പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ
നിശ്ചലയാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം തുടരുന്നു
അവിടെ കല്‍ക്കരി ഖനിയില്‍ പണിയെടുത്തിരുന്ന ഒരു തൊഴിലാളിയെ കണ്ടെത്തി. അയാള്‍ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. അവരെല്ലാം മരിച്ചു. എന്റെ കുഞ്ഞിനെ സ്വീകരിക്കാന്‍ കെഞ്ചി. അയാള്‍ വഴങ്ങി. അയാളുടെ കൈകളില്‍ കുഞ്ഞിനെയേല്‍പ്പിച്ച് ഞങ്ങള്‍ വീണ്ടും പുറപ്പെട്ടു. എന്റെ ശരീരമോ മനസ്സോ കണ്ണോ ഒന്നും നേരെ നിന്നില്ല. കണ്ണില്‍നിന്ന് മണ്ണിലേക്ക് കണ്ണീര്‍ത്തുള്ളികള്‍ ഇറ്റുവീണു. ഞങ്ങളുടെ സഖാക്കള്‍ ഉള്ള സ്ഥലത്തേക്ക് എത്താന്‍ രണ്ടു ദിവസം പിടിച്ചു. ഇന്നേക്ക് 36 വര്‍ഷമായി ആ സംഭവം നടന്നിട്ട്. എന്റെ കുഞ്ഞിന് എന്തു സംഭവിച്ചു എന്നെനിക്ക് ഇപ്പോഴും അറിഞ്ഞുകൂടാ.
നാട്ടിലെ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍നിന്ന് എന്നെ ഇറക്കിക്കൊണ്ടുവരുമ്പോള്‍ നിഴലായി പിന്നാലെ നടന്ന് ബസ് സ്റ്റാന്റിന്റെ അരികിലേക്ക് ചാഞ്ഞ എന്നോട് അച്ഛന്‍ പറഞ്ഞു: ''നമുക്ക് നടക്കാം.''
അച്ഛന്‍ മൂടിക്കെട്ടിയിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും പെയ്യാം.
തലകുനിച്ച് പിന്നാലെ നടന്നു.
''മോനെ,'' അച്ഛന്‍ പറഞ്ഞു. ''ഞാനാരെയും കൊന്നിട്ടില്ല.'' കുറേ നേരത്തേക്ക് അച്ഛന്‍ ഒന്നും മിണ്ടിയില്ല. വഴികള്‍, ആളുകള്‍ പിന്നിട്ടുകൊണ്ടിരുന്നു.
''സുന്ദരയ്യ എവിടെന്ന് അവരോട് ചോദിക്കും. അറിയില്ല എന്ന് പറയാറില്ല. ചിലര്‍ ''ഞാനാണ് സുന്ദരയ്യ'', എന്നും പറയും. വെടിവെച്ചോളൂ എന്നു പറഞ്ഞ് നെഞ്ചു കാട്ടും. ഞാന്‍ എന്റെ കൂടെയുള്ളവേരാട് പറയും, എനിക്ക് കൈ വിറയ്ക്കുന്നു. എനിക്ക് കഴിയാഞ്ഞിട്ടല്ല. എന്റെ അമ്മയെ വിചാരിച്ചാണ്. അവരെ ചുടാന്‍ വേണ്ടി ഇല്ലിക്കമ്പുകളും മറ്റും കൊണ്ടുവരുന്ന പണി ഞാനെടുത്തിട്ടുണ്ട്. ഒരാളെ കൊന്നാല്‍ ഇത്ര പൈസ ഇനാം എന്നുണ്ട്. ഞാന്‍ കൊന്നിട്ടില്ല. അതുകൊണ്ട് വാങ്ങിയിട്ടില്ല. അന്നെനിക്ക് അറുപതു രൂപയായിരുന്നു ശമ്പളം. നാല്‍പതുരൂപ അമ്മയ്ക്കയച്ചുകൊടുക്കും.''
കുഞ്ഞായിരിക്കുമ്പോള്‍ അമ്മ എന്നെ താരാട്ടിയ പാട്ടുകള്‍ തെലുങ്കിലേതായിരുന്നു. പിന്നീട് അതില്‍ ചില പാട്ടുകള്‍ ഗദ്ദര്‍ പാടിത്തന്നിരുന്നു. മദിരാശിക്കാലത്ത്. പിന്നീട് കോഴിക്കോട്ടുകാലത്തും. ഗദ്ദറിനോടൊപ്പം പങ്കിട്ട ദിവസങ്ങളില്‍.
''അത്ഭുതമായിരുന്നു. ട്രഞ്ചിലേക്ക് രാത്രി വെടി വരും. രാവിലെ കോമ്പിങ് തുടങ്ങിയാല്‍, രാത്രി തൊട്ട് മനുഷ്യന് സഞ്ചരിക്കാവുന്ന അത്രയും ദൂരം പരതിയാലും പൊടിപോലും കാണില്ല.''
എന്റെ മുറിയില്‍ ഗറില്ലാ വാര്‍ഫെയര്‍ എന്ന പുസ്തകം ഉണ്ടായിരുന്നു. അച്ഛന്റെ പെട്ടിയിലും അതേ പേരെഴുതിയ കയ്യെഴുത്ത് പുസ്തകം ഉണ്ടായിരുന്നു. മെട്രിക്കുലേഷന്‍ പോലും തീര്‍ത്തിട്ടില്ലാത്ത അച്ഛന്റെ ഇംഗ്ലീഷ് കൈപ്പട മനോഹരമായിരുന്നു. ഇറ്റാലിക്സിന്റെ വടിവിലായിരുന്നു നിവര്‍ന്ന അക്ഷരങ്ങള്‍ പോലും. കൊടുങ്കാറ്റില്‍ രാത്രിയില്‍ ഒറ്റപ്പെട്ടാല്‍ നക്ഷത്രങ്ങളെ നോക്കി എങ്ങനെ ദിശ കണ്ടുപിടിക്കാം, ദിശ അറിയുന്നില്ലെങ്കില്‍ എങ്ങനെ ഏതു മരത്തില്‍ കയറണം, രാവിലെ എങ്ങനെ രക്ഷ നേടാം, എങ്ങനെ വേഷം മാറാം എന്നതെല്ലാം അതില്‍ ഉണ്ടായിരുന്നു.
''ആ വഴിക്ക് നിനക്ക് പോകാം. അച്ഛനെയും അമ്മയെയും ഇടയ്ക്ക് ഓര്‍ത്താല്‍ നല്ലത്. സുന്ദരയ്യ പറഞ്ഞിട്ട് നടക്കാത്തതാണ്, കുറച്ചു കോളേജധ്യാപകന്‍മാര്‍ പറഞ്ഞാല്‍ നടക്കാന്‍ പോകുന്നത്.''
പരിഹാസത്തിന്റെ ഉസ്താദായിരുന്നു. ജീവിതം വലിച്ചിഴച്ചവരുടെ പരിഹാസത്തിന് കടലിനേക്കാള്‍ ആഴമുണ്ടാകുമല്ലോ, ആ ആഴം.
വീട്ടിലെത്തിയപ്പോള്‍ അമ്മ കരഞ്ഞു. വിശേഷപ്പെട്ട കൂട്ടാനൊക്കെ ഉണ്ടാക്കിവെച്ചിരുന്നു. ഉണക്കച്ചെമ്മീനും വഴുതനങ്ങയും ചേര്‍ത്തുള്ള കൂട്ടാന്റെ രുചി നാവിലുണ്ട്. എന്റെ ഉമ്മ! ഉസ്താദ് ബഷീറിന്റെ കഥയിലെ ഉമ്മയെപ്പോലെ.
.........................................................................................
സുന്ദരയ്യ, സഹപ്രവര്‍ത്തകനും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായ ബസവപുന്നയ്യയ്ക്ക് കൊടുത്ത പുസ്തകം, പുന്നയ്യ സീല്‍ ഒപ്പിട്ട പുസ്തകം, എന്റെ കൈയിലെത്തി. ഇന്ത്യാ ടുഡേയില്‍ എന്റെ പത്രാധിപരായിരുന്ന കെ ഗോവിന്ദന്‍കുട്ടി തന്നതാണ്.
ജനിക്കുന്നതിനുമുമ്പ് ഞാന്‍ എന്തായിരുന്നു എന്നറിയാന്‍, ജനിച്ചതിനു ശേഷം എന്തായിരുന്നു എന്നറിയാന്‍, തെലങ്കാനയെക്കുറിച്ച് അച്ചടിച്ചു കണ്ടതെല്ലാം വായിച്ചു, പി സുന്ദരയ്യയുടെ സമരചരിത്രപുസ്തകം ഉള്‍പ്പടെ. പില്‍ക്കാലത്ത് ഒരത്ഭുതമുണ്ടായി. സുന്ദരയ്യ, സഹപ്രവര്‍ത്തകനും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായ ബസവപുന്നയ്യയ്ക്ക് കൊടുത്ത പുസ്തകം, പുന്നയ്യ സീല്‍ ഒപ്പിട്ട പുസ്തകം, എന്റെ കൈയിലെത്തി. ഇന്ത്യാ ടുഡേയില്‍ എന്റെ പത്രാധിപരായിരുന്ന കെ ഗോവിന്ദന്‍കുട്ടി തന്നതാണ്.
ദില്ലിയിലെ സി പി ഐ ലൈബ്രറിയില്‍ കുറേനാളുകള്‍ കുടികിടന്നിരുന്നു. തിയാനെന്‍മെന്നിന്റെ കലങ്ങിയ കാലമായിരുന്നു. സ്പാനിഷ് കുഞ്ചന്റെ ഡോണ്‍ ക്വിക്സോട്ട് വായിച്ചാണ് പുറത്തുകടന്നത്. ഒരു കമ്യൂണിസ്റ്റ് രാജ്യത്തിലായിരുന്നെങ്കില്‍ ആന്റി -കമ്യൂണിസ്റ്റാകാമായിരുന്നു.
കൊണാട്ട്പ്ലേസിലെ ബുക് വേമില്‍നിന്നാണ് ആ പുസ്തകം വാങ്ങിയത്. 'ഞങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു'. തെലങ്കാന ജനകീയ സമരത്തിലെ സ്ത്രീകളുടെ ജീവിതകഥകള്‍. ചരിത്രത്തിന്റെ ഏറ്റവും സൂക്ഷ്മവും വൈകാരികവുമായ ചരിത്രമായ വാമൊഴി ചരിത്രം. 'അറിയപ്പെടാത്ത സ്ത്രീകള്‍ക്കും ചരിത്രം സൃഷ്ടിച്ച അവരുടെ പേരില്ലാ സമരങ്ങള്‍ക്കും' സമര്‍പ്പിച്ച പുസ്തകം.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തെലങ്കാന ഇന്ത്യയുടെ യെനാന്‍ ആയിരുന്നു. 1948 ഫെബ്രുവരിയില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസില്‍ ഇന്ത്യയുടെ സാഹചര്യങ്ങള്‍ സായുധ സമരത്തിന് അനുകൂലമായതിനാല്‍, അധികാരം പിടിച്ചെടുക്കണമെന്ന രണദിവെ തിസീസ്. രണ്ടു വര്‍ഷത്തിനുശേഷം ചൈനീസ് പാത പിന്തുടരണമെന്ന ആന്ധ്രാ തിസീസ്. ഇന്ത്യന്‍ സൈന്യത്തില്‍നിന്നു നേരിട്ട ഭീകരമായ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് 1951-ല്‍ പുനസംഘടിപ്പിക്കപ്പെട്ട പൊളിറ്റ് ബ്യൂറോ നീണ്ട ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കുംശേഷം സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തീക്കനല്‍ പോലുള്ള ഓര്‍മ്മകളില്‍നിന്നും സമരപോരാളിയായിരുന്ന ബ്രിജ്റാണി തയ്യല്‍പ്പണി തെല്ലുനേരം നിര്‍ത്തി ചോദിക്കുന്നു. ''ആയുധമെടുത്തുപോരാടുന്നതും ഇപ്പോള്‍ തയ്യല്‍ മെഷീനു മുന്നില്‍ ഇരിക്കുന്നതും തമ്മിലുള്ള വ്യത്യസത്തെക്കുറിച്ച് നിങ്ങള്‍ എന്തു കരുതുന്നു?''
.........................................................................................
'ഞങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു'. തെലങ്കാന ജനകീയ സമരത്തിലെ സ്ത്രീകളുടെ ജീവിതകഥകള്‍. ചരിത്രത്തിന്റെ ഏറ്റവും സൂക്ഷ്മവും വൈകാരികവുമായ ചരിത്രമായ വാമൊഴി ചരിത്രം.
കമലമ്മയുടെ കഥ. പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ. ആ അമ്മ ഹൃദയം തകര്‍ന്ന് തന്റെ കഥ പറയുന്നു.
''ഞങ്ങള്‍ അങ്ങനെ ഗാര്‍ല ജാഗിറിലെത്തി. അവിടെ പാര്‍ട്ടിയുടെ ഒരു സംഘാടകനെ കണ്ടെത്തി. കുഞ്ഞിനെ ഉപേക്ഷിക്കേണ്ട, ആര്‍ക്കെങ്കിലും കൊടുക്കാം. നമുക്കാരെയെങ്കിലും കണ്ടെത്താം.'' അവിടെയുണ്ടായിരുന്നവര്‍ ക്യാമ്പുകളിലേക്ക് കുടിയൊഴിക്കപ്പെടുമ്പോള്‍ രക്ഷപ്പെട്ടവരോ കൊടുങ്കാട്ടില്‍ ഒളിവില്‍ കഴിയുന്നവരോ ആയിരുന്നു. അവിടെ കല്‍ക്കരി ഖനിയില്‍ പണിയെടുത്തിരുന്ന ഒരു തൊഴിലാളിയെ കണ്ടെത്തി. അയാള്‍ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. അവരെല്ലാം മരിച്ചു. എന്റെ കുഞ്ഞിനെ സ്വീകരിക്കാന്‍ കെഞ്ചി. അയാള്‍ വഴങ്ങി. അയാളുടെ കൈകളില്‍ കുഞ്ഞിനെയേല്‍പ്പിച്ച് ഞങ്ങള്‍ വീണ്ടും പുറപ്പെട്ടു. എന്റെ ശരീരമോ മനസ്സോ കണ്ണോ ഒന്നും നേരെ നിന്നില്ല. കണ്ണില്‍നിന്ന് മണ്ണിലേക്ക് കണ്ണീര്‍ത്തുള്ളികള്‍ ഇറ്റുവീണു. ഞങ്ങളുടെ സഖാക്കള്‍ ഉള്ള സ്ഥലത്തേക്ക് എത്താന്‍ രണ്ടു ദിവസം പിടിച്ചു. ഇന്നേക്ക് 36 വര്‍ഷമായി ആ സംഭവം നടന്നിട്ട്. എന്റെ കുഞ്ഞിന് എന്തു സംഭവിച്ചു എന്നെനിക്ക് ഇപ്പോഴും അറിഞ്ഞുകൂടാ. ഒരിക്കല്‍ കുറേ വിപ്ലവകാരികള്‍ വന്ന് എന്റെ ജീവിതകഥ ചോദിച്ചു. അവര്‍ എന്റെ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സങ്കടം അണപൊട്ടിയൊഴുകി. എന്റെ ത്യാഗത്തെക്കുറിച്ച് ഞാനെന്ത് പറയാന്‍? മരിച്ചുപോയ തിഗാല സത്യനാരായണ റാവു പറയാറുണ്ടായിരുന്നു: ''ഞങ്ങള്‍ പല രാജ്യങ്ങളുടെയും ചരിതം വായിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്ത്, നമ്മുടെ തെലങ്കാനയില്‍ നിങ്ങള്‍ ഒരു വീരമാതൃകയാണ്. തളരരരുത്. കുഞ്ഞിനെ ഉപേക്ഷിച്ചതില്‍ സങ്കടപ്പെടരുത്. നിങ്ങളുടെ കഥ ചരിത്രമാണ്.'' അവരെന്നെ ആശ്വസിപ്പിക്കും പക്ഷേ, ഒരമ്മയുടെ വേദന ഞാനെങ്ങനെ അടക്കിവെക്കും? അവന്‍ എന്റെ വയറ്റില്‍ വളര്‍ന്നതല്ലേ?''
സമരം പിന്‍വലിച്ചപ്പോഴോ?
''ആ തീരുമാനത്തില്‍ ഞങ്ങള്‍ അതൃപ്തരായിരുന്നു. സഖാക്കള്‍ ആയുധം താഴെവെക്കാന്‍ മടിച്ചു. ആയുധം താഴെവെക്കുകയെന്നാല്‍ ജീവിതം പണയപ്പെടുത്തലാണെന്ന് സഖാക്കള്‍ പറഞ്ഞു. ''അല്ലെങ്കില്‍, ഒരു കാര്യം ചെയ്യൂ. ഞങ്ങളുടെ തോക്കെടുത്ത് ഞങ്ങളെ കൊല്ലൂ.''
''വര്‍ഷങ്ങളോളം അരിയോ പച്ചക്കറിയോ പാത്രമോ ഇല്ലാതെ ജീവിച്ചവരാണ് ഞങ്ങള്‍. ഇത്രയേറെ കഷ്ടപ്പാടുകള്‍ സഹിച്ച ഞങ്ങള്‍ക്കെങ്ങനെ ആയുധം താഴെവെക്കാനാവും? ആയുധം താഴെവെക്കുകയെന്നാല്‍ ജന്മിമാര്‍ക്കും സര്‍ക്കാറിനും കീഴടങ്ങുക എന്നേ അര്‍ത്ഥമുള്ളൂ. പക്ഷേ, കേരളത്തില്‍നിന്നും ബംഗാളില്‍നിന്നും വലിയ നേതാക്കള്‍ വന്ന് സമരം പിന്‍വലിക്കാന്‍ പറഞ്ഞു. സമരം പിന്‍വലിക്കാനുള്ള എല്ലാ ശ്രമവും രാജ്യത്തെ പാര്‍ട്ടി നടത്തി. ഞങ്ങള്‍ സമരം നിര്‍ത്തിയില്ലായിരുന്നെങ്കില്‍ അത് വളരുമായിരുന്നോ. അതോ പാടുപോലും അവശേഷിപ്പിക്കാതെ മാഞ്ഞുപോകുമായിരുന്നോ?''.
മല്ലു സ്വരാജ്യം, ഇതിഹാസ നായിക, ഭൂപ്രഭുക്കളുടെ കുടുംബത്തില്‍ ജനിച്ച് സമരാവേശത്താല്‍ ആന്ധ്രാ മഹാസഭയിലേക്കും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും പടര്‍ന്ന 'ഝാന്‍സി ലക്ഷ്മി' പൊതുയോഗങ്ങളില്‍ പാടിയും പ്രസംഗിച്ചും തീജ്വാല പടര്‍ത്തി. ''ഞാന്‍ അന്ന് പ്രസംഗിക്കുമ്പോള്‍ കേള്‍വിക്കാര്‍ പണം വലിച്ചെറിയും. അന്ന് നാണയങ്ങളായിരുന്നു അധികം. നാണയത്തിന്റെ മഴ പെയ്യുമായിരുന്നു.'' ഇ എം എസ് നമ്പൂതിരിപ്പാട് ഖമ്മത്ത് വന്നപ്പോള്‍, പാടത്തുനിന്ന് കുഞ്ഞിനെയും ഒക്കത്തുവെച്ച് ഏറെ ദൂരം നടന്ന് സദസ്സിലിരുന്നു. അപ്പോള്‍ ഒരറിയിപ്പ് വന്നു. ''സ്വരാജ്യം എവിടെയുണ്ടെങ്കിലും വേദിയിലേക്ക് വരണം.''
''തെലങ്കാന സമരത്തില്‍ സ്ത്രീകളുടെ ചരിത്രം കൂടി വേണമെന്ന് ഞങ്ങള്‍ ആലോചിച്ചു. ഐലമ്മയെക്കുറിച്ചെഴുതാന്‍ ആഗ്രഹിച്ചു. ഐലമ്മയെപ്പോലെ നൂറുകണക്കിന് സ്ത്രീകളെക്കുറിച്ച്. അവരുടെ ചരിത്രം പാടുകള്‍ പോലുമില്ലാതെ മാഞ്ഞുപോയി. ആര്‍ക്കാണത് എഴുതാന്‍ കഴിയുക? ഞങ്ങളെപ്പോലുള്ളേവര്‍ക്ക് മാത്രം. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് മാത്രം. എന്റെ ജീവിതത്തില്‍ എനിക്കതിന് നേരമുണ്ടായില്ല. റേഡിയോ കേള്‍ക്കാന്‍, പുസ്തകം വായിക്കാന്‍, പേനയും കടലാസുമെടുത്ത് എഴുതാന്‍-ഇരുപത്തിനാലു മണിക്കൂറും പാടത്ത് പണിയെടുക്കണം. അതില്‍നിന്നു ഒഴിവു കണ്ടെത്തി പ്രസംഗിക്കാന്‍ പോകണം. ദിനപ്പത്രം പോലും കിട്ടില്ലായിരുന്നു. പലപ്പോഴും ഒളിവില്‍. എങ്ങനെ എഴുതാന്‍? കുറച്ചുപണം ചെലവാക്കി ആരൈയങ്കിലും വെച്ച് എഴുതിക്കാനും പ്രയാസം. അത്രയും പൈസ നല്‍കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കില്ല. രാമുലമ്മയോ സത്യവതിയോ ഞാനോ എഴുതിയില്ല. ഞങ്ങള്‍ക്കു പറയാന്‍ കഴിയാതിരുന്നവയാണ് നിങ്ങളോട് പറയുന്നത്.''
മരിച്ചുപോയവരുടെ കണ്ണുകളോ? അവരെ കണ്ട കണ്ണുകളാണ് എന്റെ അച്ഛന്റെ കണ്ണുകള്‍. അച്ഛന്‍ കണ്ണടയെടുത്ത് തുടയ്ക്കുമ്പോള്‍ ആ കണ്ണുകളിലേക്ക് നോക്കാറുണ്ടായിരുന്നു. മംഗലാപുരത്ത് ഒരു ആശുപത്രിയില്‍ അച്ഛനെ ശുശ്രൂഷിച്ച് ചാരത്തിരിക്കുമ്പോള്‍ തെലങ്കാനയിലെ അനുഭവങ്ങള്‍ ചോദിച്ചാലോ എന്നു വിചാരിച്ചു.
വേണ്ട, അച്ഛന്റെ മുന്നില്‍ ഞാന്‍ പത്രപ്രവര്‍ത്തകനോ എഴുത്തുകാരനോ അല്ല, മകന്‍ മാത്രം.
അച്ഛന്‍ ഉറങ്ങുമ്പോള്‍, ഉറങ്ങുമ്പോള്‍ മാത്രം ആ പുസ്തകം വായിക്കാനെടുത്തു.
കൊണ്ടപ്പള്ളി കോടേശ്വരമ്മ. ഒളിവുകേന്ദ്രങ്ങളിലിരുന്ന് തന്ത്രങ്ങള്‍ മെനഞ്ഞ കഥകള്‍ പറയുകയായിരുന്നു. തോക്കുപിടിക്കുക പെണ്ണുങ്ങള്‍ക്ക് പറഞ്ഞതല്ലെന്ന് പറഞ്ഞ് (സി) രാജേശ്വര റാവു ഒളിവിടത്തില്‍ പോയി മറ്റു ജോലികള്‍ ചെയ്യാന്‍ പറഞ്ഞത് കോടേശ്വരമ്മയ്ക്ക് ഓര്‍മ്മയുണ്ട്. ''ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാല്‍, ഒളിവു കേന്ദ്രവും തന്ത്രങ്ങളും മാറ്റും. ചിലപ്പോള്‍ പീഡനം അതിജീവിക്കാനാവാതെ വരുമ്പോഴോ ദൗര്‍ബല്യത്താലോ അവര്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയേക്കും. പൊദ്ദൂരി സോമയ്യ വാ തുറന്നതോടെ പതിനെട്ട് സഖാക്കളെയാണ് വെടിവെച്ചുകൊന്നത്.''
പിന്നീട്, ന്യൂയോര്‍ക്കറിന്റെ ലേഖിക അല്‍മ ഗ്വില്ലെര്‍മോപ്രൈറ്റോ എഴുതിയ, 'ലാറ്റിനമേരിക്കയുടെ ചോരയൊലിക്കുന്ന ഹൃദയം' വായിക്കുകയായിരുന്നു.
ലിമ 1993
''ദൈവമായിരിക്കുക എത്ര വിഷമം.''
അയാക്കുച്ചോയിലെ എന്റെ പത്രപ്രവര്‍ത്തക സുഹൃത്ത് അയാളുടെ സുഹൃത്തായ ഒരു മിലിട്ടറി ഓഫീസറുടെ അനുഭവകഥ എന്നോടു പറഞ്ഞു. തീവ്ര മാവോയിസ്റ്റ് വിപ്ലവ ഗ്രൂപ്പായ സെന്‍ഡറോ ലൂമിനോസോ അഥവാ ഷൈനിംഗ് പാത്തിലെ മൂന്ന് ഗറില്ലകളെ മിലിട്ടറി ഓഫീസര്‍ പിടികൂടി. മര്‍ദ്ദനത്തിനിടെ അവരിലൊരാള്‍ മരിച്ചു. രണ്ടാമത്തേയാള്‍ മരണവേദനയാല്‍ പുളഞ്ഞു വാ തുറന്നപ്പോള്‍ മൂന്നാമത്തേയാള്‍ ഇടപെട്ടു. ''ഞാനെല്ലാം പറയാം. പക്ഷേ, ഇവനെ ജീവിക്കാനനുവദിച്ചാല്‍ പാര്‍ട്ടി രഹസ്യം ഞാന്‍ വെളിപ്പെടുത്തി എന്നറിയും. അവരെന്നെ കൊല്ലും. അതിനാല്‍ ഇവനെ കൊല്ലൂ. എന്നാല്‍ ഞാനെല്ലാം വെളിപ്പെടുത്താം.'' മിലിട്ടറി ഓഫീസര്‍ 'ഇടപാട്' ഉറപ്പിച്ച് രണ്ടാമത്തേയാള്‍ക്കു നേരെ കാഞ്ചി വലിച്ചു. അയാള്‍ അന്ത്യശ്വാസം വലിച്ചതും മൂന്നാമത്തേയാള്‍ മിലിട്ടറി ഓഫീസറെയും കൂടെയുള്ള പോലീസുകാരെയും തെറിയില്‍ കുളിപ്പിച്ചു. അന്തംവിട്ട മിലിട്ടറി ഓഫീസര്‍, എല്ലാം വെളിപ്പെടുത്താമെന്ന വാഗ്ദാനം മൂന്നാമത്തെ വിപ്ലവകാരിയെ ഓര്‍മ്മിപ്പിച്ചു. മൂന്നാമന്‍ പറഞ്ഞു: ' ഞാന്‍ പെറുവിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണ്. നിങ്ങള്‍ ഇപ്പോള്‍ വെടിവെച്ചുകൊന്നവന്‍ വെറും സഹയാത്രികന്‍. അവന്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തി എന്റെ സഖാക്കളെ അപകടത്തിലാക്കുമെന്ന ഘട്ടത്തിലാണ് ഞാനങ്ങനെ പറഞ്ഞത്. ഇനി അവന് മിണ്ടാനാവില്ല. ദാ എന്നെ കൊന്നോളൂ.''
സുഭാഷ് ചന്ദ്രന്റെ 'പറുദീസാനഷ്ട'ത്തിലെന്നപോലെ ഭയം അതിന്റെ തീക്കനല്‍ പോലുള്ള നാക്കുകൊണ്ട് എന്റെ നട്ടെല്ലില്‍ നക്കി.
നിശ്ചലയാത്രകള്‍:
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല