ഈ അതിഗംഭീര ലൈബ്രറി ഒരു മരക്കുറ്റിയിലാണ്!
ഈബേയില്‍ നിന്ന് വരുത്തിച്ച ഒരു പുരാതന ചില്ല് വാതിലും, അയല്‍വാസി സമ്മാനമായി നല്‍കിയ ഒരു ലൈറ്റും കൂടിയായപ്പോള്‍ ലൈബ്രറിയ്ക്ക് ഗംഭീര ലുക്കായി
2018 ഒക്ടോബറില്‍, ഭര്‍ത്താവ് ജാമി ഹോവാര്‍ഡിന്റെ സഹായത്തോടെ അവള്‍ പഞ്ഞിമരം വെട്ടാന്‍ പദ്ധതിയിട്ടു. രണ്ട് ദിവസത്തിന് ശേഷം മരത്തിന്റെ കുറ്റി മാത്രം ബാക്കി നിര്‍ത്തി ബാക്കി ശാഖകള്‍ എല്ലാം മുറിച്ച് മാറ്റപ്പെട്ടു.
യു എസിലെ ഐദുഹോ സ്വദേശിയാണ് ഷരാലി ആര്‍മിറ്റേജ് ഹോവാര്‍ഡ്. അവളുടെ വീടിന് മുന്നില്‍ 110 വര്‍ഷം പഴക്കമുള്ള ഒരു പഞ്ഞി മരമുണ്ടായിരുന്നു. അവള്‍ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു അത്. എന്നാല്‍ ഒരിക്കല്‍ അത് മുറിച്ച് മാറ്റേണ്ട ഒരു സാഹചര്യമുണ്ടായി. ഒരു ദശാബ്ദത്തിലേറെയായി വീടിന്റെ പരിസരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മരത്തെ പെട്ടെന്ന് നീക്കം ചെയ്യാന്‍ അവള്‍ക്ക് വിഷമം തോന്നി.
എന്നാല്‍, കാര്യം അത്ര ലളിതമായിരുന്നില്ല. ശക്തമായ ഒരു കാറ്റ് മതിയായിരുന്നു അത് താഴെ വീണ് കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാന്‍. അപ്പോള്‍ ഇനി എന്ത് ചെയ്യണമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഒരു പുതിയ ആശയം അവളുടെ മനസ്സിലേയ്ക്ക് കടന്ന് വന്നത്. മരം ഒരു മനോഹരമായ ലൈബ്രറിയാക്കി മാറ്റുക.
അതിന്റെ ശാഖകള്‍ എല്ലാം വെട്ടിമാറ്റി തടി നിലനിര്‍ത്താന്‍ അവള്‍ തീരുമാനിച്ചു. അതില്‍ ഒരു സൗജന്യ ഗ്രന്ഥശാല തുടങ്ങാനും അവള്‍ പദ്ധതിയിട്ടു. തുടര്‍ന്ന് ഇത് എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്ന് ചിന്തിച്ചു. അപ്പോഴാണ് ലിറ്റില്‍ ഫ്രീ ലൈബ്രറി പ്രസ്ഥാനത്തെ കുറിച്ച് അവള്‍ക്ക് ഓര്‍മ്മ വന്നത്. അന്തരിച്ച ടോഡ് എച്ച്. ബോള്‍ 2009-ല്‍ സ്ഥാപിച്ചതാണ് ഇത്. ഒരു പുസ്തകം എടുക്കുമ്പോള്‍, പണത്തിന് പകരമായി മറ്റൊരു പുസ്തകം നല്‍കുന്നതാണ് ഈ ലൈബ്രറിയുടെ രീതി. 88 രാജ്യങ്ങളിലായി 75,000-ലധികം ലിറ്റില്‍ ഫ്രീ ലൈബ്രറികളുണ്ട്. ഒരു പബ്ലിക് ലൈബ്രറിയില്‍ ജോലി ചെയ്തിരുന്ന ഷരാലി, വളരെ മുന്‍പ് തന്നെ ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ അത്തരമൊന്ന് ആരംഭിച്ചാലെന്തെന്ന് അവള്‍ ചിന്തിച്ചു.
പിന്നീട് 2018 ഒക്ടോബറില്‍, ഭര്‍ത്താവ് ജാമി ഹോവാര്‍ഡിന്റെ സഹായത്തോടെ അവള്‍ പഞ്ഞിമരം വെട്ടാന്‍ പദ്ധതിയിട്ടു. രണ്ട് ദിവസത്തിന് ശേഷം മരത്തിന്റെ കുറ്റി മാത്രം ബാക്കി നിര്‍ത്തി ബാക്കി ശാഖകള്‍ എല്ലാം മുറിച്ച് മാറ്റപ്പെട്ടു. ലിറ്റില്‍ ഫ്രീ ലൈബ്രറിക്ക് വേണ്ടിയുള്ള വ്യത്യസ്ത ഡിസൈനുകള്‍ വരയ്ക്കുന്ന തിരക്കിലായിരുന്നു ഷരാലി അപ്പോള്‍. ഒടുവില്‍ ഒരു ചെറിയ വീടിന്റെ മാതൃകയിലുള്ള ലൈബ്രറി പണിയാന്‍ അവള്‍ തീരുമാനിച്ചു.
മരത്തിന്റെ ഉള്‍ഭാഗം പൊള്ളയാക്കി, അതിനുള്ളില്‍ ഒരു മരത്തിന്റെ ഷെല്‍ഫ് സ്ഥാപിച്ച. ലൈബ്രറിയിലേക്ക് കയറാന്‍ കല്ല് പടികള്‍ പണിതു. ഈബേയില്‍ നിന്ന് വരുത്തിച്ച ഒരു പുരാതന ചില്ല് വാതിലും, അയല്‍വാസി സമ്മാനമായി നല്‍കിയ ഒരു ലൈറ്റും കൂടിയായപ്പോള്‍ ലൈബ്രറിയ്ക്ക് ഗംഭീര ലുക്കായി. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലൈബ്രറിയുടെ ഒരു ചിത്രം അവള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ അത് പെട്ടെന്ന് തന്നെ വൈറലായി. പിന്നീടുള്ള മാസങ്ങളില്‍ നിരവധിപേര്‍ അത് കാണാനായി വന്നു. ഇന്ന് നൂറുകണക്കിന് സ്ഥിരം സന്ദര്‍ശകരുണ്ട് അവര്‍ക്ക്. പ്രാദേശിക മാധ്യമങ്ങളില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ലൈബ്രറിയില്‍ ഏത് സമയവും തിരക്കാണെന്ന് ഷരാലി പറയുന്നു.