വായിച്ചവസാനിക്കാതെ താഴെവയ്ക്കാത്ത പുസ്തകം, അഥവാ വായിച്ചുതീർന്നിട്ടും കൂടെപ്പോന്ന പുസ്തകം

ഇന്ന് വായനാദിനം. വായിച്ചുതീരാതെ കയ്യില്‍ നിന്നും താഴെ വയ്ക്കാന്‍ തോന്നാത്ത ചില പുസ്തകങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍. പുസ്തകത്തെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന ചില വായനക്കാര്‍ ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.

ottayirippil vayicha pusthakam experiences

വായന തുറന്നുതരുന്ന ലോകത്തെ കുറിച്ച് നിങ്ങളെന്ത് പറയുന്നു? ഏത് ഒറ്റമുറിയിൽ കുടുങ്ങിപ്പോയവർക്കും ഒരടി പോലും കാലുവയ്ക്കാതെ നടത്താവുന്ന അനേകസാധ്യതകളുള്ള യാത്രകളാണ് പുസ്തകം സമ്മാനിക്കുന്നത്. എഴുത്തുകാരൻ എഴുതി അവസാനിച്ചിടത്തുനിന്നുമാണ് ശരിക്കും ആ പുസ്തകം തുടങ്ങുന്നത് തന്നെ. പിന്നീടുള്ള 'വിഷ്വലു'കൾ മുഴുവനും നമ്മുടെ ഉള്ളിൽ നിന്നുമാണ് പിറക്കുന്നത്. എങ്ങനെയും രൂപം നൽകാം, ഏത് വഴിയിലൂടെയും നടത്തിക്കാം. ചില പുസ്തകങ്ങളാകട്ടെ തീർക്കാതെ കയ്യിൽ നിന്നും താഴെ വയ്ക്കാൻ തോന്നാത്തവയാണ്. വായിച്ചവസാനിക്കാതെ നമ്മെക്കൊണ്ട് മറ്റൊന്നും ചെയ്യിക്കാത്തവ. ആ ലോകത്തിലാണ് നമ്മളെന്ന് തോന്നിപ്പിക്കുന്നവ. വായിച്ച് തീർത്ത് അടച്ചുവച്ചാലും കാലങ്ങളോളം നമ്മുടെ ഏറ്റവും പ്രിയപ്പെട്ടതായവ. അങ്ങനെ ചില പുസ്തകയോർമ്മകൾ. 

പാമ്പുതീണ്ടിയ പാടുപോലെ ഉൾക്കനം ശേഷിച്ച വായന/ അബിൻ ജോസഫ്

ottayirippil vayicha pusthakam experiences

വായനയുടെ കാര്യത്തില്‍ ഞാന്‍ ഒരാര്‍ത്തിക്കാരനാണ്. വായിച്ചു തുടങ്ങിയാല്‍ അതു തീര്‍ക്കാതെ മറ്റൊരു പണിയും എടുക്കില്ല. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കില്ല. ഇടയ്ക്ക് ചില പേജുകളില്‍, അമ്പരപ്പിക്കുന്ന മുഹൂര്‍ത്തങ്ങളോ, വാചകങ്ങളോ വരുമ്പോള്‍ അതിനെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും കുറച്ചുസമയം ആലോചിച്ചിരിക്കും. പക്ഷേ, തൊട്ടടുത്ത നിമിഷം, തീവിളക്കിലേക്കു കുതിച്ചുപായുന്ന ഈയാംപാറ്റയെപ്പോലെ പുസ്തകത്തിലേക്കു മടങ്ങും. എല്ലാ പുസ്തകങ്ങളും അതിവേഗം വായിക്കണമെന്നുതന്നെയാണ് എക്കാലത്തെയും ആഗ്രഹം. പുസ്തകത്തിലൊളിപ്പിച്ചിരിക്കുന്ന അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കാന്‍ തീരെ ക്ഷമയില്ല.

അതുകൊണ്ടുതന്നെ ഒറ്റയിരിപ്പിനു വായിച്ച ഒട്ടേറെ പുസ്തകങ്ങളുണ്ട്. അതില്‍ ആദ്യം ഓര്‍മ വരുന്നത്, എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' ആണ്. അതുവായിക്കാന്‍ തുടങ്ങിയ, മേടമാസത്തിലെ മഞ്ഞച്ച വൈകുന്നേരം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. വീടിനു മുന്നിലെ പറമ്പില്‍ പുല്ലൊഴിഞ്ഞ ഇടങ്ങളില്‍ മണ്ണ് സ്വര്‍ണം മാതിരി തിളങ്ങിക്കിടന്നു; ചെടികളിന്മേല്‍ പൊടിപറ്റിപ്പിടിച്ചിരുന്നു; മഴയുടെ വിദൂരമായ അടയാളംപോലും ആകാശത്തുണ്ടായിരുന്നില്ല. 'പണ്ട്, അതായത് ദാസന്റെ പിറവിക്കു മുമ്പ്' എന്നു തുടങ്ങിയ നോവല്‍ ദാസന്‍ വെള്ളയാംകല്ലില്‍ തുമ്പിയായി പറന്നുപോയിടത്ത് അവസാനിക്കുമ്പോള്‍ പാതിരാത്രി പിന്നിട്ടിരുന്നു. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്ത് എത്തിനില്‍ക്കുന്ന കൗമാരക്കാരന്റെ ആത്മാവിനു ദാസന്റെയും മയ്യഴിയുടെയും വിഷാദങ്ങളില്‍ പലതും മനസിലാവാതെ പോയി. എങ്കിലും പാമ്പുതീണ്ടിയ പാടുപോലെ ഒരുള്‍ക്കനം എന്നില്‍ അവശേഷിച്ചു.

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം മയ്യഴിപ്പുഴ വായിച്ചപ്പോഴും ദാസന്റെ കാല്‍പ്പാടുകള്‍ തിരിച്ചറിയാന്‍ പറ്റി. മയ്യഴിയുടെ നിഗൂഢചരിത്രത്തിലെ തുമ്പികളെ പിന്തുടരാന്‍ പറ്റി. അനശ്വരമായ രചനകള്‍ അങ്ങനെയാണ്. കാലം കടന്നുപോകുംതോറും വാചകങ്ങള്‍ക്കിടയില്‍ പുതിയ തുരുത്തുകളിലേക്കുള്ള ജലപാതകളെ അവ വെളിപ്പെടുത്തും. അതിലൂടെ നീന്തിയെത്തുമ്പോള്‍ ആത്മാവിന്റെ തുടിപ്പിന് ആക്കം കൂട്ടാനുള്ള വന്‍മരങ്ങളില്‍, പുല്‍ച്ചെടികളില്‍, പൂക്കളില്‍, കൊഴിഞ്ഞ ഇലകളില്‍ സ്പര്‍ശിക്കാനാകും. അല്ലെങ്കിലും പുസ്തകങ്ങള്‍ മറ്റേതോ മായാലോകത്തേക്കുള്ള ഒറ്റയടിപ്പാതകളാണല്ലോ.

ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം കേട്ടുള്ള ഒരു വായന/ രശ്മി കിട്ടപ്പ

ottayirippil vayicha pusthakam experiences

'അന്ധയുടെ അനന്തരാവകാശികൾ' വായിച്ചത് ഏകദേശം രണ്ടുവർഷം മുൻപാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പുസ്തകം എന്നത് മാത്രമായിരുന്നു അതിനെക്കുറിച്ച് അറിയാവുന്ന ഒരേയൊരു കാര്യം. ആ പുസ്തകം ഏതൊക്കെ അവസ്ഥകളിലേക്ക് മനസിനെ കൊണ്ടുപോകും എന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. അത്ഭുതങ്ങൾ കാണിക്കുന്ന ഒരു കളിപ്പാട്ടം കൈയിലെടുത്ത കുട്ടിയെപ്പോലെ മനസ് പ്രവർത്തിക്കുന്ന സന്ദർഭങ്ങൾ ചിലപ്പോൾ ചില പുസ്തകങ്ങൾ തൊടുമ്പോൾ ഉണ്ടാകാറുണ്ട്. എന്താണ് അതിനുള്ളിലെന്ന് അറിയാനുള്ള ആകാംക്ഷ. ആ പുസ്തകത്തിന്റെ വായനയിലുടനീളം ആ ജിജ്ഞാസ നീണ്ടു പോവുക തന്നെയായിരുന്നു. 

സ്ഥലകാലങ്ങൾ മറന്ന്, ചുറ്റിലുമുള്ള ശബ്ദങ്ങളറിയാതെ, വെറും ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം കേട്ടുകൊണ്ടുള്ള ഒരു വായന. ഒരു പുസ്തകത്തിനൊപ്പം സഞ്ചരിക്കുക എന്നത് ഏറ്റവും അനായാസമായി തീരുന്നത്, അതിന്റെ ഭാഷയും വായനക്കാരോട് സംവദിക്കാനുള്ള അതിന്റെ കഴിവും തമ്മിൽ ഐക്യപ്പെടുമ്പോഴാണ്. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തുകൊണ്ട് ഒരു പുസ്തകം ഇത്രത്തോളം ഉള്ളിൽ അടയാളമുണ്ടാക്കി കടന്നുപോയത് അതിശയത്തോടെ ഓർക്കുകയാണ് ഇന്നും.

അവസാനവാക്കും എഴുത്തുകാരന് സമ്മാനിച്ച സ്ത്രീ/ ചിഞ്ചു റോസ

ottayirippil vayicha pusthakam experiences

സമുദ്രശിലയെന്നാൽ, സമുദ്രത്തിലെ ശില, സമുദ്രമുഖത്തെ ഒരു കറുത്ത പൊട്ട്, ഒരരിമ്പാറ, നോക്കുമ്പോഴൊക്കെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതും എന്നാൽ ഒരാവശ്യമില്ലാത്തതും, അടർത്തി മാറ്റുമ്പോഴോക്കെ വേദന തരുന്നതുമായ ഒരു അരിമ്പാറ. നമ്മൾ ഓരോരുത്തരും ചെന്നു ചാടുന്ന ഒരു തുരുത്ത് പോരാൻ കഴിയാത്ത  ഒരു ദ്വീപ് അതിന്റ അനുഭവമാണ് സമുദ്രശിലയിൽ സുഭാഷ് ചന്ദ്രൻ അനാവരണം  ചെയ്യുന്നത്. മഹാഭാരതത്തിൽ നിന്നും നായികയായ  അംബയെ പരിചയപ്പെടുത്തുന്നു. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിങ്ങനെ ഉപവിഭാഗങ്ങളായി സമുദ്രശില കുതിർന്നു കിടക്കുന്നു. വർത്തമാന കാലത്തോടു അത്രയധികം ബന്ധിതമായ ഒരു സൃഷ്ടി തന്നെയാണ്.

അംബയിലേക്ക് വരാം, വാക്ക് കൈമോശം വന്ന പുസ്തകങ്ങൾ പാകിയ കുടുസ്സ് ഫ്ലാറ്റിൽ ആണ് അംബയുടെ ജീവിതം. സാധാരണ ഗതിയിൽ മാതൃത്വം ഒരു തെരഞ്ഞെടുപ്പ് തന്നെ. പക്ഷേ, അസുഖക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാരെ ഓർക്കുമ്പോൾ സ്പെഷ്യൽ അമ്മമാർ എന്ന് അടിവര ഇടണം. അംബയും അത് പോലെ. ആരോടും ഒന്നും പറയാതെ ലോകത്തു നിന്നും പോകേണ്ടി വരുന്ന ചിലർ ഇല്ലേ? അവർ തന്നെ.
അവരുടെ എല്ലു നുറുങ്ങുന്ന പ്രണയം..!
പാളിപ്പോയ ജീവിതം..!
വീണ്ടും മധ്യ വയസിലെ വക്ക് തെറ്റിയ പ്രേമം..!

അവൾ അർഹിക്കുന്ന വിധം ഈ ലോകം അവരെ സ്നേഹിച്ചിട്ടില്ലന്ന് ഉറപ്പാണ്. ഉണ്ടെങ്കിൽ ഈ നാട്ടിൽ കടല് കാണാത്ത പെണ്ണുങ്ങൾ ഉണ്ടാകുമോ?

എന്റെ വായനയിൽ അംബ സന്തോഷവതിയായ ഒരേ ഒരുനേരം വെള്ളിയാങ്കൽ വേഴ്ച്ചയിൽ ആണ്. നിബന്ധനകൾ ഇല്ലാത്ത പ്രേമത്തിൽ സ്വയം കണ്ടെത്തുന്നു. വെറുതെ അല്ല സമുദ്ര ശില ആയത്.

മറ്റൊരു വായനയിൽ ചരിത്രവും കണ്ടു കിട്ടാവുന്നതാണ്. കനോലി കനാൽ തൊട്ടു സ്വർണം ഖനനം വരെ കാണാം. ഇടയ്ക്കു വന്നു പോകുന്ന ആന്റൻ ചെക്കോവിനെ ഓർക്കാം. റഷ്യയെ കാണാം... അങ്ങനെ അങ്ങനെ...

അവസാനവാക്കും എഴുത്തുകാരന് സമ്മാനിച്ചു പോകുന്ന ഒരു സ്ത്രീ, ഒറ്റ കടങ്ങളും ബാക്കി വെക്കുന്നില്ല, മകന് വേണ്ടി അവർ സ്ത്രീയായി
ഭാഗ്യക്കേട്...!

വായിക്കുമ്പോൾ മാത്രം വെളിപ്പെട്ടു വരുന്ന ചില വഴി, അത് വെട്ടിത്തെളിക്കാതെ ഞാൻ നിർത്തുന്നു, ഇനിയും വായിക്കാൻ ഉള്ളവർക്ക്. 

നല്ല വായന നേരുന്നു.

'മുണ്ടൻ പറങ്കി'യിലെ പ്രാർത്ഥന/ പ്രിയൻ അലക്‌സ് റിബല്ലോ

ottayirippil vayicha pusthakam experiences

എങ്ങനെ ഒരു പുസ്തകം വായിച്ച് അനുഭൂതികൾ കൊണ്ട് നിറയാമെന്നും, മൗനം പുതച്ച് വായനക്കസേരയിൽക്കയറി കുത്തിയിരിപ്പ് നടത്താമെന്നും, ഒറ്റയിരുപ്പിനാൽ അത് തീർത്തുകളയാമെന്നും  ഒരു അപായപ്പെടൽ - കാരണം ഈ വായനയിൽ ആരുമധികം വ്യാകുലപ്പെടാത്ത മൗനമുണ്ട്. ചരിത്രത്തിന്റെ രതിജലം കൊണ്ട് കഴുകിയെടുത്ത വിശുദ്ധിയുണ്ട്. വായിച്ച് തീർക്കുകയെന്നാൽ സ്വയം തീർന്നു പോവുക എന്നല്ല, സ്വയം തുടങ്ങുക എന്നുകൂടിയുമാണ്. ആറിപ്പോയത് ചൂടാക്കണമേ എന്ന പഴയ മമ്മാഞ്ഞിപ്രാർത്ഥനയുളള  ഫ്രാൻസിസ് നോരോണയുടെ 'മുണ്ടൻ പറങ്കി' ഒറ്റയിരിപ്പിനുള്ള മനസ്സിന്റെ അകത്തേക്കുള്ള ഒറ്റയോട്ടമായിരുന്നു. ഈ പുസ്തകത്തിൽ ആലപ്പുഴയിലെ തീട്ടപറമ്പുകളുടെയും പിന്നോക്കജീവിതങ്ങളുടെയും സ്വപ്നവും കലഹവുമുണ്ട്. ആംഗ്ലോ ഇന്ത്യൻ ജീവിതത്തിന്റെ വ്യാമോഹങ്ങൾക്ക് പുറത്തുനിൽക്കുന്ന ലത്തീൻ ക്രിസ്ത്യാനി എന്നു സ്വയം എഴുതി പൂരിപ്പിച്ച യാഥാർഥ്യത്തിൽ നിന്നുകൊണ്ട് എനിക്ക് ഇത് വായിച്ച് തീർക്കാൻ കഴിഞ്ഞു. 

ലത്തോരന്മാരുടെ വാഴ്വുകൾക്കപ്പുറം കോമ്പ്രിയയുടെ കിരീടവും സ്ഥാനവസ്ത്രങ്ങളും അഴിച്ചുവെച്ച് തീട്ടപ്പറമ്പിലെ അപകർഷതാബോധത്തിൽ തന്നെ ഉണ്ടുറങ്ങേണ്ടി വന്നവർ. ഈ പുസ്തകം ഫ്രാൻസിസിന്റെ ആത്മകഥനം കൂടിയാണ്. കഥകളെക്കാൾ വലിയ ഒരു ആത്മഗർത്തം. ആ ഗർത്തത്തിൽ വീണുപോവാതിരിക്കാൻ കസേരയിൽ കുത്തിയിരുന്ന് ഈ വായനയിൽ ഞാൻ മൂകനായി പ്രാർത്ഥിച്ചു കൊള്ളുന്നു... ആറിപ്പോയത് ചൂടാക്കണമേ. ഈ പ്രാർത്ഥന എന്റെ വീട്ടിലും ഞാൻ കേട്ടിട്ടുണ്ട്. കപ്പലുകൾ കയറിവന്ന രതിയുടെ ജലം ക്രിസ്തുവിന്റെ സ്നാനജലവുമായി കൂടിക്കുഴഞ്ഞുവീണ ലത്തീൻകാർക്കിടയിൽ നിന്ന് എഴുത്തിന്റെ അനുഭവം എന്നെ അഭിഷേകം ചെയ്തു. എഴുതപ്പെടാവുന്ന ജീവിതങ്ങൾ ഇവിടെയുണ്ട്. പഴയ ലത്തീൻ കുർബാനയിലെ സ്തുതിപ്പ് പോലെ ഈ പുസ്തകം മുഴുമിക്കുമ്പോൾ ഞാനും  പ്രാർത്ഥിക്കുന്നു: 'ഡൊമിനസ് വോബിസ്കം'  ദൈവം നിന്നോട് കൂടെ.

സ്നേഹത്തിലും ഒറ്റയാക്കപ്പെടുന്നവൾ/ മാനസി

ottayirippil vayicha pusthakam experiences

ഒറ്റയിരിപ്പിന് വറ്റിച്ചു തീർത്ത പുസ്തകം ഏതെന്ന് ചോദിച്ചാൽ ഒന്ന് മാത്രമായി പറയാൻ അൽപം ബുദ്ധിമുട്ടാണ്. വായന പലപ്പോഴും പല തരത്തിലാണല്ലോ. ആർത്തി പൂണ്ട് ഊണില്ലാതെ, ഉറക്കമില്ലാതെ ഒറ്റയടിക്ക് പുസ്തകത്തിൽ അടയിരിക്കുമ്പോൾ 'ഇവൾക്കിതെന്ത് ഭ്രാന്ത്' എന്ന് എത്രയോ തവണ കേട്ടിട്ടുണ്ട്. ബാല്യ, കൗമാരങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ വായിച്ചിട്ടുണ്ടാവുക. അതിൽ കൂടുതലും ആമിയുടെ പുസ്തകങ്ങളാണെന്ന് പറയാതെ വയ്യ. തുറന്നെഴുത്തുകളുടെ, പ്രണയത്തിൻ്റെ, രതിയുടെ പല ഭാവങ്ങൾ ആർത്തിയോടെ വായിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ആമിയുടെ 'ഒറ്റയടിപ്പാത' വായിക്കുന്നത്. അത്രയും നാൾ വായിച്ച ആമിയെ ആയിരുന്നില്ല ഒറ്റയടിപ്പാതയിൽ ഞാൻ കണ്ടത്. 

പ്രണയത്തിൻ്റെ രാജകുമാരിയായി വാഴ്ത്തപ്പെട്ട അവർ "എൻ്റെ യാത്രയിൽ എനിക്കാരും കൂട്ടിനില്ല. ലഗേജിൻ്റെ ഭാരം കൂടാതെ ഒറ്റയടിപ്പാതയിൽ കൂടി ഞാൻ അലയുന്നു" എന്നെഴുതിയപ്പോൾ തിരസ്കാരത്തിൻ്റെ കയ്പ്നീര് കുടിച്ച ആമിയെ ഞാൻ തിരിച്ചറിഞ്ഞു. സ്നേഹത്തെ കുറിച്ചും, പ്രണയത്തെ കുറിച്ചും അത്രമേൽ എഴുതിയ ആമി ഒറ്റയായി പോയി എന്ന് പറയുമ്പോൾ എന്താണ് സ്നേഹമേ നീയിങ്ങനെ എന്ന് ഞാൻ സ്വയം ചോദിച്ചു. 'സ്നേഹമെന്നത് അപമാനങ്ങളുടെ ഘോഷയാത്ര മാത്രമാണോ' എന്ന് ഞാൻ വിലപിച്ചു. ഒറ്റയിരിപ്പിൽ പിന്നീട് പലപ്പോഴും ഞാൻ ആ പുസ്തകം വായിച്ചിട്ടുണ്ട്. ഓരോ തവണയും ദു:ഖത്തിൻ്റെ മാറാപ്പും പേറി ഞാൻ തിരിച്ചിറങ്ങാറുമുണ്ട്. സ്നേഹത്തിനും, പ്രണയത്തിനും വേണ്ടി ഏത് പർവ്വവും കയറാൻ തയ്യാറായ ആമിയോട് പക്ഷെ കാലം കരുണ കാട്ടിയില്ല. അവസാന നാളുകളിൽ ഒറ്റപ്പെടലിൻ്റെ, സ്നേഹമില്ലായ്മകളുടെ കയ്പ് നീര് എത്രയോ തവണ അവർക്ക് മോന്തിക്കുടിക്കേണ്ടി വന്നു. ദു:ഖത്തോടെ തന്നെ അവർ യാത്രയാവുകയും ചെയ്തു.

അല്ലയോ സ്നേഹമേ നിന്നെ ഇത്രമേൽ വാഴ്ത്തിപ്പാടിയ അവരോട് / എന്നോട് നിനൽക്കൽപം കരുണ കാട്ടാമായിരുന്നില്ലേ?

മോട്ടിവേഷണൽ ത്രില്ലറായ പുസ്തകം/ ഹരിപ്രിയ സുരേന്ദ്രന്‍

ottayirippil vayicha pusthakam experiences

തിരക്കുപിടിച്ച ഒരു ജോലി ദിവസത്തിനൊടുവിൽ അവിചാരിതമായി കണ്ട ജയശ്രീ മിശ്രയുടെ ഒരു ഇന്റർവ്യൂ കാരണമാണ് കുറച്ചു നാളായി ഷെൽഫിൽ ഇരിക്കുന്ന 'ജന്മാന്തര വാഗ്‌ദാനങ്ങൾ' എടുത്തത്.

ആത്മാംശം ഉണ്ടെന്ന് കഥാകാരി തന്നെ പറഞ്ഞതിനാൽ ആദ്യ അധ്യായം തന്നെ ഞെട്ടിച്ചു. പതിനെട്ടാം പിറന്നാൾ ദിനം കല്യാണം കഴിഞ്ഞ് ഭർതൃ വീട്ടിൽ എത്തുന്ന നായിക തന്നെ ആണോ ഈ സാഹിത്യ വേദികളിൽ ഒക്കെ കാണുന്ന  ജയശ്രീ എന്ന്  സംശയിച്ച് വായനതുടങ്ങി. ആ കുട്ടിനായിക എങ്ങനെ ഇന്നത്തെ ജയശ്രീ ആയി എന്ന ആകാംഷയാണ് പുസ്തകത്തിന്റെ ആദ്യഭാഗങ്ങളിൽ എന്നെ പിടിച്ചിരുത്തിയത്.

എന്നാൽ, കഥ മുന്നേറുമ്പോൾ, ഡൽഹിയിലെ പഠിത്തം, ഒരു യൗവന പ്രണയം, അച്ഛനമ്മമാർക്ക് വേണ്ടി അത് ഉപേക്ഷിക്കൽ എന്നിവയിൽ തുടങ്ങി പിന്നീട് കേരളത്തിലേക്ക് ഒരു വലിയ വീട്ടിലെ വധു ആയി എത്തി, ഒരു വിഭിന്ന ശേഷിയുളള കുഞ്ഞിന്റെ അമ്മയാവുന്നതും എല്ലാം ഒരു ജനപ്രിയ സിനിമ കാണുന്നത് പോലെ തോന്നിച്ചു.

അന്നൊരു വെള്ളിയാഴ്ചയായതും, ബാക്കിയാവുന്ന ഏത് ജോലിയും ചെയ്യാൻ രണ്ട് ദിവസമുണ്ടല്ലോ എന്ന തോന്നലും മുന്നോട്ടുള്ള വായനയെ വല്ലാതെ തുണച്ചിരുന്നു.

70 - 80 കളിലെ ഡൽഹി, കേരളം, അന്നത്തെ സാഹചര്യങ്ങളിൽ വളരെ യാഥാസ്ഥിതിക കുടുംബത്തിനകത്ത് എത്തിപ്പെട്ട മരുമകൾ പുറത്തൊരു ലോകമുണ്ടെന്ന് തിരിച്ചറിയുന്നതും അവിടെ നിന്ന് കൊണ്ട് ലണ്ടനിലെ യൂണിവേഴ്സിറ്റികളിൽ കത്തെഴുതി ഒരു അഡ്മിഷൻ കൈക്കലാക്കുന്നതും ഈ കാലത്തും ആവേശകരവും അത്ഭുതവുമാണ്.

ആരോടും പരിഭവമില്ലാതെ, തന്റെ ജീവിതത്തിൽ വന്നു ചേർന്ന എല്ലാത്തിനേയും രമ്യതയോടെ കൈകാര്യം ചെയ്ത്, കൈവിട്ടു പോയി എന്ന് തോന്നിയയിടത്തു നിന്നും ജീവിതത്തെ പറത്തിയ ജാനു എന്ന ഈ പുസ്തകത്തിലെ നായിക എല്ലാവർക്കും പ്രചോദനമാണ്. ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ഈ നോവൽ എനിക്ക്, അന്നത്തെ വായനയിൽ, ഒരു മോട്ടിവേഷണൽ ത്രില്ലർ ആയി മാറുകയായിരുന്നു എന്ന് പറയാം. അത്തരമൊരു പുസ്തകം ഒറ്റയിരിപ്പിൽ തീർക്കാതെങ്ങനെ?

ഒറ്റപ്പുസ്തകം കണക്കില്ലാത്ത ലാഭം/ അനു മൊഴി

ottayirippil vayicha pusthakam experiences

ഒറ്റയിരുപ്പിൽ വായിച്ച പുസ്തകം പലതുമുണ്ടെങ്കിലും ഇന്നും ഉള്ളിൽ നോവോടെ അലിവോടെ നിറഞ്ഞു നിൽക്കുന്നത് ഒറിയൻ എഴുത്തുകാരി സുസ്മിത ബാഗ്ചിയുടെ 'ചിൽഡ്രൻ ഓഫ് എ ബെറ്റർ ​ഗോഡ്' (Children of a better God) എന്ന നോവലാണ്. പേര് പോലെ തന്നെ ഈശ്വരന്റെ കുഞ്ഞുങ്ങളുടെ കഥയാണ്. സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് വരയുടെയും നിറങ്ങളുടെയും പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ എത്തുന്ന അനുപൂർബയിലൂടെ കഥ സഞ്ചരിക്കുന്നു. പേര് കൊണ്ടും പ്രവർത്തികൊണ്ടുമുള്ള സാമ്യമാകാം, അതു ഞാൻ തന്നെയാണെന്ന് തുടക്കം മുതൽ ഒടുങ്ങാതെ ഈ നിമിഷം വരെ കരുതുന്നു.

അതു വരെ ഈ കുഞ്ഞുങ്ങളെ കുറിച്ച് കൂടുതലായി ഒരറിവും ഇല്ലാതിരുന്ന എനിക്ക് മുന്നിൽ പല വാതിലും തുറന്നു വന്നു, ചിലത് ഉന്തിത്തുറന്നു.
വായിച്ചയറിവ് വെച്ച് അടുത്തുള്ള 'സ്പെഷ്യൽ' വിദ്യാലയങ്ങൾ തിരഞ്ഞു, പോയി, കുഞ്ഞുങ്ങളെ കണ്ടു. അവരോടൊത്ത് കളിച്ചു, ചിരിച്ചു, ഉണ്ടു, പഠിച്ചു. അവരെ വരയ്ക്കാനും എഴുതാനും പഠിപ്പിച്ചു, അവർ അതിലേറെ മൂല്യമുള്ള ജീവിതപാഠങ്ങൾ എനിക്ക് പകരം തന്നു.

ഒരൊറ്റ പുസ്തകം, അതിലെ 200 പേജുകൾ, മൂന്ന് മണിക്കൂർ, ഇത്രയും മാത്രമാണ് ഞാൻ ചിലവാക്കിയത്. പിന്നീടെനിക്കുണ്ടായതെല്ലാം കണക്കില്ലാത്ത ലാഭമാണ്!

Latest Videos
Follow Us:
Download App:
  • android
  • ios