22 വാരയിലെ ചരിത്രത്തിലൂടെ- രണ്ടാം ഭാഗം; ഒരു ക്രിക്കറ്റ് കാമുകന്‍റെ പുസ്‌തകം- റിവ്യൂ
കേവലം വിനോദോപാധിയായ കളി എന്നതിനപ്പുറം ക്രിക്കറ്റിൻ്റെ വിവിധ തലങ്ങളിൽ ഉള്ള മാനങ്ങളെ പരിചയപ്പെടുത്തുകയാണ് രചയിതാവായ സുരേഷ് വാരിയത്ത്
ക്രിക്കറ്റിലെ അറിയാക്കഥകളുടെ സമാഹാരമായി സുരേഷ് വാരിയത്ത് രചിച്ച 22 വാരയിലെ ചരിത്രത്തിലൂടെ- രണ്ടാം ഭാഗം. ക്രിക്കറ്റിന്‍റെ വിവിധ തലങ്ങളിൽ ഉള്ള മാനങ്ങളെ രചയിതാവ് പരിചയപ്പെടുത്തുമ്പോൾ ആ ഗെയിമിനെ അഗാധമായി പ്രണയിച്ചുകൊണ്ടിരിക്കുന്ന നിത്യഹരിത കാമുകനെ നമുക്ക് സുരേഷിൽ കാണാനാകും എന്ന് സാഹിത്യകാരനും സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ അരുൺ കുന്നമ്പത്ത് എഴുതുന്നു.
പതിനാറാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ഇംഗ്ലണ്ടിൽ രൂപപ്പെട്ട ക്രിക്കറ്റ് എന്ന കായിക വിനോദം പ്രധാനമായും തങ്ങളുടെ അധീനതയിലുള്ള കോളനി രാജ്യങ്ങളിൽ ഇംഗ്ലീഷുകാർ പ്രചരിപ്പിച്ചു. തുടർന്ന്, പത്തൊൻപതാം നൂറ്റാണ്ട് മുതൽ അന്താരാഷ്ട്ര മത്സരങ്ങൾ നടത്തപ്പെടാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടോടെ ക്രിക്കറ്റ് ആഗോളതലത്തിൽ വികസിക്കുകയും ചെയ്തു. നിലവിൽ ഫുട്ബോൾ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാണ് ക്രിക്കറ്റ്.
1992 മുതൽ മുതൽ ക്രിക്കറ്റ് കളി കണ്ടുതുടങ്ങിയെങ്കിലും 1996 ലോകകപ്പോടെയാണ് ക്രിക്കറ്റ് ഒരു വികാരവും നെഞ്ചിടിപ്പിന്‍റെ താളവുമായി പരിണമിക്കുന്നത്. ഇന്ന് 2024ൽ ജീവിതം എത്തിനിൽക്കുമ്പോഴും ക്രിക്കറ്റ് ആശയും ആവേശവുമാണ്. സുരേഷ് വാരിയത്ത് രചിച്ച് രണ്ട് ഭാഗങ്ങളായി സാപിയൻസ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച "22 വാരയിലെ ചരിത്രത്തിലൂടെ" എന്ന പുസ്തകം ആ ആവേശം അതിന്‍റെ പരകോടിയിൽ എത്തിച്ചിരിക്കുന്നു.
നമ്മളറിയാത്ത എത്രയെത്ര കഥകള്‍
ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ പലർക്കുമറിയാത്ത സംഭവങ്ങളും, കൗതുകങ്ങളും, കളിക്കാരുടെ കഥകളും, ക്രിക്കറ്റ് റെക്കോർഡുകളും, വിജയങ്ങളുടെ കഥകളും മനോഹരങ്ങളായ ലേഖനങ്ങളിലൂടെ പ്രതിപാദിച്ച് രചയിതാവ് പുസ്തകത്തെ മൂല്യമേറിയതാക്കുന്നു. ഒരു വേള, ചില അധ്യായങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒരു തത്സമയ ക്രിക്കറ്റ് മാച്ച് കാണുന്ന പ്രതീതിയും ആവേശവും പിരിമുറുക്കവും വായനക്കാരനിൽ ഉളവാക്കുന്നു.
വിജയിച്ചവരുടെ മാത്രം കഥകളിൽ സുരേഷ് വാരിയത്ത് തന്‍റെ പുസ്തകത്തെ ഒതുക്കുന്നില്ല. പ്രതിഭയുടെ ധാരാളിത്തം ഉണ്ടായിട്ടും മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടും എങ്ങുമെത്താതെ പോയ നിർഭാഗ്യവാൻമാരായ ക്രിക്കറ്റ് കളിക്കാരുടെ ജീവിതങ്ങളും 22 വാരയിലെ ചരിത്രത്തിലൂടെ രചയിതാവ് സ്പർശ്യമാം വിധം പറയുന്നു.
അവസാനിക്കല്ലേ ഈ 22 വാര...
കേവലം വിനോദോപാധിയായ കളി എന്നതിനപ്പുറം ക്രിക്കറ്റിൻ്റെ വിവിധ തലങ്ങളിൽ ഉള്ള മാനങ്ങളെ രചയിതാവ് നമുക്ക് പരിചയപ്പെടുത്തുമ്പോൾ ക്രിക്കറ്റിനെ അഗാധമായി പ്രണയിച്ചുകൊണ്ടിരിക്കുന്ന നിത്യഹരിത കാമുകനെ നമുക്ക് സുരേഷിൽ കാണാനാകും. അനന്തമായ ക്രിക്കറ്റ് ചരിതങ്ങൾ "22 വാരയിലെ ചരിത്രത്തിലൂടെ" അനേകം ഭാഗങ്ങളായി പ്രസിദ്ധീകരിക്കുവാൻ ഗ്രന്ഥകാരന് നിയോഗമുണ്ടാകട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കുന്നു.
Read more: 'മൈ ക്രിക്കറ്റ് സ്റ്റോറീസ്, 22 വാരയിലെ ചരിത്രത്തിലൂടെ'; ആരാധകര്‍ വായിച്ചിരിക്കേണ്ട പുസ്‌തകം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം