ഇന്നുവരെ ഒരാളും എന്നോടിങ്ങനെ പറഞ്ഞിട്ടില്ല, അന്നേരം മമ്മൂട്ടി ലാല്‍ജോസിനോട് പറഞ്ഞു!

പുസ്തകപ്പുഴയില്‍ ഇന്ന് സംവിധായകന്‍ ലാല്‍ജോസ് എഴുതിയ 'മദ്രാസില്‍നിന്നുള്ള തീവണ്ടി' എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ വായനാനുഭവം. കെ വി മധു എഴുതുന്നു


 

Books excerpts from autobiography of Lal jose malayalam film director

'മീശ മാധവന്‍' റിലീസായ ദിവസം. ആദ്യഷോ കഴിഞ്ഞ് ദിലീപിനെ വിളിച്ചു. സിനിമ അത്ര പോരാ എന്നായിരുന്നു ദിലീപിന്റെ നിലപാട്. സലിംകുമാര്‍ വരുന്ന ഭാഗത്ത് വലിയ കൂവലാണ്. അത് വെട്ടിമാറ്റണം എന്ന നിര്‍ദേശം ദിലീപ് വച്ചു. 

 

Books excerpts from autobiography of Lal jose malayalam film director

പുസ്തകം വാങ്ങിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം
 

'പുഴു' എന്ന സിനിമ വമ്പന്‍ചര്‍ച്ചകള്‍ക്ക് വഴിവച്ചപ്പോള്‍ എല്ലാവരും ഒരുപോലെ ആലോചിച്ചത് രത്തീന എന്ന പുതുമുഖ സംവിധായികയെ കുറിച്ചാണ്. മമ്മൂട്ടി സിനിമകള്‍ ചെയ്ത എഴുപതോളം പുതുമുഖസംവിധായകരില്‍ ഏറ്റവും ഒടുവിലത്തെയാളാണ് രത്തീന. എന്തുകൊണ്ട് മമ്മൂട്ടി ഇങ്ങനെ ഓരോകാലത്തും അതത് കാലത്തെ പുതുമുഖസംവിധായകചിത്രങ്ങളില്‍ കണ്ണുംപൂട്ടി അഭിനയിക്കുന്നു എന്ന ആശ്ചര്യം ഓരോരുത്തര്‍ക്കുമുണ്ട്. എന്നാല്‍ അതിന് മമ്മൂട്ടിക്കൊരു ഉത്തരമുണ്ട്. സംവിധായകന്‍ ലാല്‍ജോസിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരനുഭവകഥയില്‍ അതിനുത്തരമുണ്ട്. ആ കഥയിങ്ങനെ.

ഭൂതക്കണ്ണാടിയുടെ ചിത്രീകരണത്തിനിടെ അസോസിയേറ്റായ ലാല്‍ജോസിനോട് സ്വന്തം സിനിമ എന്തായി എന്ന് മമ്മൂട്ടി ചോദിച്ചു. ശ്രീനിവാസനുമായി തിരക്കഥ ആലോചിക്കുന്നു എന്ന മറുപടി ലാല്‍ജോസ് നല്‍കി.

ആരാ നായകന്‍?

മമ്മൂട്ടിയുടെ അടുത്ത ചോദ്യം.

ക്യാരക്ടര്‍ ആയ ശേഷം ഛായ ഉള്ള ഒരാളെ കണ്ടെത്തണം ലാല്‍ജോസിന്റെ മറുപടി.

നിന്റെ ക്യാരക്ടറിന് എന്റെ ഛായയാണെങ്കില്‍ ഞാന്‍ ഡേറ്റ് തരാം.

ഏതൊരു സംവിധായകനും ആഗ്രഹിക്കുന്ന ഈ വാഗ്ദാനം കേട്ട് ലാല്‍ജോസിന്റെ മറുപടിയിങ്ങനെ.

''വേണ്ട മമ്മൂക്ക''

മമ്മൂട്ടി ഞെട്ടി.

''അതെന്താ അങ്ങനെ, ഇന്നുവരെ ഒരാളും എന്നോടിങ്ങനെ പറഞ്ഞിട്ടില്ല.''

''എനിക്കീ പണി അറിയുമോ എന്ന് പോലും ഉറപ്പില്ല. മമ്മൂക്കയെ പോലൊരാള്‍ വന്നാല്‍ ഞാന്‍ നെര്‍വസ് ആയേക്കും. ഞാന്‍ ഒരു സിനിമ കഴിഞ്ഞ് പ്രൂവ് ചെയ്തിട്ട് മമ്മൂക്കയോട് ചോദിക്കും.''

അപ്പോള്‍ മമ്മൂട്ടി പറഞ്ഞ മറുപടിയാണ് ഞെട്ടിച്ചത്

''നിന്റെ ആദ്യത്തെ സിനിമയ്ക്കാണെങ്കില്‍ മാത്രമേ ഞാന്‍ ഡേറ്റ് തരൂ.''

''അതെന്താ...?''

ആ സിനിമയില്‍ നീയിത്രകാലം പഠിച്ചതുമുഴുവന്‍ നന്നായി പ്രയോഗിക്കും എന്ന് എനിക്ക് നന്നായി അറിയാം.  അതുകൊണ്ട് ആദ്യ സിനിമയ്ക്കാണെങ്കില്‍ ഡേറ്റുണ്ട്. ഇല്ലെങ്കില്‍ ഡേറ്റേ ഇല്ല.''

അങ്ങനെ ആ സംഭാഷണം അവിടെ അവസാനിച്ചു. എന്നാല്‍ പിന്നീട് ശ്രീനിവാസന്‍ വിളിച്ച് ലാല്‍ജോസിനോട് അങ്ങനെ കടുംപിടിത്തം വേണ്ട എന്ന മമ്മൂട്ടിക്ക് പറ്റിയ കഥയുണ്ടോ എന്ന് നോക്കാമെന്നും പറഞ്ഞു. ഒടുവില്‍ ഒരു കഥയുണ്ടായി. ആ കഥയാണ് മറവത്തൂര്‍ കനവ്. 

ആദ്യസിനിമയിലൂടെ സൂപ്പര്‍ഹിറ്റ് അടിച്ച ലാല്‍ജോസിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാളത്തില്‍ സ്വന്തമായി പ്രേക്ഷകരുള്ള ഒരു സംവിധായകനായി ലാല്‍ജോസ് മാറി. 

തിരിച്ചടികളുടെയും വിജയത്തിന്റെയും ജീവിതമാണ് ലാല്‍ജോസിന്റേത്. ഉയര്‍ച്ച താഴ്ചകളുടെ ആ ജീവിത യാത്രയിലൂടെ കടന്നുപോകുന്ന ആത്മകഥാപരമായ ഒരു രചനയാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'മദ്രാസില്‍ നിന്നുള്ള തീവണ്ടി'. എം.ശബരീഷാണ് ലാല്‍ജോസിന്റെ ജീവിതം പകര്‍ത്തിയെഴുതിയത്.

 

Books excerpts from autobiography of Lal jose malayalam film director

 

മുടങ്ങിപ്പോയ ആദ്യസിനിമയുടെ കഥ

പറഞ്ഞു തുടങ്ങിയ ആ കഥ വീണ്ടും തുടരാം. അങ്ങനെ ആദ്യസിനിമയുടെ കഥയ്ക്ക് അന്തിമരൂപമായി. ശ്രീനിവാസന്‍ തിരക്കഥയ്ക്കും രൂപം നല്‍കി. കഥാപാത്രങ്ങളായി ആദ്യം ലാല്‍ജോസ് രണ്ടുപേരെ മനസ്സില്‍ കണ്ടു. ചേട്ടനായി മുരളിയെയും അനിയനായി ജയറാമിനെയും. അങ്ങനെ കഥപറയാന്‍ ജയറാമിന്റെ അടുത്തേക്ക് പോയി. 'തൂവല്‍ക്കൊട്ടാര'ത്തിന്റെ സെറ്റില്‍വച്ച് ജയറാമിനെ കാണുക എന്ന ലക്ഷ്യത്തില്‍ ലാല്‍ജോസ് ചിത്രീകരണസ്ഥലത്തെത്തി. ലൊക്കേഷനില്‍ വേണ്ട, വീട്ടില്‍ വച്ച് കഥപറയാമെന്ന് ജയറാം നിര്‍ദേശിച്ചതുപ്രകാരം അന്ന് പിരിഞ്ഞു. 

അങ്ങനെ മദ്രാസില്‍ പോയി. ജയറാമിനെ കാണാന്‍. രണ്ടുദിവസത്തെ കാത്തിരിപ്പിന് ശേഷം വീട്ടിലേക്ക് പ്രവേശനം ലഭിച്ചു. എന്നാല്‍ കഥ പറയാന്‍ ലാല്‍ജോസ് ആരംഭിച്ചപ്പോള്‍ ജയറാം പറഞ്ഞു.

''കഥ പറഞ്ഞ് പരിചയമില്ലാത്ത ലാലു വേണ്ട, കഥയിലെന്തെങ്കിലും തെറ്റിദ്ധാരണ വരാന്‍ ഇടയുള്ളതുകൊണ്ട് ശ്രീനിവാസന്‍ തന്നെ വന്ന് പറയട്ടെ''

വ്യക്തിപരമായി ഇകഴ്ത്തപ്പെട്ടതായി ലാല്‍ജോസിന് തോന്നി. ഒടുവില്‍ ലാല്‍ജോസ് ആ തീരുമാനം കൈക്കൊണ്ടു.

''എനിക്ക് ഒരു കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ പോലും കഴിയില്ല എന്ന് പോലും ഉറപ്പില്ലാത്ത നടന്‍ എങ്ങനെ എന്റെ സിനിമയില്‍ നായകനായി അഭിനയിക്കും?''

അങ്ങനെ ജയറാം, മുരളി ടീമിനെ വച്ചുള്ള ആദ്യ സിനിമാ ആലോചന തല്‍ക്കാലം ഉപേക്ഷിച്ചു. പിന്നീടാണ് 'മറവത്തൂര്‍ കനവ്' സംഭവിക്കുന്നത്.

 

Books excerpts from autobiography of Lal jose malayalam film director
 

മീശമാധവന്‍ പിറക്കുന്നു

'മറവത്തൂര്‍ കനവ്' ലാല്‍ജോസെന്ന പുതിയ സംവിധായകന്റെ താരോദയമായിരുന്നു. 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന രണ്ടാംചിത്രം അത്ര വലിയ ഹിറ്റല്ലെങ്കിലും മികച്ച അഭിപ്രായം നേടി. എന്നാല്‍ മൂന്നാമത്തെ  ചിത്രമായ 'രണ്ടാംഭാവം' ലാല്‍ജോസിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. രണ്ടുവര്‍ഷമെടുത്ത്് ചെയ്ത ചിത്രമാണ് 'രണ്ടാംഭാവം'. സിനിമ ബോക്സോഫീസില്‍ മൂക്കുംകുത്തി വീണു. ഗുരുതരമായ സാമ്പത്തിക പ്രയാസം നിമിത്തം സ്വന്തം കാറ് പോലും വില്‍ക്കേണ്ടി വന്നു. 

എന്നാല്‍, സിനിമ നിര്‍ത്തേണ്ടി വരുമോ എന്ന് പോലും തോന്നിയിടത്ത് നിന്ന് ലാല്‍ജോസ് മടങ്ങിവന്നു. രണ്ടാംഭാവത്തിന് തിരക്കഥയെഴുതിയ അതേ രഞ്ജന്‍ പ്രമോദിനെ വച്ച് തന്നെ അടുത്ത പടവും എഴുതിപ്പിച്ച് സൂപ്പര്‍ഹിറ്റാക്കി. മീശമാധവന്‍. അത് പ്രതിസന്ധിയിലായ മലയാള സിനിമയ്ക്ക് പുതിയ ഉയിര്‍പ്പ് കൂടിയായിരുന്നു. 

 

Books excerpts from autobiography of Lal jose malayalam film director

 

സലിംകുമാറിനെ വെട്ടിമാറ്റാന്‍ പോയ കഥ

'മീശ മാധവന്‍' റിലീസായ ദിവസം. ആദ്യഷോ കഴിഞ്ഞ് ദിലീപിനെ വിളിച്ചു. സിനിമ അത്ര പോരാ എന്നായിരുന്നു ദിലീപിന്റെ നിലപാട്. സലിംകുമാര്‍ വരുന്ന ഭാഗത്ത് വലിയ കൂവലാണ്. അത് വെട്ടിമാറ്റണം എന്ന നിര്‍ദേശം ദിലീപ് വച്ചു. 

ലാല്‍ ജോസിനത് സമ്മതമായിരുന്നില്ലെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങേണ്ട സാഹചര്യമായി. അന്ന് വെട്ടിമാറ്റണമെങ്കില്‍ ഓരോ തിയേറ്ററിലും പോയി പ്രിന്റില്‍ നിന്ന് മാറ്റണമായിരുന്നു. അത് വലിയ ചടങ്ങാണ്. ഒടുവില്‍ വെട്ടിമാറ്റാനായി ലാല്‍ജോസ് നേരിട്ട് തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ പോയി.

എന്നാല്‍, അവിടത്തെ പ്രൊജക്ട് ഓപ്പറേറ്ററുടെ വാക്കുകള്‍ ലാല്‍ ജോസിനെ മാറ്റിമറിച്ചു. ആ രംഗങ്ങള്‍ ആളുകളെ ചിരിപ്പിക്കുന്നുണ്ടെന്നാണ് അയാള്‍ പറഞ്ഞത്. ആ വാക്കുകള്‍ കേട്ടതോടെ സീന്‍ വെട്ടിമാറ്റാനുള്ള തീരുമാനം ലാല്‍ജോസ മാറ്റി.. അങ്ങനെ സലിംകുമാറിന്റെ വക്കീല്‍ അഖിലലോക മലയാളിയുടെ പ്രിയപ്പെട്ട വക്കീലായി നിലകൊണ്ടു. 'മീശമാധവനി'ലൂടെ ലാല്‍ജോസ് ഇരുത്തം വന്ന വാണിജ്യസിനിമയുടെ സംവിധായകനായി മാറി.

 

Books excerpts from autobiography of Lal jose malayalam film director


അണിയറക്കഥകളുടെ സമൃദ്ധി

ഇങ്ങനെയൊക്കെയായ സിനിമാ ജീവിതമാണ് ലാല്‍ജോസിന്റെ പുസ്തകം വിശദമായി പറയുന്നത്.  ലാല്‍ജോസിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്നതോടൊപ്പം മലയാളിയുടെ പ്രിയപ്പെട്ട നിരവധി സിനിമകളെക്കുറിച്ചും അതിന്റെ അണിയറയില്‍ പ്രയത്നിച്ചവരുടെ കഷ്ടപ്പാടുകളെ കുറിച്ചും പുസ്തകം പറയുന്നു. 

ഉള്ളടക്കത്തില്‍ നിന്ന്് മനോജ് കെ. ജയനെ ഒഴിവാക്കിയ കഥ, മാന്ത്രികത്തിലൂടെ വിനായകനെ കണ്ടെത്തിയ കഥ, സുനിതയുടെ ഈഗോയുടെ കഥ.. ഇങ്ങനെ താന്‍ കടന്നുവന്ന വഴികളിലെ അനുഭവങ്ങളെല്ലാം സത്യസന്ധമായി തന്നെ ലാല്‍ജോസ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഒറ്റപ്പാലത്തെ തന്റെ ജീവിതകാലത്ത് നിന്നാരംഭിച്ച് സിനിമയില്‍ അസിസ്റ്റന്റും അസോസിയേറ്റും സംവിധായകനും ഒക്കെയായി മാറിയ കാലത്തിലൂടെ ഈ പുസ്തകം സഞ്ചരിക്കുന്നു. 

അതിനിടയില്‍ ജീവിതത്തിലുണ്ടായ സുഖകരവും തിക്തവുമായ അനുഭവങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്നു എന്നതാണ് കാര്യം. താന്‍ കടന്നുവന്ന വഴികളിലെ സിനിമാലോകത്തെ ലാല്‍ജോസ് കൃത്യമായി അടയാളപ്പെടുത്തുന്നു. 


 

Latest Videos
Follow Us:
Download App:
  • android
  • ios