ഫലസ്തീന്‍ അനുകൂല നിലപാട്: ഐറിഷ് എഴുത്തുകാരിയുടെ പുസ്തകങ്ങള്‍ക്ക് ഇസ്രായേലില്‍ വിലക്ക്
ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് സാലി റൂനി പുസ്തകങ്ങളുടെ വിവര്‍ത്തനത്തിന് അനുമതി നിഷേധിച്ചത്.
ഫലസ്തീന്‍ അനുകൂല നിലപാട് എടുത്ത ഐറിഷ് എഴുത്തുകാരിയുടെ പുസ്തകങ്ങള്‍ക്ക് ഇസ്രായേലില്‍ വിലക്ക്. ഐറിഷ് എഴുത്തുകാരി സാലി റൂനിയുടെ പുസ്തകങ്ങള്‍ ഇനി ഇസ്രായേലില്‍ വില്‍ക്കില്ലെന്ന് പ്രമുഖരായ രണ്ട് ഇസ്രായേലി പുസ്തകശാലകളാണ് തീരുമാനം എടുത്തത്. സാലി റൂനിയുടെ പുസ്തകങ്ങള്‍ ഹീബ്രു ഭാഷയിലേക്ക് മൊഴി മാറ്റം ചെയ്യാനുള്ള ഇസ്രായേലി പ്രധസാധകരുടെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്്തു. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് സാലി റൂനി പുസ്തകങ്ങളുടെ വിവര്‍ത്തനത്തിന് അനുമതി നിഷേധിച്ചത്.
പ്രമുഖ ഇസ്രായേലി പുസ്തകശാലകളായ സ്റ്റിമാത്‌സ്‌കി, സോമെത് സെഫാറിം എന്നീ സ്ഥാപനങ്ങളാണ് റൂനിയുടെ പുസ്തകങ്ങള്‍ വില്‍ക്കില്ലെന്ന തീരുമാനം എടുത്തത്. ഇസ്രായേലിലുടനീളം 200 പുസ്തകശാലകളുള്ള വമ്പന്‍ സ്ഥാപനങ്ങളാണ് ഇവ. തങ്ങളുടെ കടകളിലും ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലും നിന്ന് റൂനിയുടെ പുസ്തകങ്ങള്‍ നീക്കം ചെയ്തതായി ഈ രണ്ട് സ്ഥാപനങ്ങളും വാര്‍ത്താ കുറിപ്പിലാണ് അറിയിച്ചത്.
ഇസ്രായേലി പ്രസാധകരായ മോദന്‍ ആണ് റൂനിയുടെ പുസ്തകങ്ങളായ ബ്യൂട്ടിഫുള്‍ വേള്‍ഡ്, വേര്‍ ആര്‍ യൂ എന്നിവ വിവര്‍ത്തനം ചെയ്യാന്‍ അനുമതി തേടിയത്. ഇസ്രായേലിന്റെ ഫലസ്തീന്‍ വിരുദ്ധ നിലപാട് ചൂണ്ടിക്കാട്ടിയാണ് റൂനി വിവര്‍ത്തനത്തിന് അനുമതി നിഷേധിച്ചത്. വിവര്‍ത്തന താല്‍പ്പര്യം പ്രകടിപ്പിച്ചതില്‍ നന്ദി പ്രകാശിപ്പിച്ച റൂനി പുതിയ സാഹചര്യത്തില്‍ ഇവ രണ്ടും വിവര്‍ത്തനം ചെയ്യേണ്ടതില്ല എന്നാണ് മറുപടി നല്‍കിയത്. ഇതാണ് ഇസ്രായേലി പുസ്തകശാലകളെ പ്രകോപിപ്പിച്ചത്.
ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന ഇസ്രായേലി പ്രസാധകരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അവര്‍ അറിയിച്ചു. അതോടൊപ്പം, ഫലസ്തീന്‍ ജനതയുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് അവര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്രായേലിന്റെ ഫലസ്തീന്‍ നിലപാട് വര്‍ണ്ണവെറിയാണെന്നും അവര്‍ പറഞ്ഞു. ഇതാണ് ഇസ്രായേലി സ്ഥാപനങ്ങളെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.
ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്ന വര്‍ണവെറിയുമായി ഇസ്രായേലി നിലപാടിനെ താരതമ്യപ്പെടുത്തുന്നത് തെറ്റാണെന്നാണ് ഇസ്രായേലി പുസ്തകശാലകളുടെ പക്ഷം. റൂനിയുടെ നിലപാടിനെ നേരത്തെ ഇസ്രായേലി പ്രവാസകാര്യ മന്ത്രി നച്മാന്‍ ഷായി വിമര്‍ശിച്ചിരുന്നു. ആന്റി സെമിറ്റിക് നിലപാടാണ് റൂനിയുടേത് എന്നായിരുന്നു വിമര്‍ശനം.
അയര്‍ലന്‍ഡിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരില്‍ ഒരാളാണ് റൂനി. സണ്‍ഡേ ടൈംസ് യംഗ് റൈറ്റര്‍ പുരസ്‌കാരവും കോസ്റ്റ പുസ്തക പുരസ്‌കാരവും നേടിയ റൂനിയുടെ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറുകള്‍ കൂടിയാണ്.