ഷോപ്പിം​ഗ് ബാ​ഗിൽ പുസ്തകങ്ങളുമായി രാധാമണി നടന്ന ദൂരങ്ങൾ...

ഇന്ന് കേരളത്തില്‍ വായനാദിനമാണ്. നടന്ന് വീടുകളില്‍ പുസ്തകമെത്തിച്ചിരുന്ന രാധാമണി എന്ന 65 -കാരി അനുഭവം പങ്കുവയ്ക്കുന്നു. 

radhamani known as walking library shares experiences

 'ശരീരത്തിന് വ്യായാമം പോലെയാണ് മനസിന് വായന' എന്ന് പറഞ്ഞത് ജോസഫ് അഡിസനാണ്. വായനയും വായനാരീതിയും പല കാലത്തും പലതായിരുന്നു. 1850 ആണ് കാലഘട്ടം. അന്ന് ഇംഗ്ലണ്ടിലെ വാരിംഗ്ടണ്ണിൽ ഒരു പുതിയ സംഭവമുണ്ടായി. വായനയുടെ ലോകത്തേക്ക് മനുഷ്യരെ കൈപിടിച്ചുയർത്താൻ ഒരു പുസ്തകവണ്ടിയെത്തി. പിന്നീടേറെക്കാലം ​ആ പുസ്തകവണ്ടി ​ഗ്രാമ​ഗ്രാമാന്തരങ്ങൾ ചുറ്റി സഞ്ചരിച്ചു. എത്രയോ പേരെ അത് പുസ്തകങ്ങളുടെ വലിയ ലോകത്തിലേക്ക് നയിച്ചു. അതുപോലെ, കുറച്ച് നാളുകൾക്ക് മുമ്പുവരെ ഒരു 'പുസ്തക മനുഷ്യനു'ണ്ടായിരുന്നു, പേര് രാധാമണി. 'വാക്കിം​ഗ് ലൈബ്രറി' എന്ന് അവർ അറിയപ്പെട്ടു. വയനാടുള്ള മൊതക്കര പ്രതിഭാ വായനശാലയിലെ വനിതാ പുസ്തക വിതരണ ലൈബ്രേറിയൻ ആയിരുന്നു രാധാമണി. ഇപ്പോൾ 65 വയസ്. 10 വർഷത്തോളം അവർ നാലും അഞ്ചും കിലോമീറ്ററുകൾ നടന്ന് വീടുകളിൽ പുസ്തകങ്ങളെത്തിച്ചു. വായനാദിനത്തിൽ രാധാമണി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു. 

അച്ഛന് വായിച്ചുകൊടുത്ത് തുടങ്ങിയ പുസ്തകവായന

ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പുസ്തകങ്ങൾ വായിക്കുമായിരുന്നു. വായിക്കാനിഷ്ടവുമായിരുന്നു. അച്ഛന് വേണ്ടിയാണ് വായിച്ച് തുടങ്ങിയത്. അച്ഛന് വായിക്കാനറിയില്ലായിരുന്നു. പക്ഷേ, കഥകളും മറ്റും വായിച്ചു കേൾക്കാൻ, അറിയാൻ ഒക്കെ വലിയ ഇഷ്ടമായിരുന്നു. അങ്ങനെ അന്നേ അച്ഛന് വായിച്ചുകൊടുക്കും. ആ വായനാശീലം ഇന്നും തുടരുന്നു. 

വാക്കിം​ഗ് ലൈബ്രറി

ലൈബ്രറിയിൽ വർക്ക് ചെയ്തിരുന്ന ആളായിരുന്നില്ല ഞാൻ. പക്ഷേ, ലൈബ്രറിയിൽ അം​ഗമായിരുന്നു. അവിടെ നിന്നും ഒരുപാട് പുസ്തകം എടുത്ത് വായിക്കാറുണ്ടായിരുന്നു. 

radhamani known as walking library shares experiences

മൊതക്കര പ്രതിഭാ ലൈബ്രറിയിൽ ഒരു വനിതാ പുസ്തക വിതരണ ലൈബ്രേറിയൻ ആദ്യമുണ്ടായിരുന്നു. അവർക്ക് ജോലി കിട്ടി പോയി. ആ സമയത്ത് ആളില്ലാതിരുന്നത് കൊണ്ട് സെക്രട്ടറി എന്നെ വിളിച്ചു. അങ്ങനെയാണ് ഞാൻ പുസ്തക വിതരണത്തിനായി പോയത്. 2012 ഏപ്രിൽ മുതൽ അങ്ങനെ പുസ്തകം കൊടുത്തു. 2022 സപ്തംബർ വരെ വീടുകളിൽ പുസ്തകം കൊടുത്തു കൊണ്ടിരുന്നു. പുസ്തകവിതരണത്തിന്റെ തുടക്കസമയത്തൊക്കെ നാലും അഞ്ചും കിലോമീറ്ററൊക്കെ നടക്കുമായിരുന്നു. അത് കുന്നും മലയുമുള്ള ഏരിയയാണ്. എനിക്ക് 110 അം​ഗങ്ങളാണുണ്ടായിരുന്നത്. ഒരു ദിവസം 15, 20, 25 വീടുകളൊക്കെ ചിലപ്പോൾ കയറും. 

പലപ്പോഴും വീടുകളിൽ സ്ത്രീകൾ ലൈബ്രറിയിൽ പോകുവാനോ പുസ്തകമെടുത്ത് വായിക്കാനോ ഒന്നും സൗകര്യമുള്ളവരോ സമയമുള്ളവരോ ആയിരിക്കില്ല. പ്രത്യേകിച്ച് ലൈബ്രറി അൽപം ദൂരെയാണ് എങ്കിൽ. എന്നാൽ, രാധാമണിയുടെ നടപ്പ് വെറുതെയായില്ല. ഒരുപാട് സ്ത്രീകൾക്ക് വായിക്കാനുള്ള അവസരങ്ങളൊരുക്കി എന്നത് അവർക്ക് ഏറെ സന്തോഷം നൽകുന്നു. അതുപോലെ കൊവിഡ് കാലത്ത് പുസ്തകവിതരണം ഒരുപാട് പേർക്ക് പ്രയോജനമായി എന്നും രാധാമണി പറയുന്നു. 

അം​ഗീകാരങ്ങളും തിരിച്ചറിവുകളും

റീഡിം​ഗ് ഒളിമ്പ്യാർഡ്സിന്റെ അവാർഡ് ഒക്കെ കിട്ടി. 'വാക്കിം​ഗ് ലൈബ്രേറിയൻ' എന്ന നിലയിൽ ഒരുപാട് സ്ഥലങ്ങളിൽ തിരിച്ചറിയപ്പെട്ടു. എങ്കിലും പുസ്തകം കയ്യിലെത്തുമ്പോൾ ആളുകളുടെ മുഖത്തുണ്ടാവുന്ന സന്തോഷം തന്നെയാണ് ഏറ്റവും വലുത്. അതാണ് ശരിക്കും അം​ഗീകാരമായി തോന്നുന്നത്. 

radhamani known as walking library shares experiences

പിരിഞ്ഞതോർക്കുമ്പോൾ വേദന

ഒക്ടോബറിൽ ലൈബ്രറി കൗൺസിലിൽ നിന്നും ഒരറിയിപ്പുണ്ടായിരുന്നു. വനിതാ ലൈബ്രേറിയന്മാരുടെ എണ്ണം കുറയ്ക്കണം എന്ന്. മാനന്തവാടി താലൂക്കിൽ ഞങ്ങൾ ആറുപേരും വെള്ളമുണ്ട പഞ്ചായത്തിൽ ഞങ്ങൾ മൂന്നുപേരുമാണ് ഉണ്ടായിരുന്നത്. രണ്ടുപേർ എന്നേക്കാളും ഒരുപാട് മുമ്പ് ഉണ്ടായിരുന്നതാണ്. മൂന്നുപേരിൽ ഒരാൾ ഒഴിവാകേണ്ട അവസ്ഥ വന്നപ്പോൾ എന്നാൽ പിന്നെ ഞാൻ തന്നെ ഒഴിവായേക്കാം എന്ന് കരുതി. അങ്ങനെ അതൊഴിവായി. 

ഇപ്പോൾ അതോർക്കുമ്പോ വിഷമം ഉണ്ട്. അതിനുശേഷവും ആൾക്കാര് പുസ്തകത്തിന് വേണ്ടി വിളിക്കാറുണ്ട്. പിന്നെ, ഞാനത്യവാശ്യം വായന ഉള്ളതുകൊണ്ട് ലൈബ്രറി കൗൺസിലിന്റെ ​ഗ്രാന്റില്ലാതെ തന്നെ സ്ഥിരം വായിക്കുന്നവർക്ക് പുസ്തകം കൊടുത്തു കൊണ്ടിരുന്നു. പിന്നെ, ട്രൈബൽ മേഖലയിലെ കുട്ടികളൊക്കെ വീട്ടിൽ വന്ന് പുസ്തകം എടുക്കുമായിരുന്നു. 

ഇനിയും പുസ്തകങ്ങൾ ആൾക്കാരിലെത്തിക്കണം

ഇപ്പോൾ ഒരുമാസമായി വ്യക്തിപരമായ കാരണങ്ങളാൽ അതും പറ്റുന്നില്ല. മൂന്നുമാസത്തിന് ശേഷം ആവശ്യക്കാർക്ക് പുസ്തകം കൊടുക്കാനാവുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. എനിക്ക് വായിക്കാനെന്തായാലും പുസ്തകമെടുക്കണം. അപ്പോൾ അവർക്ക് കൂടി എടുക്കാനും തിരികെ ഏൽപ്പിക്കാനും പറ്റുമല്ലോ. 

രാധാമണിയുടെ ശബ്ദത്തിൽ പുസ്തകങ്ങളോടും വായിക്കുന്നവരോടുമുള്ള സ്നേഹം നിറഞ്ഞിരിപ്പുണ്ട്. വായിക്കുമ്പോൾ മാത്രമല്ല വലിയ വായനക്കാരനാവുന്നത്, വായനയ്ക്ക് മറ്റുള്ളവർക്ക് കൂടി അവസരമൊരുക്കുമ്പോഴും കൂടിയാണല്ലോ. 

 

വായിക്കാം: ​ഗ്രാമ​ഗ്രാമാന്തരം കയറി ഇറങ്ങിയിരുന്ന പുസ്തകവണ്ടികൾ

 

Latest Videos
Follow Us:
Download App:
  • android
  • ios