ഗലീലിയില്‍ കുരുവികള്‍ മരിച്ചുവീഴുന്നു, ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വീശിന്റെ എട്ട് കവിതകള്‍
പുസ്തകപ്പുഴയില്‍ ഇന്ന് മഹ്മൂദ് ദര്‍വീശിന്റെ എട്ട് കവിതകള്‍. വിവര്‍ത്തനം: വി എ കബീര്‍.
ഫലസ്തീനില്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ, കഴിഞ്ഞ ആഴ്ച മലയാളത്തില്‍ ഫലസ്തീന്‍ കവിതകളുടെ വ്യത്യസ്തമായ ഒരു സമാഹാരം പുറത്തിറങ്ങി. ഫലസ്തീന്റെ ദേശീയ കവി മഹ്മൂദ് ദര്‍വീശിന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം, 'ഗലീലിയില്‍ കുരുവികള്‍ മരിച്ചുവീഴുന്നു.' മലയാളികള്‍ക്ക് ഏറ്റവും സുപരിചിതനായ ഫലസ്തീന്‍ കവിയാണ് മഹ്മൂദ് ദര്‍വീശ്. ഫലസ്തീന്‍ ജനത അനുഭവിക്കുന്ന അധിനിവേശത്തിന്റെ കൊടും ക്രൂരതകളും അതിനെതിരായ ചെറുത്തുനില്‍പ്പും േപാരാട്ടവും അതിജീവനവും നിസ്സഹായതയുമെല്ലാം മുറിവേല്‍പ്പിക്കും വിധം തീവ്രമായും ആഴത്തിലും പകര്‍ത്തിയ ആ കവിതകളുടെ വിവര്‍ത്തനങ്ങള്‍ മലയാളത്തില്‍ പലവട്ടം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും ഇംഗ്ലീഷില്‍നിന്നുള്ളവയായിരുന്നു. എന്നാല്‍, അവയില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു, 'ഗലീലിയില്‍ കുരുവികള്‍ മരിച്ചുവീഴുന്നു' എന്ന സമാഹാരം. ദര്‍വീശിന്റെ കവിതകളുടെ മൂലഭാഷയായ അറബിയില്‍നിന്ന് തനിമയും ചൂടുംചോരാതെ മലയാളത്തിലേക്ക് മനോഹരമായ ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ആ കവിതാ സമാഹാരത്തിലെ ചില കവിതകളാണ് ചുവടെ. പ്രമുഖ വിവര്‍ത്തകന്‍ വി എ കബീറാണ് ഈ പുസ്തകം വിവര്‍ത്തനം ചെയ്തത്.
മലയാളത്തില്‍നിന്ന് അറബിയിലേക്കും അറബിയില്‍നിന്ന് മലയാളത്തിലേക്കും വിവര്‍ത്തനം നടത്തിവരുന്ന വി എ കബീര്‍ മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, വിവര്‍ത്തകന്‍, പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. 2019 -ലെ മികച്ച വിവര്‍ത്തനത്തിനുള്ള ശൈഖ് ഹമദ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. അറബ് വസന്തത്തെക്കുറിച്ചുള്ള 'ക്ഷോഭിക്കുന്ന അറബിത്തെരുവുകള്‍' അറബ് വസന്തത്തിന്റെ പ്രധാന ശില്പികളിലൊരാളായ തുണീഷ്യയിലെ റഷശിദ് അല്‍ ഗന്നൂശി ജീവിതം പറയുന്ന 'ഗന്നൂശിയുടെ ആത്മകഥ' തുടങ്ങിയ സ്വതന്ത്ര കൃതികളും സമകാലിക ഒമാനി കവിതകള്‍, ഖുര്‍ആനിലെ ജന്തുകഥകള്‍, ഹസനുല്‍ ബന്നയുടെ ആത്മകഥ തുടങ്ങിയ വിവര്‍ത്തന കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്റര്‍ ആയിരുന്നു.
പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
..............................
തൂക്കാന്‍ വിധിക്കപ്പെട്ടവന്റെ യുക്തി
തൂക്കാന്‍ വിധിക്കപ്പെട്ടവന്റെ യുക്തിയാണ് എനിക്കുള്ളത്:
എനിക്ക് എന്തെങ്കിലും ഉണ്ടായിട്ടുവേണ്ടേ
എന്നെ നീ ഉടമപ്പെടുത്താന്‍?
എന്റെ രക്തംകൊണ്ടാണ് ഞാന്‍
ഒസ്യത്ത് എഴുതിയിട്ടുള്ളത്:
''എന്റെ പാട്ടില്‍ വസിക്കുന്നവരേ, ജലത്തെ വിശ്വസിക്കുക''
രക്തത്തില്‍ കുതിര്‍ന്ന്, നാളെയുടെ കിരീടം ചൂടി ഞാനുറങ്ങി
ഭൂമിയുടെ ഹൃദയം ഭൂപടത്തേക്കാള്‍
വലുതായി ഞാന്‍ സ്വപ്നം കണ്ടു.
എന്റെ കണ്ണാടികളേക്കാള്‍, തൂക്കുകയറിനേക്കാള്‍ സുതാര്യം
എന്നെ ഉയരങ്ങളിലേക്ക് കൊണ്ടുപോയ മേഘത്തില്‍ ഞാന്‍ വിഹരിച്ചു
ഒരു മരംകൊത്തിപ്പക്ഷിയെപ്പോലെ
കാറ്റ് എന്റെ ചിറകുകള്‍...
പുലരിയില്‍ രാത്രികാവല്‍ക്കാരന്റെ വിളി എന്നെ ഉണര്‍ത്തി
എന്റെ കിനാവില്‍നിന്ന്, എന്റെ ഭാഷയില്‍നിന്ന്:
മറ്റൊരു മൃതിയായി നീ ജീവിക്കും
അതിനാല്‍ നിന്റെ ഒടുവിലത്തെ ഒസ്യത്ത് തിരുത്തുക
വധശിക്ഷയുടെ നാള്‍ വീണ്ടും നീട്ടി
ഞാന്‍ ചോദിച്ചു: ഏതുവരെ?
അയാള്‍ പറഞ്ഞു: കൂടുതല്‍ മരണങ്ങള്‍ നീ കാത്തിരിക്കുക
ഞാന്‍ പറഞ്ഞു: എന്റെ അടുക്കല്‍
യാതൊന്നുമില്ല, എന്നിട്ടല്ലേ നീ എന്നെ ഉടമപ്പെടുത്തുക
രക്തംകൊണ്ടാണ് ഞാന്‍ ഒസ്യത്ത് എഴുതിയത്:
എന്റെ പാട്ടില്‍ വസിക്കുന്നവരേ, ജലത്തെ വിശ്വസിക്കുക.
ഗലീലിയില്‍ കുരുവികള്‍ മരിച്ചുവീഴുന്നു
നൊടിയിടയില്‍
ഒരു വര്‍ഷം കഴിഞ്ഞു
രണ്ടുവര്‍ഷം കഴിഞ്ഞു
ഒരു തലമുറക്ക് ശേഷം...
നമ്മള്‍ വീണ്ടും കണ്ടുമുട്ടും
കാമറയില്‍ അവള്‍
ഇരുപത് പൂങ്കാവനങ്ങള്‍ എറിഞ്ഞുതന്നു
ഗലീലിയിലെ കുരുവികളെയും
എന്നിട്ടവള്‍ നടന്നുനീങ്ങി
സാഗരതരംഗങ്ങള്‍ക്ക് പിന്നില്‍
സത്യത്തിന്റെ പുതിയ അര്‍ഥം തേടിക്കൊണ്ട്
എന്റെ ദേശം
രക്തം പുരണ്ട കൈലേസുകള്‍
ഉണങ്ങാനിടുന്ന അയക്കോല്‍
തീരത്ത് ഞാന്‍ നീണ്ടുനിവര്‍ന്ന് കിടന്നു
മണലായി, ഈന്തപ്പനയായി
അവള്‍ അറിയുന്നില്ല
റീതാ,
ഞാനും മരണവും നിന്നെ ദാനം നല്‍കി
വാടിയ ആഹ്ലാദത്തിന്റെ രഹസ്യമായി
ചുങ്കപ്പുരയുടെ കവാടത്തിങ്കല്‍
ഞാനും മരണവും ഞങ്ങളെ പുതുക്കിപ്പണിതു
നിന്റെ ആദിമ നെറ്റിത്തടത്തില്‍
നിന്റെ വസതിയുടെ കിളിവാതില്‍ക്കല്‍
ഞാനും മരണവും രണ്ടു മുഖങ്ങള്‍
എന്തിനാണ് നീ ഇപ്പോള്‍
എന്റെ മുഖത്തുനിന്ന് ഒളിച്ചോടുന്നത്?
എന്തിനാണു നീ ഒളിച്ചോടുന്നത്?
ഗോതമ്പുമണികളെ ഭൂമിയുടെ
കണ്‍പീലികളാക്കുന്നതില്‍നിന്ന്
അഗ്‌നിപര്‍വത ലാവകള്‍
മുല്ലപ്പൂവിന് മറ്റൊരു മുഖം നല്‍കുന്നതില്‍നിന്ന്
എന്തിന് നീ ഒളിച്ചോടുന്നു?
കവാടത്തിന് മുന്നില്‍ തെരുവുപോലെ,
പുരാതനമായ കോളനി പോലെ
നീണ്ടുകിടക്കുമ്പോള്‍
അവളുടെ മൗനമല്ലാതെ
നിശാന്ധകാരത്തില്‍ ഒന്നും എന്നെ
മുഷിപ്പിക്കുന്നില്ല
ശരി, റീതാ
എല്ലാം നീ കരുതുംപോലെ
തന്നെ ആകട്ടെ
മൗനം ഒരു മഴുവാകട്ടെ
നക്ഷത്രങ്ങളുടെ ചട്ടക്കൂടുകളാകട്ടെ
ഒടുവിലെത്തവന്‍ എങ്കിലും ഞാന്‍
ഞാന്‍ ഒടുവില്‍ വന്നവനെങ്കിലും
എനിക്ക് മതിയായത്ര വാക്കുകള്‍ എന്റെ വശമുണ്ട്...
ഓരോ കാവ്യവും ഒരു ചിത്രമാണ്
മീവല്‍പക്ഷിക്ക് ഞാന്‍ വസന്തത്തിന്റെ ഭൂപടം വരച്ചുകൊടുക്കും.
കാല്‍നടക്കാര്‍ക്ക് നടപ്പാതയില്‍ സൈതൂന്‍
പെണ്ണുങ്ങള്‍ക്ക് മരതകക്കല്ല്
വഴി എന്നെ വഹിച്ചുകൊണ്ടുപോകും
വഴിയെ ഞാന്‍ എന്റെ കൈപ്പടത്തില്‍ വഹിക്കും
വസ്തുക്കള്‍ അതിന്റെ രൂപം വീണ്ടെടുക്കും വരെ
പിന്നെ, അതിന്റെ യഥാര്‍ഥ നാമവും
ഓരോ കാവ്യവും അമ്മയാകുന്നു
മേഘത്തിന് അതിന്റെ സഹോദരനെ അവള്‍ തേടിക്കൊടുക്കുന്നു
ജലക്കിണറിന് സമീപം
''എന്റെ കുഞ്ഞേ! നിനക്ക് ഞാന്‍ പകരക്കാരനെ തരാം
എന്തെന്നാല്‍ ഞാന്‍ ഗര്‍ഭിണിയാണ്
ഓരോ കാവ്യവും കിനാവാണ്:
ഞാന്‍ കിനാവ് കണ്ടു, എനിക്കൊരു കിനാവുണ്ടെന്ന്
അതെന്നെ വഹിക്കും; ഞാന്‍ അതിനെയും
മീസാന്‍കല്ലില്‍ ഞാന്‍ അവസാന വരി കുറിക്കുന്നതുവരെ
ഞാന്‍ ഉറങ്ങി... പറക്കാന്‍
മിശിഹാക്കുവേണ്ടി ഞാന്‍ ശീതകാല ഷൂ വഹിച്ചുകൊണ്ടുവരും
എല്ലാവരെയുംപോലെ അവനും നടക്കാന്‍
മലമുകളില്‍നിന്ന്... ജലാശയത്തിലേക്ക്.
ചെയ്തതില്‍ ഖേദം വേണ്ട
ചെയ്തതില്‍ നീ ഖേദിക്കേണ്ട-
ഞാന്‍ പതുക്കെ പറയുകയാണ്,
എന്റെ തന്നെ അപരനോട്
നിന്റെ എല്ലാ സ്മൃതികളുമിതാ
പച്ചയില്‍ കാണപ്പെടുന്നു
ഉച്ചക്കത്തെ പൂച്ച ഉറക്കത്തിലെ പൊറുതികേട്
പൂങ്കോഴിയുടെ തലപ്പൂവ്
മര്‍യമിയ്യ അത്തര്‍
അബയുടെ ഖഹ് വ
പായയും തലയണകളും
സോക്രട്ടീസിന് ചുറ്റും കറങ്ങുന്ന ഈച്ച
പ്ലാറ്റോവിന്റെ തലമുകളിലെ മേഘം
ഹമാസ കവിതാസമാഹാരം
അച്ഛന്റെ പടം
മുഅ്ജമുല്‍ ബുല്‍ദാന്‍ 1
ഷേക്‌സ്പിയര്‍
മൂന്ന് സഹോദരന്മാര്‍, മൂന്ന് സഹോദരിമാര്‍
നിന്റെ ബാല്യകാല സുഹൃത്തുക്കള്‍
ജിജ്ഞാസുക്കള്‍
''അവന്‍ തന്നെയോ ഇവന്‍?''
സാക്ഷികള്‍ക്ക് പല അഭിപ്രായങ്ങള്‍
ചിലപ്പോള്‍ ആയേക്കാം;
അവനെപ്പോലെ തോന്നുന്നു
അപ്പോള്‍ ഞാന്‍ ചോദിച്ചു: ആരിവന്‍
അവര്‍ മറുപടി തന്നില്ല.
ഇവിടെ, ഞാനെന്റെ നിഴലിനെ അഴിച്ചുവിട്ടു
ഏറ്റവും ചെറിയ പാറ തെരഞ്ഞെടുത്ത് ഉറക്കമിളച്ചു
മിഥ്യയെ തകര്‍ത്തു, ഞാനും പൊട്ടിത്തകര്‍ന്നു
ഞാന്‍ കിണറിന് ചുറ്റും നടന്നു
എന്നില്‍നിന്ന് ഞാനല്ലാത്തതിലേക്ക് പറന്നു
ഗാഢമായൊരു ശബ്ദം ഉയര്‍ന്നുവന്നു:
''ഈ ശവക്കല്ലറ നിന്റെ ശവക്കല്ലറയല്ല''
അപ്പോള്‍ ഞാന്‍ ക്ഷമ ചോദിച്ചു
യുക്തിഭദ്രമായ വേദസൂക്തങ്ങള്‍ ഞാന്‍ ഓതി
കിണറ്റിലെ അജ്ഞാതനോട് ഞാന്‍ പറഞ്ഞു:
''സമാധാനത്തിന്റെ ഭൂമിയില്‍
നീ കൊല്ലപ്പെട്ട നാളില്‍ നിനക്ക് ശാന്തി;
കിണറിലെ അന്ധകാരത്തില്‍നിന്ന്
നീ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും.''
1. യാഖൂത്തുല്‍ ഹമരി (1178-1229)യുടെ വിജ്ഞാനകോശ സമാനമായ ചരിത്രപുസ്തകം. 1220-1224 കാലത്തെ നാടുകളുടെ വിവരണം.
ഫലസ്തീന്റെ കാമുകന്‍
ആളും കോളുമില്ലാതെ
തുറമുഖത്ത് നീ കുന്തിച്ചിരിക്കുന്നത്
ഇന്നലെ ഞാന്‍ കാണ്‍കെ,
ഒരനാഥക്കുഞ്ഞുപോല്‍
നിന്നിലേക്കോടിയണഞ്ഞു ഞാന്‍.
മുള്‍ക്കിരീടമണിഞ്ഞ പര്‍വതശൃംഗങ്ങളില്‍
ആട്ടിന്‍കുട്ടിയില്ലാത്ത ഇടയയെപ്പോല്‍
നിന്നെ ഞാന്‍ കണ്ടു.
നിന്റെ വന്യതകള്‍ വേട്ടയാടപ്പെട്ടിരുന്നു
നീയാണെന്‍ പൂങ്കാവനം,
സ്വന്തം കൂട്ടില്‍ ഞാനിന്നന്യനാണ്.
കാഴ്ചയില്‍ നീയൊരു ഫലസ്തീനിയാണ്.
പേരിലും കനവിലും സ്വരത്തിലും
നീയൊരു ഫലസ്തീനിയാണ്.
നീയെനിക്ക് കണ്ണാവുക,
നീയെനിക്ക് നിറമേകുക,
ഹൃദയത്തിന് തിരിയാവുക,
എന്റെയപ്പത്തിനുപ്പാവുക,
ജന്മഭൂമിയുടെ സ്വാദാവുക.
എഴുതി എടുത്തോ ഞാന്‍ അറബി
രേഖപ്പെടുത്തൂ, ഞാന്‍ അറബി
ഐഡി കാര്‍ഡ് നമ്പര്‍ അമ്പതിനായിരം
എനിക്ക് മക്കള്‍ എട്ട്
ഒമ്പതാമന്‍ വേനലിന് പിന്നാലെ വരും
എന്താ ദേഷ്യം വരുന്നുണ്ടോ?
എഴുതി എടുത്തോ, ഞാന്‍ അറബി
അധ്വാനിക്കുന്ന സഖാക്കള്‍ക്കൊപ്പം
കല്ലുവെട്ടുകുഴിയില്‍ പണിയെടുക്കുന്നു
അവര്‍ക്കായി ഞാന്‍ പാറക്കല്ലില്‍നിന്ന്
അപ്പം കുഴിച്ചെടുക്കുന്നു;
ഉടുപ്പുകളും സ്‌കൂള്‍ നോട്ട്പുസ്തകങ്ങളും
എന്നാല്‍, നിന്റെ വാതില്‍പടിക്കല്‍ വന്ന്
ഇരക്കുന്നില്ല
നിന്റെ പടിക്കെട്ട് തറയില്‍ വന്ന്
കൊച്ചാകുന്നില്ല.
ഞാന്‍ അറബി; സ്ഥാനപ്പേരില്ലാത്ത കേവല നാമം
എല്ലാം രോഷത്തില്‍ കഴിയുന്ന ഒരു നാട്ടില്‍
എന്തും സഹിച്ചു കഴിയുന്നവന്‍
കാലം ജനിക്കും മുമ്പേ വേരുറച്ചവന്‍
വാസരങ്ങള്‍ പൊട്ടിവിടരും മുമ്പേ
സൈത്തൂനും പൈന്‍മരങ്ങള്‍ക്കും മുമ്പേ
പുല്ല് നാമ്പെടുക്കും മുമ്പേ
എന്റെ പിതാവ് കലപ്പയുടെ കുടുംബത്തില്‍നിന്ന് വരുന്നവന്‍
കുലീന പ്രഭുകുടുംബത്തില്‍നിന്നല്ല.
എന്റെ പിതാമഹന്‍ ഒരു കൃഷീവലന്‍
ഉന്നതകുലജാതനല്ല
പുസ്തകം വായിക്കും മുമ്പെന്നെ
സൂര്യതേജസ്സ് പഠിപ്പിച്ചവന്‍
എന്റെ വീട് മുളന്തണ്ടും കമ്പുകളുംകൊണ്ട് നിര്‍മിച്ച കാവല്‍കൂര
എന്തേ കണ്ണില്‍ പിടിച്ചില്ലേ?
എനിക്ക് പേരേ ഉള്ളൂ; ഉല്‍പമില്ല
എഴുതി എടുത്തോ, ഞാന്‍ ഒരറബി
മുടി കല്‍ക്കരി നിറം
കണ്ണ് കാപ്പിക്കളര്‍
എന്റെ തിരിച്ചറിയലടയാളങ്ങള്‍ എഴുതി എടുത്തോ:
ശിരോവസ്ത്രത്തിന് മുകളിലെ ഇഖാല്‍ 1
എന്റെ കൈപ്പടം പാറപോല്‍ പരുപരുത്തത്
തൊട്ടാല്‍ തോലുരിയും
എന്റെ വിലാസം:
ഒറ്റപ്പെട്ട വിസ്മൃത കുഗ്രാമീണന്‍
അവിടെ തെരുവുകള്‍ക്ക് പേരില്ല
അവിടെ ആണുങ്ങളെല്ലാം
വയലിലും ക്വാറികളിലും
എന്തേ, കോപം വരുന്നുണ്ടോ?
നിറുത്തണ്ട, എഴുതിക്കോളൂ
ഞാന്‍ അറബി
എന്റെ പിതാമഹന്മാരുടെ മുന്തിരിപ്പഴങ്ങള്‍
നിങ്ങള്‍ കവര്‍ന്നെടുത്തു;
ഞാന്‍ കൃഷിചെയ്യുന്ന മണ്ണും.
എനിക്കും സന്തതികള്‍ക്കും പേരക്കിടാങ്ങള്‍ക്കും
ഈ പാറക്കൂട്ടമല്ലാതെ ഒന്നും ബാക്കിവെച്ചില്ല
മുന്നേപോലെ അതും നിങ്ങളുടെ സര്‍ക്കാര്‍
എടുത്തുകൊണ്ടുപോകുമോ?
എങ്കില്‍
ആദ്യത്തെ താളിന്റെ മുകളില്‍തന്നെ എഴുതിക്കോളൂ
എനിക്ക് ആരോടും വെറുപ്പില്ല
ആരെയും ഞാന്‍ കൈയേറുന്നുമില്ല
എന്നാല്‍, എനിക്ക് വിശന്നാലുണ്ടല്ലോ
കൈയേറ്റക്കാരനെ ഞാന്‍ പിടിച്ചുതിന്നും
കരുതിക്കോളൂ
എന്റെ വിശപ്പിനെയും രോഷത്തെയും
ജാഗ്രതൈ.
1. കറുത്ത ചരടുകള്‍കൊണ്ടുള്ള വട്ടക്കെട്ട്.
ഞങ്ങള്‍ക്കൊരു നാടുണ്ട്
ഞങ്ങള്‍ക്കൊരു നാടുണ്ട് അതിരുകളില്ലാത്ത നാട്
ഇടുങ്ങിയതും വിശാലവുമായ നാട്
അജ്ഞാതമായതിനെ കുറിച്ചുള്ള ഞങ്ങളുടെ ചിന്തപോലെ
അതിന്റെ ഭൂപടത്തിലൂടെ ഞങ്ങള്‍ നടക്കുമ്പോള്‍
ഞങ്ങളെ ഇടുക്കുന്ന നാട്
വെണ്ണീര്‍തുരങ്കത്തിലേക്ക് അത് ഞങ്ങളെ എടുത്തുകൊണ്ടുപോകുന്നു
അതിന്റെ രാവണന്‍കോട്ടയില്‍ ഞങ്ങള്‍ നിലവിളിക്കുന്നു:
എങ്കിലും ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു
ഞങ്ങളുടെ പ്രണയം ഒരു പൈതൃകരോഗമാണ്
ആ നാട്, ഞങ്ങളെ അജ്ഞാത ലോകത്തേക്ക് വലിച്ചെറിയുമ്പോള്‍
ഞങ്ങള്‍ വലുതാകുന്നു, അതിന്റെ വിശേഷണങ്ങളും
ഇലപൊഴിയും അരളിമരങ്ങളും വളരുന്നു
അതിന്റെ പുല്‍മേടുകളും നീല മലകളും വലുതാകുന്നു
ജീവന്റെ വടക്കേ തലക്കലെ
ജലാശയം വിസ്തൃതമാകുന്നു
ജീവന്റെ തെക്കുള്ള കതിരുകള്‍ പൊങ്ങുന്നു
പ്രവാസിയുടെ നാരകം വിളക്കായി തിളങ്ങുന്നു
ഭൂമിശാസ്ത്രം വിശുദ്ധ വേദങ്ങളായി ഉദയംകൊള്ളുന്നു
കുന്നിന്‍പരമ്പരകള്‍ ഉയരെ ഉയരെ പോകുന്നു
''ഒരു പറവയായിരുന്നെങ്കില്‍ ചിറകുകള്‍ കരിച്ചേനേ''
നാടുകടത്തപ്പെട്ട ആത്മാവിനോട് അവ പറയുന്നു
ശിശിരഗന്ധം എന്റെ ഇഷ്ടരൂപം പ്രാപിക്കുന്നു
വരണ്ട ഖല്‍ബില്‍ ചാറല്‍മഴ ഇറ്റിവീഴുന്നു
ഭാവനയുടെ ഉറവകള്‍പൊട്ടി, അതായിത്തീരുന്ന സ്ഥലം
ഒരേയൊരു യാഥാര്‍ഥ്യം
അകലെയുള്ളതൊക്കെയും
ആദിമ ഗ്രാമമായി മടങ്ങുന്നു
ഭൂമി ആദാമിനെ സ്വീകരിക്കാന്‍
പറുദീസയില്‍നിന്നിറങ്ങി ആദാമിനെ കാണാന്‍ പോകുന്നപോലെ
അപ്പോള്‍ ഞാന്‍ പറയുന്നു
ഞങ്ങളെ ഗര്‍ഭം ധരിച്ച നാടാണത്...
അപ്പോള്‍ എപ്പോഴാണ് ഞങ്ങള്‍ ജനിച്ചത്?
ആദാം രണ്ടു സ്ത്രീകളെ പരിണയിച്ചോ
അതോ ഞങ്ങള്‍ വീണ്ടും ജനിക്കുമോ
ഞങ്ങള്‍ പാപം മറക്കാന്‍.
മഹ്മൂദ് ദര്‍വീശ്
കനലെഴുത്ത്
അപരാഹ്നത്തില്‍ ഞങ്ങളുടെ പട്ടണം
ഉപരോധത്തിലായി
ഉപരോധത്തില്‍ പട്ടണം അതിന്റെ
മുഖം തിരിച്ചറിഞ്ഞു
നിറം പറഞ്ഞത് കള്ളമായിരുന്നു
തടവുപുള്ളി,
വിജിഗീഷുക്കളുടെ ബഹുമതിപ്പട്ടങ്ങള്‍ക്കും
നര്‍ത്തകരുടെ പാദരക്ഷകള്‍ക്കും
തിളക്കം നല്‍കുന്ന സൂര്യനുമായി
എനിക്കൊരു ബന്ധവുമില്ല.
തെരുവുകളേ,
നിന്റെ പരേതാത്മാക്കളുടെ എണ്ണവുമായല്ലാതെ
നീയും ഞാനും തമ്മില്‍ ഒന്നുമില്ല
അതിനാല്‍ മധ്യാഹ്നംപോലെ
നീ എരിഞ്ഞൊടുങ്ങുക
വിലാപഗീതികളുടെ പുസ്തകത്തില്‍നിന്ന്
ഓമനേ, നീ ഉദിച്ചുപൊങ്ങുന്നു
നിന്റെ വദനത്തിലെ പ്രകാശ സുഷിരങ്ങള്‍
എന്റെ നെറ്റിത്തടം
എനിക്ക് തിരിച്ചുനല്‍കുന്നു
എന്നില്‍ പുരാതനമായ വീറ് നിറച്ച്
എന്റെ മാതാപിതാക്കള്‍ക്ക് തിരിച്ചുനല്‍കുന്ന
... ഹൃദയമുണ്ടാക്കുന്ന കാപ്പിപ്പുരയിലും
ചന്തയിലുമല്ലാതെ ഞാന്‍ വിശ്വസിച്ചിരുന്നില്ല.
എന്നാല്‍, ഈ കുരിശിന്റെ ആണികള്‍ക്ക് പുറത്ത്
മിന്നലുകളുടെ മറ്റൊരു ഉറവിടവും
പ്രേമിയുടെ പുതുമുഖവും തേടുകയായിരുന്നു ഞാന്‍
തെരുവുനാമങ്ങളുടെ സ്ഥാനക്രമങ്ങള്‍ ഞാന്‍ കണ്ടു
ഹാളിലേക്കിറങ്ങുന്ന മട്ടുപ്പാവില്‍തന്നെ നില്‍ക്കുകയായിരുന്നു നീ
മുഖമില്ലാത്ത രണ്ട് കണ്ണുകള്‍
എങ്കിലും നിന്റെ ശബ്ദം
മങ്ങിയ പെയിന്റിങ്ങിനെ കടന്നുവന്നു
ഞങ്ങളുടെ പട്ടണം മധ്യാഹ്നത്തില്‍ ഉപരോധിക്കപ്പെട്ടു
ഞങ്ങളുടെ പട്ടണം ഉപരോധത്തില്‍
അതിന്റെ മുഖം കണ്ടെടുത്തു
വൃക്ഷത്തിന്റെ സൂതികര്‍മണിയാകട്ടെ
കത്തികളുടെ മൂര്‍ച്ചയില്‍നിന്ന്
ഞാന്‍ ചുംബനം നുകരട്ടെ
വരൂ ഓമനേ,
നമുക്ക് കുരുതിക്കളത്തോട്
ചേര്‍ന്ന് നില്‍ക്കാം...
കാലത്തിന്റെ ആഴക്കിണറുകളില്‍
കുരുവിപ്പറ്റങ്ങള്‍
അധികപത്രികള്‍ പോല്‍ കൊഴിഞ്ഞുവീണു
റീതാ!
വലുതായി വരുന്ന കുഴിമാടം ഞാന്‍ കാണുന്നു
റീതാ!
എന്റെ ചര്‍മത്തില്‍
ചങ്ങലകള്‍ ദേശത്തിന്റെ
രൂപം കൊത്തിയെടുക്കുന്നു.