കോട്ടയം പുഷ്‍പനാഥിന്‍റെ നോവലുകള്‍ വീണ്ടും വായനക്കാരിലേക്ക്; 'ചുവന്ന മനുഷ്യനി'ല്‍ നിന്നും ഒരുഭാഗം വായിക്കാം...
പുസ്‍തകപ്പുഴയില്‍ കോട്ടയം പുഷ്പനാഥിന്‍റെ 'ചുവന്ന മനുഷ്യന്‍' എന്ന നോവലിലെ ഒരു ഭാഗം.
പൂട്ട് തുറക്കുന്ന ശ്രമത്തിനിടയിൽ അവൻ പറഞ്ഞു. അവസാനം പൂട്ട് തുറന്നു ഇരുവരും മുറിക്കുള്ളിൽ പ്രവേശിച്ചു. വളരെ പഴക്കം തോന്നിക്കുന്ന ഉപകരണങ്ങളായിരുന്നു മുറിക്കുള്ളിൽ. അവയെല്ലാം പൊടിപിടിച്ചു കിടന്നിരുന്നു. അവിടവിടെയായി ചിലന്തികൾ വലകെട്ടിയിരുന്നു.
ഒന്ന്
വനമധ്യത്തിലുള്ള ടൂറിസ്റ്റ് ബംഗ്ലാവിൽ അപരിചിതൻ എത്തിച്ചേർന്നപ്പോൾ മണി രാത്രി പത്തരയായിരുന്നു. "ഹോട്ടൽ വിച്ചസ്" എന്ന ടൂറിസ്റ്റ് ബംഗ്ലാവിന്റെ പേര് അപരിചിതനെ വളരെയധികം ആകർഷിച്ചു. ഷേക്‌സ്‍പിയറിന്‍റെ വിശ്വോത്തര നാടകങ്ങളിൽ ഭീതിജനിപ്പിക്കുന്ന കഥാപാത്രങ്ങളായ വിച്ചസ് എന്ന് അറിയപ്പെടുന്ന അരൂപികളായ പ്രേതങ്ങൾ.
നീണ്ടുനിവർന്ന ശരീരവും ബലിഷ്ഠമായ കൈകളും തീക്ഷ്‍ണങ്ങളായ കണ്ണുകളും ഉയർന്ന നാസികയുംകൊണ്ട് ആരുടേയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാളായിരുന്നു അപരിചിതൻ. വേഷവിധാനങ്ങൾ ശ്രദ്ധിച്ചാൽ ഒരു ദൂരയാത്ര കഴിഞ്ഞ മട്ടുണ്ട്. ഒരു സ്യൂട്ട്കേസ് ഒഴികെ വിശേഷവിധിയായി കയ്യിലൊന്നും ഇല്ലായിരുന്നു.
പോക്കറ്റിൽ നിന്നും ഒരു ടൗവ്വൽ എടുത്ത് മുഖം തുടച്ചുകൊണ്ട് പോർട്ടികോവിൽ കിടന്ന കസേരകളിൽ ഒന്നിൽ അയാൾ ഇരുന്നു.
അടുത്ത് കിടന്ന കസേരയിൽ ഇരുന്നിരുന്ന ഒരു തടിച്ച മനുഷ്യൻ അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അല്പം കഴിഞ്ഞു മേശവലിപ്പ് തുറന്ന് ഒരു ഡയറി എടുത്ത് തുറന്നുനോക്കിയശേഷം വീണ്ടും അപരിചിതനെ ഗൗനിച്ചു.
"ഒരു മുറി മാത്രമേ ഒഴിവുള്ളൂ, അത്യാവശ്യമാണെങ്കിൽ അതെടുക്കാം." -തടിച്ച മനുഷ്യൻ പറഞ്ഞു. അപ്പോഴാണ് അയാൾ മാനേജർ ആണെന്ന് അപരിചിതന് മനസ്സിലായത്.
"ഞാൻ വളരെ ക്ഷീണിച്ചിരിക്കുകയാണ്. അല്പം സൗകര്യം കിട്ടിയാൽ മതി."
അയാൾ തടിച്ച മനുഷ്യനോട് പറഞ്ഞു.
തടിച്ചമനുഷ്യൻ ഒരു അയഞ്ഞ പാന്‍റ് ധരിച്ചിരുന്നു. രണ്ട് തോൾബെൽറ്റുകൾക്കൊണ്ട് പാന്‍റ് ശരീരത്തോട് ഉറപ്പിച്ചിരുന്നു. ഇരുവശത്തേക്കും പരന്നുകയറിയ അയാളുടെ കഷണ്ടിയിൽ നീലഞരമ്പുകൾ പിടച്ചിരുന്നു.
"കൺവീനിയൻസിനു കുറവൊന്നുമില്ല. പക്ഷേ... " ബാക്കി മാനേജർ പറഞ്ഞില്ല. അയാൾ എന്തോ ചിന്തിച്ചുകൊണ്ട് ഒരു തടിച്ച ബുക്ക് തുറന്ന് അപരിചിതന്‍റെ കയ്യിൽ കൊടുത്തു. അപരിചിതൻ തന്റെ മേൽവിലാസം ബുക്കിൽ എഴുതി.
"ഇവിടെ വരുവാനുണ്ടായ കാരണം കൂടി രേഖപ്പെടുത്തണം."
മാനേജർ ആവശ്യപ്പെട്ടു.
"പര്യടനം" എന്ന് മാത്രം അപരിചിതൻ രേഖപ്പെടുത്തി.
മാനേജർ ഒരു ബെൽ അടിച്ചപ്പോൾ ഉയരം കുറഞ്ഞ ഒരു പരിചാരകൻ പ്രത്യക്ഷപ്പെട്ടു. സംശയദൃഷ്‍ടിയോടെ അവൻ ആഗതനെ ശ്രദ്ധിച്ചു.
"പ്ലീസ് ഫോളോ മി സർ"
എന്ന് പറഞ്ഞ് അവൻ ബുക്ക് മടക്കി തിരികെ കൊടുത്തു. അപരിചിതൻ പരിചാരകനെ അനുധാവനം ചെയ്‍തു. ഏതോ പഴയ കൊട്ടാരമായിരുന്ന ആ കൂറ്റൻ കെട്ടിടത്തിന്റെ ഇരുൾനിറഞ്ഞ ഇടനാഴികകളിൽക്കൂടി നടന്നു പടവുകൾ ചവിട്ടിക്കയറുകയും ഇറങ്ങുകയും വീണ്ടും കയറുകയും ചെയ്‍ത് ഒരു മുറിയുടെ വാതിൽക്കൽ ഇരുവരും എത്തി. മുറിയുടെ ഇരുമ്പുതാഴ് തുറക്കാൻ പരിചാരകൻ അല്പം ബുദ്ധിമുട്ടി.
"ഈ മുറി ഉപയോഗിച്ചിട്ട് വളരെ നാളായി സർ, ഏതാണ്ട് അഞ്ചു വർഷമെങ്കിലും ആയിക്കാണും. ഇതാ നോക്കൂ, ഇതു തുരുമ്പുപിടിച്ചു കഴിഞ്ഞു."
പൂട്ട് തുറക്കുന്ന ശ്രമത്തിനിടയിൽ അവൻ പറഞ്ഞു. അവസാനം പൂട്ട് തുറന്നു ഇരുവരും മുറിക്കുള്ളിൽ പ്രവേശിച്ചു. വളരെ പഴക്കം തോന്നിക്കുന്ന ഉപകരണങ്ങളായിരുന്നു മുറിക്കുള്ളിൽ. അവയെല്ലാം പൊടിപിടിച്ചു കിടന്നിരുന്നു. അവിടവിടെയായി ചിലന്തികൾ വലകെട്ടിയിരുന്നു.
"ക്ഷമിക്കണം സർ, ഞാൻ പുതിയ വിരിപ്പുകളും കൊണ്ട് ഇതാ എത്തിക്കഴിഞ്ഞു." -അവൻ പോയി.
അയാൾ മുറിയിൽ ആകെക്കൂടി ഒന്നു കണ്ണോടിച്ചു. സീലിംഗിനോടു പറ്റിനിന്നിരുന്ന വൈദ്യുതിവിളക്കിൽനിന്നും മങ്ങിയപ്രകാശം മാത്രമേ പ്രവഹിച്ചിരുന്നുള്ളു. മാറാലപിടിച്ചിരുന്നതുകൊണ്ട് പ്രകാശം വളരെ കുറഞ്ഞിരുന്നു. അഞ്ചുവർഷം പഴക്കമുള്ള ഒരു കലണ്ടർ ചുവരിൽ സ്ഥാനംപിടിച്ചിരുന്നു. ഈ മാസത്തിനുശേഷം അത് മറിച്ചിരുന്നില്ല. തണുത്ത വെള്ളം വയ്ക്കാനുപയോഗിച്ചിരുന്ന കൂജയിൽ അയാളുടെ ദൃഷ്ടികൾ പതിഞ്ഞു.
"ഇതിന് കുറഞ്ഞത് ഇരുന്നൂറു വർഷമെങ്കിലും പഴക്കം കാണും."
അയാൾ സ്വയം പറഞ്ഞു.
ആ പാത്രം അയാൾ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നപ്പോൾ ലൈറ്റ് പെട്ടന്നണഞ്ഞു. അകാരണമായ ഒരു ഭീതി അയാളെ വലയം ചെയ്‍തു. ലൈറ്റ് വീണ്ടും തെളിയിക്കുവാൻ സ്വിച്ചിൽ അയാൾ ഒരു വിഫലശ്രമം നടത്തി. ഉടൻ വെളിയിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു.
അല്‍പം അകലെനിന്ന് ആരോ നടന്നടുത്തു മുറിയുടെ വാതിലുംകടന്ന് അകന്നകന്നു പോയി. പരിചാരകൻ ആയിരിക്കുമെന്നുകരുതി അയാൾ വാതിൽക്കൽവരെ എത്തി. പക്ഷേ, ആരുമുണ്ടായിരുന്നില്ല. അയാളുടെ മനസ്സിൽ വളർന്നുവന്ന ഭീതിയുടെ അംശം പതുക്കെ പതുക്കെ പടർന്നുപന്തലിക്കാൻ തുടങ്ങി. പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു.
(കോട്ടയം പുഷ്‍പനാഥിന്റെ ആദ്യനോവൽ 'ചുവന്ന മനുഷ്യനി'ല്‍ നിന്നും ഒരു ഭാഗം. 1968 -ല്‍ പ്രസിദ്ധീകരിച്ചത്)
കോട്ടയം പുഷ്‍പനാഥിന്‍റെ നോവലുകള്‍ വീണ്ടും വായനക്കാരിലേക്ക്...
വായനക്കാരുടെ രാത്രികളെ പേടിയുടെയും, ഉദ്വേഗത്തിന്റെയും നിഴയിൽ നിർത്താൻ മാത്രം ആഴത്തിലാണ് കോട്ടയം പുഷ്പനാഥ് കഥകളുടെ എഴുത്ത്. അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രശസ്‍ത ഡ്രാക്കുളയെ കേന്ദ്ര കഥാപാത്രമാക്കി എഴുതിയ നോവലുകൾ നാല്പത്തഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ വായാനാമുറികളിലേക്ക് തിരികെയെത്തുകയാണ്. 1897 ബ്രാം സ്റ്റോക്കർ ഡ്രാക്കുള എന്ന ഭീകര കഥാപാത്രം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. എന്നാൽ, മലയാളികൾക്ക് ഡ്രാക്കുളയെ പരിചയമായത് കോട്ടയം പുഷ്പനാഥ് തൂലിക ചലിപ്പിച്ചപ്പോഴാണ്. അയർലൻഡുകാരൻ ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള മലയാളത്തിൽ പരിഭാഷ നടത്തിയ പുഷ്പനാഥ്, ഡ്രാക്കുള കേന്ദ്രകഥാപാത്രമായ ഇരുപതോളം നോവലുകളാണ് വായനക്കാർക്ക് സമ്മാനിച്ചത്. ഡ്രാക്കുള കോട്ട, ഡ്രാക്കുളയുടെ അങ്കി, ഡ്രാക്കുള ഉണരുന്നു, ഡ്രാക്കുളയുടെ മകൾ, ഡ്രാക്കുള കോട്ടയിലെ സുന്ദരികൾ തുടങ്ങിയവ അവയിൽ ചിലത് മാത്രം.
1968 -ൽ രചിച്ച 'ചുവന്ന മനുഷ്യൻ' ആണ് അദ്ദേഹത്തിന്‍റെ ആദ്യകൃതി. വിദേശയാത്രകളും സ്ഥലവിവരങ്ങളും ഒക്കെ അദ്ദേഹത്തിന്റെ നോവലുകളിൽ ശ്രദ്ധേയമാണ്. വായനക്കാരന്റെ ചിന്തയെ ഉണർത്തുന്ന തരത്തിലാണ് ഇവയൊക്കെയും കോട്ടയം പുഷ്‍പനാഥ് വർണിക്കുന്നത്. എന്നാൽ, ഒരിക്കൽ പോലും ഈ സ്ഥലങ്ങളൊക്കെയും സന്ദർശിച്ചിട്ടില്ലാത്ത ഒരാൾക്ക് എങ്ങനെ ഇത്രമാത്രം വർണിച്ചെഴുതാൻ സാധിക്കും? കോട്ടയം പുഷ്‍പനാഥ് എന്ന ചരിത്രാധ്യാപകന്റെ ഭാവനയ്ക്ക് അതിരുകൾ ഇല്ലായിരുന്നു.
വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ എല്ലാ പുസ്‍തകങ്ങളും പുനപ്രസിദ്ധീകരിച്ചിരിക്കുകയാണ് കോട്ടയം പുഷ്‍പനാഥ് പബ്ലിക്കേഷൻസ്. ചുവന്ന മനുഷ്യൻ, ഹിറ്റ്ലറുടെ തലയോട് തുടങ്ങി ഒട്ടനവധി പുസ്‍തകങ്ങൾ ഇതിനോടകം പുനപ്രസിദ്ധീകരണം നടത്തി. അടുത്തതായി വായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട പുഷ്പനാഥിന്റെ ഡ്രാക്കുള സീരിസുകളാണ് പബ്ലിക്കേഷന്‍സ് പുനപ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നത്. നാല്‍പത്തഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ഡ്രാക്കുള വായനക്കാരന്റെ ഉറക്കം കളയാൻ വീണ്ടുമെത്തുന്നത്. ഡ്രാക്കുളയുടെ അങ്കി, ഡ്രാക്കുളയുടെ മകൾ, ഡ്രാക്കുളയുടെ നിഴൽ, ഡ്രാക്കുള ഏഷ്യയിൽ, ഡ്രാക്കുള ഉണരുന്നു തുടങ്ങിയ അഞ്ച് പുസ്‍തകങ്ങളാണ് ഇപ്പോള്‍ പുനപ്രസിദ്ധീകരണതിന് ഒരുങ്ങിയിരിക്കുന്നത്.
പുസ്‍തകങ്ങൾ പ്രിന്‍റഡ് ആയി മാത്രമല്ല ഇ-ബുക്ക്സ് ആയും ഓഡിയോ ബുക്സ് ആയും ഇറങ്ങുന്നുണ്ട്. പുഷ്‍പനാഥിന്റെ ഇരുപതോളം പുസ്‍തകങ്ങൾ മലയാളത്തിൽ ഇ-ബുക്ക്സായി ലഭ്യമാണ്. മലയാളികളിൽ മാത്രം ഒതുങ്ങുന്ന എഴുത്തുകാരനല്ല അദ്ദേഹം. തമിഴ് ഭാഷയിൽ പരിഭാഷപ്പെടുത്തിയ പുസ്‍തകങ്ങളും ഇ-ബുക്ക്സായും ഓഡിയോ ബുക്ക്സായും കിട്ടുന്നു. നൂറോളം പുസ്‍തകങ്ങളാണ് തമിഴിൽ പരിഭാഷപ്പെടുത്തിയത്. കൂടാതെ ഹിന്ദി ഗുജറാത്തി ബംഗാളി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ പുസ്‍തകങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
റയാന്‍ പുഷ്‍പനാഥ്
'കഥ പറച്ചിലിന്റെയും ആസ്വാദനത്തിന്റെയും വ്യത്യസ്‍തരീതികൾക്കൊണ്ട് പുസ്‍തകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഓഡിയോ രൂപത്തിലും മറ്റു ന്യൂ മീഡിയ പ്ലാറ്റ്ഫോമുകളിലും മുത്തശ്ശന്റെ എഴുത്തുകൾ എത്തിക്കുകയാണ് ലക്ഷ്യ'മെന്ന് കോട്ടയം പുഷ്പനാഥിന്റെ കൊച്ചുമകൻ റയാൻ പുഷ്പനാഥ് പറഞ്ഞു. കോട്ടയം പുഷ്പനാഥിന്റെ ആദ്യ നോവലായ ചുവന്ന മനുഷ്യൻ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുകയാണ് ഇപ്പോള്‍ റയാൻ. കൂടാതെ കോട്ടയം പുഷ്പനാഥിന്റെ കഥകളിലെ ഡിറ്റക്റ്റീവുകളായ മാർക്സിനെയും രാജിനെയും (പുഷ്പരാജ്) വച്ച് ആധുനിക രീതിയിലെ കുറ്റാന്വേഷണ കഥകളും എഴുതുന്നു.
(വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: കോട്ടയം പുഷ്‍പനാഥ് പബ്ലിക്കേഷന്‍സ്)
പുസ്‍തകപ്പുഴയില്‍ പ്രസിദ്ധീകരിച്ച പുസ്‍തകഭാഗങ്ങള്‍, ആസ്വാദനം തുടങ്ങിയവയെല്ലാം ഇവിടെ വായിക്കാം