മരണത്തിന്റെ ട്രാക്കില്‍നിന്ന് രാജു പിടിച്ചുകയറ്റിയ ആ സ്ത്രീ ഇപ്പോള്‍ എവിടെയാണ്?

സിനിമാ നിരൂപകനും എഴുത്തുകാരനുമായ കെ പി ജയകുമാറിന്റെ ആദ്യനോവലാണ് 'ആ'. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന നോവലിലെ ഒരു ഭാഗം ഇവിടെ വായിക്കാം. 

excerpts from Aa a novel by KP Jayakumar

അന്ന് ഉച്ചയ്ക്ക് മുമ്പ് ഒരു ജീപ്പ് മാന്നാനം പള്ളിമുറ്റത്ത് വന്നുനിന്നുതായും കറുത്ത വസ്ത്രം ധരിച്ച ഒരു സംഘമാളുകള്‍ക്കൊപ്പം സഭാരാജ് വന്നിറങ്ങിയതായും കാര്യം തിരക്കാന്‍ ചെന്ന വികാരിയച്ചനെ പൊടുന്നനെ സംഘം വളഞ്ഞതായും അവര്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായും ഒടുവില്‍ ഇന്ന് സൂര്യനസ്തമിക്കും മുമ്പ് മലയിലെ പുലയരുടെ മേലുള്ള കേസുകള്‍ പിന്‍വലിച്ചില്ലങ്കില്‍ ഇനിയും ഞങ്ങള്‍ വരുമെന്നും ആ വരവ് ഇങ്ങനെയായിരിക്കില്ലന്നും സഭാരാജ് പറഞ്ഞതായും സംഘം മടങ്ങിയതായും ഉള്‍ഭയത്താല്‍ പ്രമാണിമാരും വൈദികരും പൊടുന്നനെ അതിരമ്പുഴ പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞ് പരാതി പിന്‍വലിച്ചതായും കഥ. അതോ ചരിത്രമോ? 

 

excerpts from Aa a novel by KP Jayakumar

 

അപ്പോള്‍ ഞാന്‍ ആലോചിച്ചത് മറ്റൊരാളെക്കുറിച്ചാണ്. മരണത്തിന്റെ ട്രാക്കില്‍നിന്ന് രാജു പിടിച്ചുകയറ്റിയ സ്ത്രീയെക്കുറിച്ച്. അവര്‍ ആരായിരുന്നു? രാജുവിന്റെ തിരോധാനത്തിന് ശേഷം അവര്‍ക്കെന്തു സംഭവിച്ചു? അവരിപ്പോള്‍ എവിടെയായിരിക്കും?

അവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോയെന്ന് രണ്‍ജിത്തിനെ വിളിച്ചന്വേഷിക്കാമെന്ന് ആദ്യം കരുതി. പിന്നീടത് വേണ്ടെന്നുവച്ചു. അന്വേഷണത്തിന്റ ട്രാക്ക് മാറിപ്പോകും. രണ്‍ജിത്ത് ഇപ്പോള്‍ കൃത്യമായ വഴിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല അയാള്‍ ഒരാഴ്ച കോട്ടയത്ത് ഉണ്ടാവില്ലന്നും പറഞ്ഞിരുന്നു.

അങ്ങനെയാണ് രാജുവിനെ തിരഞ്ഞ്, രാജുവിന്റെ കഥയിലെ സ്ത്രീയെ തിരഞ്ഞ് ഞാന്‍ നാഗമ്പടത്തെ റെയില്‍വേ പുറംപോക്ക് കോളനിയിലെത്തുന്നത്.

അക്കാലം, ആ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും പിന്നിലേയ്ക്ക് മുപ്പതാണ്ടുകളുടെ ദൂരമുണ്ടായിരുന്നു. നഗരം അതിന്റെ പഴയ അടയളങ്ങള്‍ മായ്ച്ചു കളഞ്ഞിരുന്നു. പുറംപോക്ക് മനുഷ്യരുടെ സ്ഥാവരങ്ങള്‍ക്കുമേല്‍ നാഗമ്പടം മേല്‍പ്പാലം രാപ്പകലിലില്ലാതെ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. റെയില്‍പ്പാളത്തിന് ഇരുപുറങ്ങളിലായി കൊരുത്തുകെട്ടിയ കുടിലുകളുടെ സ്ഥാനത്ത് ഇടിഞ്ഞുപൊളിഞ്ഞ അവശിഷ്ടങ്ങള്‍മാത്രം. വീടുകള്‍ ഉണ്ടായിരുന്നു എന്നതിന്റെ വിദൂരമായ മണ്ണടയാളങ്ങള്‍. പൊളിഞ്ഞുവീണ ചുമരുകളുടെ ശേഷിപ്പുകള്‍.

ഇവിടെയുണ്ടായിരുന്ന മനുഷ്യര്‍ എവിടെപ്പോയിരിക്കും...? മേല്‍പ്പാലത്തിനു കീഴിലൂടെ വടക്കോട്ട് നടന്നാല്‍ അവിടവിടെയായി നാടോടികള്‍ വലിച്ചുകെട്ടിയ ചാക്ക് കുടിലുകളും പുകയുന്ന കല്ലടുപ്പുകളും കാണാം. വെയില്‍ നക്കിത്തുടച്ച കുഞ്ഞുങ്ങള്‍ നഗ്‌നരായി ഓടിക്കളിച്ചുകൊണ്ടിരിക്കുന്നു. എവിടെത്തുടങ്ങും? ആരോട് അന്വേഷിക്കും?

പാലം അവസാനിക്കുന്നിടത്ത് സാധാരണക്കാരുടേതുപോലെ ചെറുവീടുകള്‍ നിരനിരയായി കണ്ടു. അതൊരു ചേരിപോലെ തോന്നിച്ചു. ചേരിക്ക് ഉള്ളിലേയ്ക്ക് കയറിപ്പോകുന്ന വീതികുറഞ്ഞ ഇടവഴി. വറ്റല്‍മുളകും ഉണക്കമീനും ചെറു പായകളില്‍ ഉണക്കാനിട്ടിരിക്കുന്നു. വീടുകള്‍ മിക്കതും  അടഞ്ഞുകിടന്നു. തീരെ ചെറിയ കുട്ടികളും വൃദ്ധരും മാത്രം പുറം തിണ്ണകളിലോ ഇടവഴിയിലോ കാണായി. നീണ്ട വടിയുമായി വാതില്‍പ്പടിയില്‍ ഇരിക്കുന്ന വൃദ്ധ സ്ത്രീകള്‍ ഉണങ്ങാനിട്ട വറ്റല്‍ കൊത്താന്‍ വരുന്ന കാക്കകളെ ആട്ടിയോടിച്ചു. അപൂര്‍വ്വമായി ചില സൈക്കിളുകളോ മോട്ടോര്‍ ബൈക്കുകളോ ചേരിയിലേയ്ക്ക് ഊളിയിട്ടു.

നടപ്പാതയുടെ അറ്റത്ത് ഒന്നുരണ്ട് കടകള്‍. പച്ചക്കറിയും ഉണക്കമീനും വില്‍ക്കുന്ന ചാക്ക്‌കൊണ്ട് മറയിട്ടതാണ് ഒന്ന്. തീരെ തിരക്കുണ്ടായിരുന്നില്ല. അതിനപ്പുറം സുഗന്ധ മുറുക്കാന്‍ വില്‍ക്കുന്ന തട്ട്. അതിനുമപ്പുറം മൊബൈല്‍ കമ്പനിയുടെ കീറിത്തുടങ്ങിയ പരസ്യക്കുടയ്ക്കു കീഴില്‍ ലോട്ടറി വില്‍ക്കുന്ന മധ്യവയസ് പിന്നിട്ട സ്ത്രീ. ഞാനവരോട് രാജുവിനെ തിരക്കി.

''രാജുവോ?... ഓ... അങ്ങനൊരാളെ ഇവിടെങ്ങും കേട്ടിട്ടില്ല... എവിടുന്നാ..? എന്തിനാ...?'' പലചോദ്യങ്ങള്‍.

''ഞാന്‍ കണ്ടുപിടിച്ചോളാം.''  എന്നുപറഞ്ഞ് മുന്നോട്ട് നടന്നു. അപ്പോഴേക്കും പിന്നില്‍ ഒന്നുരണ്ടാളുകള്‍ വന്നുകൂടി. സംസാരവും ചോദ്യങ്ങളും അവര്‍ തമ്മിലായി.

കുറച്ചുകൂടി മുന്നിലെത്തിയപ്പോള്‍ ഒരു പലചരക്ക് കട കണ്ടു. അല്പം പ്രായം ചെന്ന ഒരാളാണ് കടനടത്തുന്നത്. സാധനങ്ങള്‍ വാങ്ങാനൊന്നും ആരുമുണ്ടായിരുന്നില്ല. അയാള്‍ പത്രത്തിന്റെ ചരമ പേജ് നിവര്‍ത്തി വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

''രാജു...?'' അയാളുടെ നെറ്റിചുളിഞ്ഞു. ഓര്‍മ്മകളെ ആവാഹിച്ച് വരുത്താനുള്ള ശ്രമത്തില്‍ പുരികം മുകളിലേയ്ക്ക് വളഞ്ഞു.

രാജുനെപ്പറ്റി ഞാനൊരു ചെറിയ വിശദീകരണം നല്‍കി. ''ഇടംകൈ അല്പം ശോഷിച്ചിട്ടാണ്. ചെറിയ തോതില്‍ കഞ്ചാവ് കച്ചവടോം മറ്റുമായി....'' കേസ് അന്വേഷണത്തിന് വേഷം മാറിവന്ന പോലീസാണെന്ന് തെറ്റിദ്ധരിച്ചാകും അയാള്‍ എഴുന്നേറ്റുനിന്ന് കാര്യമായി ആലോചന തുടങ്ങി.

 ''ഇവിടെയൊരു രമ്യാ ടീ ഷോപ്പ് ഉണ്ടായിരുന്നില്ല?'' ഞാന്‍ അടുത്ത അടയാളം പറഞ്ഞു.

''രമ്യാ...?'' അയാളുടെ പുരികം നിവരുകയുണ്ടായില്ല.

''പത്തുമുപ്പത് വര്‍ഷം മുമ്പുള്ള കടയാണ്.'' അടയാളം ഒന്നുകൂടി കൃത്യമാക്കി.

''ഓ... നമ്മടെ ചെല്ലപ്പന്‍ചേട്ടന്റെ ചായക്കടയായിരിക്കും.'' ഓര്‍മ്മകളുടെ മിന്നായം.

''അതിവിടല്ല കേട്ടോ... ഈ പാലത്തിനപ്പറത്താ. ബസ്റ്റാന്റിന്റെ തെക്കുവശത്തായിട്ട് വരും...  പുറംപോക്കിലാ... ഇപ്പോ കാര്യമായിട്ടൊന്നുമില്ല. മക്കളാ നടത്തുന്നെ.''

അയാള്‍ കൈചൂണ്ടിയ ദിക്കിലേയ്ക്ക് നടന്നു. ചെല്ലപ്പന്‍ ചേട്ടന് പ്രായമായെന്നും കടയും വീടുമൊക്കെ ഒന്നായതുകൊണ്ട് ചിലപ്പോള്‍ അവിടെത്തന്നെ കാണുമെന്നും. അല്ലങ്കില്‍ നാഗമ്പടം ഷാപ്പില്‍ തിരക്കിയാല്‍ മതിയെന്നും അയാള്‍ പറഞ്ഞിരുന്നു.  

രമ്യാ ടീ ഷോപ്പ്. അതൊരു ചായക്കടയുടെ ഭൂതകാലമായിരുന്നു. പീഞ്ഞപ്പെട്ടിയുടെ പലകകൊണ്ട് അടിച്ചുണ്ടാക്കി ചുമര്. ഏതൊക്കെയോ സിനിമകളുടെയും നാടകങ്ങളുടെയും പുകഞ്ഞ പോസ്റ്ററുകള്‍ക്കിടയില്‍ നാഗമ്പടം സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പുതിയ കലണ്ടര്‍ കാലംതെറ്റിക്കിടക്കുന്നു. പൊളിഞ്ഞും പൊട്ടിയും നില്‍ക്കുന്ന കഴുക്കോലുകള്‍ക്കുമേല്‍ പച്ചയും പൂപ്പലും നിറഞ്ഞ ഓടിന്റെ ഭാരം. മുന്നിലെ മരപ്പലകയില്‍ രമ്യാ ടീ ഷോപ്പ് എന്ന് ചോക്കുകൊണ്ട് എഴുതിയിട്ടുണ്ട്. കടയില്‍ പ്രായംചെന്ന ചിലര്‍ വെറുതെ ബീഡിയും വലിച്ചിരിക്കുന്നുണ്ടായിരുന്നു. പഴയ ചില്ലലമാര ഓര്‍മ്മകളുടെ എണ്ണയും മധുരവും കനച്ച് ശൂന്യമായി കിടന്നു. 

ആദ്യം ചെല്ലപ്പന്‍ ചേട്ടനെ തിരക്കി. അദ്ദേഹം പുറത്തെവിടയോ ആയിരുന്നു. മകനെന്നു തോന്നിക്കുന്ന മെലിഞ്ഞ മധ്യവയസ്‌കന്‍ കാര്യം തിരക്കി. ഞാന്‍ രാജുവിന്റെ കാര്യം പറഞ്ഞു. നെറ്റി ചുളിച്ചതിനപ്പുറം അയാളുടെ ഓര്‍മ്മയില്‍ രാജു തെളിഞ്ഞില്ല. കടയിലുണ്ടായിരുന്ന വൃദ്ധര്‍ അവരവരുടെ ഓര്‍മ്മകളില്‍ മുഖരിതമായി. ഇതിനിടയില്‍ പത്തുവയസ് തോന്നിക്കുന്ന പയ്യനെ കടക്കാരന്‍ പുറത്തേയ്ക്ക് പറഞ്ഞയച്ചു.

''അച്ഛനിപ്പോ വരും... അവന്‍ കൂട്ടിക്കൊണ്ടുവരും. ചോദിക്കാം..'' ചെല്ലപ്പന്‍ ചേട്ടന്റെ മകന്‍ ബഞ്ച് തുടച്ച് എനിക്ക് ഇരിപ്പിടം ശരിയാക്കിത്തന്നു.

''ചായ എടുക്കട്ടെ...''എന്ന് അയാളോ ''ഒരു സ്‌പെഷ്യല്‍ ചായ'' എന്ന് ഞാനോ പറഞ്ഞില്ല. അവിടെ കത്തുന്ന അടുപ്പോ, ആവിപറക്കുന്ന സമോവറോ ഉണ്ടായിരുന്നുമില്ല.

രാജുവിനെക്കുറിച്ചൊരു ലഘുവിവരണം ഞാന്‍ അയാള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ കടയില്‍ അപ്പോഴുണ്ടായിരുന്ന വൃദ്ധരെ ഉദ്ദേശിച്ചാണ് ഞാന്‍ സംസാരിച്ചത്. അവരെല്ലാം ഒറ്റയ്ക്കും കൂട്ടായും ഓര്‍മ്മകളില്‍ പലപാട് പരതാന്‍ തുടങ്ങി.

''അതവന്‍ തന്നെയായിരിക്കും... അവന് പണ്ട് കഞ്ചാവിന്റെ പരിപാടിയായിരുന്നു. പക്ഷെ കൈയ്ക്ക് സ്വാധീനക്കൊറവൊന്നുമില്ലാരുന്നു.'' ഒരാള്‍ പറഞ്ഞു.

''നിങ്ങളീപ്പറയുന്നപോലെ അവനെങ്ങുന്നും പെണ്ണിനെ കൊണ്ടുവന്നിട്ടില്ല...'' മറ്റൊരു വൃദ്ധന്‍ തീര്‍ത്തുപറഞ്ഞു.

''അത് രമണനാടാ... അവനും മറ്റേ കച്ചവടമാരുന്നു. പോലീസ് പിടിച്ചിടിച്ച് എല്ല് വെള്ളമാക്കിയപ്പോ നിര്‍ത്തി. ഇപ്പോ എവിടാണോ?'' കഥ വഴിമാറുകയാണ്.

''രാജു ഇവിടൊണ്ടായരുന്നു. ഇവിടെ കോളനീലാരുന്നു. അവനൊരു പെണ്ണിനേംകൊണ്ട് വെളുപ്പാന്‍കാലത്ത് വന്ന് പൊറുതി തൊടങ്ങീതാ... വാടകയ്ക്ക്...'' അതുവരെ ബീഡി വലിച്ചിരിക്കുകയായിരുന്ന വൃദ്ധനാണ് സംസാരിച്ചത്.

''തോമാച്ചന്‍ ചേട്ടനറിയാവോ?'' കടക്കാരന്‍

''നിങ്ങക്കൊന്നും ഓര്‍മ്മ കാണത്തില്ല. നിങ്ങളൊക്കെ പിന്നെ വന്നോരാ. ചെല്ലപ്പനറിയാം അവനെ.റ ചെല്ലപ്പന്‍വരട്ടെ.'' ആ ചേട്ടന്റെ പേര് തോമാച്ചന്‍ എന്നാണെന്നും അയാളും ചെല്ലപ്പന്‍ചേട്ടനും ഏറെക്കുറെ സമകാലികരാണെന്നും മനസ്സിലായി.

നാട്ടുകാര്‍ക്കറിയേണ്ടത് എന്തിനാണ് രാജുനെ തിരക്കി ഇങ്ങനെയൊരാള്‍ ഇപ്പോള്‍ വന്നതെന്നായിരുന്നു. ചില പഴയ കേസുകളുടെ കാര്യത്തിനാണ് എന്ന് പറഞ്ഞതോടെ എല്ലാവരുടെയും മുഖത്ത് ഭയം കലര്‍ന്ന ആദരവ്. പിന്നീടാരും ഒന്നും ചോദിച്ചില്ല. ചെല്ലപ്പന്‍ ചേട്ടന്റെ വരവിനായി ഞങ്ങള്‍ കാത്തിരുന്നു.

ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞുകാണും. ചെല്ലപ്പന്‍ ചേട്ടനും പയ്യനുംകൂടി വന്നു. നീണ്ടുമെലിഞ്ഞ് രൂപം. നടക്കുമ്പോള്‍ അല്പം കൂനുണ്ട്. പച്ചനിറമുള്ള കള്ളിമുണ്ടാണ് വേഷം. തലയില്‍ തോര്‍ത്ത് വട്ടം കെട്ടിയിട്ടുണ്ട്. നരച്ച മീശ വെടിപ്പായി പിരിച്ചുവച്ചിരിക്കുന്നു. ഷേവ് ചെയ്ത് മിനുക്കിയ മുഖം. നരച്ച പുരികത്തിന് താഴെ രക്ത ഛവിയുളള വിടര്‍ന്ന കണ്ണുകള്‍. വന്നപാടെ തലയിലെ കെട്ടഴിച്ച് മുഖവും നെഞ്ചും തുടച്ചു് ബഞ്ച് വലിച്ചിട്ടിരുന്ന് കാര്യം തിരക്കി.

''ചെല്ലാ... നെനക്കറിയാമ്മേലേ ആ രാജൂനെ.... രാജുവേ... ആ കയ്യ് ശോഷിച്ചവന്‍.'' തോമാച്ചന്‍ തുടക്കമിട്ടു. 

''ഈ സാറ് അവനേം തെരക്കിവന്നതാ.... ഏതാണ്ട് പഴേ കേസാ..''  തോമാച്ചന്‍

''പിന്നേ... എനിക്കറിയാമ്മേലേ.... അവനൊരു പെണ്ണിനേംകൊണ്ട് ഇവിടെ വന്ന് പൊറുതിയാരുന്നു. അഞ്ചാറ് മാസം കഴിഞ്ഞപ്പൊ അവനെ കാണാതായി. ആ പെണ്ണ് കൊറച്ചുനാളൊക്കെ ഇവിടെയുണ്ടാരുന്നു... അല്ലേ തോമാച്ചാ?'' ചെല്ലപ്പന്‍

''അവളെ ആരാണ്ടും വന്ന് മഠത്തിലോട്ട് കൊണ്ടുപോയെന്നാ കേട്ടെ. പിന്നെ അവനേം ഇവിടെ കണ്ടിട്ടില്ല...'' തോമാച്ചന്‍ തുടര്‍ന്നു. 

''ഏത് മഠമാണെന്നറിയാമോ? അവരുടെ പേരോ മറ്റോ?'' ഒന്നുകൂടി ചികഞ്ഞുനോക്കാമെന്ന് ഞാന്‍ കരുതി.

''പേര്.. ജസ്സമ്മേന്നോ എന്തോ ആണ്... അത് ശരിക്കൊള്ള പേരാണോന്ന് അറിയത്തില്ല. മടമേതാ...?'' ചെല്ലപ്പന്‍ ചേട്ടന്റെ ഓര്‍മ്മകളെ പൂരിപ്പിച്ചുകൊണ്ട് തോമാച്ചന്‍ കൂട്ടിച്ചേര്‍ത്തു.

''മടം. അതിരമ്പുഴേലാ... ആ പെണ്ണിന്റെ വീടങ്ങ് മാന്നാനത്തോ മറ്റോ ആരുന്നു. ഏതോ കൊള്ളാവുന്ന വീട്ടിലെ കൊച്ചാ. കളിപ്പുപറ്റിയതാന്നാ കേട്ടെ... അവടമ്മേടെ ബന്ധു ഒരു കന്യാസ്ത്രീ അതിരമ്പുഴേലൊണ്ടാരുന്നു. അവര് വന്നാ കൊണ്ടുപോയത്. പിന്നെ കണ്ടിട്ടൊന്നുമില്ല...''

അതിരമ്പുഴയിലെ സന്യാസിനി മഠം എന്നതിലപ്പുറം സൂചനകളൊന്നും എത്ര ഖനിച്ചിട്ടും കിട്ടില്ല. യാത്ര അതിരമ്പുഴയിലേയ്ക്ക്.

അതിരമ്പുഴയിയില്‍ രണ്ട് സന്യാസിനി മഠങ്ങളുണ്ടായിരുന്നു. മുപ്പതോളം വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ ആര്‍ക്കും ഓര്‍മ്മയില്ല. പല സന്യാസിനിമാരും മറ്റിടങ്ങളിലേയ്ക്ക് സ്ഥാലം മാറിപ്പോയിരുന്നു. മാന്നാനത്തുകാരി ജസ്സമ്മ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള സൂചനകളില്‍ നിന്ന് സെന്റ് മെരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറില്‍ ചെറിയൊരോര്‍മ്മ മുളപൊട്ടി.

''ഇവിടെ മഠത്തിന്റെ ചുമലതയുണ്ടായിരുന്ന മദര്‍ വിനീതയുടെ ഒരു ബന്ധു കുറച്ചുനാള് ഇവിടൊണ്ടാരുന്നു. പേര് എനിക്കത്ര തിട്ടമില്ല.''

''ഈ മദര്‍ വിനീതയെ കാണാന്‍ കഴിയുമോ?'' ഞാന്‍ തിരക്കി.

''ഓ... മദറിന് പ്രായമായി. വിശ്രമത്തിലാ. നാല്‍പാത്തിമലയില്‍ ഞങ്ങക്കൊരു ഓള്‍ഡ് ഏജ് ഹോമുണ്ട് സിസ്റ്റേഴ്‌സിനുള്ളത്. അവിടാ.''

അതിരമ്പുഴയില്‍ നിന്ന് വണ്ടികയറി. അമലഗിരിക്ക് മുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങി.

അവിടെ നിന്ന് ഇടത്തോട്ടുള്ള വഴി നാല്‍പാത്തി മലയിലേയ്ക്കാണ്. അത് വലിയൊരു കുന്നായിരുന്നു. പണ്ട് ആ കുന്നിനെച്ചുറ്റി വയലകളുണ്ടായിരുന്നു. വയലുകള്‍ നിരന്നു. പലതും നഗരങ്ങളോ അര്‍ദ്ധനഗരങ്ങളോ ആയി. കുന്നിന്‍ നെറുകയില്‍നിന്ന് വയലോരം വരെ ചീന്തിയെടുത്ത ഭാഗത്താണ് പിന്നീട് സര്‍വകലാശാല സ്ഥാപിച്ചത്. നാല്‍പാത്തിമല എന്ന പ്രാചീന സ്ഥലനാമത്തെ പ്രിയദര്‍ശിനിക്കുന്ന് എന്നും പില്‍ക്കാലം പി ഡി ഹില്‍സ് എന്നും മൊഴിമാറ്റി. വംശിമയുടെ വേരറുത്തു.

നാല്‍പാത്തിമലയിലെ പുലയരുടെ വിയര്‍പ്പിലാണ് താഴ്‌വാരങ്ങളിലെ വയലുകള്‍ വിളഞ്ഞത്. പത്തൊമ്പതാം ശതകത്തിന്റെ അന്ത്യയാമങ്ങളില്‍ മലകയറിവന്ന സി എം ഐ മിഷനറിമാര്‍ സുവിശേഷം പകര്‍ന്നു. അവര്‍ സ്‌നാനം ചെയ്തു. വെള്ളമുണ്ടും മേല്‍മുണ്ടും റൗക്കയുമിട്ടു. മലമുകളില്‍നിന്ന് താഴ്‌വാരത്തേയ്ക്ക് നടന്ന് മാന്നാനം പള്ളിയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അവര്‍ക്ക് മുന്നില്‍ പൊതുവഴിയും പെരുവഴിയും തുറക്കപ്പെട്ടു. കുട്ടികള്‍ പള്ളിയിലും പള്ളിക്കൂടത്തിലും പേയി.

മഞ്ഞുപെയ്ത ഒരു വെളുപ്പാന്‍ രാവിലെ ക്രിസ്തുവിങ്കല്‍ ലയിച്ച ചാക്കോമൂപ്പന്റെ ശരീരവുമായി ആദ്യ ശവഘോഷയാത്ര താഴ്‌വാരത്തേയ്ക്ക് പുറപ്പെട്ടത് ഒരുനൂറ്റാണ്ടെങ്കിലും മുമ്പാണ്. മാര്‍ഗംകൂടിയ പുലയന്റെ ശവം പള്ളിയില്‍ കയറ്റാനാവില്ലന്ന് പ്രമാണിമാര്‍  കട്ടായം പറഞ്ഞു. വഴിമുടക്കി വിശ്വാസികള്‍ അണിനിരന്നു. മരണമറിയിച്ച് പള്ളിമണികള്‍ മുഴക്കാനുമായില്ല. മണിമേടയിലേയ്ക്കുള്ള വഴിയില്‍ നസ്രാണിപ്പെണ്ണുങ്ങള്‍ വിലങ്ങനെ നിന്ന് പൊരുതി.

ചാക്കോമൂപ്പന്റെ ശവമഞ്ചവുമായി പുതുക്രിസ്ത്യാനികള്‍ മൗനികളായി സെമിത്തേരിയിലേയ്ക്ക് നടന്നു. ശവക്കോട്ടയുടെ അരുകില്‍ വെട്ടുകല്ലുകള്‍ക്കിടയില്‍ കുഴിതോണ്ടി, പൊരിവെയിലത്ത് ഉണക്കാനിട്ടപോലെ ശരീരം ചെമ്മണ്ണില്‍ കിടത്തി. പള്ളിവികാരിക്ക് പകരം കൈക്കാരനും കൊച്ചച്ചനും അന്ത്യശുശ്രൂഷ നടത്തി. കുന്തിരിക്കവും മീറയും പുകഞ്ഞില്ല. സാമ്പ്രാണിത്തിരികള്‍ പുകഞ്ഞ് മണം പരത്തി. ചെമ്മണ്ണ് കൂനയ്ക്ക് മുകളില്‍ മരക്കുരിശ് അടയാളം വച്ച് പുലയ ക്രിസ്ത്യാനികളുടെ മൗനജാഥ താഴ്‌വരയില്‍നിന്ന് മലമുകളിലേയ്ക്ക് തിരികെപ്പോയി. അവരുടെ ആത്മാവിന് മുറിവേറ്റിരുന്നു. അത് ആ പൊരിവെയിലില്‍ ആരാലും കാണാതെ നീറിപ്പുകഞ്ഞു.

പിന്നീടും മരണങ്ങളുണ്ടായി. അന്ത്യശുശ്രൂഷയും ഉപചാരങ്ങളുമില്ലാതെ മരിച്ചവര്‍ മണ്ണുപൂകി.

മറ്റൊരു പകല്‍.

മരിച്ച മത്തായിപ്പാപ്പനെയും ചുമന്ന് മലയിറങ്ങിയ യുവാക്കള്‍ സെമിത്തേരിയിലേയ്ക്കുള്ള തിരിവില്‍ വച്ച് പൊടുന്നനെ വെട്ടിത്തിരിഞ്ഞ് പള്ളിയുടെ കവാടം കടന്നു. ഒരാള്‍ മണിമേടയിലേയ്ക്ക് ഓടിക്കയറുകയും ഓട്ടുമണിയുടെ വടം ആഞ്ഞുവലിക്കുകയും ചെയ്തു. പുലയ ക്രിസ്ത്യാനിയുടെ മരണമറിയിച്ച് ആദ്യമായി പള്ളിമണി മുഴങ്ങി. വിശ്വാസികള്‍ പള്ളിമുറ്റത്തേയ്ക്ക് പ്രവഹിച്ചു. കലാപം ഉരുണ്ടുകൂടി. വൈദികര്‍ കൈകോര്‍ത്തുപിടിച്ച് ജാതിമതില്‍ കെട്ടി ജനക്കൂട്ടത്തെ തടഞ്ഞു. ശവം പള്ളിയില്‍ അനാഥമായിരുന്നു. ഈച്ചകള്‍ ആര്‍ത്തുവന്നു. ഗത്യന്തരമില്ലാതെ വികാരിയച്ചന്‍ ശുശ്രൂഷനടത്തി. അന്നാറേ, മരിച്ച പുലയന് വേണ്ടി, പുതുക്രിസ്ത്യാനിക്കുവേണ്ടി കുന്തിരിക്കവും മീറയും പുകഞ്ഞു.

സെമിത്തേരിയില്‍ വെട്ടുകല്ലുകള്‍ക്കിടയില്‍ ചെമ്മണ്ണില്‍ മരക്കുരിശ് നാട്ടി അവര്‍ മലകയറുമ്പോള്‍ താഴ്‌വരയില്‍ പകയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയായിരുന്നു.

മാര്‍ഗം കൂടിയ ക്രിസ്ത്യാനികള്‍ക്ക് വിവാഹം നടത്തിക്കൊടുക്കാനും പള്ളി വിസമ്മതിച്ചിരുന്നു. വിശുദ്ധ ആശ്രമമാകയാല്‍ മറ്റ് പള്ളികളിലേയ്ക്ക് കുറിമാനം കൊടുത്ത് അവരെ ഒഴിവാക്കിക്കൊണ്ടിരുന്നു. അകലേയ്ക്ക് പോകാനുള്ള ശേഷിയില്ലാത്തതിനാല്‍ അവര്‍ മുറ്റത്ത് പന്തലിട്ട്, വാഴപ്പിണ്ടിയില്‍ കുരുത്തോലകുത്തി മണ്ഡപമുണ്ടാക്കി, വിശുദ്ധപുസ്തകം മുന്നില്‍വച്ച് മെഴുകുതിരികള്‍ കത്തിച്ച് കാര്‍ന്നോമ്മാരുടെ കാര്‍മ്മികത്വത്തില്‍ കെട്ടുനടത്തി. ഒരിക്കല്‍ ഒരു സംഘമാളുകള്‍ അള്‍ത്താര പിടിച്ചടക്കുകയും വന്നവരിലൊരാള്‍ വൈദികനായും മറ്റൊരാള്‍ കൈക്കാരനായും വിവാഹശുശ്രൂഷ നടത്തുകയും ചെയ്തതോടെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഉരുണ്ടുകൂടിയ കാര്‍മേഘം പൊട്ടിയൊലിച്ചു. 

അള്‍ത്താര കയ്യേറി കല്യാണം നടത്തിയ കണ്ടാലറിയുന്ന നാല്പതോളം പേര്‍ക്കെതിരെ സഭ പോലീസില്‍ പരാതികൊടുത്തു. അന്നുച്ചയ്ക്ക് മുമ്പ് പോലീസ് സന്നാഹം താഴ്‌വര താണ്ടുന്നത് മലമുകളില്‍നിന്ന് അവര്‍ കാണുകയുണ്ടായി. കുന്നിന്റെ കിഴക്കേ ചെരിവിലൂടെ ആണുങ്ങള്‍ ഒളിസങ്കേതങ്ങളിലേയ്ക്ക് പാഞ്ഞു. കുടിലുകളായ കുടിലുകളെല്ലാം ആ പകലും രാത്രിയും പോലീസ് അരിച്ചുപെറുക്കി. സ്ത്രീകളെ മുടിക്കുത്തിന് പിടിച്ച് ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തി ചന്തിയില്‍ ലാത്തികൊണ്ടടിച്ചു. പ്രസവിച്ചുകിടന്ന പെണ്ണുങ്ങളെ പായയില്‍നിന്ന് ചവിട്ടി താഴെയിട്ട് പായ കത്തിച്ചു. ആ പായ ചൂട്ടുമായി വെറിപൂണ്ട് കുന്നാകെ അരിച്ചുനടന്നു. കരയുന്ന കുഞ്ഞുങ്ങളെ കയ്യില്‍ തൂക്കി മുറ്റത്തേയ്ക്കിട്ടു. കുഞ്ഞുങ്ങള്‍ കരയാതിരിക്കാന്‍ അമ്മമാര്‍ അവരുടെ വായും മൂക്കും അടക്കം പിടിച്ചു. വൃദ്ധരുടെ ഉടുമുണ്ട് പറിച്ച് പെരുവഴിയില്‍ വരിനിര്‍ത്തി. കന്നുകാലികളെ കെട്ടഴിച്ചുവിട്ടു. കച്ചിത്തുറുവിന് തീയിട്ട് താഴ്‌വാരത്തെ പ്രമാണിമാര്‍ക്ക് അടയാളം കാട്ടി. മനുഷ്യരുടെ നിരാലംബവും നിസ്സായവുമായ നിലവിളികള്‍ പാതിരകഴിഞ്ഞും താഴ്‌വാരത്ത് പ്രതിധ്വനിച്ചു. താഴ്‌വരയിലെ പ്രാക്തന ക്രിസ്ത്യാനികള്‍ അതുകേള്‍ക്കെ ആനന്ദംകൊണ്ടു. ആകാശത്തേയ്ക്ക് കൈകളുയര്‍ത്തി സ്‌തോത്രം ചെയ്തു!

ഒളിവില്‍പ്പോയ ആണുങ്ങള്‍ രാത്രിക്കുരാത്രി അയര്‍ക്കുന്നം മണിമലവഴി കിഴക്കോട്ട് നടന്നു. വിശന്നും ദാഹിച്ചും ഓടിയും നടന്നും നട്ടുച്ചയ്ക്ക് അവര്‍ മുക്കടയിലെത്തി സഭാരാജിനെ കണ്ടു. അഭയംതേടി വന്നവരെ സഭാരാജിന്റെ ആളുകള്‍ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. തലനിറയെ വെളിച്ചെണ്ണ തേച്ച് കുളിച്ചുവരാന്‍ കുളത്തിലേയ്ക്ക് പറഞ്ഞുവിട്ടു. കുളിച്ചുകേറി വന്നവര്‍ക്ക് കഞ്ഞിയും പുഴുക്കും വിളമ്പി. കിടക്കാന്‍ തഴപ്പായ വിരിച്ചു. ആപല്‍ശങ്ക വിട്ടൊഴിഞ്ഞ ആ പകല്‍ അവര്‍ ഗാഢമായുറങ്ങി. ഉറക്കത്തില്‍ ഭാര്യയേയും മക്കളെയും സ്വപ്നംകണ്ട് ചിലര്‍ വിതുമ്പിക്കരഞ്ഞു.

''നിങ്ങള്‍ പൊയ്‌ക്കോ... ഞങ്ങള്‍ നോക്കിക്കൊള്ളാം.'' എന്ന സഭാരാജിന്റെ ഉറപ്പില്‍ പിറ്റേന്ന് പുലര്‍ച്ചെ അവര്‍ മലമുകളിലേയ്ക്ക് തിരിച്ചുനടന്നു.

അന്ന് ഉച്ചയ്ക്ക് മുമ്പ് ഒരു ജീപ്പ് മാന്നാനം പള്ളിമുറ്റത്ത് വന്നുനിന്നുതായും കറുത്ത വസ്ത്രം ധരിച്ച ഒരു സംഘമാളുകള്‍ക്കൊപ്പം സഭാരാജ് വന്നിറങ്ങിയതായും കാര്യം തിരക്കാന്‍ ചെന്ന വികാരിയച്ചനെ പൊടുന്നനെ സംഘം വളഞ്ഞതായും അവര്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായും ഒടുവില്‍ ഇന്ന് സൂര്യനസ്തമിക്കും മുമ്പ് മലയിലെ പുലയരുടെ മേലുള്ള കേസുകള്‍ പിന്‍വലിച്ചില്ലങ്കില്‍ ഇനിയും ഞങ്ങള്‍ വരുമെന്നും ആ വരവ് ഇങ്ങനെയായിരിക്കില്ലന്നും സഭാരാജ് പറഞ്ഞതായും സംഘം മടങ്ങിയതായും ഉള്‍ഭയത്താല്‍ പ്രമാണിമാരും വൈദികരും പൊടുന്നനെ അതിരമ്പുഴ പോലീസ് സ്റ്റേനിലേക്ക് പാഞ്ഞ് പരാതി പിന്‍വലിച്ചതായും കഥ. അതോ ചരിത്രമോ? 

എന്തായാലും അടുത്ത ഈസ്റ്ററിന് മുമ്പ് നാല്‍പാത്തിമലയില്‍ പള്ളിയും ശവക്കോട്ടയും നിര്‍മ്മിക്കപ്പെട്ടു. അടക്കിനും കെട്ടിനും ഇനി മാര്‍ഗം കൂടിയവര്‍ മലയിറങ്ങേണ്ടതില്ലെന്ന് സഭാപ്രമാണിമാര്‍ തീരുമാനിച്ചു. വിശ്വാസത്തിന്റെ ചരിത്രത്തിലെ അതിപ്രധാനമായ വഴിയിലൂടെയാണ് ഞാനിപ്പോള്‍ നടക്കുന്നത്.

മലമുകളില്‍ അപരാഹ്ന സൂര്യനെതിരെ കുരിശടയാളം കാണായി. നിറം വാര്‍ന്നുപോയ പഴ പള്ളി. വിശ്വാസികളുടെ കാല്‍പ്പാദമേറ്റ് ചതഞ്ഞ പുല്ലുവഴിയിലൂടെ പള്ളിമുറ്റത്തേയ്ക്ക് നടന്നു. അവിടെ കുട്ടികള്‍ ഓടിക്കളിക്കുന്നുണ്ടായിരുന്നു. പള്ളിയില്‍ ആരും ഉള്ളതായി തോന്നിയില്ല.

ഏറെ നേരം കഴിഞ്ഞില്ല മെലിഞ്ഞുനീണ്ട ഒരു മനുഷ്യന്‍ ഒഴുകിവന്നു. വെളുത്ത നീളന്‍ ജുബ്ബയും നീലനിറമുള്ള മുണ്ടുമായിരുന്നു വേഷം. വേദപുസ്തകം നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു. നരച്ചുനീണ്ട മുടിയും താടിയും കാറ്റില്‍ പാറി. വൈദികനോ മറ്റോ ആയിരിക്കണം. ഞാന്‍ അയാളുടെ അടുത്തേയ്ക്ക് നടന്നു. എന്നെ കണ്ടതും അയാള്‍ നടത്തം നിര്‍ത്തി. യേശുവിന്റെ വൃദ്ധരൂപം പോലെ തോന്നിച്ച അയാളുടെ കണ്ണുകള്‍ക്ക് നല്ല തിളക്കമുണ്ടായിരുന്നു. മുഖത്തെ വിഷാദം ചിരികൊണ്ട് മായ്ക്കാനാവാതെ അയാള്‍ എന്നെ നോക്കി.

ഞാന്‍ സ്വയം പരിചയപ്പെടുത്തി.

''ഈ പള്ളീലെ അച്ചനാണോ?''

''അല്ല. ഒരു വിശ്വാസി... ഇയ്യോബ്'' അയാള്‍ പറഞ്ഞു.

''വൃദ്ധരായ കന്യാസ്ത്രീകള്‍ താമസിക്കുന്ന ഒരാശ്രമം ഇവിടെ ഉണ്ടെന്നറിഞ്ഞു.'' ഞാന്‍ തിരക്കി.

അയാള്‍ വഴി കാട്ടിത്തന്നു. ആ വഴിയിലൂടെ കുന്നിന്റെ അങ്ങേച്ചെരിവേയ്ക്കിറങ്ങി. ഇരുപാടും പൂവരശുകള്‍ പടര്‍ന്നുപന്തലിച്ച കുത്തനെയുള്ള ഇടവഴിയിലൂടെ ഭൂമിയുടെ ആഴങ്ങളിലേയ്‌ക്കെന്നപോലെ ഞാന്‍ നടന്നു.

ഓട് പാകിയ പഴയൊരു വീട്. മുറ്റം നിറയെ തിരുഹൃദയച്ചെടികള്‍. അവയുടെ നിറമുള്ള ഇലകള്‍ സൂര്യനോക്കി വിടര്‍ന്നു ചിരിച്ചു. പ്രായമേറിയ സന്യാസിനിമാര്‍ വൃക്ഷഛായകളില്‍ ഇളവേല്‍ക്കുന്നു. ഗേറ്റില്‍ ഏറെനേരം നിന്നപ്പോള്‍ അധികം പ്രായമില്ലാത്ത കന്യാസ്ത്രീ വന്നു് എന്താണെന്ന് തിരക്കി. മദര്‍ വിനീതയെ കാണാനാണെന്നു് ഞാന്‍ പറഞ്ഞു. എന്തിന് ആര് എന്നീ ഉപചോദ്യങ്ങള്‍ക്കു കൂടി മറുപടി പറയേണ്ടിവന്നു. എഴുത്തുകാരനാണ്, പത്രപ്രവര്‍ത്തകനാണ് എന്നീ ഉത്തരങ്ങളില്‍ തൃപ്തിപ്പെട്ടിട്ടാവണം ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗേറ്റ് തുറക്കപ്പെട്ടു.

അകത്തെ പ്രാര്‍ത്ഥനാ മുറിയില്‍ ചാരുകസേരയില്‍ ഏകയായിരിക്കുന്ന മദര്‍ വിനീതയുടെ മുന്നിലേയ്ക്ക് ഞാന്‍ നയിക്കപ്പെട്ടു. മദര്‍ എന്നെ അടുത്തുള്ള കസേരയിലേയ്ക്ക് ക്ഷണിച്ചു.

''രാജു എന്ന മനുഷ്യനെക്കുറിച്ചും ജസ്സമ്മ എന്ന് പേരുള്ള സ്ത്രീയെക്കുറിച്ചും അന്വേഷിക്കാനാണ് ഞാന്‍ വന്നത്'' മുഖവുരയില്ലാതെ പറഞ്ഞു.

വളരെ നേരം അവര്‍ എന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നു.

''എനിക്കൊന്നും പറയാനില്ല.'' അവര്‍ പ്രാര്‍ത്ഥനയിലേയ്ക്ക് മടങ്ങി.

എനിക്ക് മുന്നില്‍ വഴികള്‍ അടയുകയാണ്.

''മദര്‍ ഒരു പക്ഷെ, ഏല്ലാവരാലും മറന്നുപോയേക്കാവുന്ന ഒരിക്കലും തിരുത്തപ്പെടാതെ പോയേക്കാവുന്ന ഒരു സത്യത്തിന് പിന്നാലെയാണ് ഞാന്‍. അതിലേക്കുള്ള വഴിയാണ് ഈ രണ്ട് മനുഷ്യര്‍. അവരാരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. പക്ഷെ എനിക്കവരെ കണ്ടെത്തിയേ മതിയാകൂ. എന്തുകൊണ്ടെന്നാല്‍ അത് സത്യത്തിലേയ്ക്കുള്ള വഴിയാണ്.'' ഒരു സുവിശേഷകന്റെ ഭാഷയില്‍ ഞാനവരോട് കെഞ്ചി.

ഒടുവില്‍ അവര്‍ എന്നെ കേള്‍ക്കാന്‍ തയ്യാറായി. സംഭവങ്ങള്‍ ഞാന്‍ ചുരുക്കി വിവരിച്ചു. എല്ലാം കേട്ടുകളിഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു.

''ഇതൊക്കെ എന്തിന്...? ആര്‍ക്കുവേണ്ടി...?''

മദര്‍ ചോദിച്ചു. അതിനെനിക്ക് ഉത്തരമുണ്ടായിരുന്നില്ല. ഏറെ നേരത്തെ മൗനത്തിന് ശേഷം മദര്‍ വിനീത സംസാരിച്ചു തുടങ്ങി.

 ''അവളുടെ പേര് ജസ്സമ്മ എന്നല്ല ജസീന്ത എന്നാണ്. ഒരുപാടനുഭവിച്ച കുട്ടിയാ. പക്ഷെ, വിധി ഒരിക്കലും അവള്‍ക്ക് സമാധാനം കൊടുത്തില്ല. എന്നും കൊടിയ പരീക്ഷണങ്ങള്‍ മാത്രം. നിങ്ങളീ പറയുന്ന രാജൂനെ എനിക്കറിയില്ല. മരണത്തില്‍നിന്ന് അവളെ കൈപിടിച്ച് നടത്തിയവനാണ് എന്നുമാത്രമറിയാം. പിന്നീട് അവനെ കാണാതായി. മാസങ്ങള്‍ കാത്തിരുന്നിട്ടും തിരിച്ചുവന്നില്ല. കുഞ്ഞേ, അവന്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നോ? അതോ അവള്‍ക്ക് തോന്നിയതാണോ?'' അവര്‍ കണ്ണുകളടച്ച് കര്‍ത്താവിനോട് അപേക്ഷിക്കുന്നതുപോലെ എന്തോ പിറുപിറുത്തു.

''ജസീന്ത അയച്ച കത്തില്‍ നിന്നാണ് ഞാന്‍ വിവരമറിഞ്ഞത്. അന്നു ഞാന്‍ അതിരമ്പുഴയിലെ മഠത്തിലായിരുന്നു. അവള്‍ കത്തുകളയച്ചത് ആര്‍ക്കാണെന്ന് എനിക്കറിയില്ല. അത് വന്നുചേര്‍ന്നത് എന്റെ കൈകളിലാണ്.'' അവര്‍ പറഞ്ഞു.

''ബന്ധുവായ കന്യാസ്ത്രീ കൂട്ടിക്കൊണ്ടുപോയി എന്നാണല്ലോ നാട്ടുകാര്‍ വിശ്വസിക്കുന്നത്.'' ഞാന്‍ പറഞ്ഞു.

''നിരാലംബരുടെ ബന്ധുക്കളാണല്ലോ കര്‍ത്താവും അവന്റെ മണവാട്ടിമാരും.'' മദര്‍ ചിരിച്ചു. ''അല്ലാതെ മറ്റു ബന്ധുത്വമൊന്നും ഞങ്ങള്‍ക്കിടയിലില്ല. കര്‍ത്താവ് അവള്‍ക്കായി എന്നെ നിയോഗിച്ചു. അത്രമാത്രം.'' ഒന്നുനിര്‍ത്തി മുകളിലേയ്ക്ക് കണ്ണുകളയച്ച് അദൃശ്യനായ ദൈവത്തോടെന്നപോലെ പിന്നെയും പ്രാര്‍ത്ഥിച്ചു.

''നാഗമ്പടത്തെ റെയില്‍വേ കോളനിയില്‍ നിരാലംബയായി കഴിഞ്ഞിരുന്ന അവളെ ഞാന്‍ കൂട്ടിക്കൊണ്ടുവന്നു. അതിരമ്പുഴയിലെ മഠത്തിലേയ്ക്ക്. മഠത്തില്‍ അധികകാലം നിര്‍ത്താന്‍ പറ്റില്ല. അവളുടെ കഥകേട്ടപ്പോള്‍ വീട്ടിലേയ്ക്ക് മടക്കി അയക്കാനും തോന്നിയില്ല. അന്നിവിടെ പള്ളിയിലുണ്ടായിരുന്ന കൊച്ചച്ചന്‍, ഫാദര്‍ ജോണ്‍സണ്‍, മൂന്നാറിലേയ്ക്ക് സ്ഥലം മാറിപ്പോയിരുന്നു. അവിടെ പള്ളിയ്ക്ക് ഒരുപാട് സ്ഥാപനങ്ങളുണ്ടെന്നും അതിന്റെയൊക്കെ മേല്‍നോട്ട ചുമതല അച്ചനാണെന്നും എനിക്കറിയാമായിരുന്നു. ഞാന്‍ ഫാദര്‍ ജോണ്‍സണ് ഒരു കത്തെഴുതി. അവളെ അവിടേയ്ക്ക് അയച്ചു. പോയകാലത്ത് ആദ്യമൊക്കെ ചില കത്തുകള്‍ അവള്‍ അയച്ചിരുന്നു. അവളവിടെ സുഖമായിരിക്കുന്നു എന്നായിരുന്നു കത്തുകളില്‍. പിന്നെപ്പിന്നെ കത്തുകള്‍ വരാതായി. പലപല തിരക്കുകളിലും സ്ഥലം മാറ്റങ്ങളിലുമായി ഞാനും മറന്നു. കുറേ വര്‍ഷങ്ങള്‍ക്കഴിഞ്ഞ് ഫാദര്‍ ജോണ്‍സണ്‍ മരിച്ച വിവരം അറിഞ്ഞപ്പോഴാണ് ഞാന്‍ വീണ്ടും ജസീന്തയെ ഓര്‍മ്മിച്ചത്. തിരക്കിയപ്പോള്‍ അവള്‍ അവിടെയില്ല എന്നുമാത്രം അറിഞ്ഞു. മറ്റൊന്നും തിരക്കാന്‍ എനിക്കായില്ല. വിധി...'' മദര്‍ വിനീത കണ്ണുകളടച്ചു.

പ്രാര്‍ത്ഥനയിലെന്നപോലെ ചുണ്ടുകള്‍ വിറയാര്‍ന്നു. കവിള്‍ത്തടങ്ങളിലൂടെ കണ്ണൂനീര്‍ ചാലിട്ടു. സായാഹ്ന വെയിലില്‍ അവരുടെ ചുളിവീണ ജലഭരിതമായ മുഖം തിളങ്ങി.

യാത്ര പറയാതെ ഞാനിറങ്ങി.

മുറ്റത്തെ തിരുഹൃദയക്കാടുകളില്‍ മഞ്ഞവെയില്‍ ചായം കലക്കി. കുന്ന് കയറുമ്പോള്‍ നാല്‍പാത്തിമലയുടെ അങ്ങേ ചരിവിലേയ്ക്ക് ചായുന്ന വെയിലിന്റെ സ്വര്‍ണ്ണക്കൊടിമരം കാണായി. സൂര്യനെ അലുക്കിട്ട പൂവരശുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കുന്നിന് ഉയരം ഏറിവരുന്നുണ്ടായിരുന്നു.

ചെറുകാറ്റില്‍ ഇളകിയാടുന്ന ഒരു മനുഷ്യരൂപം അപ്പോള്‍ കുരിശുമലയുടെ നെറുകയിലേയ്ക്ക് നടന്നുപോകുന്നുണ്ടായിരുന്നു. അയാളുടെ വെളുത്ത നീളന്‍ ജുബ്ബയും നീല നിറമുള്ള മുണ്ടും അന്തിവെയിലില്‍ ചെന്തീപോലെ കാറ്റില്‍പാറി.
 

Latest Videos
Follow Us:
Download App:
  • android
  • ios