ലോക്ക്ഡൗണ്‍ കാലത്തെ തടവുചാട്ടങ്ങള്‍; വാക്കുകളുടെ ഗോളാന്തരയാത്രകള്‍
പുസ്തകപ്പുഴയില്‍ ഇന്ന് ടി അരുണ്‍ കുമാര്‍ എഴുതിയ 'തടവുചാടിയ വാക്കുകള്‍' എന്ന പുസ്തകത്തിന്റെ വായന.
എഴുത്ത് അതിജീവനത്തിനുള്ള ശക്തമായ ആയുധങ്ങളാണെന്ന തിരിച്ചറിവിലേക്ക് മൂടിപ്പോയി ഒരുപാടാളുകള്‍. അങ്ങനെ, കൊവിഡ് കാലം വിതച്ച അനിശ്ചിതാവസ്ഥകളെ വാക്കുകൊണ്ട് നേരിടാന്‍ ഒരാള്‍ നടത്തിയ ശ്രമങ്ങള്‍ ഇന്നൊരു പുസ്തകമാണ്. ലോഗോസ് പ്രസിദ്ധീകരിച്ച 'തടവു ചാടിയ വാക്ക്' എന്ന പുസ്തകം. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി അരുണ്‍കുമാര്‍ എഴുതിയ ഈ പുസ്തകം ചൈനയിലെ വ്യജീവിത്തീറ്റ മുതല്‍ മീശവിവാദത്തെ വരെ 38 ലേഖനങ്ങളില്‍ ചേര്‍ത്തുെവച്ചിരിക്കുന്നു. കൊവിഡ് കാലത്തിന്റെ തടവുചാട്ടമായാണ്, എഴുത്തുകാരന്‍ ഈ പുസ്തകത്തെ വിഭാവനം ചെയ്തത്.
2020 മാര്‍ച്ചില്‍ ലോകമാകെ അടഞ്ഞുപോയ കാലത്തു പുറത്തുവന്ന രണ്ട് വാര്‍ത്തകളെ കുറിച്ചു പറഞ്ഞു തുടങ്ങാം.
അമേരിക്കയില്‍നിന്നായിരുന്നു ആദ്യ വാര്‍ത്ത. ലോക്ക്ഡൗണ്‍ കാലത്ത് അമേരിക്കയില്‍ വിറ്റപോയ തോക്കുകളെക്കുറിച്ചായിരുന്നു അത്. ലോകം ലോക്ക്ഡൗണിലാവുകയും അമേരിക്കയെ കൊവിഡ് വിഴുങ്ങാന്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്ത 2020 മാര്‍ച്ച് കാലത്ത് അമേരിക്കക്കാര്‍ തോക്കുവാങ്ങാന്‍ ക്യൂ നില്‍ക്കുകയായിരുന്നു എന്നാണാ വാര്‍ത്ത പറയുന്നത്. 26 ലക്ഷം തോക്കുകളാണ് മാര്‍ച്ച് മാസത്തില്‍മാത്രം അമേരിക്കയില്‍ വിറ്റുപോയത്. 2019-ല്‍ ഇതേ കാലയളവില്‍ വിറ്റതിന്റെ 85 ശതമാനം വര്‍ദ്ധന. കാനഡയിലും ഹംഗറിയിലുമെല്ലാം വെടിക്കോപ്പു വില്‍പ്പനയില്‍ വന്‍വര്‍ദ്ധന ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.
അമേരിക്കക്കാര്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് എന്തിനായിരുന്നു ആ തോക്ക്? അവര്‍ പറയുന്നത് അത് സ്വയം പ്രതിരോധിക്കാനായിരുന്നുവെന്നാണ്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍, അക്രമിക്കും എന്നു തോന്നുന്നവന്റെ നെഞ്ചത്തിട്ട് കാച്ചാന്‍. ഇപ്പോഴാരാണ് അക്രമിക്കാന്‍ വരുന്നത് എന്നു ചോദിക്കും മുമ്പ്, അമേരിക്കക്കാരന്റെ ഭയങ്ങള്‍ ഓര്‍ക്കുക. കുടിയേറ്റക്കാരെ, അഭയാര്‍ത്ഥികളെ, കറുത്തവരെ, കാശില്ലാത്തവരെ, അപരരെന്നോ ശത്രു എന്നോ കരുതുന്നവരെ. അവരെല്ലാം, ഈ ലോക്ക്ഡൗണ്‍ കാലത്ത്, വിശന്നോ മടുപ്പു കേറിയോ കൊള്ളയും കൊള്ളിവെപ്പും നടത്തുമെന്നായിരുന്നു പൊതുഭയം. പൊലീസും പട്ടാളവുമൊക്കെ കൊറോണ വൈറസിന്റെ പിന്നാലെ ആയതിനാല്‍, തങ്ങളെ രക്ഷിക്കാന്‍ തങ്ങളും തോക്കും തന്നെ വേണമെന്ന് അവരങ്ങ് തീരുമാനിച്ചു. അങ്ങനെ, കാണാമറയത്തെ ശത്രുവിന്റെ ചങ്കില്‍ ഉണ്ടപായിക്കാന്‍ തോക്കും പിടിച്ചിരുന്നു സാധാരണ അമേരിക്കക്കാര്‍.
രണ്ടാം വാര്‍ത്ത ബ്രിട്ടനില്‍നിന്നായിരുന്നു. അതും 2020 മാര്‍ച്ചിലുള്ളത് തന്നെയാണ്.
കൊവിഡ് വന്നു തട്ടിപ്പോവാതിരിക്കാന്‍ പണക്കാരായ പണക്കാരൊക്കെ റിസോര്‍ട്ടുകളിലേക്ക് വണ്ടി പിടിക്കുന്നതിനെ കുറിച്ചായിരുന്നു അത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്ത്, വിദൂരദേശങ്ങളിലെ മനോഹരറിസോര്‍ട്ടുകളിലേക്ക് രാപ്പാര്‍ക്കാനുള്ള പാച്ചില്‍. ചിലര്‍ സുന്ദരികളായ പെണ്ണുങ്ങളെ കൂടെക്കൊണ്ടുപോവുന്നു. മറ്റു ചിലര്‍ കുടുംബത്തെ. ചിലരൊക്കെ ഡോക്ടറെയും നഴ്സുമാരെയുമൊക്കെ ഒപ്പം കൂട്ടുന്നുണ്ട്. വേറെ ചിലരാവട്ടെ, ആഡംബര നൗകകള്‍ ബുക്ക് ചെയ്ത്, കര അടുപ്പിക്കാതെ തീനും കുടിയും വിനോദങ്ങളുമായി കൊവിഡ് കാലം കഴിച്ചുകൂട്ടാന്‍ നോക്കി.
ചുമ്മാതെയായിരുന്നില്ല ആ പോക്ക്. വില കൂടിയ ഡിസൈനര്‍ മാസ്‌കുകളും ഏറ്റവും ഗുണനിലവാരമുള്ള ബ്രാന്റഡ് സാനിറ്റൈസറുകളുമെല്ലാം കൂമ്പാരമായി ഒപ്പം കൊണ്ടുപോയി അവര്‍. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ പറ്റുന്ന കിട്ടാവുന്ന സര്‍വ്വ മരുന്നുകളും അവര്‍ കൂടെകൊണ്ടുപോയി. നാട്ടുകാരെല്ലാം ചത്തു തീര്‍ന്നില്ലെങ്കില്‍, സ്വന്തം നാടുകളിലേക്ക്, പാട്ടും പാടി മടങ്ങി ചെല്ലാനുള്ള കലാപരിപാടികള്‍.
രണ്ട്
ഇങ്ങനെയൊക്കെയായിരുന്നു അന്ന് ലോകം. അടഞ്ഞിരിപ്പിന്റെ അപൂര്‍വ്വമായ അനുഭവങ്ങളെ മനുഷ്യര്‍ പല തരത്തില്‍ നേരിട്ടു. ഭരണാധികാരികളും ഉദ്യോഗസ്ഥ പ്രമുഖരും സൈന്യവുമെല്ലാം കണ്‍മിഴിച്ചുനിന്ന കൊവിഡ് ആദ്യ നാളുകളില്‍, ലോക്ക്ഡൗണ്‍ മാത്രമായിരുന്നു ശരണം. അമേരിക്കയില്‍ സെമിത്തേരികള്‍ നിറഞ്ഞു കവിഞ്ഞ നേരമായിരുന്നു അത്. ഇന്ത്യയിലാണെങ്കില്‍, അനിശ്ചിതമായി തുടര്‍ന്ന ലോക്ക്ഡൗണിനെ വീട്ടിലിരുന്ന് വ്യത്യസ്തമായ ഭക്ഷണമുണ്ടാക്കിയും യൂട്യൂബ് വീഡിയോകള്‍ ഉണ്ടാക്കിയും മറ്റു ചിലര്‍ കവിതകളെഴുതി ഫേസ്ബുക്കിലിട്ടും നേരിട്ടു.
എഴുത്ത് അതിജീവനത്തിനുള്ള ശക്തമായ ആയുധങ്ങളാണെന്ന തിരിച്ചറിവിലേക്ക് മൂടിപ്പോയി ഒരുപാടാളുകള്‍. അങ്ങനെ, കൊവിഡ് കാലം വിതച്ച അനിശ്ചിതാവസ്ഥകളെ വാക്കുകൊണ്ട് നേരിടാന്‍ ഒരാള്‍ നടത്തിയ ശ്രമങ്ങള്‍ ഇന്നൊരു പുസ്തകമാണ്. ലോഗോസ് പ്രസിദ്ധീകരിച്ച 'തടവു ചാടിയ വാക്ക്' എന്ന പുസ്തകം. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി അരുണ്‍കുമാര്‍ എഴുതിയ ഈ പുസ്തകം ചൈനയിലെ വന്യജീവിത്തീറ്റ മുതല്‍ മീശവിവാദത്തെ വരെ 38 ലേഖനങ്ങളില്‍ ചേര്‍ത്തു വെച്ചിരിക്കുന്നു.. കൊവിഡ് കാലത്തിന്റെ തടവുചാട്ടമായാണ്, എഴുത്തുകാരന്‍ ഈ പുസ്തകത്തെ വിഭാവനം ചെയ്തത്.
മൂന്ന് ഭാഗങ്ങളായാണ് ഇതിലെ ലേഖനങ്ങളെ സമാഹരിച്ചിരിക്കുന്നത്. രോഗം കാലം, എന്ന ഭാഗം കൊവിഡ് കാലത്തെക്കുറിച്ചും ആ കാലത്തിന്റെ ഒട്ടും നോര്‍മല്‍ അല്ലാത്ത അവസ്ഥകളെക്കുറിച്ചുമാണ് പറയുന്നത്. വാക്ക് എന്ന രണ്ടാം ഭാഗത്തില്‍ സാഹിത്യമാണ് വിഷയം. പല കാലങ്ങളില്‍ എഴുതപ്പെട്ട സാഹിത്യ കൃതികളിലൂടെ ഒരാള്‍ പല വഴിക്കു നടത്തുന്ന യാത്രകളാണ് ഇതില്‍. മൂന്നാം ഭാഗം സിനിമകളെക്കുറിച്ചുള്ളതാണ്. 'നോക്ക്' എന്നു പേരിട്ട ഈ ഭാഗത്തില്‍ സത്യജിത് റേ സിനിമ മുതല്‍ ഈ മ യൗ വരെ കടന്നുവരുന്നു. ഒറ്റനോട്ടത്തില്‍ മോരും മുതിരയും പോലെ തോന്നിപ്പിക്കുന്ന വിഷയങ്ങളെ സാധാരണമല്ലാത്ത വിധം കൊവിഡ് എന്ന ചരടിലേക്ക് കൂട്ടിക്കെട്ടുകയാണ് ഈ പുസ്തകമെന്ന് പറയാം.
മൂന്ന്
ഒരു കഥ കൂടി പറയാം. അത് ലോകത്തെ ഏറ്റവും മനോഹരമായ രതികഥകളെക്കുറിച്ചാണ്. ഡെക്കമറണ്‍ കഥകള്‍. 1347-48 കാലത്ത് ഇറ്റലിയെ വിറപ്പിച്ച പ്ലേഗ് ബാധയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ പുസ്തകമാണത്. 1313 മുതല്‍ 1375 വരെ ഇറ്റലിയില്‍ ജീവിച്ച ജിയോവാനി ബൊക്കാച്ചിയോ ആണ് ലോകസാഹിത്യത്തിലെ, മനോഹരമായ ഈ വായനാനുഭവം എഴുതിയുണ്ടാക്കിയത്.
പ്ലേഗായിരുന്നു അതില്‍ വിഷയം. നാടാകെ ക്വാറന്റീനില്‍ കഴിയുന്നു. രോഗം കൊടുങ്കാറ്റ് പോലെ പടരുന്നു. ആളുകള്‍ മരിക്കുന്നു. ഇന്നത്തെപ്പോലെ, 'സാമൂഹ്യ അകലം' അടക്കമുള്ള മാര്‍ഗങ്ങള്‍ രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്നു. ഇതെല്ലാം കണ്ടുകണ്ട് ഭ്രാന്ത് പിടിച്ചും മരണത്തെ പേടിച്ചും, ഏഴു പെണ്ണുങ്ങള്‍ ഫ്ളോറന്‍സ് നഗരത്തിലെ ഒരു പള്ളിയില്‍ കൂടുന്നു. ഇനിയിവിടെ നിന്നാല്‍ പണി കിട്ടും എന്ന ഉറപ്പില്‍, അവര്‍ ഒരു തീരുമാനത്തിലെത്തുന്നു. എസ്‌കേപ്പ്. ഒറ്റയ്ക്കു പോവാന്‍ പേടിയുള്ളതിനാല്‍, പള്ളിയില്‍ കണ്ടുമുട്ടിയ മൂന്ന് യുവാക്കളെയും അവര്‍ കൂടെക്കൂട്ടുന്നു. സ്ഥലം വിടുന്നു. കുറേ അകലെ, അതിമനോഹരമായ പൂന്തോട്ടങ്ങളും മനോഹരമായ കെട്ടിടങ്ങളുമുള്ള ഒരിടത്ത് അഭയം തേടുന്നു. മൂക്കില്‍ ബാക്കിയായ മരണഗന്ധം കളയുന്നതിന് അവര്‍ രസകരമായ ചില വഴികള്‍ കണ്ടെത്തുന്നു. കഥകളുടെ വഴി. അതും മനോഹരമായ രതികഥകള്‍.
ദിവസവും തങ്ങളിലൊരാളെ അവര്‍ രാജാവോ രാജ്ഞിയോ ആയി തെരഞ്ഞെടുക്കുന്നു. അവരൊരു വിഷയം പറയുന്നു. പത്തുപേരും പത്തു ദിവസവും ഓരോ കഥ പറയണം. അങ്ങനെ പത്തുനാള്‍ കൊണ്ട് നൂറു കഥകള്‍. എല്ലാ കഥകളുടെയും രസനാഡി ചെന്നുനില്‍ക്കുന്നത് സെക്സിലാണ്. പ്രണയികളുടെ, ദമ്പതികളുടെ, അവിഹിത ബന്ധക്കാരുടെ, പുരോഹിതരുടെ ഒക്കെ രതികഥകള്‍. (എന്നാല്‍, സൂക്ഷിച്ചു വായിച്ചാല്‍, അക്കാലത്തെ, ഇറ്റാലിയന്‍ സമൂഹത്തെക്കുറിച്ചുള്ള നിശിത വിമര്‍ശനമായിരുന്നു അതെന്നു മനസ്സിലാക്കാം)
എന്തു കൊണ്ടാവും അത്ര ഭീകരമായ നാളുകളെ അവര്‍ രതികഥകള്‍ കൊണ്ട് നേരിടാന്‍ ഒരുങ്ങിയത്? എന്തിനാവും, മരണഗന്ധമുള്ള കാറ്റുകളില്‍നിന്നും അവര്‍ ആനന്ദങ്ങളുടെ ആഖ്യാനങ്ങളിലേക്ക് ചെന്നിരുന്നത്? അതിനുത്തരം പലതുമാവാം. എങ്കിലും, പൊതുവായി ചിലതുണ്ടാവും അവയില്‍. അതിലൊന്ന് അതിജീവനമാണ്. ദുരന്തമുഖങ്ങളില്‍ മനുഷ്യര്‍ ചെന്നുനില്‍ക്കാവുന്ന പ്രതീക്ഷയുടെ ഒരിടം. മറ്റൊന്ന്, കൊടും നിരാശകളാണ്. അതിനെ മറികടക്കാനുള്ള വഴി ആനന്ദങ്ങളുടെയും മറവികളുടേതുമാണ്. വേറൊന്ന്, കഥകള്‍ക്കു മാത്രം ചെന്നു നില്‍ക്കാനാവുന്ന ഭാവനയുടെ രക്ഷാമാര്‍ഗങ്ങളാണ്. ഇതെല്ലാം, ചേര്‍ന്നാവും ഉറപ്പായും ആ പത്തുമനുഷ്യര്‍ അവിടെചെന്നിരുന്നത്. രതികഥകള്‍ കൊണ്ട് ദുരന്തങ്ങളെ മറികടക്കാന്‍ ശ്രമിച്ചത്.
നാല്
പ്ലേഗ് കാലത്തെ രതികഥകളിലൂടെ മറികടക്കാന്‍ ശ്രമിച്ച ഇറ്റലിക്കാരെ പോലെ, നമ്മുടെ കാലത്തെ മനുഷ്യരും അവരവര്‍ക്ക് ചേര്‍ന്നുനില്‍ക്കാവുന്ന കഥാവഴികളിലേക്ക് തന്നെ ചെന്നുനിന്നു. 'തടവുചാടിയ വാക്ക്' അത്തരം കഥകളുടെ പല വഴികള്‍ തേടുന്നുണ്ട്. അതിലൊരു വിഷയം, രതിയും ഭക്ഷണവുമായത് അങ്ങനെയാണ്. 'രുചിരതികള്‍.' എന്നാണതിന്റെ തലക്കെട്ട്. ഭക്ഷണത്തെയും രതിയേയും കുറിച്ചുള്ള വ്യത്യസ്തമായ നോട്ടമാണത്.
''അടിസ്ഥാനപരമായി മനുഷ്യന്റെ ഏറ്റവും വലിയ ലൈംഗികാവയവം തലച്ചോറ് ആയതിനാല്‍ ഭാവനാത്മകമായി രതിയെ സമീപിക്കാന്‍ കഴിയാത്തവര്‍ക്ക് ലൈംഗികോത്തേജനമെന്ന് പറയപ്പെടുന്ന എന്തു ഭക്ഷണം കഴിച്ചാലും മനോഹരവും വേറിട്ടതുമായ ലൈംഗികാഹ്ലാദത്തെ കരഗതമാക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. അങ്ങനെയാണ്, ലൈംഗികതയെ അത്യാഹ്ലാദകരമാക്കാനും മനുഷ്യസാദ്ധ്യമല്ലാത്ത അവസ്ഥകളിലേക്ക് ദീര്‍ഘിപ്പിച്ചും സിമന്റ് കൊണ്ടുള്ള കൊടിമരങ്ങള്‍ പോലെ ഉറപ്പിച്ചു നിര്‍ത്തുന്നതുമായ മരുന്നുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ''-എന്ന് അതിലൊരിടത്ത് പറയുന്നുണ്ട്.
ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങള്‍ ഏതൊക്കെയെന്ന് ഓര്‍ക്കുന്നുണ്ടോ? ഭക്ഷണവും രതിയും! യൂട്യൂബ് റെസിപ്പികള്‍ നോക്കി ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണസാധനങ്ങളുടെ ഫോട്ടോകളാല്‍ നിറഞ്ഞിരുന്നു അന്ന് ഫീഡുകള്‍. ഓരോ ദിവസവും പുതിയ ഭക്ഷണ ഭക്ഷണങ്ങള്‍. വീട്ടിനുള്ളില്‍ എങ്ങനെ പൊറോട്ട ഉണ്ടാക്കാന്‍ കഴിയുമെന്ന മട്ടിലുള്ള സോദാഹരണ ചര്‍ച്ചകള്‍.
രതിയോ? അതായിരുന്നു മറ്റൊരു ചര്‍ച്ചാ വിഷയം. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍, അടുത്ത വര്‍ഷം പിറക്കുന്നത് കുട്ടികളുടെ വിസ്‌ഫോടനത്തോടെ ആയിരിക്കുമെന്നായിരുന്നു പ്രവചനം. ഗര്‍ഭനിരോധന ഉറകള്‍ കിട്ടാനില്ലെന്നും അന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതോടൊപ്പമാണ്, വീട്ടിനുള്ളിലടക്കപ്പെട്ട മലയാളി പുരുഷന്‍ സംഗീതാസ്വാദനവും ലോകസിനിമാ ചര്‍ച്ചയും വായനാ സംവാദവുമായി തിരക്കിലാവുമ്പോള്‍, വീട്ടുപണിയെടുത്ത് തളരുന്ന സ്ത്രീകളുടെ ആഖ്യാനങ്ങളും പ്രത്യക്ഷപ്പെട്ടത്. മാനസികോല്ലാസവും ബൗദ്ധികാനന്ദവുമായി കിടപ്പുമുറിയിലെത്തുന്ന പുരുഷന്റെ ലൈംഗിക കേളിക്കുള്ള ഉപകരണങ്ങള്‍ മാത്രമായി സ്ത്രീകള്‍ മാറുന്നതായി ഗാര്‍ഹികപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തതുമോര്‍ക്കുന്നു.
അഞ്ച്
അങ്ങനെ, 'തടവുചാടിയ വാക്കുകളി'ലേക്ക് വീണ്ടും. ലോക്ക്ഡൗണ്‍ കാലത്തിന്റെ അനുഭവരാശികളിലേക്ക് വ്യത്യസ്തമായ അനേകം ലേഖനങ്ങളെ ചേര്‍ത്തുവെക്കുന്ന ഈ പുസ്തകം ആ കാലത്തിന്റെ വേറിട്ട ഡോക്യുമെന്‍േറഷേന്‍ ആയാണ് മാറുന്നത്. എന്നാല്‍, ലോക്ക്ഡൗണ്‍ എന്ന ഫോക്കസില്‍നിന്നും അതിങ്ങനെ പലപ്പോഴും വഴുതിപ്പോവുന്നു. ആന മുതല്‍ അമ്പഴങ്ങ വരെ വരിവരിയായി നില്‍ക്കുന്ന വാക്കുകളുടെ ഒരു ചന്തപോലെ കൊവിഡ് അനുഭവ സാദ്ധ്യതകളില്‍നിന്നും അത് പുറപ്പെട്ടുപോവുന്നു. മറ്റേത് കാലത്തും എഴുതാവുന്ന, വായിക്കാവുന്ന ലേഖനങ്ങളുടെ അതിപ്രസരം കൂടിയാവുമ്പോള്‍, പൊതുപ്രമേയത്തില്‍നിന്നും പുസ്തകം തെന്നിമാറുകയും ചെയ്യുന്നു. അത്തരമൊരു തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നുവെങ്കില്‍, ഫോക്കസിംഗ് ഉണ്ടായിരുന്നുവെങ്കില്‍, അനായാസം ഈ പരിമിതിയെ മറികടക്കാനാവുമായിരുന്നു, മനോഹരമായ ഈ പുസ്തകത്തിന്.