രണ്ടാമത്തെ പടക്കം പൊട്ടിയതും ഒരു ചിന്നം വിളിയുയര്‍ന്നു, അതോടെ കാടുനിശ്ചലം...

പാപ്പാത്തി ബുക്‌സ് പ്രസിദ്ധീകരിച്ച, ബി രവികുമാറിന്റെ 'ഓര്‍മ്മയിലെ പച്ച ചോപ്പ്' എന്ന പുസ്തകത്തില്‍നിന്നും ഒരു ഭാഗം.
 

excerpts from ormayile pacha chopp by B Ravi Kumar

ഓര്‍മ്മയിലെ പച്ച ചോപ്പ്. പ്രശസ്ത അധ്യാപകന്‍ ബി രവികുമാര്‍ എഴുതിയ പുസ്തകത്തില്‍നിന്നും ഒരു കാട്ടുയാത്രാനുഭവം. പത്തുപതിനഞ്ച് വര്‍ഷം മുമ്പ് ഏഴ് അധ്യാപകരും എട്ടാണ്‍കുട്ടികളും ഇരുപത്തിരണ്ടു പെണ്‍കുട്ടികളും യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ കോന്നി വനത്തിലേക്ക് നടത്തിയ യാത്രയുടെ ത്രസിപ്പിക്കുന്ന അനുഭവം. പാപ്പാത്തി ബുക്‌സ് പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. 

 

excerpts from ormayile pacha chopp by B Ravi Kumar

 

നട്ടപ്രാന്തിന്റെ നടുമുറിയില്‍ ചില തോന്നലുകള്‍ വന്നാപ്പിന്നെ ഇരിപ്പുറയ്ക്കുകേല. പത്തുപതിനഞ്ചുകൊല്ലം മുമ്പ് ഡിപ്പാര്‍ട്ടുമെന്റില്‍ ചുമ്മാ ചൊറിഞ്ഞിരിക്കുമ്പോള്‍ ഒരുള്‍വിളി തോന്നി. കോന്നിയിലെ കാട്ടിനുള്ളില്‍ പോയൊന്നു രാപാര്‍ത്താലെന്താന്ന്. ഡിഗ്രിക്കു പഠിക്കുന്ന കോന്നിക്കാരി ലീനയെന്ന പെങ്കൊച്ചാണ് കാടിനെപ്പറ്റി പറഞ്ഞുപറഞ്ഞ് മോഹിപ്പിച്ചത്. കാമ്പസിലൊന്നു കറങ്ങി വന്നപ്പോഴേക്കും സമാനഹൃദയരുടെ എണ്ണം കൂടി. കോളജ് നേച്ചര്‍ ക്ലബ്ബിലെ കുഞ്ഞുങ്ങള്‍ ഒപ്പം കൂടാമെന്നേറ്റു. ഗീത റ്റീച്ചറും പത്മ റ്റീച്ചറും ഗോപന്‍ സാറും മധുസാറും മോഹന്‍സാറും മനോജ്സാറും (ആരും ഭാഷാ സാഹിത്യാധ്യാപഹയരല്ല) എട്ടാണ്‍കുട്ടികളും ഇരുപത്തിരണ്ടു പെണ്‍കുട്ടികളും യാതൊരു മുന്നൊരുക്കങ്ങളുമില്ലാത്ത ഈ യാത്രയിലേക്ക് കൂടെച്ചാടി. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ച് എന്റെ ഡിപ്പാര്‍ട്ടുമെന്റിലെല്ലാവരും കൂര്‍ക്കം വലിച്ചുറങ്ങുന്ന നേരം നോക്കി അടുത്ത പുലരിയില്‍ ഞങ്ങള്‍ കോന്നിക്ക് ബസ്സു പിടിച്ചു.

ഇന്നത്തെപ്പോലെ ഒരു രാവണങ്കോട്ടയായിരുന്നില്ല അന്നത്തെ കാമ്പസ്. ഒരു ജനകീയജനാധിപത്യ റിപ്പബ്ലിക്. അതുകൊണ്ട് ഇത്തരം സര്‍ഗാത്മതകള്‍ ഇവിടെ പൂത്തുലഞ്ഞു. ബസിനുള്ളില്‍ വന്ന് പ്രിന്‍സിപ്പല്‍ പ്രസന്നന്‍ സാര്‍ ഞങ്ങളെ ആശിര്‍വ്വദിച്ചു. (അദ്ദേഹമാണ് എന്‍ എസ് എസ് കോളേജ് സെന്‍ട്രല്‍ കമ്മറ്റിയുടെ ഇന്നത്തെ സെക്രട്ടറി)

''വേണ്ട കരുതലുകളെല്ലാമുണ്ടല്ലോ...? അല്ലേ''

''അരിയുണ്ട്... പയറുണ്ട്... വലിയ രണ്ടുകലമുണ്ട്... നാലുപടുതായുമുണ്ട്. ബാക്കിയെല്ലാം വാങ്ങാം സാര്‍.''

പ്രസന്നന്‍സാറിന് സമാധാനമായി.

''പിന്നെ അഞ്ചുലിറ്റര്‍ മണ്ണെണ്ണയും പത്തുവിളക്കുമുണ്ട് സാര്‍. ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റീന്ന് കിട്ട്യ ഒരു കടലാസുമുണ്ടേ...''

''എന്നാപ്പിന്നെ വണ്ടിവിട്ടോളൂ...''

സാറ് പച്ചക്കൊടിവീശി. ഒരു തയ്യാറെടുപ്പു മാത്രം ആരോടും ഞാന്‍ മിണ്ടിയില്ല. പണ്ട് അച്ഛന്റെ കൈവിരല്‍ത്തുമ്പില്‍ തൂങ്ങി മലചവിട്ടുന്ന നാളുകളില്‍ ശബരീപീഠത്തിലെത്തുമ്പോള്‍ പുള്ളി കൃത്യമായി അഞ്ചു വെടിവഴിപാടു നടത്തും. എന്നിട്ടു പറയും.

''വഴീലെങ്ങാനും വല്ല ആനേമൊണ്ടെങ്കില്‍ ഓടിക്കോട്ടെന്നു കരുതിയടാ ഈ പടക്കം പൊട്ടീരൊക്കെ.''

അതെന്റെ കള്ളമില്ലാതിരുന്ന പിള്ളമനസ്സില്‍ അള്ളിപ്പിടിച്ചു കിടന്നു. അതുകൊണ്ട് കോന്നിക്ക് പോരുന്നതിനുമുമ്പ് നാട്ടിലെ വെടിക്കെട്ടുകാരനായ കുഞ്ഞച്ചന്റെ കയ്യീന്ന് നൂറുരൂപായിക്ക് ഓലപ്പടക്കം വാങ്ങി ഞാന്‍ സഞ്ചിയില്‍ ഒളിപ്പിച്ചു.

 

......................................................

പാപ്പാത്തി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ലഭിക്കാന്‍ 9995358359 എന്ന നമ്പറില്‍ വാട്ട്‌സപ്പ് ചെയ്യാം


excerpts from ormayile pacha chopp by B Ravi Kumar

 

കോന്നിയില്‍ ബസിറങ്ങി. അവിടെനിന്ന് മൂന്ന് ജീപ്പുകളിലാണു വനമേഖലയിലേക്ക് യാത്ര. അതിര്‍ത്തിയിലെ കല്ലേലി വല്യച്ഛന്‍ കാവില്‍ കരിക്കുടച്ച്  ഊരാളി ചാറ്റുപാടി ഞങ്ങളെ അനുഗ്രഹിച്ചു.

''പോയിവരുവിന്‍ മക്കളെ, കാടിറങ്ങും വരെ വല്യച്ഛന്‍ നിങ്ങക്കു തുണ''.

ഊരാളിയൊന്നുകൂടി ഉറഞ്ഞുവിറച്ചു. അയ്യാളുടെ പേശികള്‍ വലിഞ്ഞു മുറുകി. ഉറക്കെ കുംഭപ്പാട്ടുപാടി

''ഓ...ഓ...ഓ...ഓ....ആ....ഓ...ഓ...ഓ...ഓ....ആ...
കിഴക്കൊന്നു തെളിയട്ടെടോ....ഓ...ഓ...ഓ...ഓ....ആ...
കിഴക്കൊന്നു തെളിയുമ്പോഴേ.....ഓ...ഓ...ഓ...ഓ....ആ....                                                            
ഹരിനാരായണ തമ്പുരാനേ...ഓ...ഓ...ഓ...ഓ....ആ...''

നെറ്റിത്തടത്തില്‍ വിയര്‍പ്പ് പൊടിഞ്ഞു. ഊരാളി എന്റെ തലയില്‍ തൊട്ടനുഗ്രഹിച്ചു.

''കാടറിഞ്ഞു വാ മക്കളേ...''

അടഞ്ഞതൊണ്ടയിലൂടെ ഞെരുങ്ങി പുറത്തുവന്ന ആ വാക്കുകള്‍ക്ക് വാറ്റുചാരായത്തിന്റെ പൊള്ളിക്കുന്ന ചൂരായിരുന്നു. ഒരു വട്ടക്കലാശം ചവിട്ടിയാണ് ഊരാളി ചാറ്റ് നിര്‍ത്തിയത്. പത്മ റ്റീച്ചറൊന്നിളകിയോന്നൊരു സംശയം. ഗീത റ്റീച്ചര്‍ ചേര്‍ത്തുപിടിച്ചതു കൊണ്ട് ഒരു നിരത്തിത്തുള്ളല്‍ ഒഴിവായി. (ഇളംകൂറ്റില്‍ വല്യച്ഛന്‍, അയ്യനാട്ടുവല്യച്ഛന്‍, അങ്കമൂര്‍ത്തിവല്യച്ഛന്‍, തുറങ്ങനാട്ടുവല്യച്ഛന്‍ തുടങ്ങി നാട്ടിലെ ദൈവപദവിയുള്ള ഒട്ടേറെ വല്യച്ഛന്മാരോടൊപ്പം കല്ലേലിവല്യച്ഛനേം അന്നുമുതല്‍ മനസ്സില്‍ കുടിവെച്ചു. പിന്നീടുള്ള വെള്ളംകുടീലും ഭജനേലും കല്ലേലിവല്യച്ഛനുവേണ്ടിയും നീര്‍ വീഴ്ത്തിത്തുടങ്ങി.)

പിന്നാലെ പോരാന്‍ പറഞ്ഞിട്ട് ജീപ്പുകള്‍ ഞങ്ങളുടെ സാധന സാമഗ്രികളുമായി കാട്ടുപാതയിലൂടെ ഉള്ളിലേക്കുപോയി. ഞങ്ങളും വൈകിച്ചില്ല. എന്താരുന്നു ആവേശം? 

അതോര്‍ക്കുമ്പോള്‍ എന്റെ മൊട്ടത്തലയിലെ കുറ്റിരോമംവരെ എഴുന്നേറ്റുനിന്ന് തൊഴും. എല്ലാവരും ഒരു പുത്തന്‍ അനുഭവത്തിലായിരുന്നതിനാല്‍ പരസ്പരം മിണ്ടാന്‍പോലും മറന്നു. ചില ആദിവാസിയൂരുകളും ഏതോ പലായന കാലത്ത് ഉപേക്ഷിക്കപ്പെട്ട അടിത്തറകളും വനപാലകരുടെ ഷെഡ്ഡുകളുമല്ലാതെ കണ്ടതെല്ലാം കാടിനുമാത്രം സ്വന്തം. ഏകദേശം നാലു മണിക്കൂര്‍ അകലം ഞങ്ങള്‍ കാട്ടിലെത്തിയപ്പോള്‍ ചെറിയൊരു അരുവി. അതിന്റെ കരയില്‍ ഏതോ കാലത്ത് ഈറ്റവെട്ടാന്‍ എത്തിയവര്‍ നിരപ്പാക്കിയ നിലം. മുമ്പേ പോയ ജീപ്പുകള്‍ അവിടെ ഒതുക്കിയിട്ടിരിക്കുന്നു. ഞങ്ങളുടെ സാധനങ്ങള്‍ ഇറക്കിയിട്ട് അവര്‍ മടങ്ങാന്‍ തിരക്കുകൂട്ടി. അവരുടെ കൂലികൊടുക്കുന്നതിനിടയില്‍ വെറുതേ ഒരു കുശലത്തിന് ചോദിച്ചു.

''നാളെ ഒരുമിച്ച് മടങ്ങിയാപ്പോരേ...''

അവരൊന്നു പരുങ്ങി. അല്പം മാറിനിന്നാലോചിച്ചിട്ട് എന്നെ അരികിലേക്ക് വിളിച്ചു.

''ഞങ്ങളും നിക്കാം സാറേ... ഒരു രസമല്ലേ ? പക്ഷേ തയാറെടുപ്പൊന്നുമില്ലാതല്ലേ വന്നത്. ഒന്നു പോയിട്ടുവരണം.''

തയാറെടുപ്പിനുള്ള 'പുത്തന്‍' എന്റെ പോക്കറ്റീന്നു കൊടുത്തതും മൂന്നുപേരുംകൂടി ഒരു ജീപ്പില്‍ പുറംലോകത്തേക്കുപോയി.

വനപര്‍വ്വത്തിലെ കര്‍മ്മകാണ്ഡം തുടങ്ങുകയായി. അടുപ്പുകൂട്ടുന്നതിനും ആഹാരം പാചകം ചെയ്യന്നതിനുമുള്ള പണികളുമായി മനോജ് കുട്ടികളോടൊത്തു നീങ്ങി. പടുതാ നിലത്തുവിരിച്ച് സാധങ്ങളെല്ലാം അടുക്കുന്ന ജോലിയില്‍ നേതൃത്വം കൊടുക്കുകയാണ് മോഹന്‍സാറും മധുസാറും.  ഗീത റ്റീച്ചറും പത്മ റ്റീച്ചറും കുറെ കുട്ടികളും ചേര്‍ന്ന് അരുവിക്കരയില്‍  കൃത്യമായ സ്ഥലം കണ്ടെത്തി മറപ്പുര കുത്തുന്നു. ചിലര്‍ വെറകുപെറുക്കി നടക്കുന്നു, ചിലര്‍ അരുവിയില്‍ തുള്ളിച്ചാടുന്നു. ഞാനും ഗോപന്‍സാറും കാടുകണ്ടുനടക്കുന്നു.

അരുവിക്കരയിലൂടെ കുറെ ദൂരം ചെന്നപ്പോള്‍ ഇടതിങ്ങി വളര്‍ന്ന ഈറ്റക്കാടുകള്‍. ഗോപന്‍സാറിന്റെ ആത്മഗതം പുറത്തുവന്നു.

''ഇവിടെ പണികിട്ടും രവിയേ... ഈറ്റേം തിന്നാം വെള്ളോം കുടിക്കാം...''

എന്നിട്ടെന്നെ ഒന്നു നോക്കി.

''ആനകളുടെ ബഡ്റൂമിലാ നമ്മളു പടുതാ വിരിച്ചതെന്നു തോന്നുന്നു''

''പിന്നേ, ആന പൂന... സാറു ചുമ്മാതെ മനുഷേനെ പേടിപ്പിക്കാതെ. അല്ല ഇങ്ങു വന്നാത്തന്നെ കല്ലേലിവല്യച്ഛന്‍ നോക്കിക്കോളും.''

ഞങ്ങളുതിരികെ നടന്നു ക്യാമ്പിലെത്തി.

ജീപ്പുചേട്ടന്മാര്‍ മടങ്ങി വന്നിരിക്കുന്നു. അടുപ്പിലെ കലത്തില്‍  അരിയും പയറുമെല്ലാം ചേര്‍ത്ത ഒരു സര്‍വാണിക്കഞ്ഞി തിളയ്ക്കുന്നു. മിക്കവരും കുളിച്ച് മിടുക്കരായിരിക്കുന്നു. പതിയെ ഒരു കാറ്റ് തലോടുന്നു. ഒപ്പം ഒരു ചെറുമഴ.  ആകാശത്തേക്ക് മുഖമുയര്‍ത്തി കുട്ടികള്‍ മഴകൊണ്ടു. കൈകളുയര്‍ത്തി അവര്‍ പാട്ടുപാടി. പ്രശസ്ത ഗായകരായിരുന്ന വൈക്കം വാസുദേവന്‍നായരുടെയും തങ്കം വാസുദേവന്‍ നായരുടെയും മകളായ ഗീത റ്റീച്ചര്‍ മഴത്താളത്തിനുചേര്‍ന്ന പാട്ടിന് കുട്ടികള്‍ക്കു കൂട്ടായി.  പക്ഷേ രണ്ടുമൂന്ന് മിനിറ്റുകൊണ്ട് മഴ തോര്‍ന്നു. ഞങ്ങളെ ശുദ്ധിചെയ്ത് മഴ മടങ്ങിയതോടെ കാട്ടിലെ കൂട്ടുകാര്‍ സജീവമായി. ഇഴജന്തുക്കള്‍ പടുതായിലേക്ക് കയറാനുള്ള ശ്രമങ്ങളെ കുട്ടികള്‍ ശ്രദ്ധാപൂര്‍വ്വം ഓടിച്ചുവെങ്കിലും മഴയേറ്റതോടെ ജീവന്‍ വെച്ച് ഞൊളച്ചുതുടങ്ങിയ അട്ടകള്‍ മിക്കവരുടെയും ശരീരത്തിന്റെ ഭാഗമായി കടിച്ചുതൂങ്ങി.

 

excerpts from ormayile pacha chopp by B Ravi Kumar

 

നേരം ഇരുട്ടിയതോടെ വിരിച്ച പടുതകളുടെ ചുറ്റുമായി മണ്ണെണ്ണ വിളക്കുകള്‍ കമ്പുകളില്‍ കെട്ടിവെച്ചു. അത്താഴക്കഞ്ഞി വാങ്ങിക്കഴിഞ്ഞപ്പോള്‍ അടുപ്പ് ക്യാമ്പ് ഫയറായി മാറി. പുലരുവോളം ആടിത്തീര്‍ക്കേണ്ട കലാപരിപാടികള്‍ക്ക് കുട്ടികള്‍ തുടക്കമിട്ടു. കിളികളുടെ ശബ്ദങ്ങളെല്ലാം നിലച്ചു. കട്ടപിടിച്ച ഇരുട്ടുകൊണ്ട് വനം ഞങ്ങളെയും മൂടി. അരിച്ചരിച്ചു കടന്നുവരുന്ന തണുപ്പിനെ ചൂടുകഞ്ഞികൊണ്ട് പ്രതിരോധിച്ചു. അതിരുകളില്ലാത്ത ആഹ്ലാദം ഇടതടവില്ലാതെ പ്രകടിപ്പിക്കുന്നതു കൊണ്ടാവാം കുട്ടികള്‍ തണുപ്പറിയുന്നതേയില്ല. ജീപ്പുചേട്ടന്മാരവരുടെ കലാപരിപാടിയിലാണ്. ഇരുളിന്റെ മറവില്‍ ഞാനും അവരോടൊന്ന് കൂടി.

''വാറ്റിയ സ്വയമ്പന്‍ സാധനമാ സാറെ...  ഒരൗണ്‍സ് എടുക്കട്ടോ?''

''അയ്യോ എനിക്കിതടിച്ചു ശീലമില്ല''

''ഇതങ്ങനെ ശീലമാവില്ല മാഷേ, ശീലമാവാന്‍ സാധനം കിട്ടണ്ടെ... ഇതേയ് അങ്ങനെ നാട്ടിക്കിട്ടുന്ന സാധനമല്ല.''

''എന്നാലൊരെണ്ണം പോരട്ട്.''

ഷംസു എന്ന ജീപ്പുചേട്ടന്‍ അരഗ്ലാസ് വാറ്റ് എന്റെ നേരെ നീട്ടി. അവന്‍ ചുള്ളിക്കാടിന്റെ ഫാനാരുന്നു.

''ഇതാ ചെകുത്താന്റെ രക്തം... കുടിക്കുക...''

''വെള്ളമൊഴിക്കണ്ടേ..?''

''വേണ്ട വേണ്ട. വാറ്റിന്റെ സ്റ്റൈലു വേറെയാ. ആദ്യം അര ഗ്ലാസ് വാറ്റടിക്കുക. പിന്നാലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. വീണ്ടും അരഗ്ലാസ് വാറ്റടിക്കുക. പിന്നാലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുക.''

എന്റെ ദൈവമേ ഈ ലോകത്ത് ഇനി എന്തെല്ലാം പഠിക്കാനിരിക്കുന്നു... കല്ലേലിവല്യച്ഛനെ മനസ്സില്‍ ധ്യാനിച്ച് ഞാനൊരു പിടിയങ്ങു പിടിച്ചു. പിന്നാലെ ഒരു ഗ്ലാസ് വെള്ളം. വീണ്ടും ഒരു പിടി. പിറകെ ഒന്നരഗ്ലാസു വെള്ളം. അന്നനാളത്തിലൂടെ എരിപൊരിക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി. പല്ലെടുക്കാന്‍ കുത്തിവെക്കുമ്പോള്‍ മരയ്ക്കുന്നതുപോലെ എന്റെ കിറിയും മോണയുമെല്ലാം പെരുത്തു. അങ്ങനെ പെരുത്തു പെരുത്ത് വരുമ്പോഴാണ് ഗോപന്‍സാര്‍ അന്തംവിട്ടങ്ങോട്ടോടി വന്നത്. വിറയലുകാരണം പുള്ളീടെ നാവ് പൊങ്ങുന്നില്ല.

''എന്താ സാറേ എന്തുപറ്റി..?''
''പറയാം... പറയാം... ഞാനൊന്ന് മുള്ളാന്‍ പോയതാ...''

''എന്നിട്ട്..?''

''അവിടെ മുഴുവന്‍ ആനയാ! ഞാന്‍ തിരിഞ്ഞോടി. അവരവിടെ ഈറ്റ തിന്നുകാ. ഇപ്പമിങ്ങെത്തും എന്താ ചെയ്യുക?

ഞങ്ങള്‍ നിശ്ശബ്ദമായി ശ്രദ്ധിച്ചു.  ഈറ്റ വലിച്ചൊടിക്കുന്ന ശബ്ദം കേള്‍ക്കാം. ഷംസു അവസരത്തിനൊത്തുയര്‍ന്നു. ഒച്ചതാഴ്ത്തി അയാള്‍ പറഞ്ഞുതുടങ്ങി.
''ശബ്ദമുണ്ടാക്കരുത്... കുട്ടികള്‍ അറിഞ്ഞാല്‍ ബഹളമാകും. ജീപ്പെല്ലാം സ്റ്റാര്‍ട്ടാക്കി ലൈറ്റോണാക്ക്...'

അരുവിക്കരയിലേക്ക് തെളിഞ്ഞ ജീപ്പുവെട്ടത്തിന്റെ അങ്ങേത്തലയ്ക്കല്‍  ഇരുട്ടില്‍ ലയിച്ചുനില്‍ക്കുന്ന മൂന്നാനകള്‍. എന്റെ അകവാളു വെട്ടിപ്പോയി. അവര്‍ വണ്ടി റെയ്സു ചെയ്ത് ശബ്ദം കൂട്ടിക്കൊണ്ടിരുന്നു.

''ഇനി ഇങ്ങോട്ട് വരുകേല. തിരിച്ചു നടന്നോളും.''

ഷംസു ഞങ്ങളെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു. ചുറ്റിലുമുള്ള ഇരുട്ടുമുഴുവന്‍ ആനയായി എനിക്കുതോന്നി. ഏതു സമയവും ആനയായി വന്ന് ഞങ്ങളെ മൂടുന്ന ഇരുട്ട് പേടിയായി മാറി. എന്തു ചെയ്യണമെന്നറിയില്ല.

ഗോപന്‍സാറു മറ്റു സാറന്മാരെയും അപകടമറിയിച്ചു. എല്ലാവരും ജീപ്പിനടുത്ത് വന്ന് ഭയന്നുവിറച്ച് നിന്നു. റ്റീച്ചര്‍മാരും കുട്ടികളും ഒന്നുമറിയാതെ കലാപരിപാടികളില്‍ ഒഴുകി.

പെട്ടെന്ന് എന്റെ മനസിലൊരു കൂട്ടവെടി മുഴങ്ങി.

''ഭാസ്‌കരന്‍പിള്ളസ്വാമി... വലിയവെടി രണ്ട്. ചെറിയവെടി മൂന്ന്...''

ശബരീപീഠത്തില്‍ അച്ഛന്റെ കൈവിരല്‍ത്തുമ്പില്‍ തൂങ്ങിനിന്ന് ഞാനതുകേട്ടു. ഞാന്‍ ഷംസുവിനോടു ചോദിച്ചു...

'പടക്കം പൊട്ടിച്ചാലോ...?''

''പിന്നേ, പടക്കം...  ഈ പാതിരായ്ക്ക് പടക്കത്തിനെവിടെപ്പോകും...?''

''എന്റെ കൈലുണ്ട്...''

''എന്നിട്ടാണോ...?  വേഗം കൊണ്ടുവാ സാറേ...''

ഞാന്‍ ക്യാമ്പിലെത്തി ബാഗില്‍നിന്നു പടക്കപ്പൊതിയും തീക്കൂനയില്‍നിന്ന് രണ്ട് കത്തുന്ന കൊള്ളിയുമെടുത്ത് ജീപ്പിനരികിലേക്ക് ഓടി.

''കാട്ടുജീവികളുടെ ശല്യമുണ്ടാകാതിരിക്കന്‍ അഞ്ചാറുപടക്കം പൊട്ടിക്കാന്‍ പോവാ. നിങ്ങളുപാടിത്തകര്‍ത്തോ'' എന്നു കുട്ടികളോടൊരു കാച്ചും കാച്ചി. പക്ഷേ റ്റീച്ചര്‍മാര്‍ക്കൊരു സംശയമുണ്ടായോന്നെനിക്കൊരു സംശയമുണ്ടായി. പടക്കവുമായിച്ചെന്നപ്പഴേക്കും മൂന്നു ജീപ്പുചേട്ടന്മാരും അടിവസ്ത്രം മാത്രമണിഞ്ഞ് ഗുസ്തി ക്കാരെപ്പോലെ റെഡി.

''തുണി മുള്ളിലുടക്കിയാല്‍ പണി പാളും. ലൈറ്റണച്ചാലുടന്‍ രണ്ടു പേര് അരുവിക്കപ്പുറത്തേക്കോടണം. രണ്ടുപേരിങ്ങേക്കരയില്‍ നിക്കണം. പടക്കം മാറിമാറി പൊട്ടണം. എങ്കിലെ അവ പിന്നോക്കം പോകൂ...''

ഷംസു പറഞ്ഞുനിര്‍ത്തിയതും ലൈറ്റണഞ്ഞു. രണ്ട് ജീപ്പ് ചേട്ടന്മാര്‍ അക്കരയ്ക്കോടി... തുണിയൂരിയെറിഞ്ഞിട്ട് ഷംസുവിന്റെ കൂടെ ഞാനും ഇക്കരയില്‍ പമ്മിയിരുന്നു. 

ആദ്യത്തെ പടക്കം പൊട്ടിയത് അക്കരെ. ഉടനെ ഞങ്ങള്‍ ഇപ്പുറത്തും പൊട്ടിച്ചു. രണ്ടാമത്തെ പടക്കം പൊട്ടിയതും ഒരു ചിന്നം വിളിയുയര്‍ന്നു. അതോടെ കാടുനിശ്ചലം...

കുട്ടികള്‍ പാട്ട് നിര്‍ത്തി. പിന്നെ അവിടെ ഉയര്‍ന്നു കേട്ടത് പത്മ റ്റീച്ചര്‍ ഉച്ചത്തില്‍ പാടുന്ന ലളിതാസഹസ്രനാമമാണ്. ആനയ്ക്കെന്തോന്നു സഹസ്രനാമം. പേടിച്ച കുട്ടികളും കൂടെ ഉരുവിടുന്നുണ്ട്. അക്കരെ വീണ്ടും പടക്കം പൊട്ടി. ഇക്കരെ ഞങ്ങളും പൊട്ടിച്ചു. അക്കരെയുള്ളവര്‍ അരുവിയിലൂടെ മുമ്പോട്ട് നടന്ന് ഈറ്റക്കാടിനടുത്തെത്തി പൊട്ടിച്ചു. 

അപ്പോഴേക്കും മനോജും മധുസാറും ചേര്‍ന്ന് ക്യാമ്പില്‍ പടക്കം പൊട്ടിച്ച് തുടങ്ങി. ഇക്കരെ ഞങ്ങളും. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അക്കരെ പോയവര്‍ മടങ്ങി വന്നു. എല്ലാം കിഴക്കോട്ടുമലകയറിയെന്ന വാര്‍ത്തയുമായാണവര്‍ വന്നത്. പക്ഷേ എന്റെ കണ്ണുകള്‍ ആ ഇരുട്ടിലേക്കു തന്നെ തുറിച്ചിരുന്നു. ഇരുട്ടുമുഴുവന്‍ ഉരുണ്ടുകൂടിയ ഒരു വലിയ ആനയായിരുന്നു മുന്നില്‍.

പാതിരാ കഴിഞ്ഞപ്പോഴേക്കും നിലാവുദിച്ചു. ഒരു ബ്ലാക് ആന്റ് വൈറ്റ് സിനിമപോലെ ആ രാവ് ഞങ്ങളുടെ  മാത്രം ലോകമായി. പിന്നെ പാട്ടും കവിതയും ചില്ലറ മിമിക്രിയുമൊക്കെയായി ഞങ്ങള്‍ ഉണര്‍ന്നിരുന്നു. ആരും ക്ഷീണിക്കാത്ത ആ രാത്രി പെട്ടെന്നുപുലരാനുള്ള തിടുക്കം കൂട്ടി. പലതരം കിളിപ്പേച്ചുകള്‍ പുലരിയെ സ്വാഗതം ചെയ്തു. ക്യാമ്പ് ഫയര്‍ വീണ്ടും അടുപ്പായി. കട്ടന്‍ റെഡി. പിന്നാലെ കഞ്ഞിക്കരിയിട്ടു. വെട്ടം വീഴുംമുമ്പ് കൃത്യനിര്‍വ്വഹണങ്ങള്‍ കഴിഞ്ഞ് എല്ലാവരും യാത്ര തുടരുവാന്‍ സജ്ജം. അരുവിയില്‍നിന്ന് വെള്ളം കൊണ്ടു വന്ന് തീയണച്ചു.  കഞ്ഞികുടി തീര്‍ന്നതോടെ സാധനസാമിഗ്രികള്‍ പെറുക്കിക്കെട്ടി ജീപ്പില്‍ വെച്ചു. ജീപ്പുതിരികെ പോവുകയാണ്.

''നിങ്ങള്‍ നേരെ കിഴക്കോട്ട് മലകയറുക... പിന്നെ കിഴക്കോട്ടു മലയിറങ്ങുക... അപ്പോള്‍  അച്ചങ്കോവിലാറിന്റെ തീരത്തെത്തും. അവിടെ ഞങ്ങള്‍ കാത്തുനിക്കാം.''

ജീപ്പുകള്‍ മൂന്നും തിരികെപ്പോയി. നെഞ്ചുകീറി ജീവനെടുത്ത് പണയംവെച്ച് ഞങ്ങളെ രക്ഷിച്ച ആ ചേട്ടമ്മാരായിരുന്നോ കല്ലേലി വല്യച്ഛന്‍.

സൂര്യഭഗവാനെ ലക്ഷ്യംവെച്ചു ഞങ്ങള്‍ കിഴക്കോട്ടുനടന്നു. ഉള്‍വനത്തിന്റെ നിഗൂഢമായ നിശ്ശബ്ദതയെന്തെന്നറിഞ്ഞ്, മണമറിഞ്ഞ്, ഇലയനക്കങ്ങളുടെ മര്‍മ്മരമറിഞ്ഞ്, കാറ്റിന്റെ സ്വരമറിഞ്ഞ്, ഭാരങ്ങളെല്ലാം വിട്ടൊഴിഞ്ഞ കുറേ അപ്പൂപ്പന്‍താടികള്‍ അങ്ങനെ കാട്ടിലൂടെ പറന്നുനടന്നു. ഏതാണ്ടുച്ചയോടെ  പറന്നുപറന്ന് പുഴയോരത്തെത്തി. പകുതിയോളം മണല്‍പ്പരപ്പുള്ള അച്ചങ്കോവിലാറായിരുന്നു അത്. ഒരു തീരംപറ്റി അരയോളം വെള്ളമൊഴുകുന്നു. ഏതോ ഒരു വലിയ അനുഷ്ഠാനത്തിന്റെ അന്ത്യംപോലെ ഞങ്ങള്‍ ആ തീര്‍ത്ഥത്തിലേക്ക് മുങ്ങി. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പുണ്യസ്നാനം.

മണല്‍പ്പരപ്പിലേക്ക് കാട്ടുവഴിയെ വന്നിറങ്ങിയ ജീപ്പുകള്‍ മടക്കത്തിനുള്ള സമയമായെന്നറിയിച്ചു.  ഇനിയൊരിക്കലും സംഭവിക്കില്ലെന്നുറപ്പുള്ള ഒരു യാത്ര അവസാനിക്കുകയായിരുന്നു. നാലുമണിയോടെ കോളജില്‍ തിരികെയെത്തുമ്പോഴാണ് വലത്തേക്കൈയ്യിലിരുന്നു പൊട്ടിയ പടക്കം പൊള്ളിച്ച കൈവെള്ള നീറിത്തുടങ്ങിയത്. നട്ടപ്രാന്തിന്റെ ഓരോ ചെയ്‌വനകള്‍ എന്നല്ലാതെ എന്തോന്നുപറയാന്‍.

(ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന മോഹന്‍സാര്‍ (കൊമേഴ്സ്) അകാലത്തില്‍ വിട്ടുപോയി. രവീന്‍ എന്ന, യുവകവിയും ദലിത് ആക്റ്റിവിസ്റ്റും സംവിധായകനുമായിരുന്ന പ്രിയശിഷ്യനുമിന്നില്ല. മനോജ് (ഫിസിക്കല്‍ എജ്യൂക്കേഷന്‍) ഒഴികെ എല്ലാവരും സര്‍വ്വീസില്‍നിന്ന് വിരമിച്ചു. കുട്ടികളെല്ലാം സ്വദേശത്തും വിദേശത്തുമായി നല്ല നിലയില്‍ കഴിയുന്നു. ഒരിക്കല്‍ മനോരമയില്‍ ലീന എന്ന കുട്ടി അവരുടെ ഈ അനുഭവകഥ 'ഭീതിയുടെ വനപര്‍വ്വം' എന്ന പേരില്‍ എഴുതിയിട്ടുമുണ്ട്)

 

പാപ്പാത്തി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ലഭിക്കാന്‍ 9995358359 എന്ന നമ്പറില്‍ വാട്ട്‌സപ്പ് ചെയ്യാം

........................................................

കൂടുതല്‍ പുസ്തകക്കുറിപ്പുകള്‍ക്കും പുസ്തകഭാഗങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യാം
 

 

Latest Videos
Follow Us:
Download App:
  • android
  • ios