രാത്രികളിലും പുറത്ത് തന്നെ, കള്ളന്മാരെ പേടിയില്ലാത്ത ഒരു പുസ്തക മാർക്കറ്റ്
നിലവിൽ വന്നത് മുതൽ തന്നെ ഇവിടുത്തെ സാഹിത്യകാരന്മാരുടെയും ബുദ്ധിജീവികളുടെയും പ്രധാന കേന്ദ്രമായിരുന്നു ഈ പുസ്തക തെരുവ്.
'പുസ്തകം വായിക്കുന്ന ഒരാൾ മോഷ്ടിക്കില്ല, ഒരു മോഷ്ടാവ് വായിക്കുകയുമില്ല' എന്ന് പറയാറുണ്ട്. ഈ പുസ്തക മാർക്കറ്റ് അതിനെ അക്ഷരം പ്രതി ശരി വയ്ക്കുന്ന ഒന്നാണ്. ഈ പുസ്തക മാർക്കറ്റ് ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. ഓരോ രാത്രിയും ഈ പുസ്തകങ്ങൾ എവിടെയും അടച്ചുപൂട്ടി വയ്ക്കാതെ അതുപോലെ തന്നെ മാർക്കറ്റിൽ തുടരുന്നു, ആരും മോഷ്ടിച്ച് കൊണ്ടുപോകും എന്ന് ഭയമില്ലാതെ തന്നെ.
Bayt Al Fann എന്ന അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ട്വിറ്റർ ത്രെഡ്ഡ് അൽ മുതനബ്ബിയിലെ പുസ്തക മാർക്കറ്റിനെ കുറിച്ചാണ്. പത്താം നൂറ്റാണ്ടിലെ പ്രശസ്തനായ കവി അബുൽ തയ്ബ് അൽ മുതനബ്ബിയുടെ പേരിലുള്ള ഈ തെരുവ് ബാഗ്ദാദിലാണ്. ആധുനിക ഇറാഖിൽ അബ്ബാസി രാജവംശത്തിന്റെ കീഴിലാണ് മുതനബി ജനിച്ചത്.
എട്ടാം നൂറ്റാണ്ട് മുതൽ തന്നെ എല്ലാ മതങ്ങളിലെയും എഴുത്തുകാരുടെ അഭയകേന്ദ്രമാണ് ഈ തെരുവ്. ഈ അൽ-മുതനബ്ബി സ്ട്രീറ്റ് ഇറാഖി തലസ്ഥാനത്തെ ആദ്യകാലത്തെ പുസ്തക വ്യാപാരികളുടെ മാർക്കറ്റായിരുന്നു. നിലവിൽ വന്നത് മുതൽ തന്നെ ഇവിടുത്തെ സാഹിത്യകാരന്മാരുടെയും ബുദ്ധിജീവികളുടെയും പ്രധാന കേന്ദ്രമായിരുന്നു ഈ പുസ്തക തെരുവ്.
“ഇറാഖി സമൂഹത്തിന്റെ സംസ്കാരത്തെയും ബൗദ്ധികതയെയും ലോകത്തെ അറിയിച്ചതിന് നന്ദി. ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന സമയത്ത് ആവശ്യമായ പുസ്തകങ്ങൾ വാങ്ങാൻ അമ്മ ഞാനുമായി അവിടെ പോകുമായിരുന്നത് ഇപ്പോഴും ഓർക്കുന്നു. കഴിഞ്ഞ 45 വർഷമായി യുകെയിലാണ് താമസിക്കുന്നത് എങ്കിലും, ഈ തെരുവിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്!“ എന്നാണ് ഒരാൾ ഇതേ കുറിച്ച് കുറിച്ചത്. അതുപോലെ അനേകരാണ് ഈ പുസ്തക മാർക്കറ്റിനെ കുറിച്ച് ഓർത്തതും കമന്റുകളിട്ടതും.