പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവചരിത്രമൊരുങ്ങുന്നു; അലി​ഗഢിലെ പ്രണയിനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ

മറിയത്തിന്റെ മരണം അദ്ദേഹത്തെ വല്ലാതെ തകർത്തിരുന്നു. ആ വേദനയിലാണ് 'എന്നെ ശ്മശാനത്തിലേക്ക് നയിക്കുന്ന ഞാൻ' എന്ന കഥ അദ്ദേഹം എഴുതുന്നത്. 

Punathil Kunjabdulla biography is getting ready for publishing

ഒരാളെയും കൂസാത്ത, ഒരു സദാചാരസങ്കൽപങ്ങൾക്കും പിടികൊടുക്കാത്ത എഴുത്തുകാരനായിരുന്നു പുനത്തിൽ. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ മരിച്ചിട്ട് മൂന്നുവർഷമായിരിക്കുന്നു. പുനത്തിലിന്റെ ജീവചരിത്രം എഴുതുകയാണ് കൂട്ടുകാരനായ ടി. രാജൻ. ജനുവരിയോടുകൂടി പുസ്‍തകം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പുനത്തിൽ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി കൂടിയായ ടി. രാജൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. പുസ്‍തകത്തിൽ പുനത്തിലിന്റെ അ​ലി​ഗഢിലെ പ്രണയിനി മറിയത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും രണ്ട് ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജന് പുനത്തിലുമായി വർഷങ്ങൾ നീണ്ട അടുത്ത ബന്ധമാണുള്ളത്. ​അധ്യാപകനും മാധ്യമപ്രവർത്തകനും കൂടിയായിരുന്നു ടി. രാജൻ.

അലി​ഗഢിലെ പ്രിയ പ്രണയിനിയെ കുറിച്ച്

പുനത്തിലിന് അലി​ഗഢിൽ മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും അതിലൊരു കുട്ടിയുണ്ടെന്നുമുള്ള കാര്യമെല്ലാം ലോകത്തിനറിയാവുന്നതാണ്. 1969 മുതൽ 71 വരെ പുനത്തിലും മറിയവും അലി​ഗഢ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ നഴ്‍സുമാരുടെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നു.  മറിയത്തിന്റെ നഴ്‍സിം​ഗ് സർട്ടിഫിക്കറ്റിൽ മറിയം അബ്ദുള്ള എന്ന് പേര് മാറ്റിയിരുന്നു. 'മറിയാമ്മേ' എന്നാണ് പുനത്തിൽ ഇവരെ സ്നേഹത്തോടെ വിളിച്ചിരുന്നത്. ഇവരുടെ കുട്ടിക്ക് ഒരു വയസുള്ളപ്പോഴാണ് മറിയം മരിക്കുന്നത്. 1971 ജൂലൈ എട്ടിനാണിത്. മറിയത്തിന്റെ മരണം അദ്ദേഹത്തെ വല്ലാതെ തകർത്തിരുന്നു. ആ വേദനയിലാണ് 'എന്നെ ശ്മശാനത്തിലേക്ക് നയിക്കുന്ന ഞാൻ' എന്ന കഥ അദ്ദേഹം എഴുതുന്നത്. 2003 -ൽ അദ്ദേഹം മറിയത്തിനെ അ‌‌ടക്കിയിരിക്കുന്ന സെമിത്തേരി സന്ദർശിച്ചിരുന്നു. പുനത്തിലിനെ കുറിച്ചെഴുതുമ്പോൾ മറിയത്തെ കുറിച്ചും അലി​ഗഢ് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചും എങ്ങനെയാണ് എഴുതാതിരിക്കുക. 

എത്ര അധ്യായങ്ങൾ? എന്തെല്ലാമുണ്ടാകും? 

പതിനഞ്ച് അധ്യായങ്ങളുള്ള ഒരു ചെറിയ പുസ്‍തകമാണിത്. താൽപര്യമുള്ളൊരു വായനക്കാരന് മൂന്നു മണിക്കൂറുകൊണ്ടെങ്കിലും വായിച്ചു തീർക്കാവുന്ന ഒരു പുസ്തകം. അതിൽ അദ്ദേഹത്തിന്റെ പ്രധാന കൃതികളെ കുറിച്ച്, കിട്ടിയിരുന്ന കത്തുകൾ, ജീവിതത്തിലെ പ്രിയപ്പെട്ട മനുഷ്യർ എന്നിവയെല്ലാം ഉണ്ടാവും. ഏകദേശം 18 വർഷങ്ങൾക്ക് മുമ്പ്, വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച കൃതികളും 1,600 കത്തുകളും ഒപ്പം അദ്ദേഹത്തിന്റെ അലി​ഗഢിലെ പ്രണയിയായിരുന്ന മറിയത്തിന്റെ അപൂർവ ചിത്രങ്ങളും മരിക്കുന്നതിന് മുമ്പ് പുനത്തിൽ കൈമാറിയിരുന്നു. 

1965 -ൽ പുനത്തിലിന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് മാതൃഭൂമിയിൽ ജീവശ്ശവങ്ങൾ എന്ന കഥ പ്രസിദ്ധീകരിക്കുന്നത്. തകഴി, കാരൂർ, ബഷീർ തുടങ്ങി പ്രധാനപ്പെട്ട എഴുത്തുകാരെല്ലാം എഴുതുന്ന കാലമാണത്. അന്നാണ് ഒരു ഇരുപത്തിയഞ്ചുകാരന്റെ കഥ കളർ ഇല്ലസ്ട്രേഷനോടുകൂടി മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുന്നത്. അതെല്ലാം ഈ ജീവചരിത്രത്തിലുണ്ട്. 

ആരെയും വേദനിപ്പിക്കുന്ന ഒന്നുമുണ്ടാവില്ല

ആത്മകഥയിൽ ആരെയെങ്കിലും വേദനിപ്പിക്കുന്ന ഒന്നുമുണ്ടാവില്ല. ഒരു വലിയ ജീവചരിത്ര​ഗ്രന്ഥമായി ഇത് പ്രതീക്ഷിക്കരുത്. അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുമുള്ള പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ കാര്യങ്ങളെല്ലാം എന്നാൽ ഇതിലുണ്ടാവും. 

Latest Videos
Follow Us:
Download App:
  • android
  • ios