'തൊഴിലാളികളുടെ വോട്ട് കിട്ടാന്‍ സി പി എം എന്നെ കൂടെക്കൂട്ടി, കാര്യം കഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു'
പുസ്തകപ്പുഴയില്‍ ഇന്ന് പെമ്പിളൈ ഒരുമ സമരനായിക ഗോമതിയുടെ ജീവചരിത്രമായ 'കൊളുന്ത്: ഒരു പെണ്‍സമരത്തിന്റെ ആത്മഭാഷണം' എന്ന പുസ്തകത്തിലെ ഒരധ്യായം. ടി പി ഗായത്രി എഴുതിയ പുസ്തകം ഒലിവ് ബുക്‌സാണ് പ്രസിദ്ധീകരിച്ചത്
എല്ലാവരും തള്ളിപ്പറഞ്ഞപ്പോള്‍ സഹിച്ചില്ല. ആ സമയം ഞാന്‍ ആരെയും ഓര്‍ത്തില്ല. അച്ഛനെയും ഭര്‍ത്താവിനെയും മക്കളെയും ഒന്നും. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എങ്ങനെ മരിക്കണമെന്നാലോചിച്ചു. മരിക്കാനെനിക്കു പേടിയായിരുന്നു. ഭര്‍ത്താവിന്റെ മരുന്നുകളിരുപ്പുണ്ട്. കയ്യില്‍ക്കിട്ടിയ മരുന്നെല്ലാം വാരിത്തിന്നു. പോയി കിടന്നു.
പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ജനപ്രതിനിധിയായിരുന്ന അഞ്ച് വര്‍ഷം സംഭവബഹുലമായിരുന്നു ഗോമതിയുടെ ജീവിതം. ഏറ്റവും അടുപ്പമുള്ളവര്‍ പോലും ശത്രുക്കളായ കാലം. ഒരിക്കലും എത്തില്ലെന്നു കരുതിയ ഇടങ്ങളിലേക്ക് ചേക്കേറേണ്ടി വന്ന കാലം. സ്വന്തം രാഷ്ട്രീയമെന്താണെന്നു പോലും തിരിച്ചറിയാനാകാതെ രാഷ്ട്രീയപാര്‍ട്ടികളുടെ അടിമയാകേണ്ടി വന്ന കാലം. ജീവിതത്തില്‍ എല്ലാത്തരത്തിലും നഷ്ടങ്ങളുടെയും കാലം. ഗോമതിയുടെ ജീവിതം കൂടുതല്‍ സമരതീക്ഷ്ണമായി. എല്ലാവരോടും പോരടിച്ച് ജീവിക്കേണ്ടി വന്നു. ചില തൊഴിലാളി സ്ത്രീകള്‍ ഗോമതിക്കു നേരെ തിരിഞ്ഞു. സമരത്തിനു കാരണം ഗോമതിയാണെന്നു പറഞ്ഞ് അവരില്‍ ചിലര്‍ ആക്രമിച്ചു. പരസ്യമായി മര്‍ദ്ദിച്ചു. 'നിനക്ക് വെച്ചിട്ടുണ്ടെടീ... ' എന്നു പറഞ്ഞ് ഒരു സി.പി.എം. പ്രവര്‍ത്തകന്‍ ഗോമതിക്കു നേരെ ആഞ്ഞടുത്തു. പോലീസും വ്യാപാരികളും ചേര്‍ന്നാണ് അയാളില്‍ നിന്ന് രക്ഷിച്ചത്. ഇതിലൊന്നും ഗോമതിയുടെ സമരവീര്യം കുറഞ്ഞില്ല. ആ പോരാട്ടം തുടരുകയാണ്.
''കൂലി സമരത്തിനൊപ്പമായിരുന്നു തിരഞ്ഞെടുപ്പ്. ഞങ്ങള്‍ ഒന്നിച്ചു നിന്നു പൊരുതി. അതുകൊണ്ടാണ് മൂന്നു സീറ്റ് നേടാനായത്. തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ച ശേഷമാണ് പെമ്പിളൈ ഒരുമ എനിക്കെതിരായത്. അതിനെല്ലാം കാരണം ഒരാളാണ്. ഞാന്‍ ജയലളിതയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നൊക്കെ അവര്‍ പറഞ്ഞു പരത്തി. എനിക്കു കുറേ പണം കിട്ടിയെന്ന് പ്രചരിപ്പിച്ചു. തോട്ടം തൊഴിലാളികളല്ലേ, അവര്‍ക്കൊന്നുമറിയില്ല , കേള്‍ക്കുന്നത് വിശ്വസിക്കും. എന്നെ കണ്ടാല്‍ പലരും നോക്കാതെയായി.
പെമ്പിളൈ ഒരുമയെ ജയലളിതയുടെ പാര്‍ട്ടിയില്‍ ചേര്‍ക്കാനാണ് ഞാന്‍ ശ്രമിക്കുന്നതെന്നൊക്കെ ആരോപണമുണ്ടായി. അത് വാര്‍ത്തയായി. ആദ്യമൊക്കെ ഞാന്‍ പിടിച്ചു നിന്നു. പിന്നെ സഹിക്കാനായില്ല. ഇതൊക്കെ കേട്ട് എന്തിന് ജീവിക്കണമെന്നു തോന്നി. എല്ലാവര്‍ക്കും വേണ്ടിയാണ് തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചത്. എല്ലാവരും തള്ളിപ്പറഞ്ഞപ്പോള്‍ സഹിച്ചില്ല. ആ സമയം ഞാന്‍ ആരെയും ഓര്‍ത്തില്ല. അച്ഛനെയും ഭര്‍ത്താവിനെയും മക്കളെയും ഒന്നും. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എങ്ങനെ മരിക്കണമെന്നാലോചിച്ചു. മരിക്കാനെനിക്കു പേടിയായിരുന്നു.
ഭര്‍ത്താവിന്റെ മരുന്നുകളിരുപ്പുണ്ട്. കയ്യില്‍ക്കിട്ടിയ മരുന്നെല്ലാം വാരിത്തിന്നു. പോയി കിടന്നു. മരണം കാത്തു കിടന്നതാണ്. ഇനി കുറച്ചു സമയമേയുള്ളു ഈ ഭൂമി വിട്ടു പോകാന്‍. ആ കിടപ്പില്‍ അതുവരെയുള്ള ജീവിതം ഓര്‍ത്തു. അമ്മയെയും അച്ഛനെയും ഭര്‍ത്താവിനെയും മക്കളെയും സഹോദരങ്ങളെയും ഓര്‍ത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദി തുടങ്ങി. നില്‍ക്കുന്നില്ല. ഭര്‍ത്താവും ഞാനും മാത്രമേ ആ സമയം വീട്ടിലുള്ളു. ഭര്‍ത്താവിനോട് ഞാന്‍ കാര്യം പറഞ്ഞു. അദ്ദേഹം കുറേ വഴക്കു പറഞ്ഞു. എന്നിട്ട് അടുത്തുള്ളവരെ വിളിച്ചു കൂട്ടി. അദ്ദേഹത്തിന് തനിയെ എഴുന്നേറ്റു നടക്കാന്‍ പോലും പറ്റാത്ത സമയമാണ്. അടുത്തുള്ളവര്‍ എന്നെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി. രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചു വന്നു. സത്യമെന്താണെന്നൊന്നും ആരും തിരക്കിയില്ല. അതായിരുന്നു എന്നെ വിഷമിപ്പിച്ചത്.''
പെമ്പിളൈ ഒരുമയുടെ തീരുമാനങ്ങളൊന്നും പിന്നെ ഗോമതി അറിഞ്ഞില്ല. സജീവമായിരുന്ന കാലത്ത് ഗോമതി അറിയാതെ സംഘടനയില്‍ ഒന്നും നടന്നിരുന്നില്ല. മനോജിനെയും സംഘടന തഴഞ്ഞു. ഗോമതി നല്ലതണ്ണിക്കായി പ്രവര്‍ത്തിച്ചു. അവിടെയും വന്ന് പെമ്പിളൈ ഒരുമക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കി. സി.പി.എമ്മും കോണ്‍ഗ്രസുമെല്ലാം അവരുടെ വഴിക്കും എതിര്‍പ്പുകള്‍ നടത്തിക്കൊണ്ടിരുന്നു. സംഘടനയുടെ പിന്‍ബലമില്ലാതെ, സ്ത്രീകളുടെ പിന്തുണയില്ലാതെ തനിച്ചായിപ്പോയ ഗോമതിയെ അവര്‍ക്കു കൈകാര്യം ചെയ്യാന്‍ എളുപ്പമായിരുന്നു. നില്‍ക്കാനൊരു തറയില്ലാതെ ഗോമതിയും വിയര്‍ത്തു. സ്വതന്ത്ര അംഗമായതിനാല്‍ ബ്ലോക്കിലും ഒറ്റപ്പെടുത്തി. നല്ലതണ്ണിയെ എല്ലാക്കാര്യത്തിലും അവഗണിച്ചു. എന്നിട്ടും തളരാതെ പ്രവര്‍ത്തിച്ചു. അപ്പോഴാണ് സി.പി.എമ്മില്‍ നിന്ന് വിളി വരുന്നത്. എസ്. രാജേന്ദ്രന്‍ എം.എല്‍.എയാണ്. 'ഗോമതിക്ക് പാര്‍ട്ടിക്ക് ഒപ്പം നിന്നു കൂടെ ...?' ഒറ്റക്കു നിന്നാല്‍ ഒന്നും നേടാനാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അപ്പോഴേക്കും ഗോമതിയുടെ പോരാട്ടങ്ങള്‍ ഒറ്റയാള്‍ സമരമായി മാറിക്കഴിഞ്ഞിരുന്നു.
''ഇത്രകാലം ശത്രുവായി കണ്ട പാര്‍ട്ടിയിലേക്കാണ് വിളിക്കുന്നത്. സമരകാലം മുതല്‍ പലതരത്തില്‍ ദ്രോഹിച്ചിട്ടുണ്ട്. അതെല്ലാം മറന്നിട്ട് പോണോ. പലവട്ടം ആലോചിച്ചിട്ടും തീരുമാനമെടുക്കാനായില്ല. ഗോമതിയെ പോലുള്ളവരെ പാര്‍ട്ടിക്കു വേണമെന്നൊക്കെ അദ്ദേഹം പറഞ്ഞു. പക്ഷേ ഞാനൊരു ഡിമാന്‍ഡ് വെച്ചു. തോട്ടം തൊഴിലാളികള്‍ക്ക് പത്ത് സെന്റ് ഭുമി, പിന്നെ പി.എല്‍.സി. ചര്‍ച്ചകളില്‍ എന്നെ കൂടി ഉള്‍പ്പെടുത്തണം. ഞങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കമ്പനിയെ അറിയിക്കാന്‍ വേണ്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ആലോചിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് അംഗീകരിച്ചാല്‍ ഞാന്‍ പാര്‍ട്ടിക്കൊപ്പമുണ്ടായിരിക്കുമെന്നു ഞാന്‍ പറഞ്ഞു. പിന്നെ അദ്ദേഹം വിളിച്ചിട്ടു പറഞ്ഞു: ഗോമതിയുടെ തീരുമാനം അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറാണ്. തൊഴിലാളികള്‍ക്കൊപ്പം ആരും നില്‍ക്കുന്നോ, അവര്‍ക്കൊപ്പമാണ് ഞാന്‍. അതാണെന്റെ രാഷ്ട്രീയം. ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു.'
2016 ജനവരിയിലാണ് ഗോമതി സി.പി.എമ്മില്‍ ചേരുന്നത്. പെമ്പിളൈ ഒരുമയുടെ ദുര്‍ബലമായ സംഘടനാ സംവിധാനങ്ങളില്‍ നിന്ന് പാര്‍ട്ടിയുടെ കെട്ടുറപ്പുള്ള സംവിധാനത്തിലേക്കെത്തിയപ്പോള്‍ ആദ്യം വിഷമിച്ചു. അതൊന്നും അത്ര പരിചയമുള്ള കാര്യമല്ല. സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം പാര്‍ട്ടി പ്രവര്‍ത്തകയുടെ അച്ചടക്കം ഉണ്ടാകണം. ഇത്രയും നാള്‍ അതൊന്നും ആവശ്യമായിരുന്നില്ല. ഗോമതി എന്ന വ്യക്തി എന്താണോ അങ്ങനെ തന്നെ മറ്റുള്ളവരോട് ഇടപെടാം. സംസാരിക്കുന്ന വിഷയങ്ങളിലെല്ലാം കൂടുതല്‍ ജാഗ്രത വേണമെന്ന് പാര്‍ട്ടിക്കാര്‍ പറഞ്ഞു. സംഘടിത പ്രസ്ഥാനത്തിന്റെ ഭാഗമാകുമ്പോള്‍ തൊഴിലാളികള്‍ക്കായി കൂടുതലെന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നായിരുന്നു ഗോമതിയുടെ പ്രതീക്ഷ.
''പാര്‍ട്ടി ഓഫീസില്‍ മുമ്പ് പോയിട്ടുള്ളതെല്ലാം പല വിഷയങ്ങളിലെ പ്രതിഷേധവുമായാണ്. ആദ്യമായാണ് അവരുടെ ആളായി അവിടെ ചെല്ലുന്നത്. എനിക്കൊപ്പം മനോജും മണിയുമുണ്ടായിരുന്നു. എസ് രാജേന്ദ്രന്‍ എം.എല്‍.എ യും മറ്റു സഖാക്കളും ചേര്‍ന്ന് സ്വീകരിച്ചു. എനിക്ക് പാര്‍ട്ടി അംഗത്വം തന്നു. എന്തു ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണമെന്നൊക്കെ അവര്‍ പറഞ്ഞുതന്നു. പാര്‍ട്ടിക്കു വേണ്ടി പ്രസംഗിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ വണ്ടിയിലാണ് പോകുന്നത്. തോട്ടങ്ങളിലൊക്കെ എനിക്കു പാര്‍ട്ടിക്കു വേണ്ടി സംസാരിക്കേണ്ടി വന്നു. തമിഴിലാണ് പ്രസംഗിക്കുന്നത്. അതെല്ലാം ചെയ്തത് തൊഴിലാളികള്‍ക്ക് ഭൂമി വാങ്ങിത്തരുമെന്ന ഒറ്റ പ്രതീക്ഷയിലാണ്. എനിക്കെതിരേ മോശമായി പലതും പറഞ്ഞു നടന്നവരെല്ലാം സഖാവേ എന്നു വിളിച്ച് ഒപ്പം നിന്നു. മുഴുവന്‍ സമയം പാര്‍ട്ടി പ്രവര്‍ത്തകയായി. പ്രസംഗിക്കാന്‍ എനിക്ക് മടിയില്ല. എനിക്കത് ഇഷ്ടമായിരുന്നു. കട്ടപ്പനയില്‍ സി.പി.എം. ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. സി.പി.എമ്മിലെ ഒരാള്‍ക്കു പോലും കമ്പനി വീട് കിട്ടിയിട്ടില്ലെന്ന് അവിടെ പ്രസംഗിക്കുമ്പോള്‍ പറയണമെന്ന് അവരെന്നോടു പറഞ്ഞു. ഞാന്‍ അങ്ങനെ പ്രസംഗിച്ചു. അത് യു.ഡി.എഫ് സര്‍ക്കാരിനുള്ള കുത്തായിരുന്നെന്ന് അന്നെനിക്കറിയില്ലായിരുന്നു. '
2016 -ലെ നിയമസഭാ തിരഞ്ഞെടുപ്പിന് നാലുമാസം മുമ്പേ സി.പിഎം ഗോമതിയെ പാര്‍ട്ടിയിലെത്തിച്ചു. എ.ഐ.ടി.യു.സിയില്‍ പ്രവര്‍ത്തിച്ച ഗോമതി സി.ഐ.ടി.യു അംഗമായി. എം.എല്‍.എയുടെ ഓഫീസില്‍ ഗോമതിക്ക് പ്രത്യേകം കസേരയും മേശയും നല്‍കി. രാവിലെ മുതല്‍ വൈകിട്ട് ആറുമണി വരെ അവിടെ ഉണ്ടാകണം. പക്ഷേ ഗോമതിക്ക് അതൊരു തടവറയായിരുന്നു. പുറത്തിറങ്ങണമെങ്കില്‍ അവര്‍ പറയണം. അതായിരുന്നു അവസ്ഥ. ഇതുവരെ അങ്ങനെയായിരുന്നില്ല. ജോലി ചെയ്യുമ്പോഴും സമരം ചെയ്യുമ്പോഴുമെല്ലാം ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്നു. ഗോമതിയിലൂടെ തോട്ടം തൊഴിലാളികളുടെ വോട്ട് ഉറപ്പിക്കുക. ഒപ്പം പെമ്പിളൈ ഒരുമയെ ദുര്‍ബലപ്പെടുത്തുക. ഇതായിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുകയാണ്. പെമ്പിളൈ ഒരുമക്കൊപ്പം ഗോമതി നിന്നാല്‍ വോട്ടുകള്‍ മറിയും. 2011 -ലെ തിരഞ്ഞെടുപ്പില്‍ എസ്.രാജേന്ദ്രന്റെ ഭൂരിപക്ഷം 4078 വോട്ട് മാത്രമാണ്. പെമ്പിളൈ ഒരുമയെ പരസ്യമായി എതിര്‍ത്താല്‍ ഈ വോട്ടുകള്‍ എത്തുക എ.ഐ.എ.ഡി.എം.കെയിലാകും. തമിഴ് കാര്‍ഡിറക്കി അവര്‍ വോട്ടു പിടിക്കും. അതോടെ ദേവികുളം പാര്‍ട്ടിക്കു കൈവിട്ടു പോകും. എന്നാല്‍ പെമ്പിളൈ ഒരുമയുടെ പിന്തുണ തേടാനും കഴിയില്ല. പിന്നെ ഗോമതിയെ ഒപ്പം നിര്‍ത്തുകയാണ് അവര്‍ കണ്ട വഴി. ഗോമതിയിലൂടെ പതിമൂവായിരത്തോളം വരുന്ന തമിഴ് തൊഴിലാളികളിലേക്കെത്തുക. അവരുടെ വോട്ട് ഉറപ്പിക്കുക. അതായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. പക്ഷേ ഇതൊന്നും ഗോമതിക്കും ഒപ്പം നിന്ന മനോജിനും മനസിലായില്ല. അവര്‍ അതൊക്കെ മനസിലാക്കിയത് ഏറെ െവെകിയാണ്.
പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
''ഞാന്‍ അവര് പറഞ്ഞതു പോലെയൊക്കെ ചെയ്തു. അപ്പോള്‍ ഞാന്‍ പാര്‍ട്ടിയുടെ ആളാണ്. പാര്‍ട്ടി പറയുന്നതു പോലെ പ്രവര്‍ത്തിക്കണം. എസ്. രാജേന്ദ്രനെ എതിര്‍ത്തു മുദ്രാവാക്യം വിളിച്ചിട്ടുള്ള ഞാന്‍ അദ്ദേഹത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പ്രസംഗിച്ചു. അദ്ദേഹത്തെ ജയിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചു. ലയങ്ങളിലെല്ലാം കയറിയിറങ്ങി. എല്ലാവരോടും പറഞ്ഞു ഇദ്ദേഹത്തെ ജയിപ്പിച്ചു വിട്ടാല്‍ നമുക്ക് ഭൂമി വാങ്ങിത്തരുമെന്ന്. ഞാന്‍ പറഞ്ഞതു കൊണ്ട് എല്ലാവരും വിശ്വസിച്ചു. പെമ്പിളൈ ഒരുമ വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നിട്ടും അവര്‍ക്കെന്നെ വിശ്വാസമായിരുന്നു. എവിടെപ്പോയാലും ഗോമതി പഴയ ഗോമതി തന്നെയെന്ന് അവര്‍ക്കറിയാം. ചിലരൊക്കെ വോട്ടു ചോദിച്ചു ചെന്ന എന്നോട് വഴക്കുണ്ടാക്കി. നമ്മളെ എതിര്‍ത്തിരുന്നവര്‍ക്കൊപ്പം ചേര്‍ന്നതിലായിരുന്നു അവരുടെ പരിഭവം. അവരോടും പറഞ്ഞു നമുക്കു വേണ്ടിയാണ്, ഭൂമിക്കു വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന്. എല്ലാവരും വോട്ടു ചെയ്യാമെന്നു സമ്മതിച്ചു. എതിര്‍ത്തവരോട് രാജേന്ദ്രന്‍ തന്നെ നേരിട്ടു പറഞ്ഞിട്ടുണ്ട് ജയിച്ചാല്‍ തൊഴിലാളിക്കു പത്ത് സെന്റ് ഭൂമി വീതം വാങ്ങിത്തരുമെന്ന്. അന്ന് അടിമാലിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് എല്‍.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ തോട്ടം തൊഴിലാളികളുടെ കൂലി അഞ്ഞൂറ് രൂപയാക്കുമെന്നാണ്. പിന്നീട് രണ്ടു വട്ടം എല്‍.ഡി.എഫ്. അധികാരത്തിലെത്തിയെത്തിയിട്ടും കൂലി അഞ്ഞൂറിലെത്തിയിട്ടില്ല.
ഇതിനുള്ളിലെ രാഷ്ട്രീയക്കളികളൊന്നും അന്നു മനസിലായില്ല. ഇന്നായിരുന്നെങ്കില്‍ കുറച്ചെങ്കിലും മനസിലാകുമായിരുന്നു. അന്ന് പാര്‍ട്ടി മെമ്പറാക്കിയത്, എന്നെയും തൊഴിലാളികളെയും ചതിക്കാനാണെന്ന് മനസിലാക്കാന്‍ വൈകി. പെമ്പിളൈ ഒരുമ തകര്‍ക്കാന്‍ ആരെ അതില്‍ നിന്ന് മാറ്റണമെന്ന് അവര്‍ക്കറിയാമായിരുന്നു. അവരത് സാധിച്ചെടുത്തു. നഷ്ടമുണ്ടായത് എനിക്ക് മാത്രമാണ്. ചതിക്കാനാണ് കൂടെ കൂട്ടിയതെന്ന് ഒരിക്കലും തോന്നിയില്ല. അത്തരം ചതികളൊന്നും ജീവിതത്തില്‍ അതുവരെ അറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അന്ന് അവര്‍ക്കെന്നെ എളുപ്പത്തില്‍ ചതിയില്‍പ്പെടുത്താന്‍ കഴിഞ്ഞത്.''
രാജേന്ദ്രന്റെ വാഗ്ദാനം വിശ്വസിച്ച് തോട്ടം തൊഴിലാളികള്‍ അദ്ദേഹത്തിന് വോട്ടു ചെയ്തു. 5072 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാജേന്ദ്രന്‍ ജയിച്ചു. അന്ന് എ.ഐ.എ.ഡി.എം.കെ. പിടിച്ചത് 11613 വോട്ടാണ്. 2011 -ല്‍ കേവലം 646 വോട്ടു കിട്ടിയ എ.ഐ.എ.ഡി.എം.കെ. വലിയ മുന്നേറ്റമാണ് നടത്തിയത്. തമിഴ് ന്യൂനപക്ഷമായ തൊഴിലാളികളുടെ വോട്ട് ആ കാര്‍ഡുപയോഗിച്ച് എ.ഐ.എ.ഡി.എം.കെ. പിടിക്കുമെന്ന് സി.പി.എം. മുമ്പേ കണക്കുകൂട്ടിയിരുന്നു. അത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും. ആ കണക്കുകൂട്ടല്‍ ശരിയായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഭൂമി വാഗ്ദാനം ചെയ്ത് തൊഴിലാളികളെ ഒപ്പം നിര്‍ത്തിയിരുന്നില്ലെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.
എ.ഐ.എ.ഡി.എം.കെ യിലെ പലര്‍ക്കും ഗോമതിയെ നേരിട്ടറിയാം. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഗോമതിക്ക് ക്ഷണം ലഭിച്ചിട്ടുമുണ്ട്. അന്ന് പെമ്പിളൈ ഒരുമയില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് അവരത് നിരസിച്ചത്. സംഘടന വിട്ടെങ്കിലും തമിഴ് തൊഴിലാളികള്‍ക്കിടയില്‍ ഗോമതിക്ക് വലിയ സ്വാധീനമുണ്ട്. ഇത് മുന്നില്‍ കണ്ടാണ് അന്ന സി.പി.എം. ഗോമതിയെ കൂടെക്കൂട്ടിയത്. ഗോമതിയുടെ അന്നത്തെ അവസ്ഥ അവര്‍ക്ക് അതിനുള്ള സാഹചര്യമൊരുക്കുകയും ചെയ്തു. ഭൂമി എന്ന ആവശ്യം അംഗീകരിച്ചതുകൊണ്ട് ഗോമതി ഒപ്പം നില്‍ക്കുകയും ചെയ്തു.
''മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും പാര്‍ട്ടിക്കൊപ്പം സജീവമായി നിന്നു. എം.എല്‍.എക്കൊപ്പം നന്ദിയറിയിക്കാന്‍ പലയിടങ്ങളിലും പോയി. ഞങ്ങളുടെ സ്ഥലങ്ങളില്‍ ഞാനും നന്ദി പറഞ്ഞ് പ്രസംഗിച്ചിട്ടുണ്ട്. അപ്പോഴും പറഞ്ഞു നമ്മുടെ തലമുറകളായുള്ള സ്വപ്നം സഫലമാകാന്‍ ഇനി കാത്തിരിക്കേണ്ടി വരില്ലെന്ന്. അത്രക്ക് പ്രതീക്ഷയായിരുന്നു. അന്ന് സ്വീകരണ കേന്ദ്രങ്ങളിലൊക്കെ അത് മനസില്‍ വെച്ചുകൊണ്ടുള്ള സ്‌നേഹ പ്രകടനമായിരുന്നു. എല്ലാവരും രാജേന്ദ്രന്റെ വാക്കുകളെ അത്രക്ക് വിശ്വസിച്ചു. അത്രക്ക് സമര്‍ത്ഥമായാണ് അവര്‍ തൊഴിലാളികള്‍ക്കു മുന്നില്‍ കാര്യങ്ങളവതരിപ്പിച്ചത്. എന്നെ വിശ്വാസത്തിലെടുത്തതു പോലെ അവര്‍ തൊഴിലാളികളെയും വിശ്വാസത്തിലെടുത്തു. ഞാന്‍ കൂടി ഒപ്പം നിന്നതുകൊണ്ടാണ് അവര്‍ രാജേന്ദ്രന്റെ വാക്കുകള്‍ വിശ്വസിച്ചത്. എനിക്കൊരു സംശയത്തിനിട നല്‍കാതെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. ''
പിന്നീടും സി.പി.എം. വേദികളില്‍ ഗോമതി ഉണ്ടായിരുന്നു. കൂലി സമരത്തിലും ബോണസ് സമരത്തിലും എതിര്‍ത്ത എം.എം. മണിക്കൊപ്പവും വേദി പങ്കിട്ടു. ഏതാനും മാസങ്ങള്‍ അങ്ങനെ കടന്നു പോയി. ഈ സമയമെല്ലാം നല്ലതണ്ണിയിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. സി.പി.എമ്മില്‍ ചേര്‍ന്നതോടെ ബ്ലോക്ക് പഞ്ചായത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായി. ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. അവര്‍ പദ്ധതികള്‍ക്കെല്ലാം അനുമതി നിഷേധിക്കും.
ഇക്കാലം ഗോമതി വീട്ടില്‍ നിന്നും പുറത്തായിരുന്നു. കമ്പനിക്കെതിരേ സമരം ചെയ്ത ഗോമതിയെ കമ്പനി വീട്ടില്‍ താമസിപ്പിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. ഒപ്പം ചില കുടുംബപ്രശ്‌നങ്ങളും തലപൊക്കി. ഗോമതി ദേവികുളം വിട്ട് പൂപ്പാറയില്‍ അച്ഛന്റെ വീട്ടിലേക്കു മാറി. കുറേനാള്‍ അവിടെ നിന്ന് മൂന്നാറിലേക്ക് പോയി വന്നു. നല്ലതണ്ണിയിലേക്കുള്ള വരവും പാര്‍ട്ടി പ്രവര്‍ത്തനവും എല്ലാം കൂടി സമയം തികയുന്നില്ല. അങ്ങനെയാണ് മൂന്നാറില്‍ താമസിക്കാന്‍ തീരുമാനിക്കുന്നത്. മൂന്നാര്‍ കോളനിയില്‍ വീട് വാടകക്കെടുത്തു. താമസം തുടങ്ങി. ഒരു കട്ടിലിടാവുന്ന കുഞ്ഞു മുറിയും അടുക്കളയുമാണ് സൗകര്യം. വാടക മൂവായിരം രൂപ. ഗോമതിയും രണ്ടും മക്കളും അവിടെ താമസം തുടങ്ങി. വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ടു പോയി. അടുത്ത് ഒരു റിസോര്‍ട്ടിന്റെ പണി നടക്കുന്നുന്നുണ്ട്. മക്കള്‍ രണ്ടു പേരും അവിടെ ജോലിക്കു പോകും. ഗോമതി പാര്‍ട്ടി ഓഫീസിലും നല്ലതണ്ണിയിലുമായി പ്രവര്‍ത്തിക്കും.
''പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ കഴിഞ്ഞു. രാജേന്ദ്രന്‍ എം.എല്‍.എ. ഭൂമി വാങ്ങിത്തരുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഞാന്‍ ഇടക്കിടെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. 'സഖാവേ ഭൂമിയുടെ കാര്യം....' അദ്ദേഹം നോക്കാമെന്നു പറയും. ഏഴെട്ടുമാസം കഴിഞ്ഞു. എനിക്കു ക്ഷമ നശിച്ചു. ഞാന്‍ അദ്ദേഹത്തോട് ഭൂമിയുടെ കാര്യം ശക്തമായി ആവശ്യപ്പെട്ടു. അപ്പോഴാണ് അദ്ദേഹത്തിലെ ശരിയായ രാഷ്ട്രീയക്കാരനെ ഞാന്‍ കണ്ടത്. 'തിരഞ്ഞെടുപ്പു കാലത്ത് അങ്ങനെ പല വാഗ്ദാനങ്ങളും നല്‍ക്കും. അതു ജനങ്ങള്‍ക്കറിയാം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാനാകെ തകര്‍ന്നു പോയി. മുഴുവന്‍ തോട്ടം തൊഴിലാളികളോടും മറുപടി പറയേണ്ടത് ഞാനാണ്. എന്നെ വിശ്വസിച്ച് വോട്ടു ചെയ്ത മനുഷ്യര്‍.... ഞാനെന്തൊക്കെയോ പറഞ്ഞു. അദ്ദേഹമെല്ലാം കേട്ടിരുന്നു. പാവപ്പെട്ട തൊഴിലാളികളെ വഞ്ചിക്കാന്‍ കൂട്ടുനില്‍ക്കേണ്ടി വന്ന ഗതികേട് എന്നെ തളര്‍ത്തി. ഞാന്‍ വീട്ടിലേക്കു മടങ്ങി. പിറ്റേന്ന് രാവിലെ പതിവു പോലെ എം.എല്‍.എയുടെ ഓഫീസിലേക്ക് പോകണോ എന്ന് ഒരുപാടാലോചിച്ചു. എന്തായാലും പോകാന്‍ തീരുമാനിച്ചു. ഞാനവിടെ ചെല്ലുമ്പോള്‍ എം.എല്‍.എയുണ്ട്. പക്ഷെ, ഇന്നലെ വരെ അവിടെ ഞാനുപയോഗിച്ചിരുന്ന മേശയും കസേരയും കാണാനില്ല. പാര്‍ട്ടിക്കാര്‍ എനിക്ക് തന്ന ഇരിപ്പിടം. അതെവിടെയെന്ന് ഞാന്‍ ചോദിച്ചു. അത് മറ്റാരുടെയോ ആയിരുന്നു അവര്‍ വന്ന് എടുത്തുകൊണ്ടു പോയി എന്ന് ഉദാസീനമായി പറഞ്ഞു.
എനിക്ക് കാര്യങ്ങള്‍ മനസിലായി. എന്നെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഞാന്‍ ചോദിച്ചു, പത്ത് സെന്റ് വേണ്ട രണ്ട് സെന്റെങ്കിലും ഞങ്ങള്‍ തൊഴിലാളി കുടുംബങ്ങള്‍ക്ക് തന്നുകൂടേ... ? ഞാന്‍ ചോദിച്ചു. സത്യത്തില്‍ ഒരു തരം യാചനയായിരുന്നു അത്.
'അതിന് ഇവിടെ എവിടെയാണ് ഭൂമി. എല്ലാം കയ്യേറ്റ ഭൂമിയല്ലേ?' ഞാന്‍ സ്തംഭിച്ചു പോയി. രാജേന്ദ്രന്‍ ഗൗരവത്തില്‍ തുടര്‍ന്നു. 'ഗോമതിക്കു തുടരണമെങ്കില്‍ ആകാം. അല്ലെങ്കില്‍ പാര്‍ട്ടി വിട്ടു പോകാം.' നില്‍ക്കുന്നിടം പിളര്‍ന്ന് താണുപോയിരുന്നെങ്കിലെന്ന് ഞാന്‍ ആ നിമിഷം ചിന്തിച്ചു.
'എനിക്ക് അവിടെ നില്‍ക്കാന്‍ തോന്നിയില്ല. ഞാന്‍ പുറത്തേക്കുനടന്നു. എന്നെ സി.പി.എമ്മില്‍ എത്തിച്ചത് തൊഴിലാളികള്‍ക്കു ഭൂമി എന്ന ആവശ്യം പരിഗണിക്കുമെന്ന ഉറപ്പാണ്. ഞങ്ങള്‍ സ്ത്രീകളുടെ സമരവും ഇതിനൊക്കെ വേണ്ടിത്തന്നെയായിരുന്നു. മൂന്നാറില്‍ മലയാളം, തമിഴ് വേര്‍തിരിവുകളൊക്കെയുണ്ട്. അത് സി.പി.എമ്മിലുമുണ്ട്. പാര്‍ട്ടിക്കും ഞങ്ങളെ വേണ്ട. രാജേന്ദ്രന്‍ മികച്ച പാര്‍ട്ടി പ്രവര്‍ത്തകനാണ് പാര്‍ട്ടി പറഞ്ഞതാണ് അയാള്‍ ചെയ്തതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് അദ്ദേഹത്തോടു വിരോധമൊന്നുമില്ല. അദ്ദേഹം അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്. അങ്ങനെ മാത്രമേ അദ്ദേഹത്തിനു ചെയ്യാന്‍ കഴിയൂ. ഭൂമിയില്ലാത്തവരായി. ഭൂമിക്ക് വേണ്ടാത്തവരായി ഞങ്ങള്‍ മാത്രം. എനിക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല. സ്ത്രീകള്‍ക്ക് ഒരു പരിഗണനയും നല്‍കുന്ന പാര്‍ട്ടിയല്ല അത്.'
2017 ല്‍ ഗോമതി സി.പി.എം വിട്ടു. ഏപ്രിലില്‍ സി.ഐ.ടി.യു അംഗത്വവും ഉപേക്ഷിച്ചു. ആ സമയം ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ വൈസ് പ്രസിഡന്റായിരുന്നു ഗോമതി. ഗോമതി പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം മകന് വിജയ്ക്ക് മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ ജോലി കൊടുത്തിരുന്നു.
'പക്ഷേ അത് ഞാനറിഞ്ഞിരുന്നില്ല. അറിഞ്ഞയുടന്‍ മകനോട് ആ ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ വീണ്ടും തൊഴില്‍ രഹിതനായി. ഗോമതി സി.പി.എമ്മില്‍ ചേര്‍ന്ന് മകന് ജോലി വാങ്ങിച്ചു എന്നു കേള്‍ക്കാനിഷ്ടമില്ല. എന്റെ കുടുംബം നന്നാക്കാനോ മക്കളെ രക്ഷപെടുത്താനോ അല്ല സി.പി.എമ്മില്‍ ചേര്‍ന്നത്. അതുകൊണ്ട് പാര്‍ട്ടി അംഗമായതിന്റെ പേരിലുള്ള ഇത്തരം ആനുകൂല്യങ്ങള്‍ സ്വീകരിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതു മക്കളെയും ബോധ്യപ്പെടുത്തി. ആദ്യം അവര്‍ക്കതത്ര മനസിലായില്ല. പിന്നീട് അവര്‍ക്കും മനസിലായി.''
ഗോമതി പടിയിറങ്ങിയതിന് ശേഷവും സി.പി.എമ്മുകാര്‍ വെറുതേയിരുന്നില്ല. ഗോമതിക്കെതിരേ പകപോക്കലാരംഭിച്ചു, കമ്പനിയിലെ താല്ക്കാലിക ജോലിയൊക്കെ ആര്‍ക്കു കൊടുക്കണമെന്നു തീരുമാനിക്കുന്നത് തൊഴിലാളി യൂണിയനുകളാണ്. ഗോമതിക്കൊപ്പം നിന്നവര്‍വരൊക്കെ മേസ്ത്രി, പ്ലംമ്പിങ് ജോലികളൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അവര്‍ക്കൊന്നും പിന്നീട് ജോലി കൊടുത്തില്ല. അതിനിടെയാണ് മകനെതിരായ പോക്‌സോ കേസ് കൊണ്ടു വരുന്നത്.
''ഇവിടെ പാര്‍ട്ടിക്കാരും കമ്പനിയും പോലീസും ഒക്കെ ഒറ്റക്കെട്ടാണ്. എനിക്കെതിരേ എല്ലാവരും ഒന്നിച്ചാണു പ്രവര്‍ത്തിച്ചത്. സ്വസ്ഥമായി ജീവിക്കാന്‍ അനുവദിച്ചില്ല. എപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒരുപാട് ശ്രമിച്ചിട്ടാണ് ഒരു ജോലി കിട്ടിയത്. താമസിക്കുന്ന മൂന്നാര്‍ കോളനിക്കടുത്തുള്ള റിസോര്‍ട്ടില്‍. പരിചയമുള്ള ഒരു ചേച്ചിയാണ് ആ ജോലി ശരിയാക്കി തന്നത്. അവരും അവിടെ ജോലി ചെയ്യുന്നുണ്ട്. ആകെ കഷ്ടമാണ്, ജീവിക്കാന്‍ വഴിയില്ല. അവര്‍ക്കത് മനസിലായതു കൊണ്ടാണ് എന്നെ സഹായിച്ചത്. ഒരു ദിവസം ജോലിക്കു പോയി. രണ്ടാമത്തെ ദിവസം രാവിലെ അവിടെ നിന്ന് വിളിച്ചു. 'ഗോമതിയക്ക ജോലിക്കുവരണ്ട. അക്കക്കു ജോലി കൊടുക്കരുതെന്ന് സി.പി.എം കാര്‍ പറഞ്ഞിട്ടുണ്ട്. ജോലി തന്നാല്‍ അവര്‍ പ്രശ്‌നമുണ്ടാക്കും. ഞങ്ങളോട് ഒന്നും തോന്നരുത്.' അവര്‍ ഫോണ്‍ വച്ചു. പിന്നെയും പലയിടത്തും പോയി. ആരും ജോലി തന്നില്ല. എനിക്കു മാത്രമല്ല മക്കള്‍ക്കും ജോലി കൊടുത്തില്ല. വാടക കൊടുക്കാന്‍ പോലും നിവൃത്തിയില്ലാതെ ഞങ്ങള്‍ വലഞ്ഞു. താമസിക്കുന്ന വാടക വീട് ഒഴിപ്പിക്കാനും ശ്രമം നടന്നു. വീടിന്റെ രേഖകള്‍ ഹാജരാക്കണമെന്നു പറഞ്ഞു പോലീസ് നിരന്തരം ശല്യപ്പെടുത്തി. ആ സ്ഥലം കയ്യേറിയതാണെത്രെ. ഞാന്‍ വീട്ടുടമയെ വിളിച്ചു പറഞ്ഞു. അവര്‍ തമിഴ്‌നാട്ടില്‍ നിന്ന് രേഖകളുമായെത്തി. പിന്നെ കുറച്ചുനാള്‍ അങ്ങനെ പോയി. വീണ്ടും വീടിന്റെ രേഖകള്‍ കൊണ്ടു വരാന്‍ പറഞ്ഞു. എപ്പോഴും ഇതേ കാര്യത്തിന് തമിഴ്‌നാട്ടില്‍ നിന്ന് അവര്‍ക്കു വരാന്‍ കഴിയില്ലല്ലോ. ഞാനിവിടെ താമസിക്കുന്നതാണ് അവരുടെ പ്രശ്‌നമെന്നു മനസിലായി. എന്നും പോലീസുകാര്‍ എന്നെ തേടിയെത്തും. തൊട്ടടുത്ത വീട്ടിലുള്ളവര്‍ക്കൊക്കെ എന്റെ അവസ്ഥ അറിയാമായിരുന്നു. പോലീസ് എന്നെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് അവര്‍ക്കു മനസിലായി. ഗോമതിയെ ജീവിക്കാന്‍ അനുവദിക്കില്ലേ എന്നവര്‍ പോലീസിനോടു ചോദിച്ചു. ശല്യം സഹിക്കാതായപ്പോള്‍ ഞാന്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നാട്ടുകാരും എതിര്‍ത്തു തുടങ്ങിയതോടെ പോലീസ് അല്‍പം അടങ്ങി. ഇന്നും പോലീസ് പിന്നാലെയുണ്ട്. എവിടെ പോകുന്നു, ആരോടൊക്കെ സംസാരിക്കുന്നു... ചുറ്റും നോട്ടമാണ്. ഇങ്ങനെ പിന്നാലെ നടന്ന് അന്വേഷിക്കാന്‍ മാത്രം തെറ്റുകളൊന്നും എന്റെ ഭാഗത്തില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നിട്ടും എന്നെ ജീവിക്കാന്‍ അനുവദിക്കാത്തതെന്താണ്?
ഞാനവിടെ തുടര്‍ന്നാല്‍ വീട്ടുടമക്കും അയല്‍വാസികള്‍ക്കും പ്രയാസങ്ങള്‍ ഉറപ്പാണ്. എന്നെ സഹായിക്കുന്ന ആരെയും അവര്‍ വെറുതേ വിടില്ല. അതുകൊണ്ട് ഞാന്‍ ഒന്നുറപ്പിച്ചു. മൂന്നാര്‍ വിടുക. അങ്ങനെ 2019 ഫെബ്രുവരിയില്‍ ഞാന്‍ മൂന്നാര്‍ വിട്ടു. പൂപ്പാറയില്‍ അച്ഛന്റെ വീട്ടിലേക്കായിരുന്നു യാത്ര.''