'സ്വയം സംസാരിക്കാനറിയുന്നവള്‍ക്ക് സ്വന്തം മുറിവുണക്കാനുമാകും'
നിര്‍മല എഴുതിയ 'മഞ്ഞില്‍ ഒരുവള്‍' എന്ന നോവലിന് ജെ ദേവിക എഴുതിയ അവതാരിക.
രോഗാനുഭവത്തെ സമൂഹാനുഭവത്തില്‍ നിന്നും പിതൃമേധാവിത്വാനുഭവത്തില്‍ നിന്നും വേര്‍തിരിക്കാനാവില്ല എന്ന് തിരിച്ചറിയുന്ന നിമിഷത്തിലാണ് മഞ്ഞിനു പുറത്തേയ്ക്ക്, കാറ്റിനെ ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ട്, അശ്വിനി പുതിയൊരു യാത്രയ്ക്ക് തയ്യാറാവുന്നത്. സ്വന്തം അസ്തിത്വത്തെ പുനര്‍നിര്‍മ്മിക്കാനുള്ള വാശിയോടെ അവള്‍ പുറപ്പെടുന്നു.
ആദ്യമേ പറയാം, 'മഞ്ഞില്‍ ഒരുവള്‍' പരിചിതമായ പ്രമേയമോ ശൈലിയോ പിന്‍തുടരുന്ന നോവലല്ല. എന്തൊക്കെ അല്ല എന്നു വിവരിച്ചുകൊണ്ട് മുഖവുര എഴുതേണ്ടിവരുന്നത്, സ്ത്രീകളുടെ എഴുത്തിനെ ഏതെങ്കിലും പരിചിതമായ ചട്ടക്കൂടിനുള്ളില്‍ തളച്ച് നിര്‍വീര്യമാക്കുന്ന തന്ത്രം മലയാളസാഹിത്യത്തില്‍ ഇന്നും നിലനില്‍ക്കുന്നതുകൊണ്ടാണ്.
നിര്‍മ്മലയുടെ നോവലിലെ 'ഒരുവള്‍' അസ്തിത്വപ്രതിസന്ധി അനുഭവിക്കുന്നുണ്ട്, എന്നാലത് നമുക്ക് (മലയാളസാഹിത്യവായനക്കാര്‍ക്ക്) പരിചിതമായ അസ്തിത്വവാദ ആണ്‍-ആഖ്യാനമല്ല. നിര്‍മ്മലയുടെ ഈ നോവലില്‍ അസ്തിത്വവാദപരമായ പ്രമേയങ്ങള്‍ പലതും പ്രത്യക്ഷമാകുന്നുണ്ട് - ഭീതി, മടുപ്പ്, അന്യവത്ക്കരണം, അര്‍ത്ഥശൂന്യത, മരണചിന്ത, മുതലായവ. അസ്തിത്വപരമായ ഏകാന്തതയെ പുണരാനുള്ള അവസരമായി അശ്വിനി എന്ന വ്യക്തിക്കു മുന്നില്‍ മരണം അവതരിക്കുന്നുമുണ്ട്. മരണത്തിലേക്കു ജീവിതം കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്നു എന്ന പൂര്‍ണബോദ്ധ്യത്തോടുകൂടിത്തന്നെ ജീവിതത്തെ സംബന്ധിച്ച് തെരെഞ്ഞടുപ്പുകള്‍ നടത്തുന്നതാണ് അവ്യാജമായ ജീവിതമെന്ന അസ്തിത്വവാദ പ്രമേയവും ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
എന്നാല്‍ ഈ ആഖ്യാനത്തിന്റെ കേന്ദ്രത്തില്‍ നില്‍ക്കുന്നത് ഒരു സ്ത്രീയാണ്. അവള്‍ 'ഒരുവളാ'യി മാറിയ പ്രക്രിയയില്‍ പിതൃമേധാവിത്വസാന്നിദ്ധ്യം ഇല്ലെന്നു നടിക്കാന്‍ നിര്‍മ്മല കൂട്ടാക്കുന്നുമില്ല. വിശാലമായ അര്‍ത്ഥത്തില്‍ ഈ നോവല്‍ വ്യക്തിയുടെ തെരഞ്ഞെടുപ്പുകളെപ്പറ്റിയാണ് (അസ്തിത്വവാദ ചിന്താധാരകള്‍ക്ക് പ്രിയപ്പെട്ട പ്രമേയം). അതായത്, മനുഷ്യജീവിതത്തിന്റെ കാതല്‍ഭാഗത്തായി വ്യക്തിസ്വാതന്ത്ര്യത്തെ പ്രതിഷ്ഠിക്കുകയും, തനതായ മൂല്യം അതിനു കല്‍പിക്കുകയും, മറ്റെല്ലാ മൂല്യങ്ങളുടെയും അടിസ്ഥാനമായി അതിനെ തിരിച്ചറിയുകയും ചെയ്യുന്ന ജീവിതാനുഭവത്തിന്റെ ആഖ്യാനം തന്നെയാണ് ഈ നോവല്‍. നിര്‍മ്മലയുടെ ഒരുവള്‍ പിന്നിടുന്ന ആള്‍ക്കൂട്ടം വ്യക്തമായ അതിരുകളുള്ള സമുദായജീവിതത്തിലും തൊഴിലിടജീവിതത്തിലുമാണ് സ്ഥിതിചെയ്യുന്നത്. പക്ഷേ പേരു സൂചിപ്പിക്കുംപോലെ, അവള്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ മാത്രമല്ല - അവള്‍ മഞ്ഞില്‍ ഒരുവളാണ്. ഈ നോവലില്‍ മഞ്ഞ് പലപ്പോഴും പിതൃമേധാവിത്വത്തിന്റെ രൂപകമായി പലപ്പോഴും പ്രത്യക്ഷപ്പെടുന്നതും വേറുതേയല്ല.
ഇന്ന് ദക്ഷിണേഷ്യന്‍ ഇംഗ്‌ളിഷ് രചനയില്‍ മുഖ്യസ്ഥാനം കൈയടക്കിക്കഴിഞ്ഞിരിക്കുന്ന എക്‌സ്പാട് (expat) അനുഭവകഥയുമല്ല നിര്‍മ്മലയുടെ നോവല്‍. കഥയുടെ പശ്ചാത്തലം കനേഡിയന്‍ മലയാളിസമൂഹമാണെങ്കിലും രണ്ടു സംസ്‌കാരങ്ങള്‍ക്കിടയില്‍ പെട്ടുപോകുന്നവരുടെ സാംസ്‌കാരിക-രാഷ്ട്രീയപ്രതിസന്ധിയെപ്പറ്റിയല്ല നിര്‍മ്മല പറയുന്നത്. അശ്വിനിയെന്ന മുഖ്യസ്ത്രീകഥാപാത്രം അവളുടെ സുഹൃദ് വലയത്തിലുള്ള മറ്റുള്ളവരെപ്പോലെതന്നെ പിറന്നനാട്ടിലും കുടിയേറിയ നാട്ടിലും ഒരു പോലെ വേരിറക്കിയവളാണ് - സ്വന്തം ശരീരത്തെ കാനഡയിലെ ഒന്നാംലോക-മുതലാളിത്ത-വെള്ളക്കാരുടെ അച്ചടക്കമാതൃകളനുസരിച്ചു പുതുക്കിപണിഞ്ഞവളാണ്, കാര്യമായ എതിര്‍പ്പൊന്നും കൂടാതെ. അര്‍ബുദമെന്ന രോഗം അവളെ പ്രതിസന്ധിയിലാക്കും വരെ നവഉദാരവാദമുതലാളിത്തത്തിന്റെ ഒഴുക്കിനൊത്ത് ഒഴുകിയിരുന്ന വിഷയി മാത്രമായിരുന്നു അശ്വിനി. അവളെ 'ഒരുവളാ'ക്കിത്തീര്‍ത്തത് രോഗമാണ് - അല്ല, നവലിബറല്‍കാലത്തെ സമൂഹത്തിന്റെെ ചില്ലുകളിലൂടെ രൂപമെടുത്ത രോഗാനുഭവമാണ്.
എന്നാല്‍ രോഗാനുഭവത്തെപ്പറ്റിയുള്ള നോവലെന്നു മാത്രം, ലളിതമായ അര്‍ത്ഥത്തില്‍, നിര്‍മ്മലയുടെ ഈ കൃതിയെ വിശേഷിപ്പിക്കാനും വയ്യ. രോഗാനുഭവത്തിലൂടെ കടന്നുപോകവേ അശ്വിനി ആദ്യം സമൂഹത്തെയും പിന്നെ പിതൃമേധാവിത്വത്തെയും നേരിടുന്നു. അര്‍ബുദമെന്ന രോഗം ഒരു മഹാരൂപകമാണെന്നും ആ രൂപകത്തിന് മനുഷ്യബന്ധങ്ങളെ മാറ്റിമറിക്കാനും അട്ടിമറിക്കാനും ശക്തിയുണ്ടെന്ന് അവള്‍ അനുഭവിച്ചറിയുന്നു. നവഉദാരവാദകാലത്ത് - അതായത്, മുന്നോട്ടുള്ള കുതിപ്പിനെയും സ്വയംസഹായശേഷിയെയും ഗുണാത്മകചിന്തയെയും ജീവിതവിജയത്തിന് അനിവാര്യമായി നാം എണ്ണുന്ന ഈ കാലത്ത്, ആ കുതിപ്പിനു തടസ്സമായവരെ ഒഴിവാക്കുന്നതും അതിനുതകുന്നവരെ മാത്രം സ്‌നേഹിക്കുന്നതുമായ ഉപകരണയുക്തി കേവലം സാമാന്യബോധമായി, തികച്ചും സ്വീകാര്യമായി, തീര്‍ന്നുകൊണ്ടിരിക്കുന്ന കാലത്ത് - അര്‍ബുദം അവളുടെ മുന്നില്‍ ആ കാലത്തിന്റെ യുക്തികളെയും ശരികളെയും മുഴുവനായി തൊലിയുരിച്ചു നിര്‍ത്തുന്നു.
ആരോഗ്യം അധികവും വ്യക്തിയുടെ പ്രശ്‌നവും ഉത്തരവാദിത്വമാണെന്നും അര്‍ബുദത്തിന്മേലുള്ള വിജയത്തിന് ഗുണാത്മകമായ മനോഭാവം ഉണ്ടാക്കിയെടുക്കണമെന്നും മറ്റുമുള്ള നവലിബറല്‍ ആരോഗ്യ-ഉപദേശങ്ങളെ അശ്വിനി ഉള്ളാലേ ചെറുക്കുന്നു. ആ വ്യവഹാരത്തിനുള്ളില്‍ ചുറ്റിക്കറങ്ങി അവളോടുള്ള തങ്ങളുടെ ധാര്‍മ്മികും സ്‌നേഹപരവുമായ ഉത്തരവാദിത്വത്തെ കാണാതിരിക്കുന്ന ഉറ്റവരോട് കലഹിക്കുന്നു. ഭര്‍ത്താവിലൂടെയും മകളിലൂടെയും കൂട്ടുകാരികളിലൂടെയും നവലിബറല്‍ കാലത്തിന്റെ നഗ്‌നനത അശ്വിനിക്കു മുന്നില്‍ വെളിവാകുന്നു. മുതലാളിത്ത തൊഴിലിടവിജയങ്ങളുടെയും ഉപഭോക്തൃസുഖത്തിലൂന്നിയ സാമൂഹ്യബന്ധങ്ങളുടെയും ചെളിക്കാലുകള്‍ക്കു മേല്‍ ഉറപ്പിക്കപ്പെട്ട സ്ത്രീശാക്തീകരണം എത്ര പൊള്ളയാണെന്ന് അവള്‍ക്ക് തിരിച്ചറിയേണ്ടി വരുന്നു. അതിന്റെ ശൂന്യതയെ പലവിധത്തില്‍ നിറയ്ക്കാന്‍ അവള്‍ പണിപ്പെടുന്നു. താന്‍ ഭാഗമായിരുന്ന മുതലാളിത്ത സ്ഥാപനം താനില്ലാതെയും ഭംഗിയായിത്തന്നെ മുന്നോട്ടുപോകുമെന്ന യാഥാര്‍ത്ഥ്യവും അശ്വിനിക്കു മുന്നില്‍ തെളിയുന്നു - അവളുടെ അന്യവത്ക്കരണം അതോടെ പൂര്‍ണമാകുന്നു.
പക്ഷേ ഋണാത്മകപാഠങ്ങള്‍ മാത്രമല്ല അര്‍ബുദം അവളെ പഠിപ്പിക്കുന്നത്. അര്‍ബുദത്തിന്റെ അനുഭവത്തില്‍ സാന്ത്വനമേകുന്ന മനുഷ്യര്‍ സഹതാപദാതാക്കളല്ല, മറിച്ച് സഹനത്തിന്റെ ഭാരത്തെ ഒപ്പം നിന്നുകൊണ്ട് സ്വന്തം ചുമലുകളില്‍ ഏല്‍ക്കുന്നവരാണെന്നും അവള്‍ കാണുന്നു - അര്‍ബുദത്താല്‍ വെളിവായ സ്വന്തം ക്ഷതസാദ്ധ്യതയുടെ മുന്നില്‍ പകച്ചു നിന്ന അശ്വിനിയുടെ മുന്‍പില്‍ താന്‍ കടന്നുപോയ ജീവിതപ്രതിസന്ധികള്‍ വെളിവാക്കിക്കൊണ്ട് സ്വയം ക്ഷതസാദ്ധ്യതയുള്ളവളായി വെളിവായ വിദ്യയും, പ്രാര്‍ത്ഥനയിലൂടെ സദാ ഒപ്പം നില്‍ക്കുന്ന അമ്മയുമാണ് ഈ കാഴ്ചകള്‍ സമ്മാനിക്കുന്നത്. അവര്‍ ഇരുവരും അര്‍ബുദത്തെ സംബന്ധിച്ചുള്ള മുഖ്യധാരാ വ്യവഹാരത്തിനു പുറത്താണുതാനും.
രോഗാനുഭവത്തെ സമൂഹാനുഭവത്തില്‍ നിന്നും പിതൃമേധാവിത്വാനുഭവത്തില്‍ നിന്നും വേര്‍തിരിക്കാനാവില്ല എന്ന് തിരിച്ചറിയുന്ന നിമിഷത്തിലാണ് മഞ്ഞിനു പുറത്തേയ്ക്ക്, കാറ്റിനെ ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ട്, അശ്വിനി പുതിയൊരു യാത്രയ്ക്ക് തയ്യാറാവുന്നത്. സ്വന്തം അസ്തിത്വത്തെ പുനര്‍നിര്‍മ്മിക്കാനുള്ള വാശിയോടെ അവള്‍ പുറപ്പെടുന്നു.
അശ്വിനിയുടെ പ്രതിരോധം ശരീരത്തെ വീണ്ടെടുത്തുകൊണ്ടുതന്നെയാണ് തുടങ്ങുന്നത്. അര്‍ബുദചികിത്സയില്‍ ശരീരം അപരിചിതമായ കാഴ്ചയാകവേ അശ്വിനി തന്റെ മുലകളെ കല്ല്യാണി, കളവാണി എന്നുതന്നെ വിളിച്ചോമനിക്കുന്നു. മുതലാളിത്ത തൊഴില്‍വിപണിയില്‍ ചെലവാകുന്ന കഴിവുകളുടെ കൂട്ടമായ, നിരന്തരവും വിവിധവുമായ ഉപഭോഗത്തിലൂടെ സദാ പുതുക്കപ്പെടുന്നതായ ഒന്നായി വ്യക്തിസ്വത്വത്തെ തരംതാഴ്ത്തുന്ന നവലിബറല്‍ സാമൂഹികതയ്‌ക്കെതിരെ ഉള്ളിന്റെ ഉള്ളില്‍ ഉറച്ച ഒരു കാതല്‍ ഉണ്ടെന്ന് അവള്‍ പറയുന്നു - ഇലച്ചാര്‍ത്തും ഫലങ്ങളും പൂക്കളും മറ്റും മാറിമാറി വന്നാലും മാറ്റമില്ലാതെ നില്‍ക്കുന്ന തായ്ത്തടി പോലെ - ''... പക്ഷേ ഒരാളുടെ ഉള്ളിന്റെ ഉള്ള് എന്നുമെന്നും ഒന്നായിരിക്കും. ഓരോ സീസണിലും തളിര്‍ത്തുല്ലസിച്ച്, പൂത്തുന്മാദിച്ചു, ഇല മൂടി കൊഴിഞ്ഞടങ്ങിയ മരത്തെപ്പോലെ പുറംകാഴ്ചകള്‍ മാറിമാറിവന്നാലും ഉള്ളിന്റെ ഉള്ളിലെ അശ്വിനിയും മോഹനും കെട്ടുകാഴ്ചകള്‍ ഇല്ലാതാവുംപോള്‍ മാറുന്നില്ല.'' ആ കാതല്‍ഭാഗത്തെ ഏതുവില കൊടുത്തും സൂക്ഷിക്കണമെന്നും അവള്‍ ഉറയ്ക്കുന്നു - ''മഞ്ഞ് പഴയതിനെയെല്ലാം മരവിപ്പിച്ച്, മൂടിക്കളഞ്ഞിരിക്കുന്നു. ഇളം പച്ചയൊക്കെ വെള്ളവും ചണ്ടിയുമായി മാറും. കാതലുള്ളതു മാത്രം രക്ഷപ്പെടും. തണുപ്പിനെയും മരവിപ്പിനെയും അതിജീവിക്കാനുള്ള കാതല്‍ ഉണ്ടാവണം. ഇല്ലെങ്കില്‍ കൊടുംതണുപ്പുകാലത്തും ഇളംചൂടു സൂക്ഷിക്കുന്ന മണ്ണിന്റെ ആഴത്തിലായിരിക്കണം വേരുകള്‍.'' ഓര്‍മ്മകള്‍ അനാവശ്യഭാരം മാത്രമായ നവലിബറല്‍ സ്വത്വത്തെ പുണരാന്‍ അശ്വിനിക്കു സമ്മതമല്ലാതാകുന്നു -''.... ഞാനെന്നു പറഞ്ഞാല്‍ ഇതൊക്കെ കൂടിയതാണ്. അതില്‍ മറ്റേയാള്‍ക്ക് അണ്‍കംഫട്ടബിള്‍ ആയ ഭാഗം മറക്കാന്‍ പറഞ്ഞാല്‍ നടപ്പില്ല.'' ഉപഭോഗലോകത്തിലെ മാറിമാറിവരുന്ന ആഘോഷങ്ങള്‍ക്ക് വളര്‍ത്താനോ തളര്‍ത്താനോ കഴിയാത്ത, അവയ്ക്ക് അതീതമായ തായ്ത്തടി പോലൊരു സ്വത്വം തനിക്കുണ്ടെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് അശ്വിനി ലോകത്തേയ്ക്ക് വീണ്ടും ഇറങ്ങിച്ചെല്ലുന്നത്. ഒടുവില്‍ തന്നെ ചൂഴ്ന്നുനിന്നുകൊണ്ടുതന്നെ നിരാംലബയാക്കിയ കെട്ടുപാടുകളാണ് കരിച്ചുകളയേണ്ട അര്‍ബുദമെന്ന് അവള്‍ തീരുമാനിക്കുന്നു - ''... ജീവനു വേണ്ടി മുല പണയപ്പെടുത്താമെങ്കില്‍, ജീവിതം കാര്‍ന്നു തിന്നുന്ന എല്ലാ ക്യാന്‍സറുകളെയും മുറിച്ചും, കരിച്ചും, വിഷം കുടിച്ചും ഇല്ലാതാക്കുന്നതും തെറ്റല്ല. ചില നല്ല കോശങ്ങളും ആ കൂട്ടത്തില്‍ നഷ്ടമായേക്കാം. പക്ഷേ ജീവിതമല്ലേ വലുത്? അവനവന്റേതായ ജീവിതം.''
തന്റെ ഒറ്റപ്പെടലിനു കാരണമായ അര്‍ബുദമെന്ന രോഗത്തെ ചികിത്സയിലൂടെ മറികടക്കുന്നതിനു പുറമേ അര്‍ബുദമെന്ന രൂപകത്തെ അശ്വിനി തനിക്കനുകൂലമായി വ്യാഖ്യാനിക്കുന്നു. ഒരുമ്പെടലിനുള്ള ചവിട്ടുപടിയായി ആ രൂപകം മാറുന്നു. ആ പോക്ക് എവിടേക്കെന്ന് നിര്‍മ്മല പറയുന്നില്ല. ഒരുപക്ഷേ നവലിബറല്‍കാലത്തിന്റെ വെല്ലുവിളികളെ വീണ്ടുമേറ്റെടുക്കാനാവാം. എന്നാല്‍ പുതിയ, രാഷ്ട്രീയസ്വഭാവമുള്ള, തിരിച്ചറിവുകളോടു കൂടിത്തന്നെയാണ് ഈ യാത്ര.
അശ്വിനിയുടെ മനോഗതത്തിന്റെ ഭാഷ മിക്കവാറും കളിചിരിയുടേതാണ് - ഇംഗ്‌ളിഷിനും മലയാളവാമൊഴിക്കും ഇടയില്‍ ഘര്‍ഷണമറിയാതെ തെന്നിക്കളിക്കുന്ന ഭാഷ. സ്വയംലാളന ശീലമാക്കിക്കൊണ്ടാണ് അവള്‍ 'ഒരുവളാ'യി ഉയരുന്നത്, അതുകൊണ്ട് ഒരു പക്ഷേ അതാണ് അശ്വിനിയുടെ രക്ഷാകവചമായി മാറുന്നത്. സ്വയം സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യത്തെ എത്ര ഊന്നിയാലും നിര്‍മ്മലയ്ക്ക് പോരെന്നു തോന്നുന്നു അശ്വിനിയുടേതു പോലുള്ള ലോകം അംഗീകരിക്കുന്ന സൗന്ദര്യസങ്കല്പങ്ങളും ആരോഗ്യമാതൃകകളും അവളുടെ ശരീരത്തെ പുറത്താക്കി കതകടയ്ക്കുന്ന വേളയില്‍, പ്രത്യേകിച്ചും. ഒരുപക്ഷേ അശ്വിനിയെ ഏറ്റവും വേദനിപ്പിക്കുന്ന വെളിപാടിന്റെ വേളയില്‍ ഇതു വ്യക്തമായി കാണാം.
കീര്‍ത്തന കുട്ടിയില്‍ നിന്ന് യുവതിയായി വളര്‍ന്നതോടുകൂടി സ്പര്‍ശത്തിന്റെയും വികാരത്തിന്റെയും ഇടംപങ്കിടലിന്റെയും ഇവയില്‍ നിന്നെല്ലാം ലഭിക്കുന്ന ആനന്ദത്തിന്റെയും വൈകാരിക സുരക്ഷാബോധത്തിന്റെയും ലോകം അശ്വിനിക്ക് നഷ്ടമാകുന്നു. നവലിബറല്‍ ഉപകരണാത്മകതയില്‍ നിന്നും മുതലാളിത്ത മത്സരസംസ്‌കാരത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും വിവാഹബന്ധത്തിന്റെ യാന്ത്രികതയില്‍ നിന്നും അശ്വിനിയെ കാത്തുരക്ഷിച്ചിരുന്നത് ആ അമ്മ-മകള്‍ ബന്ധമായിരുന്നു. അതിന്റെ നഷ്ടത്തില്‍ നിന്ന് അശ്വിനി കരകയറുന്നത് തന്റെ കളിചിരിഭാഷയിലൂടെയാണ്. അശ്വിനിയുടെ ദേഹത്തും മനസ്സിലും വികാരങ്ങളുടെ ഉള്‍ക്കാമ്പിലും ഒരു തൂവലെന്നോണം ഭാഷ തലോടുന്നു, മുറിവുണക്കുന്നു.
ഒരുപക്ഷേ നിര്‍മ്മലയുടെ നോവലില്‍ ഉടനീളം രോഗസംഹാരിയായി പ്രവര്‍ത്തിക്കുന്നത് ഈ ഭാരമില്ലാത്ത ആത്മഭാഷയാണ്. സ്വയം സംസാരിക്കാനറിയുന്നവള്‍ക്ക് സ്വന്തം മുറിവുണക്കാനുമാകും എന്നാവാം നിര്‍മ്മല നമ്മോടു പറയുന്നത്. അതാണ് ഈ നോവലിന്റെ ഫെമിനിസ്റ്റ് കാതല്‍ - ഇലയിലോ പൂവിലോ കണ്ടെന്നുവരില്ല, പക്ഷേ അതു തന്നെയാണ് ഈ ആഖ്യാനത്തിന്റെ തായ്ത്തടി.