ടിത്തെളിക്കാനാവുമോ എന്ന ചോദ്യമാണ് ഈ കഥയില്‍ ഉയര്‍ന്നുവരുന്നത്.
ജൈവഅഭയാര്‍ത്ഥികളുടെ പലായനങ്ങള്‍
വൃക്ഷങ്ങളുടെ സാമൂഹികതയെ കുറിച്ചുള്ള ശാസ്ത്രീയപഠനങ്ങള്‍ ഇന്ന് ലഭ്യമാണ്. പ്രകൃതിയെ കീഴടക്കിക്കൊണ്ട് ചരിത്രനിര്‍മിതി നടത്താനാവില്ല എന്ന ലളിതയാഥാര്‍ഥ്യത്തിലേക്ക് വിരല്‍ചൂണ്ടാനാണ് കഥാകൃത്തിന്റെ ഉദ്യമം. പരസ്പരം 'സംസാരിക്കാന്‍' കഴിയുന്ന വിധത്തിലുള്ള 'Wood Wide Web' നെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ സമകാലത്ത് നമ്മുടെ കൈവശമുണ്ട്. ഇങ്ങനെയുള്ള ഒരു ജൈവസമൂഹത്തിന്റെ രാഷ്ട്രീയവ്യവച്ഛേദങ്ങളെയാണ് ഇവിടെ സംവാദത്തിനു വെക്കുന്നത്. പരസ്പരാശ്രിതത്വത്തിന്റെ മണ്ണടരുകളില്‍ വിലയംകൊള്ളാനാണ് വൃക്ഷങ്ങള്‍ ശ്രമിക്കുന്നത്; ഭക്ഷണത്തിനും സംവേദനത്വത്തിനും ഇടപഴകുന്ന പ്രകൃതിക്ക് അനുരൂപമായ വൃക്ഷങ്ങളുടെ സഹവാസരീതി മാനവരാശി കൈവെടിയുകയാണെന്ന തോന്നല്‍ ആശങ്ക ജനിപ്പിക്കുന്നു. പ്രാദേശികമായ ചായ്വുകളുടെ ഊന്നലുകളിലൂടെ ലോകവ്യവഹാരങ്ങളുടെ പൊതുരീതികളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഇങ്ങനെയുള്ള പാരിസ്ഥിതിക ആലോചനകള്‍ എന്നത് വ്യക്തമാണ്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് 'തപന്‍' എന്ന കഥയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന നായകന്റെ പ്രകൃതം.
ഒന്നും നശിപ്പിക്കാവില്ല നട്ടുവളര്‍ത്താനെ തനിക്കാവൂ എന്ന തങ്കയ്യന്റെ മനോഭാവം അയാളെയും മകനെയും അതിജീവനത്തിനു സഹായിക്കുന്നുണ്ടോ എന്ന ചിന്തയാണ് 'മേല്‍മണ്ണും കുളപ്പാറയും' വായിക്കുമ്പോള്‍ ആവിര്‍ഭവിക്കുന്നത്. മധ്യവര്‍ഗം പ്രബലമാവുന്നതോടെ കാര്‍ഷികവൃത്തിയെക്കാളും ഭൂമിയുടെ വിപണസാധ്യതയെയാണ് അത് ലക്ഷ്യംവെക്കുന്നതെന്ന നിലപാട് ഈ കഥയിലും കാണാനാകും. എള്ളുകര്‍ഷകനായ തങ്കയ്യന്റെ തൊഴില്പരവും വ്യക്തിപരവുമായുള്ള പ്രതിസന്ധികള്‍ ജീവിതത്തെ ഏതാണ്ട് സ്തംഭിപ്പിക്കുന്നതിന്റെ വൈഷമ്യങ്ങളാണ് ഈ കഥയില്‍ പ്രതിപാദിക്കുന്നത്. ഉപഭോക്തൃവര്‍ഗ്ഗത്തിന്റെ ചിഹ്നശാസ്ത്രത്തെ ആഗിരണംചെയ്യാന്‍ തക്ക ശേഷിയില്ലാതെ വരുന്നവര്‍ മുഖ്യധാരയ്ക്ക് പുറത്താവുന്നതിന്റെ മൂകവിലാപമാണ് 'മേല്‍മണ്ണും കുളപ്പാറയും'.
പൂവും ഇലയും നിറഞ്ഞു നില്‍ക്കുന്ന എള്ളിന്‍പറമ്പിനെ അത്രമേല്‍ സ്‌നേഹിച്ച തങ്കയ്യന്‍ കുടിയിറക്കപ്പെടുകയാണ്. ഭാര്യ നഷ്ടപ്പെട്ട മണ്ണില്‍ നിന്ന് ഭൂമിയുമായുള്ള പൊക്കിള്‍ക്കൊടിബന്ധം മുറിച്ചുമാറ്റേണ്ടി വരുക എന്നത് ഒട്ടും സന്തോഷപ്രമായ തീരുമാനമല്ല. പാരിസ്ഥിതികജ്ഞാനോദയത്തിന്റെ പൊരുളുപേക്ഷിച്ചുകൊണ്ട് ഊഷരഭൂവിലേക്കുള്ള കുടിയേറ്റം സ്വാഗതം ചെയ്യാനാവാതെ കുഴങ്ങുന്ന അച്ഛനും മകനുമാണ് ഈ കഥയിലേത്. ജീവജാലത്തിന്റെ ഉറവകള്‍ തേടിക്കൊണ്ട് പലായനം ചെയ്യുന്നവരുടെ ഉത്കണ്ഠയെക്കാളും ജൈവസമ്പത്തിന്റെ മടിയില്‍ നിന്നും കുടിയിറക്കപ്പെട്ടവരുടെ ഉദ്വിഗ്നതയ്ക്ക് മൂര്‍ദ്ധന്യം കൂടും എന്ന പ്രതീതി കഥാസന്ദര്‍ഭം തീവ്രമാക്കുന്നു. മേല്‍മണ്ണ് നീങ്ങി കുളപ്പാറ തെളിഞ്ഞ പറമ്പില്‍ ഭാവി ഇരുട്ട് നിറഞ്ഞതാണതെന്ന ആശങ്കയാണ് ഉടലെടുക്കുന്നത്.
.....................................
Read More: പരിചിതമായ ചുറ്റുപാടിലെ അപരിചിതമായ ഉള്‍മടക്കുകള്‍
ഇന്ദുചൂഡന്‍ കിഴക്കേടം
Read More: അശാന്തിയുടെ ഭൂവിടം
.....................................
ആധിപത്യത്തിന്റെ ബഹുലമാനങ്ങള്‍
അധിനിവേശത്തിന്റെ ജിജ്ഞാസകള്‍ പരോക്ഷമായ തലത്തില്‍ നിലനില്‍ക്കുന്ന വിധമാണ് ഈ സമാഹാരത്തിലെ ചില കഥകളുടെ ഘടന. തദ്ദേശീയമായ ചുറ്റുവട്ടങ്ങളിലേക്ക് അധിനിവേശത്തിന്റെ പ്രായോജകര്‍ പ്രച്ഛന്നവേഷംകെട്ടി സാവധാനം രംഗത്തിറങ്ങുന്നതിന്റെ ഉദ്ദേശ്യം 'മായന്റെ മരണങ്ങളി'ല്‍ കണ്ടെത്താനാവും. ആധിപത്യത്തിന്റെ ബഹുലമാനങ്ങള്‍ സമ്പത്തും പ്രകൃതിയിലെ നിക്ഷേപങ്ങളും ഊറ്റിയെടുക്കുന്നതിന്റെ പദ്ധതിയാണ് ആസാമിലെ എണ്ണപ്പാടത്തും പാടങ്ങള്‍ നിരത്തി കെട്ടിടങ്ങള്‍ ഉയരുന്നതിലും ദൃശ്യമാവുന്നത്. എന്താണ് ഈ പുസ്തകത്തിലൂടെ എഴുത്തുകാരന്‍ ഊന്നുന്ന വീക്ഷണമെന്ന ചോദ്യത്തിന്റെ മറുപടി മേല്‍സൂചിപ്പിച്ച ബോധ്യത്തില്‍ അധിഷ്ഠിതമാണ്. അധികാരത്തിന്റെ പരിധി നിശ്ചയിക്കുന്ന തരത്തില്‍ അധിനിവേശവര്‍ഗം ശക്തി പ്രാപിക്കുന്നത് കാണാതിരിക്കുകയോ എതിര്‍ക്കാതിരിക്കുകയോ കഥാകൃത്ത് ചെയ്യുന്നില്ല.
ദേശത്തിന്റെ ഉള്ളറകളിലേക്കും കുടുംബത്തിന്റെ ഉള്ളിലേക്കും ഗുപ്തമായ ആസൂത്രണത്തോടെ കയറാന്‍ ശ്രമിക്കുന്ന പുറംലോകവാസികളുടെ കുല്‍സിതയത്‌നം 'രാത്രികാല'ത്തിലും 'കലണ്ടറി'ലും സ്പഷ്ടമാണ്. കഥാഗാത്രത്തിന്റെ ഭൂമിശാസ്ത്രം വേറിട്ടതാവുമ്പോഴും കഥാകൃത്തിന്റെ മനുഷ്യരെ കുറിച്ചുള്ള അങ്കലാപ്പിന്റെ ചായം ഒന്നുതന്നെയാണ് എന്നത് ശ്രദ്ധിക്കണം. സ്വതവേ ശാന്തമായ അന്തരീക്ഷത്തിന് അലോസരം കല്‍പ്പിക്കുന്ന ഇത്തരം പ്രവണതയുടെ മറ്റൊരു മുഖമാണ് പരിസ്ഥിതിക്ക് ഭംഗം വരുത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍. തനതുരീതികളെ പാടെ വിസ്മരിച്ചുകൊണ്ട് ഭൂമിക്ക് യോജ്യമല്ലാത്ത ശൈലികള്‍ പിന്തുടരുന്നത് അഭികാമ്യമല്ലതാനും. ചുരുക്കത്തില്‍, അഹിതകരമായ അവസ്ഥകളില്‍ മനുഷ്യര്‍ അനുഭവിക്കുന്ന അസ്വസ്ഥതയുടെ പശ്ചാത്തലം ഈ സമാഹാരത്തിലെ മിക്ക കഥകളിലുമുണ്ട്.
ആള്‍പ്പൊക്കമുള്ള ആശയങ്ങള്‍
മനുഷ്യര്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്ന ഇടത്തിന്റെ തുറവി പകിട്ടുകളില്ലാത്ത ഭൂദൃശ്യങ്ങളുടെ സാധാരണത്വത്തെയാണ് പ്രത്യക്ഷമാക്കുന്നത്. അത്തരം സാധാരണലോകത്തെ പതിവുകള്‍ക്ക് വിച്ഛേദം സൃഷ്ടിക്കുന്നത് എങ്ങനെയാണെന്ന അന്വേഷണമാണ് ഈ സമാഹാരത്തിലെ കഥകള്‍ നിര്‍വഹിക്കുന്നത്. ഒച്ചയേറിയ ശബ്ദം കൊണ്ട് ഈ എഴുത്തുകാരന്‍ ആരെയും വിളിക്കാന്‍ ശ്രമിക്കുന്നില്ല. നിശ്ശബ്ദതയുടെ മുഴക്കമുള്ള ഭാഷയിലൂടെയാണ് വേറിട്ട തീരങ്ങളിലെ അനുഭവത്തഴക്കങ്ങളെ അദ്ദേഹം പകര്‍ത്തുന്നത്. ഭാഷയുടെ ലാവണ്യം കുടികൊള്ളുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ നിശ്ശബ്ദതാരാവലിയിലെ പദങ്ങളാണ്. കഥാപാത്രങ്ങളുടെ ആന്തരികവ്യഥ ആവാഹിക്കാന്‍ അത്തരം വാക്കുകള്‍ക്കേ കഴിയൂ എന്നും ഇന്ദുചൂഡന്‍ കിഴക്കേടം കഥകളിലൂടെ സ്ഥാപിക്കുന്നു. 'തോട്ടിറമ്പിലെ എക്കല്‍', 'കറുകറുത്ത പുറന്തോട്', 'പുതിനയുടെ സുഗന്ധം' എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ചേര്‍ത്തുവെക്കുക വഴി പ്രസ്തുതകഥകളെ ജൈവതാളമായി വിശേഷിപ്പിക്കുന്നതിലും തെറ്റില്ല!.
സങ്കുചിതവൃത്തത്തില്‍ നിന്ന് പ്രത്യാശയും പ്രതീക്ഷയും നിറഞ്ഞ ലോകമെന്ന ആശയത്തെ പ്രായോഗികതയുടെ ചിന്തേരിട്ട് പ്രകാശിപ്പിക്കാനാണ് ഈ കഥകള്‍ ലക്ഷ്യം വെക്കുന്നത്. മുന്നോട്ടു തെളിച്ചത്തോടെ നോക്കാനുള്ള കാഴ്ചാബലം പകരുന്ന കാചമായി എഴുത്ത് രൂപാന്തരം ചെയ്യുന്നത് സര്‍ഗോന്മാദത്തിന്റെ ലക്ഷണശാസ്ത്രമാണ്. സര്‍ഗ്ഗാത്മകതയുടെ സമുദ്രത്തിലെ ഓരോ ബിന്ദുവിനും- വാക്കായാലും വാചകമായാലും കഥയായാലും- സ്വത്വവും വ്യക്തിത്വവും ഉണ്ടെന്നു തെളിയിക്കപ്പെട്ടതാണ്. വീണ്ടുവിചാരങ്ങളുള്ള ആള്‍പ്പൊക്കമുള്ള ആശയങ്ങളുമായി കഥകള്‍ മെനഞ്ഞെടുക്കുന്ന രസവിദ്യ അനുഭവവേദ്യമാവുന്ന കഥകളാണ് 'കിസാമ'യുടെ സത്ത. കൃത്യവിവേചനമുളള കഥാകൃത്തിന്റെ ഈ കടമയാണ് ഇന്ദുചൂഡന്‍ കിഴക്കേടം 'കിസാമ'യിലൂടെ നിറവേറ്റിയിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.