കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
പുസ്തകപ്പുഴയില്‍ ഇന്ന് വീസ്വാവ ഷിംബോര്‍സ്‌ക്കയുടെ കവിതകളുടെ പുസ്തകം
പുസ്തകപ്പുഴയില്‍ ഇന്ന് വീസ്വാവ ഷിംബോര്‍സ്‌ക്കയുടെ കവിതകളുടെ പുസ്തകം. 1996ല്‍ നൊബേല്‍ സമ്മാനം ലഭിച്ച പോളിഷ് കവി വീസ്‌വാവ ഷിംബോര്‍സ്‌കയുടെ 'അത്ഭുതങ്ങളുടെ മേള' എന്ന കവിതാ സമാഹാരം ഐറിസ് ബുക്‌സ് ആണ് പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിലെ മികച്ച വിവര്‍ത്തകരില്‍ ഒരാളായ വി രവികുമാറാണ് വിവര്‍ത്തകന്‍. 1952 മുതല്‍ 2012 വരെയുള്ള കവിതാസമാഹാരങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത 66 കവിതകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുസ്തകത്തിന് ആമുഖമായി വി രവികുമാര്‍ എഴുതിയ കവിതയിലെ മെസാര്‍ട്ട് എന്ന കുറിപ്പും ഷിംബോര്‍സ്‌ക്കയുടെ രണ്ടു കവിതകളും ഇവിടെ വായിക്കാം.
വീസ്‌വാവ ഷിംബോര്‍സ്‌ക്ക (Vislawa Szymborska) 1923 ജൂലൈ 2ന് പടിഞ്ഞാറന്‍ പോളണ്ടിലെ പ്രൊവെന്റ് എന്ന ചെറിയ പട്ടണത്തില്‍ വിന്‍സെന്റ് ഷിംബോര്‍സ്‌ക്കിയുടേയും അന്ന റോട്ടെര്‍മുണ്ടിന്റെയും രണ്ടാമത്തെ മകളായി ജനിച്ചു. കൗണ്ട് വ്‌ലാദിസ്ലാവ് സമോയ്‌സ്‌ക്കിയുടെ സ്റ്റുവാര്‍ഡ് ആയിരുന്നു അച്ഛന്‍. കൗണ്ടിന്റെ മരണശേഷം ഷിംബോര്‍സ്‌ക്കയുടെ കുടുംബം ക്രാക്കോവിലേക്കു താമസം മാറ്റി. സ്‌കൂള്‍ വിദ്യാഭ്യാസം അവിടുത്തെ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ഷിംബോര്‍സ്‌ക്കയുടെ കവിതാവാസന പുറത്തേക്കു വന്നുതുടങ്ങി. അച്ഛന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു.
തന്റെ എഴുത്തുജീവിതത്തിന്റെ തുടക്കത്തെപ്പറ്റി ഷിംബോര്‍സ്‌ക്ക പറയുന്നു: ''എന്റെ വീട്ടിലെ ബൗദ്ധികമായ അന്തരീക്ഷമായിരിക്കണം അതിനു കാരണം. ഞങ്ങള്‍ ഒരുപാടു പുസ്തകങ്ങള്‍ വായിച്ചിരുന്നു; അവയെക്കുറിച്ച് ഒരുപാടു ചര്‍ച്ച ചെയ്തിരുന്നു. എന്റെ അച്ഛന്‍ പ്രത്യേകിച്ചും നല്ലൊരു വായനക്കാരനായിരുന്നു. അഞ്ചു വയസ്സുള്ളപ്പോള്‍ത്തന്നെ ഞാന്‍ കവിത എഴുതിത്തുടങ്ങി. ഞാനെഴുതിയ കവിത - അതൊക്കെ കുട്ടിക്കവിതകളായിരുന്നു- ഇഷ്ടപ്പെട്ടാല്‍ അച്ഛന്‍ പോക്കറ്റില്‍ കൈയിട്ട് കുറച്ചു നാണയം എടുത്തുതരും. ആ പ്രായത്തിലേ ഞാന്‍ എഴുതി സമ്പാദിക്കാന്‍ തുടങ്ങിയിരിക്കുന്നു!''
1940ല്‍ ജര്‍മ്മന്‍ സൈന്യം ക്രാക്കോവ് കീഴടക്കിയപ്പോള്‍ ഷിംബോര്‍സ്‌ക്ക പഠനം തുടര്‍ന്നത് അണ്ടര്‍ഗ്രൗണ്ട് ക്ലാസ്സുകളിലാണ്. 1943ല്‍ അവര്‍ റയില്‍വേയില്‍ ഒരു ക്ലര്‍ക്കായി ജോലിക്കു ചേര്‍ന്നു. അതുകാരണം നിര്‍ബ്ബന്ധിതജോലിക്കായി ജര്‍മ്മനിയിലേക്കു പോകുന്നതില്‍ നിന്ന് രക്ഷപ്പെടാനും കഴിഞ്ഞു. 1945ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ഷിംബോര്‍സ്‌ക്ക ക്രാക്കോവിലെ യൂണിവേഴ്‌സിറ്റിയില്‍ പോളിഷ് സാഹിത്യവും സോഷ്യോളജിയും പഠിക്കാന്‍ ചേര്‍ന്നു. ഇവിടെ വച്ചാണ് 1980ല്‍ നൊബേല്‍ സമ്മാനം നേടിയ അമേരിക്കന്‍-പോളിഷ് കവി ചെസ്വാ മിവോഷിനെ (Czeslaw Milosz) പരിചയപ്പെടുന്നത്. 1945 മാര്‍ച്ചില്‍ ഒരു ദിനപത്രത്തില്‍ ഷിംബോര്‍സ്‌ക്ക തന്റെ ആദ്യത്തെ കവിത Szukam slowa (ഒരു വാക്കു തേടി) പ്രസിദ്ധീകരിച്ചു. സാമ്പത്തികപ്രയാസങ്ങള്‍ കാരണം 1948ല്‍ ഡിഗ്രിയെടുക്കാതെ വിദ്യാഭ്യാസം അവസാനിച്ചു. അതേ വര്‍ഷം തന്നെ എഴുത്തുകാരനായ ആദം വ്‌ളോഡെക്കിനെ (Adam Wlodek) വിവാഹം കഴിച്ചു. 1954ല്‍ അവര്‍ വിവാഹമോചിതരുമായി.
1948ല്‍ ഒരു കവിതാസമാഹാരം പ്രസിദ്ധീകരണത്തിനു തയ്യാറാക്കിയെങ്കിലും 'കമ്മ്യൂണിസ്റ്റ് അജണ്ട മുന്നോട്ടുവയ്ക്കുന്നില്ല,' എന്ന കാരണത്താല്‍ സെന്‍സര്‍ഷിപ്പ് കടമ്പ കടന്നില്ല. പിന്നീട് 1952ല്‍ ഇറങ്ങിയ 'സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കു നിരക്കുന്ന' കവിതകളടങ്ങിയ Dlagtego zyjemy യാ്ണ് (നമ്മള്‍ ജീവിക്കുന്നത് അതിനുവേണ്ടി), ഷിംബോര്‍സ്‌ക്കയുടെ ആദ്യത്തെ പുസ്തകം. അക്കാലത്തെ തന്റെ കവിതയെഴുത്തിനെ അവര്‍ ന്യായീകരിക്കുന്നത് 'ബന്ധനത്തിന്റെ കാലത്തെ രാഷ്ട്രത്തെ പിന്തുണയ്ക്കുക എന്നതാണ് കവിയുടെ കടമ' എന്നു പറഞ്ഞുകൊണ്ടാണ്. അന്നത്തെ രാഷ്ട്രീയകാലാവസ്ഥയും പൂര്‍വ്വയൂറോപ്യന്‍ രാജ്യങ്ങളിലെ ജനതകള്‍ കമ്മ്യൂണിസത്തില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസവും വച്ചു വേണം തങ്ങളുടെ പ്രവൃത്തികള്‍ നോക്കിക്കാണാന്‍ എന്നും ഷിംബോര്‍സ്‌ക്ക സ്വയം ന്യായീകരിക്കുന്നുണ്ട്.
'അന്നത്തെ അവസ്ഥ ഇന്നുള്ളവര്‍ക്കു മനസ്സിലാവില്ല. മനുഷ്യവംശത്തെ രക്ഷിക്കണമെന്ന് ഞാന്‍ യഥാര്‍ത്ഥമായും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനു ഞാന്‍ തിരഞ്ഞെടുത്ത വഴി സാദ്ധ്യമായവയില്‍ വച്ചേറ്റവും മോശമായിരുന്നു. ഞാനതു ചെയ്തത് മനുഷ്യരാശിയോടുള്ള സ്‌നേഹം കൊണ്ടാണ്. പിന്നെയാണെനിക്കു ബോദ്ധ്യമാകുന്നത്, മനുഷ്യരാശിയെ സ്‌നേഹിക്കുകയല്ല, ആളുകളെ ഇഷ്ടപ്പെടുകയാണു വേണ്ടതെന്ന്. അതൊരു കടുത്ത പാഠമായിരുന്നു എനിക്ക്. അതെന്റെ യൗവനത്തിന്റെ സ്ഖലിതമായിരുന്നു. ഉത്തമബോദ്ധ്യത്തോടെ ചെയ്തതാണത്; എത്രയോ കവികള്‍ ആ വ്യാമോഹത്തില്‍ പെട്ടുപോയി. പിന്നീട്, ആ പ്രത്യയശാസ്ത്രത്തില്‍ നിന്നു വിട്ടുപോയതിന് അവര്‍ക്ക് തടവറയില്‍ കഴിയേണ്ടിവന്നു. ഭാഗ്യത്തിന് എനിക്ക് ആ വിധി ഉണ്ടായില്ല, കാരണം എനിക്കൊരിക്കലും ഒരു യഥാര്‍ത്ഥഷ്ട്രീയപ്രവര്‍ത്തകയുടെ പ്രകൃതം ഉണ്ടായിരുന്നില്ല.'
1953ല്‍ ഷിംബോര്‍സ്‌ക്ക Zycie literackie (സാഹിത്യജീവിതം) എന്ന സാഹിത്യനിരൂപണമാസികയില്‍ ചേര്‍ന്നു. 1954ല്‍ രണ്ടാമത്തെ കവിതാസമാഹാരമായ Pytania zadawane sobie (എന്നോടു തന്നെയുള്ള ചോദ്യങ്ങള്‍) പ്രസിദ്ധീകരിച്ചു. ഇതിലെ കവിതകളും സോഷ്യലിസ്റ്റ് ചായ്വുള്ളതു തന്നെ. എന്നാല്‍ 1957ല്‍ ഇറങ്ങിയ Wolanie do Yeti (യതിയെ വിളിച്ചുവരുത്തല്‍) എന്ന സമാഹാരത്തിലെ കവിതകളിലാണ് പില്‍ക്കാല ഷിംബോര്‍സ്‌ക്കയിലേക്കുള്ള മാറ്റം കണ്ടു തുടങ്ങുന്നത്. കമ്മ്യൂണിസത്തിനോടുള്ള എതിര്‍പ്പ് ജോസഫ് സ്റ്റാലിനെ ഹിമാലയത്തിലെ അറയ്ക്കുന്ന മഞ്ഞുമനുഷ്യനാക്കുന്നു. കവിയുടെ ധര്‍മ്മത്തെക്കുറിച്ചുള്ള സങ്കല്പം മാറുന്നു. അയാള്‍ മറ്റുള്ളവര്‍ക്കു വേണ്ടി (തൊഴിലാളിക്കു വേണ്ടി, രാജ്യത്തിനു വേണ്ടി, പാര്‍ട്ടിക്കു വേണ്ടി) സംസാരിക്കേണ്ടതില്ലെന്നാകുന്നു; മാനുഷികപരിഗണനകള്‍ മുന്നിലേക്കു വരുന്നു; ദുരന്തങ്ങളെ നര്‍മ്മത്തോടെ കാണുന്ന, ഷിംബോര്‍സ്‌ക്കയുടെ കവിതകള്‍ക്കു തനതായുള്ള ആ പ്രത്യേകശൈലി രൂപമെടുക്കുകയും ചെയ്യുന്നു.
1962ല്‍ വന്ന Sol (ഉപ്പ്) എന്ന സമാഹാരത്തില്‍ ആ കാവ്യപരിണാമം പൂര്‍ണ്ണത പ്രാപിക്കുന്നു. രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്കപ്പുറം നീറുന്ന മാനുഷികവികാരങ്ങളും നിത്യജീവിതസന്ദര്‍ഭങ്ങളുടേയും വസ്തുക്കളുടേയും സൂക്ഷ്മനിരീക്ഷണങ്ങളുമാണ് ആ കവിതകളിലുള്ളത്. സ്ബിഗിനിയെഫ് ഹെര്‍ബെര്‍ട്ട്, ചെസ്വാ മീവോഷ് തുടങ്ങിയ സമകാലികരായ മറ്റു പോളിഷ് കവികളില്‍ നിന്ന് ഷിംബോര്‍സ്‌ക്കയെ മാറ്റിനിര്‍ത്തുന്നത് ഈ പ്രകടരാഷ്ട്രീയമില്ലായ്മ തന്നെയാണ്. അതേ സമയം കവിയായ റോബര്‍ട്ട് ഹാസ് നിരീക്ഷിക്കുന്നപോലെ, സ്വന്തം ആന്തരികജീവിതത്തെ സൂക്ഷ്മപരിശോധന ചെയ്യുന്നതിനു പോലും യുദ്ധാനന്തരപോളണ്ടില്‍ ഒരു രാഷ്ട്രീയമാനമുണ്ട്.
പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരായി 1980ല്‍ സോളിഡാരിറ്റി പ്രസ്ഥാനം രൂപം കൊണ്ടപ്പോള്‍ ഷിംബോര്‍സ്‌ക്ക അതിനു പിന്തുണ നല്കി. സോളിഡാരിറ്റിയുടെ ആശയങ്ങളോട് Zycie literackieയുടെ എഡിറ്റര്‍ വിയോജിപ്പു പ്രകടിപ്പിച്ചപ്പോള്‍ താന്‍ ഇത്രയും കാലം എഴുതിക്കൊണ്ടിരുന്ന ആ പ്രസിദ്ധീകരണത്തില്‍ നിന്നു രാജി വയ്ക്കാനും അവര്‍ തയ്യാറായി. പിന്നീട് അണ്ടര്‍ഗ്രൗണ്ട് പ്രസിദ്ധീകരണങ്ങളിലും പാരീസില്‍ നിന്ന് പ്രവാസികള്‍ ഇറക്കിയിരുന്ന Kultura paryska എന്ന മാസികയിലും Stanczykowna എന്ന തൂലികാനാമത്തിലാണ് അവര്‍ എഴുതിയിരുന്നത്. അക്കാലത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ ഷിംബോര്‍സ്‌ക്കയുടെ ഒരു പുസ്തകം പോലും പുറത്തുവന്നില്ല. ഒടുവില്‍ പട്ടാളനിയമം പിന്‍വലിച്ചുകഴിഞ്ഞ് 1986ലാണ് 'പാലത്തിലുള്ളവര്‍' എന്ന സമാഹാരം പ്രസിദ്ധീകരിക്കുന്നത്.
1996ല്‍ ഷിംബോര്‍സ്‌ക്കയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 'സ്‌റ്റോക്‌ഹോം ദുരന്തം' എന്നാണ് അതിനെ കവിയുടെ സുഹൃത്തുക്കള്‍ വിശേഷിപ്പിച്ചത്! കവിതയെഴുത്തുമായി അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന ഒരാളെ പെട്ടെന്ന് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കു തള്ളിവിടുകയാണല്ലോ! സമ്മാനം സ്വീകരിച്ചുകൊണ്ട് 1996 ഡിസംബര്‍ 7നു നടത്തിയ പ്രഭാഷണമാകട്ടെ, നൊബേല്‍ പ്രസംഗങ്ങളില്‍ വച്ച് ഏറ്റവും ഹ്രസ്വവുമായിരുന്നു. കവി ലോകത്തെ സമീപിക്കേണ്ടത് ഒരു പച്ചപ്പാവത്തെപ്പോലെ വേണമെന്ന് ആ പ്രസംഗത്തില്‍ ഷിംബോര്‍സ്‌ക്ക പറയുന്നു. ''പ്രചോദനം കവികള്‍ക്കും കലാകാരന്മാര്‍ക്കും മാത്രം പറഞ്ഞിട്ടുള്ളതല്ല. സ്വന്തം ജീവിതനിയോഗം ബോധപൂര്‍വ്വം തിരഞ്ഞെടുക്കുകയും സ്‌നേഹത്തോടെയും ഭാവനയോടെയും തന്റെ തൊഴില്‍ ചെയ്യുകയും ചെയ്യുന്ന ആരെയും പ്രചോദനം സന്ദര്‍ശിക്കാതെ വരുന്നില്ല. ഡോക്ടര്‍മാര്‍, അദ്ധ്യാപകര്‍, തോട്ടക്കാര്‍- അങ്ങനെ നൂറുകണക്കിനാളുകള്‍. പുതിയ വെല്ലുവിളികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന കാലത്തോളം അവര്‍ക്ക് തങ്ങളുടെ തൊഴില്‍ നിരന്തരമായ ഒരു സാഹസികതയായി മാറുന്നു. പ്രചോദനം എന്തുമാവട്ടെ, അതു പിറക്കുന്നത് നിരന്തരമായ ഒരു ''എനിക്കറിയില്ല'' എന്നതില്‍ നിന്നാണ്...'
സ്വന്തം സ്വകാര്യതകളുമായി അഭിരമിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന കവിയെ ലോകശ്രദ്ധയുടെ പ്രലോഭനങ്ങള്‍ കാര്യമായി ബാധിച്ചില്ല. പൊതുചടങ്ങുകളില്‍ അവര്‍ നിത്യസാന്നിദ്ധ്യമായിരുന്നില്ല, അപൂര്‍വ്വമായേ അവര്‍ വിദേശസന്ദര്‍ശനം നടത്തിയിട്ടുള്ളു, ഫോട്ടോയെടുക്കുന്നതിനും ഇന്റര്‍വ്യൂവിനും ഇരുന്നുകൊടുക്കുന്നതിന് അവര്‍ക്കു വെറുപ്പായിരുന്നു, മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യപരിഷ്‌കരണങ്ങള്‍ക്കുമായിട്ടല്ലാതെയുള്ള രാഷ്ട്രീീയപ്രവര്‍ത്തനങ്ങളും അവര്‍ക്കുണ്ടായിരുന്നില്ല.
ഷിംബോര്‍സ്‌ക്കയുടെ പ്രസിദ്ധീകരിക്കപ്പെട്ട കവിതകള്‍ ആകെയെടുത്താല്‍ 400നടുത്തേ വരൂ. അതിനു കാരണമായി അവര്‍ പറഞ്ഞതിതാണ്: 'എന്റെ മുറിയില്‍ ഒരു ചവറ്റുകുട്ടയുണ്ട്. രാത്രിയില്‍ എഴുതിയ കവിത മിക്കപ്പോഴും രാവിലത്തെ വായനയെ അതിജീവിക്കാറില്ല.'
ശ്വാസകോശത്തിലെ ക്യാന്‍സറിനെ തുടര്‍ന്ന് 2012 ഫെബ്രുവരി 1ന് ഷിംബോര്‍സ്‌ക്ക അന്തരിച്ചു.
ഈ പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
നൊബേല്‍ പുരസ്‌ക്കാരസമിതി വീസ്‌വാവ ഷിംബോര്‍സ്‌ക്കയെ വിശേഷിപ്പിച്ചത് 'കവിതയിലെ മൊസാര്‍ട്ട്' എന്നാണ്. മൊസാര്‍ട്ടിന്റെ സംഗീതത്തിലെന്നപോലെ ഒരനായാസത, ഒരു ലാഘവം, ഒരു ചിറകേറല്‍ ഷിംബോര്‍സ്‌ക്കയുടെ കവിതയിലുമുണ്ട്. ഒപ്പം, മൊസാര്‍ട്ടിനെപ്പോലെതന്നെ ഒരു വിദൂഷകന്റെ സ്വാതന്ത്ര്യവും. അതുകൊണ്ടാണ് ചെസ്വാ മീവോഷ് പറയുന്നത്, സാമുവല്‍ ബക്കെറ്റിന്റെയോ ഫിലിപ്പ് ലാര്‍ക്കിന്റെയോ ഹതാശമായ ലോകങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഷിംബോര്‍സ്‌ക്കയുടെ ലോകമെങ്കിലും അവരുടേതില്‍ നിന്നു വ്യത്യസ്തമായി ഇവിടെ നമുക്ക് ശ്വാസം മുട്ടുന്നില്ല എന്ന്.
ആ കവിതയുടെ വിഷയങ്ങളാവട്ടെ, നിത്യജീവിതസന്ദര്‍ഭങ്ങളും പരിചിതവസ്തുക്കളുമാണ്. ജനാലപ്പടിയില്‍ പാറിവീണ ഒരു മണല്‍ത്തരി, വഴിയില്‍ ചത്തുകിടക്കുന്ന ഒരു വണ്ട്, ഒരു പത്രവാര്‍ത്തയോടൊപ്പം കണ്ട ഒരു ഗ്രൂപ്പ് ഫോട്ടോ, ഒരു കല്ക്കഷണം ഇതൊക്കെയാവാം. ഇനി ഈ നിസ്സാരവിഷയങ്ങള്‍ ഉദാത്തചിന്തകളിലേക്കുള്ള ചവിട്ടുപടിയെന്നാണു നിങ്ങള്‍ കരുതുന്നതെങ്കില്‍ തെറ്റി. ഒരു പരിധിയില്‍ കവിഞ്ഞ ദാര്‍ശനികപരത ആ കവിതകള്‍ സ്വയം നിഷേധിക്കുന്നു. 'ഒരു കല്ലിനോടു നടത്തിയ സംഭാഷണം' എന്ന കവിതയില്‍ കല്ലിനു വെളിയില്‍ നിന്നുകൊണ്ട് തന്നെ ഉള്ളിലേക്കു കടത്തിവിടൂയെന്ന് കെഞ്ചുന്ന കവിയുടെ അതിവാചാലതയെ 'എനിക്കു വാതിലില്ല' എന്നു പറഞ്ഞുകൊണ്ട് കല്ല് പുറത്തിട്ടടയ്ക്കുന്നു. 'മുകളില്‍ നിന്നു നോക്കുമ്പോള്‍' എന്ന കവിതയില്‍ ചത്തുകിടക്കുന്ന വണ്ടിനെക്കണ്ട് നാം ആലോചനയില്‍ മുഴുകുമ്പോള്‍ ആ വണ്ടിന്റെ വിനീതാത്മാവിനറിയാം, 'അതിപ്രധാനമായതൊന്നും തനിക്കു സംഭവിച്ചിട്ടില്ലെന്ന്, അതിപ്രധാനമായതൊക്കെ മനുഷ്യര്‍ക്കു മാറ്റിവച്ചിരിക്കുകയാണെന്ന്.' അതിചിന്തയെ നിരാകരിക്കുന്ന ഷിംബോര്‍സ്‌ക്ക പ്രകടരാഷ്ട്രീയവും വേണ്ടെന്നു വയ്ക്കുന്നു. 'വിയറ്റ്‌നാം' പോലുള്ള ചില കവിതകളിലല്ലാതെ സമകാലികരാഷ്ട്രീയസംഭവങ്ങള്‍ കവിതകള്‍ക്കു വിഷയമാകുന്നതേയില്ല. ഈ കവിതകളില്‍ നിന്ന് കവിയുടെ ജീവചരിത്രം പുനര്‍നിര്‍മ്മിക്കാനും പറ്റില്ല.
ഷിംബോര്‍സ്‌ക്കയുടെ കവിതകള്‍ക്കുള്ള മറ്റൊരു സവിശേഷത ഓരോ കവിതയും സ്വന്തമായ ഓരോ ലോകങ്ങള്‍ ആണെന്നതാണ്. ഭാഷാപരമോ ശൈലീപരമോ ആയ ചില ബന്ധങ്ങള്‍ ഉണ്ടെന്നല്ലാതെ കവിതകള്‍ക്കു തമ്മില്‍ മറ്റൊരു ചാര്‍ച്ചയുമില്ല.
''അപ്പോള്‍ എന്താണ് കവിത എന്ന സംഗതി?'' ഷിംബോര്‍സ്‌ക്ക പറയുന്നു, ''ഈ ചോദ്യം ആദ്യം ഉന്നയിക്കപ്പെട്ടതില്‍പിന്നെ ഉറപ്പില്ലാത്ത ഉത്തരങ്ങള്‍ ഒന്നിലധികമുണ്ടായിരിക്കുന്നു. അതൊന്നും എനിക്കറിയില്ല. പക്ഷേ ഞാനതില്‍ മുറുകെപ്പിടിച്ചു നില്ക്കുന്നു, ഉറപ്പുള്ളൊരു കൈവരിയിലെന്നപോലെ.
ഷിംബോര്‍സ്‌ക്കയുടെ നാല് കവിതകള്‍: വിവര്‍ത്തനം വി രവികുമാര്‍
.....................................
ഒരു ചെറിയ നക്ഷത്രത്തിന്‍കീഴില്‍
യാദൃശ്ചികതയെ
അനിവാര്യതയെന്നു ഞാന്‍ വിളിച്ചുവെങ്കില്‍
ഞാനതിനോട് മാപ്പുചോദിക്കുന്നു.
ഇനിയഥവാ എനിക്ക് തെറ്റിയെന്നാണെങ്കില്‍
അനിവാര്യതയോടും ഞാന്‍ മാപ്പുചോദിക്കുന്നു.
എന്റെ മേല്‍ കോപമരുതേ ആനന്ദമേ,
നിന്നെ ഞാന്‍ അവകാശമായിട്ടെടുത്തുവെങ്കില്‍.
ഓര്‍മ്മകളെന്നില്‍ പടുതിരി കത്തുകയാണെങ്കില്‍
മരിച്ചവരെനിക്ക് മാപ്പുതരട്ടെ.
ഓരോ നിമിഷവും
ഞാന്‍ എന്തുമാത്രം ലോകം കാണാതെപോയി
എന്നതിന്
കാലത്തോട് ഞാന്‍ മാപ്പുചോദിക്കുന്നു.
ഏറ്റവുമൊടുവിലത്തേതിനെ ആദ്യത്തേതായി
ഞാനെടുക്കുന്നുവെങ്കില്‍,
ആദ്യപ്രണയങ്ങേളാട് ഞാന്‍ മാപ്പുചോദിക്കുന്നു.
മാപ്പുതരൂ, അകലങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളേ,
വീട്ടിലേക്കു പൂക്കളും വാങ്ങി ഞാന്‍ പോകുന്നുവെങ്കില്‍.
മാപ്പുതരൂ മുറികൂടാത്ത വ്രണങ്ങളേ,
സൂചിമുനകൊണ്ടെന്റെ വിരലുമുറിഞ്ഞുവെങ്കില്‍.
പാതാളത്തില്‍കിടന്നു കരഞ്ഞുവിളിക്കുന്നവരോട്
ഞാന്‍ മാപ്പുചോദിക്കുന്നു.
നൃത്തഗാനങ്ങളുടെ ഒരു റെക്കോഡ് കൈയിലുള്ളതിന്റെ പേരില്‍.
പുലര്‍ച്ചക്കഞ്ചു മണിക്ക് കൂര്‍ക്കം വലിച്ചുറങ്ങുന്നതിന്റെ പേരില്‍
പ്ലാറ്റ്‌ഫോമില്‍ വണ്ടി കാത്തിരിക്കുന്നവരോടും
ഞാന്‍ മാപ്പുചോദിക്കുന്നു.
വേട്ടയാടപ്പെടുന്ന പ്രത്യാശ എന്നോട് ക്ഷമിക്കട്ടെ,
ഇടക്കിടെ ഞാന്‍ ചിരിക്കുന്നുവെങ്കില്‍.
മാപ്പു തരൂ മരുഭൂമികളേ,
ഒരു കരണ്ടി വെള്ളവുമായി ഞാനോടിയെത്തുന്നില്ലെങ്കില്‍.
ഒര േകൂട്ടില്‍ എന്നുമെന്നും കഴിയുന്ന പ്രാപ്പിടിയാ, നീയും,
ഒരേ ബിന്ദുവിലേക്കു തറഞ്ഞ നോട്ടവുമായി
നിശ്‌ചേഷ്്ടനായിരിക്കുന്നവനേ,
എന്നെ മാപ്പാക്കൂ, നിന്നെ സ്റ്റഫ് ചെയ്തു
വച്ചിരിക്കുകയാണെങ്കില്‍ത്തന്നെ.
നാലു മേശക്കാലുകളുടെ പേരില്‍,
വെട്ടിവീഴ്ത്തിയ മരത്തോട് ഞാന്‍ മാപ്പുചോദിക്കുന്നു.
ചെറിയ ഉത്തരങ്ങളുടെ പേരില്‍,
വലിയ ചോദ്യങ്ങളോടു ഞാന്‍ മാപ്പുചോദിക്കുന്നു.
സത്യമേ, എന്നെ കാര്യമായിട്ടെടുക്കേണ്ട.
മാന്യതേ, എന്നോട് മഹാമനസ്‌കത കാണിക്കേണമേ.
എന്നോടു ക്ഷമിക്കൂ അസ്തിത്വമെന്ന നിഗൂഢതേ,
നിന്റെ മൂടുപടത്തില്‍നിന്നു ചിലയിഴകള്‍
ഞാനൂരിയെടുക്കുന്നുവെങ്കില്‍.
ആത്മാവേ എന്നോട് നീരസമരുതേ,
ഇടയ്‌ക്കെപ്പോഴെങ്കെിലുമേ നിനക്കെന്നെ കിട്ടുന്നുള്ളുവെങ്കില്‍.
എല്ലായിടത്തുമെത്താനാവാത്തതിന്റെ പേരില്‍
എല്ലാറ്റിനോടും ഞാന്‍ മാപ്പ് ചോദിക്കുന്നു.
ഏതു സ്ത്രീയും ഏതു പുരുഷനുമാവാത്തതിന്റെ പേരില്‍,
എല്ലാവരോടും ഞാന്‍ മാപ്പുചോദിക്കുന്നു.
ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം
ഇതിനൊന്നും
ഒരു ന്യായീകരണവുമില്ലെന്നനിക്കറിയാതെയല്ല.
എനിക്കു വഴിമുടക്കി ഞാന്‍ തന്നെയാണെന്നതിനാല്‍,
എന്നോടനിഷ്ടം തോന്നരുതേ വചനമേ,
ഭാരിച്ച വാക്കുകള്‍ ഞാന്‍ കടമെടുക്കുന്നുവെങ്കില്‍,
അവയ്ക്കത്ര ഭാരമില്ലെന്നു തോന്നിക്കാന്‍,
പിന്നെ ഞാനവയില്‍ പണിയെടുക്കുന്നുവെങ്കില്‍.
(1972)
'
പ്രഥമദൃഷ്ട്യാ പ്രണയം
..................
ഇരുവര്‍ക്കും സംശയമേതുമില്ല,
വികാരത്തിന്റെ പൊടുന്നനേയുള്ളൊരിരച്ചുകേറ്റത്തില്‍
തമ്മിലൊന്നിക്കുകയായിരുന്നു തങ്ങളെന്നതില്‍.
അത്രയും തീര്‍ച്ച മനോഹരം തന്നെ,
തീര്‍ച്ചയില്ലായ്മ പക്ഷേ, അതിലും മനോഹരമത്രെ.
ഇതിന്‍ മുമ്പു തങ്ങള്‍ പരസ്പരം കണ്ടിട്ടേയില്ലാത്തതിനാല്‍ അവര്‍ കരുതുന്നു,
തങ്ങള്‍ക്കിടയില്‍ ഇതുവരെ യാതൊന്നുമുണ്ടായിട്ടില്ലെന്ന്.
അപ്പോള്‍പ്പിന്നെ
ആ തെരുവുകളുടെയും കോണിപ്പടികളുടെയും ഇടനാഴികളുടെയും കാര്യമോ-
അവര്‍ എത്ര ലക്ഷം തവണ അതിലൂടെ കടന്നുപോയിട്ടുണ്ടാവണം.
അവര്‍ക്കോര്‍മ്മയുണ്ടോയെന്ന്
എനിക്കവരോടൊന്ന് ചോദിക്കണം.-
കറങ്ങുന്ന വാതിലിനുമുന്നില്‍
ഒരുക്കലുമവര്‍ മുഖത്തോടുമുഖം വന്നിട്ടില്ലേ?
ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ഒരു 'സോറി' അവര്‍ മന്ത്രിച്ചിട്ടില്ലേ?
ഒരു 'റോങ് നമ്പര്‍' അവര്‍ ഫോണിലൂടെ പറഞ്ഞിട്ടില്ലേ?
അവരുടെ മറുപടി എന്തായിരിക്കുമെന്നെനിക്കൂഹിക്കാം-
ഇല്ല, തങ്ങള്‍ക്കൊന്നുമോര്‍മ്മയില്ല.
യാദൃശ്ചികത എത്രയോ കാലമായി
തങ്ങളെയിട്ടു കളിപ്പിക്കുകയായിരുന്നു എന്നറിയുമ്പോള്‍
അവര്‍ അത്ഭുതപരതന്ത്രരായിപ്പോവും.
ഇനിയുമവരുടെ ഭാഗധേയമാവാന്‍ കാലമായിട്ടില്ലെന്നതിാല്‍
അതവരെ തള്ളിയടുപ്പിക്കുകയും പിടിച്ചുമാറ്റുകയും
അവരുടെ വഴിമുടക്കിനില്‍ക്കുകയും
പിന്നെ ഒരു ചിരി അമര്‍ത്തിക്കൊണ്ട്
ചാടിമാറുകയും ചെയ്യുകയായിരുന്നു.
ചിഹ്‌നങ്ങളും അടയാളങ്ങളുമുണ്ടായിരുന്നു,
അവര്‍ക്കതു മനസ്സിലായിട്ടില്ലെന്നേയുണ്ടായിരുന്നുള്ളൂ.
ഒരു മൂന്നുകൊല്ലംമുമ്പ്
അതല്ലെങ്കില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയല്ലേ,
ഏതോ ഒരില
ഒരു ചുമലില്‍നിന്നു മറ്റൊരു ചുമലിലേക്ക് പറന്നുവീണത്?
കാണാതെപോയതെന്തോ അവര്‍ പെറുക്കിയെടുത്തിരുന്നു-
ബാല്യത്തിന്റെ പൊന്തക്കാട്ടിലേക്കുരുണ്ടുമറഞ്ഞ
കളിപ്പന്തായിരുന്നില്ല
അതെന്നാരു കണ്ടു?
വാതില്‍പ്പിടികളും വാതില്‍മണികളുമുണ്ടായിരുന്നു,
സ്പര്‍ശത്തിനുമേല്‍ സ്പര്‍ശം പതിഞ്ഞവ.
ലഗേജുമുറിയില്‍ അടുത്തടുത്തുവെച്ച പെട്ടികള്‍.
ഏതോ ഒരു രാത്രിയില്‍
അവര്‍ ഒരേ സ്വപ്‌നം തന്നെ കണ്ടിരുന്നുവെന്നും വരാം,
പുലരുമ്പോള്‍ മാഞ്ഞുപോയതെന്ന്.
ഏതു തുടക്കവും
ഒരു തുടര്‍ച്ചയെന്നേയുള്ളൂ,
സംഭവങ്ങളുടെ പുസ്തതകം
എപ്പോഴും പാതിതുറന്നേ കിടക്കാറുമുള്ളൂ
1993)
ഘാതകര്‍
............
ദിവസങ്ങളായി അവര്‍ ആലോചനയിലാണ്,
ചാവുംവരെ കൊല്ലുന്നതെങ്ങനെയെന്ന്,
എത്രപേരെക്കൊന്നാല്‍ അത്രയും പേരാകുമെന്ന്.
ഇതൊഴിച്ചാല്‍-അതിരുചിയോടവര്‍ ആഹാരം കഴിക്കുന്നു,
പ്രാര്‍ത്ഥിക്കുന്നു, കാലു കഴുകുന്നു, കിളികള്‍ക്കു തീറ്റകൊടുക്കുന്നു,
കക്ഷം ചൊറിഞ്ഞുകൊണ്ട് ഫോണ്‍ ചെയ്യുന്നു,
വിരലു മുറിയുമ്പോള്‍ ചോര വാര്‍ക്കുകയും ചെയ്യുന്നു.
ഇനി സ്ത്രീകളാണെങ്കില്‍
അവര്‍ നാപ്കിന്‍ വാങ്ങുന്നു, മസ്‌കാര വാങ്ങുന്നു,
പൂത്താലത്തില്‍ വെയ്ക്കാന്‍ പൂക്കള്‍ വാങ്ങുന്നു,
പായ്‌പ്പോയ നല്ലനാളുകളെക്കുറിച്ച് തമാശ പറയുന്നു,
ഫ്രിഡ്ജ് തുറന്ന് നാരങ്ങാവെള്ളമെടുത്തുകുടിക്കുന്നു,
രാത്രിയില്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കുന്നു,
മൃദുസംഗീതവുമായി കാതില്‍ ഇയര്‍ഫോണ്‍ തിരുകുന്നു
പിന്നെ പുലരുംവരെ സുഖനിദ്രയില്‍ മുഴുകുന്നു
-എന്നു പറഞ്ഞാല്‍
അവരുടെ ആലോചനയിലുള്ള കാര്യം
ആ രാത്രിയില്‍ത്തന്നെ നടപ്പാക്കേണ്ടതില്ലെങ്കില്‍.
(2009)
വിയറ്റ്‌നാം
.............
''പെണ്ണേ, നിന്റെ പേരെന്താ?''
''എനിക്കറിയില്ല''
''നിന്റെ പ്രായമെന്താ? വീടെവിടെ''
''എനിക്കറിയില്ല''
''നീ ആ മാളം കുഴിച്ചതെന്തിന്?''
''എനിക്കറിയില്ല
''നീയെന്റെ വിരലില്‍ കടിച്ചതെന്തിന്?''
''എനിക്കറിയില്ല''
''ഞങ്ങള്‍ നിന്നെ ഉപദ്രവിക്കില്ലെന്ന് നിനക്കറിയില്ലേ?''
''എനിക്കറിയില്ല''
''നീ ആരുടെ പക്ഷത്താണ്?''
''എനിക്കറിയില്ല''
''യുദ്ധമാണിത്, നീ പക്ഷം ചേര്‍ന്നേ മതിയാവൂ.''
''എനിക്കറിയില്ല''
''നിന്റെ ഗ്രാമം ഇപ്പോഴുമുണ്ടോ?''
''എനിക്കറിയില്ല''
''ആ കുട്ടികള്‍ നിന്റെയാണോ''
''അതെ''
(1967)
(പുസ്തകം ലഭിക്കാന്‍: 9446278252 എന്ന വാട്ട്‌സാപ്പ് നമ്പരില്‍ അല്ലെങ്കില്‍ irisbooks17@gmail.comല്‍ ആവശ്യപ്പെട്ടാല്‍ വി.പി.പി/കൊറിയര്‍ വഴി പുസ്തകം എത്തും. വിതരണം ആള്‍ട്ടര്‍മീഡിയ, ബ്രഹ്മസ്വം മഠം ബില്‍ഡിംഗ്, എം.ജി. റോഡ്, തൃശൂര്‍. ഫോണ്‍: 9495026478)
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ' (The Book of Disquiet) വായനാനുഭവം.