മ്യൂട്ടേഷന്‍ സംഭവിച്ച വായനക്കാരന്റെ പുസ്തകം!
പുസ്തകപ്പുഴയില്‍ ഇന്ന് ഒരു പുസ്തകക്കുറിപ്പ്. ജുനൈദ് അബൂബക്കര്‍ എഴുതിയ 'പ(ക.)' എന്ന നോവലിന് ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ അവതാരിക
ജൂനൈദിന്റെ ഈ പുസ്തകം, പാതിപ്പാടം എന്ന സ്ഥലത്തെ കുറച്ചു ചെറുപ്പക്കാരുടെ കഥയാണ്. ആറു പേരുടെ ഗ്യാംഗാണ്. എന്നാല്‍ അത്രയ്ക്ക് അങ്ങോട്ടു വികസിച്ചതുമല്ല. കള്ളവാറ്റുകാരിയായ ഒരു സ്ത്രീയെ ശാരീരികമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന തെറ്റിദ്ധാരണയില്‍ ക്ഷുരകജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനെ കായികമായി കൈകാര്യം ചെയ്തതിന്റെ വിജയത്തിലാണ് ഗ്യാംഗ് രൂപപ്പെടുന്നത്. എതിര്‍പാര്‍ട്ടിയുടെ കൊടിയിറക്കി തീണ്ടാരി തുണി കെട്ടിയും മറ്റും ഗ്യാംഗ് തഴയ്ക്കുന്നു. നേരത്തെ കായികമായി കീഴടക്കിയവന്റെ ബന്ധു, അപ്പന്തൂറി എന്ന 'പാവം ഗുണ്ട'യെ മാനസികമായി കൂടി സംഘം കീഴ്പ്പെടുത്തുകയാണ്. ഈ അപ്പന്തൂറിയെ ചായവാങ്ങിക്കാന്‍ നിയോഗിക്കുന്നിടത്താണ് ഒന്നാം ഭാഗം അവസാനിക്കുന്നത്.
കൊല്ലം നഗരത്തില്‍ പണ്ട് പതിനെട്ടര കമ്പനിയെന്നൊരു സെറ്റപ്പുണ്ടായിരുന്നു. ഓര്‍ഗനൈസ്ഡ് ക്രൈം ഒന്നുമല്ല. ഒരു ട്രേഡ് യൂണിയനായി തുടങ്ങിയതാണ്. പിന്നെ അവര്‍ അത്യാവശ്യം തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ തുടങ്ങി. ആള്‍ബലവും മസില്‍ പവറുമായിരുന്നു മൂലധനം. ദുര്‍ബലന്മാരും ഭയം കൂടുതലുള്ളവരും പിന്നീട് അവരെവച്ച് കഥയുണ്ടാക്കി. തല്ലും പ്രശ്നമൊക്കെയുണ്ട്. ചിലര്‍ ചില്ലറ ക്രൈംസിലേയ്ക്കും വീണുപോയിട്ടുമുണ്ട്. അതിനപ്പുറമുണ്ടായിരുന്നില്ല. പക്ഷേ കുട്ടിക്കാലത്ത് ഞാന്‍ കേട്ട കഥകള്‍ ചില്ലറയായിരുന്നില്ല. എല്ലാ കഥകളും, തിണര്‍പ്പിച്ച് ഇവരില്‍ വച്ചുകെട്ടും. കൊല്ലത്തെന്തു ക്രൈം നടന്നാലും പതിനെട്ടരകമ്പനിയുടെ പിടലിക്കു ചാര്‍ത്തുമായിരുന്നു.
ജുനൈദ് അബൂബക്കറുടെ നോവല്‍ 'പ.ക' വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ പതിനെട്ടരക്കമ്പനിയായിരുന്നു. അതിന്റെ ഛായ എന്ന നിലയ്ക്കല്ല. മധ്യതിരുവിതാംകൂറുകാരനാണ് ജുനൈദ്. പതിനെട്ടര കമ്പനിയുടെ കഥ കേട്ടുപോലുമുള്ള ആളാവില്ല. പക്ഷേ എല്ലാ നാട്ടിന്‍പുറങ്ങളിലും ഇങ്ങനെ ഒരു സംഘം എക്കാലവും ഉണ്ടാകാറുണ്ട്. അതിന്റെ തുടക്കം, വളര്‍ച്ച, ഒടുക്കം ഒക്കെയും വിചിത്രമാണ്. ആ വൈചിത്ര്യത്തിന്റെ വന്യതയെ കലാപരമായി ഒരു പുസ്തകത്തില്‍ സന്നിവേശിപ്പിക്കുക, ആവിഷ്‌കരിക്കുക എളുപ്പമല്ല. ആകയാല്‍ ധീരമായ ശ്രമമാണ് ഈ പുസ്തകം.
ഭയത്തിന്റെയും ജയപരാജയങ്ങളുടെയും എലിമെന്റാണ് അന്തര്‍ധാര. ചെറുപ്പത്തിന്റെ ഊറ്റത്തില്‍ ചെറിയ താന്തോന്നിത്തരങ്ങളിലാണ് ഇത്തരം സംഘങ്ങളുടെ തുടക്കം. അത് ശത്രുക്കളെയുണ്ടാക്കുന്നു. പകയുണ്ടാക്കുന്നു. പട്ടിക്കമ്പനിയുടെ ചുരുക്കരൂപമാണ് നോവലിന്റെ പേര്. പ.ക. പകയെന്നും വായിക്കാം. പക നിന്നുകത്തുന്ന സാധനമാണ്. പൊള്ളും. മാരകമായ ഭയമാണ് അതിന്റെ പുക. ആ ഭയത്തെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് ക്രൈം ഉണ്ടാകുന്നത്. ഈ മനഃശാസ്ത്രം ഈ പുസ്തകം കൃത്യമാക്കി വ്യക്തമാക്കുന്നു.
..................................
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ(ക.) നോവല്‍ ഓണ്‍ലൈനായി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം
നടന്‍ ജയന്റെയും, അദ്ദേഹത്തിന്റെ മരണശേഷം മോഹന്‍ലാലിന്റെയും ആരാധകനായി മാറിയ ഓമനക്കുട്ടനാണ് ഈ കഥയില്‍, പട്ടിക്കമ്പനിയിലെ ചെറുപ്പക്കാരിലേയ്ക്ക് ഇട്ടുകൂട്ടിയ കഥകളുണ്ടാക്കി, ഇരിക്കപ്പൊറുതിയില്ലായ്മ കൊടുക്കുന്നത്. ഇട്ടെറിഞ്ഞു പോകാന്‍ വയ്യാത്ത കണ്ടിഷനിലേയ്ക്ക് ഇവരെ തള്ളി വിടുന്ന സംഭവങ്ങളുണ്ടാക്കുകയും അത് മുതല്‍മുടക്കില്ലാതെ ആസ്വദിക്കുകയുമാണ് ഓമനക്കുട്ടന്‍മാര്‍ ചെയ്യുന്നത്. സത്യത്തില്‍ ഇത് കഥയ്ക്കുവേണ്ടിയുള്ള ഒരു വേവലാതിയാണ്. നാട്ടിന്‍പുറങ്ങള്‍ എന്നും ഇത്തരം കഥ കാത്തിരിക്കുന്നു. എല്ലാ പുലര്‍ച്ചെയും ഇത്തരത്തിലുള്ളതാണ്. മുഷിച്ചിലിനുള്ള മറുമരുന്നാണ് കഥകള്‍. സംഭവങ്ങളെ ഓമനക്കുട്ടന്‍മാര്‍ സങ്കീര്‍ണമാക്കി കഥകളുടെ തുടര്‍ച്ചയുണ്ടാക്കും. അങ്ങനെയാണ് ലോകത്തെമ്പാടും കഥകളുണ്ടാകുന്നത്.
സാമൂഹികമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെയാണ് മലയാളസാഹിത്യത്തിന് 'വേഗം വേണം, വേഗത്തില്‍ വേണം' എന്ന തിരിച്ചറിവുണ്ടാകുന്നത്. അതൊരു പുതിയകാല നോവല്‍ ആവേശമാണ്. വായനക്കാരന് മ്യൂട്ടേഷന്‍ സംഭവിക്കുന്നുവെന്ന എഴുത്തുകാരന്റെ തിരിച്ചറിയലാണത്. ഈ തിരിച്ചറിയലിന് പണ്ട് സാധ്യതയില്ലായിരുന്നു. കാരണം കമ്യൂണിക്കേഷന്‍ ഇല്ല. നിരൂപകന്‍ ഇടയില്‍ നിന്ന്, അയാളുടെ സംവേദനവും അജന്‍ഡയും നടപ്പാക്കുന്നു. വായനക്കാരന്‍ ആര്, എന്ത് എന്നതൊരു ശൂന്യതയായിരുന്നു. സാമൂഹികമാധ്യമങ്ങളിലെ വായനക്കാരന്‍ അത് മാറ്റിമറിച്ചു. ഇതല്ല എന്റെ ഇനം, എന്റെ ഇമ്പം എന്നവര്‍ പറഞ്ഞു. അതാണ് ശരിയെന്നല്ല. പക്ഷേ ഞാന്‍ ഒരു കസ്റ്റമര്‍ എന്ന നിലയില്‍ പരിഗണന അര്‍ഹിക്കുന്നു എന്നവര്‍ വിളിച്ചുപറയുന്നു. അത്തരം എഴുത്തുകളിലേയ്ക്ക് എഴുത്തുകാരനെ കൊണ്ടു പോകുന്നു. പ. ക എന്ന ഈ നോവല്‍ അത്തരം പുതിയ തിരിച്ചറിവുകള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു നോവലിസ്റ്റിന്റെ സംഭാവനയാണ്.
ഈ മാറിനീങ്ങല്‍ പക്ഷേ എളുപ്പമല്ല. മേല്‍പ്പറഞ്ഞ വേഗത്തിലുള്ള ഉദ്വേഗപരമായ ലിറ്ററേച്ചറിന്റെ നിര്‍മാണം സുഗമമായി നടത്തിയെടുക്കാന്‍ ആവുന്നതല്ല. നല്ല യത്നമുണ്ട്. ഇത് ജനപ്രിയനോവലെഴുത്തല്ല. അത്തരം വായനക്കാരെയല്ല, ഇവ അഭിമുഖീകരിക്കുന്നത്. ഗൗരവവായനക്കാരാണ് ഇവരും. അവര്‍ അവരുടെ സമയത്തെ വെറുതേ കൊല്ലാനാഗ്രഹിക്കുന്നില്ല എന്നതാണ് വ്യത്യാസം. എഴുത്തുകാരനെക്കാള്‍ വേഗത്തിലാണ് അവരുടെ മനസ്സ്. ചവച്ചരച്ച വാക്കുകള്‍ എട്ടു പേജില്‍ നിരത്തിവയ്ക്കുന്നത് വായിക്കാന്‍ എനിക്കു സൗകര്യമില്ലെന്ന് ഇവര്‍ പറയും. ഒരു പ്രോഡക്ട് എന്ന നിലയില്‍ ഞാന്‍ വാങ്ങിവായിക്കുന്ന ഉല്‍പന്നമാണിതെന്ന തോന്നല്‍ അവര്‍ക്കുണ്ടായി വന്നിരിക്കുന്നു. അത് മാനിക്കേണ്ട മര്യാദ ഉണ്ടെന്ന് കരുതുന്ന എഴുത്തുകാര്‍ വന്നു. വരുന്നു.
അവകാശബോധമുള്ള വായനക്കാര്‍ ജനാധിപത്യലോകത്ത് അംഗീകരിക്കപ്പെടേണ്ടതാണ്. അവര്‍ക്കുവേണ്ട എഴുത്തിനെ, ഒരു ഭാഷയും അതിലെ സാഹിത്യവും നിര്‍മിക്കേണ്ടതുണ്ട്. അതും ക്രിയാത്മകതയാണ്. ഇവരില്‍ ചടുലവായന ഇഷ്ടപ്പെടുന്ന വായനക്കാരെയാണ് ജുനൈദ് അബൂബക്കറിന്റെ പ. ക. എന്ന നോവല്‍ പ്രതിനിധീകരിക്കുന്നത്.
കൃത്യമായ സബ്ജക്ട് സെലക്ട് ചെയ്യുക, അതിലെ സംഭവങ്ങളെ രൂപപ്പെടുത്തുക, അവയ്ക്ക് പുതുമ ഉണ്ടാവുക, കഥാഗതിക്ക് ഉണര്‍വും ഊറ്റവും ഊര്‍ജവും ഉണ്ടായിരിക്കുക തുടങ്ങിയ അത്യാവശ്യകതകളാണ് ഇത്തരം എഴുത്തിന് വേണ്ടത്. ഇവയെ മനസ്സിലാക്കിയാണ് ഈ ശ്രേണിയിലുള്ള നോവലെഴുത്തിന് ജുനൈദ് അബൂബക്കര്‍ പുറപ്പെട്ടിരിക്കുന്നതെന്ന് ഈ നോവല്‍ വ്യക്തമാക്കുന്നു.
......................................
'പ(ക.)' എന്ന നോവലിലെ ആദ്യ അധ്യായം വായിക്കാം
ജുനൈദ് അബൂബക്കര്‍
ജൂനൈദിന്റെ ഈ പുസ്തകം, പാതിപ്പാടം എന്ന സ്ഥലത്തെ കുറച്ചു ചെറുപ്പക്കാരുടെ കഥയാണ്. ആറു പേരുടെ ഗ്യാംഗാണ്. എന്നാല്‍ അത്രയ്ക്ക് അങ്ങോട്ടു വികസിച്ചതുമല്ല. കള്ളവാറ്റുകാരിയായ ഒരു സ്ത്രീയെ ശാരീരികമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന തെറ്റിദ്ധാരണയില്‍ ക്ഷുരകജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനെ കായികമായി കൈകാര്യം ചെയ്തതിന്റെ വിജയത്തിലാണ് ഗ്യാംഗ് രൂപപ്പെടുന്നത്. എതിര്‍പാര്‍ട്ടിയുടെ കൊടിയിറക്കി തീണ്ടാരി തുണി കെട്ടിയും മറ്റും ഗ്യാംഗ് തഴയ്ക്കുന്നു. നേരത്തെ കായികമായി കീഴടക്കിയവന്റെ ബന്ധു, അപ്പന്തൂറി എന്ന 'പാവം ഗുണ്ട'യെ മാനസികമായി കൂടി സംഘം കീഴ്പ്പെടുത്തുകയാണ്. ഈ അപ്പന്തൂറിയെ ചായവാങ്ങിക്കാന്‍ നിയോഗിക്കുന്നിടത്താണ് ഒന്നാം ഭാഗം അവസാനിക്കുന്നത്.
കോളറ തടയാന്‍ സംഘം ഇടപെടുകയും തയ്യാറാവാത്ത മഹല്ല് കമ്മിറ്റിക്കെതിരെ തിരിയുകയും പള്ളിയിലെ കോളാമ്പി മോഷ്ടിക്കുകയും ചെയ്യുന്നു. സംഘം നാട്ടില്‍ നിന്ന് ഒരു സ്ത്രീയെ തട്ടിക്കൊണ്ടു പോകുന്ന തമിഴനെ തടയുന്നതാണ് ഈ നോവലിന്റെ ഏറ്റവും ഹൃദയസ്പൃക്കായ രംഗം. തമിഴനെ തല്ലിയ ശേഷമാണ്, പട്ടിക്കമ്പനിയെ ഒരംഗം തന്നെ പറയുന്നത്: 'അത് എന്റെ അമ്മയാടാ' എന്ന്.
അതിനുശേഷം നോവലും പട്ടിക്കമ്പനിയും ആ നോവിന്റെ പിടിയില്‍ വിഷാദത്തിലേയ്ക്കു നീങ്ങുകയാണ്. അത് പട്ടിക്കമ്പനിയുടെ തളര്‍ച്ചാകാലമാണ്. എഴുപതില്‍ തുടങ്ങുന്ന കഥ മെല്ല എണ്‍പതുകളിലേക്ക് കടക്കുന്നു.
ട്വിസ്റ്റും സ്റ്റാന്‍ലി എന്ന വില്ലനും പിന്നീട് പ്രത്യക്ഷപെടുന്നു. വില്ലനും പട്ടിക്കമ്പനിയുടെ സ്ഥാപകനുമായിരുന്ന കോന്തിയാശാനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും കടന്നു വരുന്നു. പട്ടിക്കമ്പനി വിട്ട് അംഗങ്ങള്‍ കുടുംബമായി ജീവിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ ഉറക്കമുണര്‍ന്നു മോങ്ങുന്ന ഒരു ജന്തുവിനെ പോലെ വിധി പട്ടിക്കമ്പനിയിലെ അംഗങ്ങളെ പിന്നെയും പിന്നെയും വേട്ടയാടുകയാണ്. സ്റ്റാന്‍ലി പട്ടിക്കമ്പനിയെ തല്ലിത്തകര്‍ക്കുന്നതോടെയും അതില്ലാതാകുന്നില്ല. സ്റ്റാന്‍ലിയുമായുള്ള ഒരു ശണ്ഠയില്‍ പട്ടിക്കമ്പനി പെട്ടുപോകുന്നതാണ് പിന്നീടുള്ള കഥ.
സാധാരണം എന്നു തോന്നിപ്പിക്കുന്ന കഥാഗതി ഇത്തരം ശ്രേണി രചനകളുടെ പ്രത്യേകതയാണ്. പക്ഷേ പല ട്വിസ്റ്റുകളിലൂടെയും ഉദ്വേഗത്തിലൂടെയും വൈചിത്ര്യം കൊണ്ടു വരുന്നതിലാണ് വ്യത്യാസം. പട്ടിക്കമ്പനി അംഗങ്ങളുടെ ജീവിതഗതിയിലൂടെയും പരാജയങ്ങളിലൂടെയുമൊക്കെ കഥാഗതിക്ക് ആഴവും വ്യാപ്തിയും വരുത്തി തലം വര്‍ധിപ്പിക്കാനുള്ള ശ്രമം ഇവിടെ എടുത്തു പറയേണ്ട വലിയ കാര്യമാണ്.
...................................
...................................
ഈ നോവലിനെ ഏറ്റവും വായനാക്ഷമമാക്കി അവതരിപ്പിക്കാന്‍ ജുനൈദ് എടുത്ത പരിശ്രമം, മറ്റൊരു എഴുത്തുകാരനെന്ന നിലയില്‍ എനിക്കു മനസ്സിലാകും. സങ്കീര്‍ണമായ വാക്യഘടനകള്‍ അദ്ദേഹം ഉപയോഗിച്ചിട്ടില്ല. അതിലൂടെ മാത്രമേ, ഈ ശ്രേണിരചനയില്‍ ഉദ്വേഗത്തിന്റെയും വേഗത്തിന്റെയും കഥാഗതികളെ നിയന്ത്രിക്കാനാവൂ. വളരെ മെച്ചപ്പെട്ട സൂചനകളാണിവ. എളുപ്പമല്ല അത്. നന്നേ പരിശ്രമിച്ച് മാത്രമേ സങ്കീര്‍ണതയെ ലഘൂകരിക്കാനാവൂ. വാക്കുകളുടെ ഒരു പുഴയില്‍ ഇറങ്ങിനിന്ന്, അതിലെ നാരും കമ്പും കൊളിയും പായലുമൊക്കെ ശ്രദ്ധാപൂര്‍വം പെറുക്കി മാറ്റി, ഒഴുക്കിനെ സുമഗമാക്കുന്ന ഈ പ്രക്രിയ, ഏറെ പരിശ്രമം വേണ്ട ഒന്നാണ്. അനാവശ്യമായി സാഹിത്യത്തെ കുത്തി ചെലുത്താനുള്ള വാസനകളെ നമ്മള്‍ നിയന്ത്രിക്കേണ്ടിവരും. ആ നിയന്ത്രണവും തിരിച്ചറിവും ജുനൈദിലുണ്ട്. ഏറ്റവും മെച്ചമായ എഡിറ്റിങ് പ്രക്രിയയിലൂടെ ഇതിലെ അക്ഷരങ്ങള്‍ കടന്നുപോയിട്ടുണ്ട്. ഓരോ ഭാഗവും അവസാനിക്കുമ്പോള്‍, അടുത്ത ഭാഗങ്ങളിലേയ്ക്കു നല്‍കുന്ന സൂക്ഷ്മമായ സൂചനകള്‍ ഉദാ ഹരണമാണ്.
ഉദ്വേഗമുഹൂര്‍ത്തങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള കൈയടക്കവും, സംഭാഷണങ്ങളിലുള്ള വിരുതും പ്രധാനമാണ്. കഥാഗതിയിലെ ചില തഴപ്പുകള്‍ വല്ലാതെ വളര്‍ന്ന് കൈവിട്ടുപോകാതിരിക്കാനുള്ള സൂക്ഷ്മത ഇത്തരം രചന കൈകാര്യം ചെയ്യുന്നവര്‍ പരമശ്രദ്ധയോടെ ശ്രദ്ധിക്കേണ്ടതാണ്. സൈക്കിള്‍ യജ്ഞ സ്ഥലത്തേയ്ക്ക് സ്റ്റാന്‍ലിയുടെ വരവും യുദ്ധവും സംഘടനരംഗവുമൊക്കെ തൃപ്തിപരമായാണ് നോവലിസ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നത്.
നോവല്‍ ഭാഗങ്ങള്‍ അവസാനിക്കുന്ന വാചകത്തില്‍ വരെ ജുനൈദ് ശ്രദ്ധിച്ചിട്ടുണ്ട്. ക്ലിനിക്കിന്റെ മതിലില്‍ നിറം മങ്ങി കാണാതായിത്തുടങ്ങിയ പ.ക. എന്ന ചുവരെഴുത്തിന്റെ വരികളില്‍ ഒരുപാട് സൂചനകള്‍ നിര്‍ത്തുന്നു. അത് അവ്യക്തമല്ല. ഒന്നും അവ്യക്തമല്ല.