നാരായണി ഉള്ളതാണെന്ന് ഫാബി ബഷീര്‍,  ഇല്ലെന്ന് കാരശ്ശേരി, ഫിക്ഷനാവാമെന്ന് എംടി

മതിലുകളിലെ നാരായണി ശരിക്കും ഉണ്ടായിരുന്നോ?  സജിന്‍ പി ജെ സംവിധാനം ചെയ്ത നാരായണിയെത്തേടി എന്ന ഡോക്യുമെന്ററിയെക്കുറിച്ച് കെ. പി ജയകുമാര്‍ എഴുതുന്നു.
 

narayaniye thedi a documentary on basheers famous character

സ്വാതന്ത്ര്യ സമരകാലത്ത് ബഷീര്‍ ജയില്‍വാസമനുഷ്ടിച്ച പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്കാലത്ത് നാരായണി എന്നുപേരുള്ള ഒരു തടവുകാരി ഉണ്ടായിരുന്നോ? ആരാണ് നാരായണി? യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരാള്‍ ജീവിച്ചിരുന്നോ? അതോ നാരായണി ഒരു സങ്കല്‍പ്പ കഥാപാത്രം മാത്രമാണോ? മതിലുകളിലെ നാരായണി ശരിക്കും ഉണ്ടായിരുന്നോ? ഈ സിനിമ അതിനുത്തരം  തരും 

 

narayaniye thedi a documentary on basheers famous character

 

ഭൂതകാലത്തെക്കുറിച്ചുള്ള വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നത്. ചരിത്രപരമായ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെതന്നെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.  ഈ ചോദ്യങ്ങള്‍ ഏറെ മൂല്യപരവും വൈകാരികവുമായിരിക്കും. അതുകൊണ്ടുതന്നെ  ഓര്‍മ്മകളെ  പുനരാനയിക്കല്‍ രീതീശാസ്ത്രപരമായി നിര്‍ണ്ണായകമാണ്. രേഖകളാണ് ചരിത്രത്തിന് ആധികാരികത നല്‍കുന്നത്. അപ്പോള്‍ രേഖകളുടെ അഭാവം ചരിത്രത്തിന്റെ തന്നെ അഭാവമായിത്തീരുന്നുണ്ടോ? ഈ അഭാവങ്ങളെ പ്രശ്നവല്‍ക്കരിക്കുകയാണ് സജിന്‍ പി ജെ സംവിധാനം ചെയ്ത 'നാരായണിയെ തേടി' എന്ന ഡോക്യുമെന്ററി. ചരിത്രത്തിലേക്കും ഓര്‍മ്മകളിലേക്കും വ്യാഖ്യാനങ്ങളിലേക്കും വിശകലനങ്ങളിലേക്കും നിരന്തരം സഞ്ചരിക്കുന്ന ആഖ്യാനം ഒരുപാട് അഭാവങ്ങളെ ഭാവപ്പെടുത്തുകയാണ്.

ബഷീറിന്റെ രചനയിലെ നാരായണി രൂപരഹിതവും ശബ്ദരഹിതവും ഏറെക്കുറെ ദുരൂഹവുമായ കഥാപാത്രമാണ്. ജയിലിലെ മതിലിനപ്പുറത്തുനിന്നും മണവും ശബ്ദവുമായി ബഷീര്‍ നാരായണിയെ കണ്ടെത്തുന്നു. പിന്നീടവര്‍ പരസ്പരം കാണാതെ പ്രണയിക്കുകയാണ്. കാണാമെന്നേറ്റ ദിവസത്തിനുമുമ്പേ ബഷീര്‍ ജയില്‍ മോചിതനാകുന്നു. അതോടെ ഒരുപാടര്‍ത്ഥങ്ങളും ചോദ്യങ്ങളും ഉയര്‍ത്തിക്കൊണ്ട് മറഞ്ഞിരിക്കുന്ന പെണ്‍ സാന്നിധ്യമായി നാരായണി മാറുന്നു. ഈ അദൃശ്യതയാണ്് നാരായണിയെ തേടി എന്ന ഡോക്യുമെന്ററിയുടെ അന്വേഷണ വിഷയം. 

മതിലുകളിലെ നാരായണി ഒരിക്കല്‍ പോലും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നില്ല. മതിലിനപ്പുറത്തുനിന്നുള്ള (നി)ശബ്ദ സാന്നിധ്യമാണവര്‍. സ്വാതന്ത്ര്യ സമരകാലത്ത് ബഷീര്‍ ജയില്‍വാസമനുഷ്ടിച്ച പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്കാലത്ത് നാരായണി എന്നുപേരുള്ള ഒരു തടവുകാരി ഉണ്ടായിരുന്നോ? ആരാണ് നാരായണി? യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരാള്‍ ജീവിച്ചിരുന്നോ? അതോ നാരായണി ഒരു സങ്കല്‍പ്പ കഥാപാത്രം മാത്രമാണോ? ചോദ്യങ്ങള്‍ നിരവധിയാണ്. ഈ ചോദ്യങ്ങളെയാണ് ചലച്ചിത്രകാരന്‍ പിന്തുടരുന്നത്. (ബഷീറിന്റെ നോവല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രമാക്കിയപ്പോഴും നാരായണി മതിലിനപ്പുറത്തു തന്നെ നിന്നു. കെ.പി എ സി ലളിതയുടെ ശബ്ദത്തിലൂടെ അവര്‍ ഒരു മതിലിനപ്പുറത്തു നിന്ന് സംസാരിച്ചു. അങ്ങനെ കാഴ്ചക്കാരുടെ മനസ്സില്‍ നാരായണിക്ക് കെ.പി.എ. സി ലളിതയുടെ രൂപം കൈവന്നു. മതിലുകള്‍ പ്രമോദ് പയ്യന്നൂര്‍ നാടകമാക്കിയപ്പോഴും നാരായണി കെ പി എ സി ലളിത തന്നെയായിരുന്നു.)

മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രത്തിന്റെ രചന  ഡോ വി സി ഹാരിസും സംവിധായകന്‍ സജിനും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നാരായണിയെതേടി ഡോ ഹാരിസ് നടത്തുന്ന യാത്രയിലൂടെയാണ് ആഖ്യാനം സാധ്യമാകുന്നത്. നിരവധി രേഖകളിലൂടെയും വ്യക്തികളിലൂടെയും പലരുടെയും ഓര്‍മ്മകളിലൂടെയും ചലച്ചിത്രം സഞ്ചരിക്കുന്നു. 

ഭരണകൂടത്തിന്റെ പൊലീസിന്റെ തന്നെയോ പ്രമാണരേഖകളാണ് പലപ്പോഴും ചരിത്രമെഴുത്തിന്റെ ഉപകരണങ്ങള്‍. തലമുറകളായി ചരിത്രരചയിതാക്കളും സാമൂഹ്യശാസ്ത്രജ്ഞരും അടിസ്ഥാന ശ്രോതസ്സായി പരിഗണിക്കുന്നതും ഔദ്യോഗിക രേഖകള്‍തന്നെയാണ്. എന്നാല്‍ തെളിവുകള്‍ തുടച്ചുനീക്കുകയും ഇന്നത്തെ സാമൂഹ്യശാസ്ത്രങ്ങള്‍ക്ക് സ്വീകാര്യമെന്നുകരുതപ്പെടുന്ന രീതിയിലും രൂപത്തിലുമുള്ള അതിന്റെ സമാഹരണം വലിയൊരളവുവരെ അസാദ്ധ്യമാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ചരിത്രമെന്നത് പലപ്പോഴും ഭൂതകാലത്തെക്കുറിച്ചുള്ള ഒറ്റ വ്യാഖ്യാനം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. അതായത് വ്യവസ്ഥാപിത ചരിത്രമെഴുത്ത് ജനതയുടെ സ്മരണകളെ പുറത്തുനിര്‍ത്തുകയോ സൗകര്യപൂര്‍വ്വം മറച്ചുവെക്കുകയോ ചെയ്യുന്നു. ഈ ഘട്ടത്തിലാണ് മായ്ച്ചുകളയപ്പെട്ട അഥവാ പ്രാന്തവല്‍ക്കരിക്കപ്പെട്ട ചരിത്ര സന്ദര്‍ഭങ്ങളെ അന്വേഷിക്കേണ്ടത് അനിവാര്യമായിത്തീരുന്നത്. 

''യാത്രകള്‍ ആരംഭിക്കുന്നത് ചരിത്രത്തില്‍ നിന്നാണ്. ചരിത്രം ആരംഭിക്കുന്നത് യാത്രകളില്‍നിന്നാണ്.'' എന്ന ആമുഖത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഒപ്പം യാത്രകളുടെ കൂടപ്പിറപ്പായ അനിശ്ചിതത്വത്തെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നു. ഈ സൂചന ചരിത്രം എന്ന അനിശ്ചിത്വത്തെ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. ജീവിതത്തിന്റെ നല്ലൊരു പങ്കും സഞ്ചാരിയും പ്രവാസിയുമായിരുന്ന ബഷീര്‍ സ്വയം വിശേഷിപ്പിക്കുന്നതും വിനീതനായ ചരിത്രകാരന്‍ എന്നണ്. അപ്പോള്‍ എന്തായിരുന്നു ബഷീറിന്റെ ചരിത്ര രചനയുടെ ഉപകരണം? അതിന്റെ രീതീശാസ്ത്രം? അനുഭവം. ഓര്‍മ്മ. അപ്പോള്‍ ഒരാളുടെ ഓര്‍മ്മയും അനുഭവങ്ങളും ചരിത്രമാണെന്നു വരുമോ? നാരയണിയെതേടിയുള്ള ഈ അന്വേഷണം ചരിത്രത്തിനും ഓര്‍മ്മകള്‍ക്കുമിടയില്‍ യാഥാര്‍ത്ഥ്യത്തിനും ഭാനയ്ക്കുമിടയില്‍ ഒരു പ്രതലം സൃഷ്ടിക്കുന്നു. 

''ആരാണ് നാരായണി?'' എന്ന ചോദ്യം ഉന്നയിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ''നാരായണി ഒരു ഫിക്ഷനായിരിക്കാം'' എന്നാണ് എം ടി വാസുദേവന്‍ നായര്‍ പറയുന്നത്. നാരായണി ഉണ്ടായിരുന്നു എന്നും യഥാര്‍ത്ഥ്യമല്ലാത്തതൊന്നും ഈ കഥയില്‍  കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നും ബഷീര്‍ തന്നെ പറഞ്ഞതായി ഭാര്യ ഫാബി ബഷീര്‍ ഓര്‍മ്മിക്കുന്നു. നാരായണി ഉണ്ടെന്നും പറയാം ഇല്ലെന്നും പറയാം അതിന്റെ സന്ദിഗ്ധതയെ ഒരുത്തരത്തിലേക്ക് നയിക്കാന്‍ മതിലുകളുടെ സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന് കഴിയുന്നില്ല. ഏകാന്ത തടവില്‍ കഴിയുന്ന ഒരാള്‍ ഒരു കൂട്ട് കൊതിച്ചുപോകുന്ന സന്ദര്‍ഭം ജീവിതത്തില്‍ ഉണ്ടാകും. അത് ഒരു സ്ത്രീ ആയിരിക്കുക എന്നത് ഏറെ ആനന്ദകരമായ അനുഭവമാണ്. ബഷീറിന് നാരായണിയെ സൃഷ്ടിക്കാനായത് ഈ ഏകാന്തതയുടെ നിമിഷത്തിലായിരിക്കണം എന്ന് അടൂര്‍ കണ്ടെത്തുന്നു. നാരായണി യഥാര്‍ത്ഥത്തില്‍ ഇല്ലെന്നാണ് എം എന്‍ കാരശ്ശേരിയുടെ നിരീക്ഷണം. 

ഒപ്പം അദ്ദേഹം മതിലുകള്‍ക്ക് മറ്റൊരു വായനകൂടി സാധ്യമാക്കുന്നു. ഇന്ത്യാവിഭജനം ശക്തമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്താണ് ബഷീര്‍ തടവില്‍ കഴിയുന്നത് ബഷീറിനും നാരായണിക്കുമിടയില്‍ മതിലുകള്‍ പണിതുയര്‍ത്തുന്ന വിഭജനത്തിന്റെ വേദനയാണ് നാരായണിയുടെ അദൃശ്യസാന്നിധ്യത്തിലൂടെ ആവിഷ്‌കരിക്കപ്പെടുന്നതെന്നുമാണ് ആ ഉപപാഠം. നാരായണി ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തെയല്ല ബഷീറിന്റെ മകള്‍ അഭിസംബോധന ചെയ്യുന്നത്. നരായണിയുടെ നിര്‍മ്മിതിയിലൂടെ സാധ്യമാകുന്ന പ്രണയത്തിന്റെയും ഗന്ധത്തിന്റെയും ബന്ധത്തിന്റെയും ആഴമുള്ള അനുഭവം മതിലുകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ നാരായണി ഉണ്ടായിരുന്നു എന്നു വിശ്വസിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. 

1942-43 കാലത്താണ് ബഷീര്‍ രാഷ്ട്രീയ തടവുകാരനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ടാവുക. ആ അനുഭവത്തെ അദ്ദേഹം പുനസൃഷ്ടിക്കുന്നത് വീണ്ടും 22 കൊല്ലം കഴിഞ്ഞാണ്. തന്റെ അദൃശ്യ സാന്നിധ്യംകൊണ്ട് ബഷീറിലെ കാമുകനെയും എഴുത്തുകാരനെയും ഉണര്‍ത്തിയ നാരായണി കാലങ്ങളായി വായനക്കാരെയും പിന്തുടരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ അസന്നിഹിത സാന്നിധ്യംവായിച്ചെടുക്കാനുള്ള ശ്രമമാണ് 'നാരായണിയെതേടി' എന്ന ഡോക്യുമെന്റിയും. ഭൂതകാലത്തിലേക്കുള്ള ഈ തുരക്കലുകള്‍ ചരിത്രമെഴുത്തിന്റെ രീതികളെ പ്രശ്നവല്‍ക്കരിക്കുകയും അന്ത: സാരശൂന്യമായ പ്രമാണ രേഖകള്‍ക്കപ്പുറം കാര്യകാരണബന്ധങ്ങളെ തിരികെപിടിക്കുന്ന ധാര്‍മ്മികവും ജൈവികവുമായ ഇടപെടലുകളായി അത് മാറുകയും ചെയ്യുന്നു.

അപ്പോള്‍ നാരായണി?

നാരായണിയുടെ യാഥാര്‍ത്ഥ്യം തേടിയുള്ള അന്വേഷണം ഒരര്‍ത്ഥത്തില്‍ ബഷീര്‍ എന്ന യാഥാര്‍ത്ഥ്യത്തെക്കൂടിയാണ് അനിശ്ചിതത്വത്തിലാക്കുന്നത്. ബഷീറിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ പാര്‍പ്പിച്ച പഴയ കൊല്ലം കസബ പോലീസ്റ്റേഷനില്‍ എത്തുമ്പോള്‍ അങ്ങനെ ഒരാളെ അറസ്റ്റു ചെയ്തതിന്റെ രേഖകളൊന്നും അവിടെ ഉണ്ടായിരുന്നില്ല. 

പൊലീസ്‌സ്റ്റേഷന്‍ തന്നെ അവിടെനിന്നും മാറ്റിയിരിക്കുന്നു. ബഷീര്‍ രാഷ്ട്രീയ തടവുകാരനായി കഴിഞ്ഞിരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലും രേഖകളൊന്നും അവശേഷിക്കുന്നില്ല. ഇരുപത്തിയഞ്ച് വര്‍ഷത്തിനപ്പുറമുള്ള ഒരു രേഖയും ലഭ്യമല്ല എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. 

അപ്പോള്‍ നാരായണി? രേഖകളില്‍ അങ്ങനെയൊരാള്‍ ഇല്ല. ഒരുപക്ഷെ, ഉണ്ടായിരുന്നിരിക്കാം. അന്വേഷണം ബഷീറിന്റെ ഭൂതകാലം തേടി ജന്‍മദേശമായ തലയോലപ്പറമ്പിലെത്തുന്നു. ബഷീര്‍ പഠിച്ച സ്‌കൂളില്‍ അങ്ങനെയൊരാള്‍ പഠിച്ചതിന്റെ രേഖകള്‍ ഇല്ല. അപ്പോള്‍ ബഷീര്‍? നാരായണി? അന്വേഷണം കൂടുതല്‍ പ്രശ്നഭരിതമാവുകയാണ്. ഉത്തരങ്ങളിലേക്കല്ല, ഉത്തരം എന്ന ലളിതത്തില്‍നിന്നും ഉത്തരങ്ങളില്ലായ്മയുടെ സങ്കീര്‍ണ്ണതകളിലേക്കാണ് നാരായണിയെത്തേടി സഞ്ചരിക്കുന്നത്. 

ഒരര്‍ത്ഥത്തില്‍ സാഹിത്യത്തിലെ യാഥാര്‍ത്ഥ്യം-ഭാവന ദ്വന്ദ്വത്തെക്കുറിച്ചുള്ള അന്വേഷണം കൂടിയാണ് ഈ ഹ്രസ്വചിത്രം. ഒരു വശത്ത് യാഥാര്‍ത്ഥ്യമോ ഭാവനയോ എന്ന ചോദ്യം മറുവശത്ത് സ്നേഹമെന്ന അടിസ്ഥാന വികാരം ഇവയ്ക്കിടയിലാണ് നാരായണി സ്ഥാനപ്പെടുന്നത്. ഓര്‍മ്മകളും ഏകാന്തതകളും സഹനങ്ങളും അരിച്ചെടുത്ത താരതമ്യേന സുഖപ്രദമായ, ശുചീകരിക്കപ്പെട്ട ചരിത്രവ്യവഹാരങ്ങളെ മറികടക്കുന്ന ആഖ്യാനമായി എഴുത്ത് മാറുകയായിരുന്നു മതിലുകളില്‍. അതോടെ വ്യക്തികള്‍ക്കും അവരുടെ നിത്യജീവിതാനുഭവങ്ങള്‍ക്കും പ്രാധാന്യമുള്ള ഒരു ജൈവപ്രക്രിയയായി ചരിത്രം പുനരാവിഷ്‌കരിക്കപ്പെടുന്നു; രേഖകളുടെയും പ്രമാണങ്ങളുടെയും അഭാവത്തില്‍ പ്രത്യേകിച്ചും. വായനയുടെ അനുഭവത്തെ അതിന്റെ അനിശ്ചിതത്വത്തെ പിന്തുടരുകവഴി ഭൂതകാലത്തെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ധാരണകളെ പുനരാനയിക്കുകയും പുനര്‍വായിക്കുകയുമാണ് ചലച്ചിത്രകാരന്‍ ചെയ്യുന്നത്. 

ഇവിടെ ചരിത്രം ഒരു വര്‍ത്തമാനയാഥാര്‍ത്ഥ്യമായി അനുഭവപ്പെടുകയാണ്. ചരിത്രവും ഓര്‍മ്മയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സവിശേഷസന്ദര്‍ഭം എന്നനിലയിലാണ് മതിലുകളും നാരായണിയും വീണ്ടും സന്നിഹിതമാകുന്നത്.

ആഖ്യാന-ദൃശ്യപരിചരണം നാരായണിയെതേടിയുള്ള യാത്രയുടെ ആകാംക്ഷ അടിമുടി നിലനിര്‍ത്തുന്നു. മികച്ച ഛായാഗ്രഹണവും സൂക്ഷ്മത പുലര്‍ത്തുന്ന ചിത്രസംയോജനവും പശ്ചാത്തലസംഗീതവും നാരായണിയെ പതിവ് ഡോക്യുമെന്ററി കാഴ്ചകളില്‍നിന്നും വ്യത്യസ്തമാക്കുന്നു. ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രീജിത്ത് എം കെ യാണ്. സംഗീത സംവിധായകന്‍ ബിജിബാല്‍ പശ്ചാത്തല സംഗീതമൊരുക്കുന്നു. അണ്‍റിയല്‍ സിനിമയുടെ ബാനറില്‍ ഷെറി ജേക്കബ് കെയാണ് നാരായണിയെതേടി നിര്‍മ്മിച്ചിരിക്കുന്നത്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios