എവിടെ തീരുമെന്നോ, എങ്ങനെ പുരോഗമിക്കുമെന്നോ പ്രവചിക്കാനാവാത്ത ഒരു ലോക്ക്ഡൗണ്‍ നോവല്‍
പുസ്തകപ്പുഴയില്‍ ഇന്ന് അസാധാരണമായ ഒരു നോവലെഴുത്തിന്റെ കഥ. മുഹമ്മദ് സുഹൈബ് എഴുതുന്നു
പുസ്തകപ്പുഴയില്‍ ഇന്ന് അസാധാരണമായ ഒരു നോവലെഴുത്തിന്റെ കഥ. പോര്‍ച്ചുഗലില്‍നിന്നും ലോകമാകെ പടരാന്‍ ഒരു ലോക്ക്ഡൗണ്‍ നോവല്‍. 46 എഴുത്തുകാരും 46 പരിഭാഷകരും 46 വിഷ്വല്‍ ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് തയ്യാറാക്കുന്ന നോവല്‍. കൊറോണക്കാലത്തെ ഈ നോവല്‍ സംരംഭത്തെക്കുറിച്ച് മുഹമ്മദ് സുഹൈബ് എഴുതുന്നു
'A biblical silence fell over the cave; still stunned by the sudden change, osme saw their lives moving backwards, while others were unsure of how best to move forwards and sweet-talk the new Sultana of this den of knowledge.'
Bode Inspiratório എന്ന പോര്‍ച്ചുഗീസ് നോവലിന്റെ രണ്ടാം അധ്യായം തുടങ്ങുകയാണ്. ലോകം മുഴുവന്‍ കീഴടക്കി മുന്നേറുന്ന ഒരു വൈറസിനെ പിടിച്ചുകെട്ടാന്‍ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തുന്ന ശ്രമങ്ങളിലാണ് ഈ നോവലിന്റെ തുടക്കം. എങ്ങനെ അവസാനിക്കുമെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. കാരണം, 46 അധ്യായങ്ങള്‍ ഉള്ള ഈ നോവലിന്റെ 17 അധ്യായങ്ങള്‍ മാത്രമേ ഇതുവരെ പുറത്തുവന്നിട്ടുള്ളു. അതുമാത്രമല്ല, ഓരോ അധ്യായവും എഴുതുന്നത് വേറെ വേറെ എഴുത്തുകാരുമാണ്.
ലോകം ലോക്ഡൗണിന്റെ പിടിയിലമരുമ്പോള്‍ പോര്‍ച്ചുഗീസ് സാഹിത്യത്തില്‍ വിപ്ലവം അരങ്ങേറുകയാണ്. അതിന് തുടക്കമിട്ടതാകട്ടെ, പോര്‍ച്ചുഗീസ് എഴുത്തുകാരി Ana Margarida de Carvalho യും. ലോക്ഡൗണ്‍ കാലം എങ്ങനെ സൃഷ്ടിപരമായി ഉപയോഗിക്കാമെന്ന അവരുടെ ചിന്തയാണ് സമാനതകളില്ലാത്ത ഈ നോവല്‍ സംരംഭത്തിലേക്ക് കൊണ്ടെത്തിച്ചത്.
Ana Margarida de Carvalho
നിരവധി പേര്‍ ചേര്‍ന്ന് ഒരു പരമ്പര നോവല്‍ എഴുതുക. ഒരു ദിവസം ഒരാള്‍. അയാള്‍ നിര്‍ത്തിയിടത്തു നിന്ന് രണ്ടാമന് തുടങ്ങാം. Ana Margarida de Carvalhoയുടെ ഈ ആശയം പുറത്തുവന്നപ്പോള്‍ തന്നെ പോര്‍ച്ചുഗീസ് ഭാഷയിലെ പ്രമുഖരായ സമകാലീന എഴുത്തുകാരെല്ലാം പിന്തുണയുമായി രംഗത്തെത്തി. 46 സാഹിത്യകാരന്‍മാര്‍ സംരംഭത്തില്‍ അണിചേര്‍ന്നു. പോര്‍ച്ചുഗീസ് ഭാഷയില്‍ Bode Inspiratório എന്നാണ് നോവലിന്റെ പേര്. ഇംഗ്ലീഷില്‍ 'എസ്‌കേപ്പ് ഗോട്ട്.
പ്രമുഖ എഴുത്തുകാരന്‍ Mário de Carvalhoയുടെ മകളാണ് അന. പിതാവാണ് അനയുടെ പ്രൊജക്ടിലെ ആദ്യ അധ്യായമെഴുതിയത്. Sparks Flying എന്ന ആദ്യ അധ്യായം ഏപ്രില്‍ 13 ന് പുറത്തുവന്നു.
മഹത്തായ ആ സാഹിത്യസംരംഭത്തിന്റെ ആദ്യ വരികള്‍ ഇങ്ങനെയായിരുന്നു: 'You can call me Ricardo. Or Profesosr, if you'd rather. Only not Rick - please, anything but that! Give me a break.'
ആദ്യ അധ്യായത്തിന്റെ കവര്‍
രണ്ടാം അധ്യായം പ്രമുഖ എഴുത്തുകാരി ഐനസ് പെഡ്രോസയുടേത്. അന ക്രിസ്റ്റീന സില്‍വ, അന ലൂയിസ അംറേല്‍, ഗബ്രിയേല റ്യൂവോ ട്രിന്‍ഡാഡെ, അന്‍േറാണിയോ ജോര്‍ജെ സെറാഫിം, ലൂയി റൈഞ്ഞ തുടങ്ങി എഴുത്തുകാര്‍ പിന്നാലെയെത്തി. ദിവസവും വൈകിട്ട് മൂന്നുമണിക്ക് നോവല്‍ഭാഗം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും. ഓരോ കഥാകൃത്തും കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും പുതിയ ഭാഷ്യങ്ങളാകും രചിക്കുക. ദിനവും നവ്യമായ വായനാനുഭവം. പൊതുവെ തുടര്‍ച്ചയുണ്ടെങ്കിലും ട്രീറ്റമെന്റിലും ക്രാഫ്റ്റിലും ഓരോരുത്തരുടെയും അധ്യായം തീര്‍ത്തും വ്യത്യസ്തം. മികച്ച വിഷ്വല്‍ ആര്‍ടിസ്റ്റുകളാണ് അധ്യായങ്ങള്‍ക്ക് അന്തരീക്ഷം ഒരുക്കുന്നത്. 46 അധ്യായങ്ങള്‍ക്ക് അത്രയും തന്നെ വിഷ്വല്‍ ആര്‍ടിസ്റ്റുകളും.
രണ്ടുമൂന്നുദിവസം കൊണ്ട് തന്നെ നോവല്‍ സംരംഭം ലോക ശ്രദ്ധ നേടി. പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്ന് അന്ന് തന്നെ മൊഴിമാറ്റി മറ്റു ലോക ഭാഷകളിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ഡച്ച്, ഇംഗ്ലീഷ് ഭാഷകളില്‍ നോവല്‍ ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഓരോ ഭാഷയിലെയും എണ്ണം പറഞ്ഞ പരിഭാഷകരാണ് തര്‍ജമ നിര്‍വഹിക്കുന്നത്. പേരുകേട്ട പരിഭാഷകരായ മാര്‍ഗരറ്റ് യൂള്‍ കോസ്റ്റ, ഡാനി ഹാന്‍, ഫ്രാങ്ക് വെയ്ന്‍ എന്നിവരൊക്കെ ഇതില്‍ സഹകരിക്കുന്നു. ദശലക്ഷക്കണക്കിന് ഡോളര്‍ പ്രതിഫലത്തിന് പണിയെടുക്കുന്ന ഇവരെല്ലാം സൗജന്യമായാണ് ഇതിന്റെ ഭാഗമാകുന്നത്. പ്രശസ്ത പരിഭാഷകന്‍ വിക്ടര്‍ മീഡോക്രോഫ്റ്റ്? ആണ് ഇംഗ്ലീഷ് പരിഭാഷകരുടെ സംഘത്തെ നയിക്കുന്നത്. ഇംഗ്ലീഷില്‍ https://escapegoat.world/ എന്ന പേരില്‍ വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്.
46 നോവലിസ്റ്റുകള്‍, 46 പരിഭാഷകര്‍, 46 വിഷ്വല്‍ ആര്‍ടിസ്റ്റുകള്‍... കഥ അങ്ങനെ പുരോഗമിക്കുകയാണ്.