30 രൂപയ്‍ക്ക് വാങ്ങിയ ഹാരി പോട്ടർ, ലേലത്തിൽ വിറ്റുപോയത് 11 ലക്ഷത്തിന്
അതേ സയമം ലേലത്തിൽ പുസ്തകത്തിന് ഇത്രയധികം വില കിട്ടി എന്ന പോസ്റ്റുകൾക്ക് താഴെ അനേകം വായനക്കാർ കമന്റുകളുമായി എത്തി. ഒരാൾ പറഞ്ഞത് ഇതേ പുസ്തകം തന്റെ കയ്യിലുണ്ട് എന്നായിരുന്നു.
ജെ കെ റൗളിങ് എഴുതിയ ഹാരി പോട്ടർ സീരീസുകൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. ഇപ്പോഴിതാ അപൂർവമെന്ന് കരുതപ്പെടുന്ന ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (Harry Potter and the Philosopher’s Stone) -ന്റെ ഒരു കോപ്പി ലേലത്തിൽ 11 ലക്ഷത്തിന് വിറ്റുപോയിരിക്കയാണ്. 1997-ൽ ബ്ലൂംസ്ബറി അച്ചടിച്ച 500 ഒറിജിനൽ കോപ്പികളിൽ ഒന്നാണ് ഇപ്പോൾ 11 ലക്ഷത്തിന് വിറ്റുപോയിരിക്കുന്നത്.
നേരത്തെ ലൈബ്രറികളിലേക്ക് അയച്ച 300 കോപ്പികളുടെ ഭാഗമായിരുന്നു ഈ പുസ്തകം. ഈ പ്രത്യേക പകർപ്പ് വാങ്ങിയിരുന്നത് ഈ വർഷം ആദ്യം അന്തരിച്ച യുകെയിലെ സ്റ്റാഫോർഡ്ഷെയറിലെ ഒരു കളക്ടറായിരുന്നു. അന്ന് അയാൾ 30 രൂപയ്ക്ക് വാങ്ങിയതാണ് ഈ പുസ്തകം. മൂന്നു ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിൽ തുക പുസ്തകത്തിന് ലേലത്തിലൂടെ കിട്ടും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, 11 ലക്ഷത്തിനാണ് പുസ്തകം ലേലത്തിൽ പോയത്. അത് പ്രതീക്ഷിച്ചതിലും വലിയ തുകയായിരുന്നു എന്ന് ലേലക്കാരനായ റിച്ചാർഡ് വിന്റർടൺ പറഞ്ഞു.
അതേ സയമം ലേലത്തിൽ പുസ്തകത്തിന് ഇത്രയധികം വില കിട്ടി എന്ന പോസ്റ്റുകൾക്ക് താഴെ അനേകം വായനക്കാർ കമന്റുകളുമായി എത്തി. ഒരാൾ പറഞ്ഞത് ഇതേ പുസ്തകം തന്റെ കയ്യിലുണ്ട് എന്നായിരുന്നു. മറ്റൊരാൾ കമന്റ് ചെയ്തത് ഇത്രയും വലിയ തുക കിട്ടാൻ മാത്രം ഈ പുസ്തകത്തിന് എന്താണ് ഇത്രയും വലിയ പ്രത്യേകത എന്നായിരുന്നു. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കുമ്പോൾ ഇതിന് ഇത്രയും പ്രശസ്തി കിട്ടും എന്ന് കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ 500 കോപ്പികൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. ആ 500 ഒറിജിനൽ കോപ്പികളിൽ ഒന്നാണിത്. അതിൽ 200 എണ്ണം വിറ്റു. 300 എണ്ണം ലൈബ്രറികൾക്ക് കൊടുത്തു. വായന കൂട്ടുക, മൗത്ത് പബ്ലിസിറ്റി എന്നിവയൊക്കെ ആയിരുന്നു ലക്ഷ്യം, അത് വിജയിച്ചു എന്ന് മറ്റൊരാൾ ഇതിന് വിശദീകരണം നൽകി.