പുരുഷ ഓഫീസര്‍മാരെപ്പോലെ പരിഗണിക്കാന്‍ പരാതി നല്‍കേണ്ടി വന്നു, അന്ന്...
ബി സന്ധ്യ ഐ പി എസ് എഴുതിയ 'ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി' എന്ന പുസ്തകത്തിന്റെ വായന. മധു കെ. വി എഴുതുന്നു
സ്ത്രീയെന്ന അവഗണനകളും ക്രൂരതകളും പരക്കെ നേരിടുന്ന ഒരു സമൂഹത്തില്‍ നിന്ന് പൊലീസ് തലപ്പത്ത് എത്തിയ വ്യക്തിജീവിതത്തിലെ അനുഭവങ്ങളെ സാമൂഹ്യകാഴ്ചപ്പാടോടെ അവതരിപ്പിക്കുകയാണ് സന്ധ്യ ഈ പുസ്തകത്തില്‍. ബാല്യകാലം മുതല്‍ ഉണ്ടായ ആത്മനിഷ്ഠമായ അനുഭവങ്ങള്‍ക്കൊപ്പം ഈ കൊവിഡ് മഹാമാരിക്കാലത്ത് മനസ്സിലുദിച്ച ചിന്തകളെയും കൂടി കോര്‍ത്തിണക്കിക്കൊണ്ട് കൊവിഡ് പ്രതികൂലസന്ധികളെ കരുത്തോടെ നേരിടാന്‍ ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി പകര്‍ന്നുനല്‍കാനുള്ള ശ്രമമാണ് ബി സന്ധ്യ പുസ്തകത്തിലൂടെ നടത്തുന്നത്.
മുപ്പത് വര്‍ഷം മുമ്പ് നടന്ന ഒരു സംഭവമാണ്. രണ്ടു പെണ്‍കുട്ടികള്‍ അടങ്ങിയ ഒരുസംഘം ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍മാര്‍ ആര്‍മി അറ്റാച്ച്മെന്റിനായി ജമ്മുവിലെത്തി. അവരില്‍ സ്ത്രീകളായ രണ്ട് ഓഫീസര്‍മാര്‍ താമസിക്കുന്ന മുറി. രാവിലെ അരിച്ചെത്തുന്ന തണുപ്പില്‍ മുറിവാതിലില്‍ മുട്ടുകേട്ടു.
ചായയാണ്. കുപ്പിയില്‍ ചായയുമായി ബെയറര്‍ നില്‍ക്കുന്നു വാതില്‍ക്കല്‍.
ഒരു ഓഫീസര്‍ ചോദിച്ചു. ഭയ്യാ, ചായ ഫ്ളാസ്‌കില്‍ കിട്ടില്ലേ ഇവിടെ.
ഓ അത് ഓഫീസര്‍മാര്‍ക്കേയുള്ളൂ.
സ്ത്രീകളിലൊരാള്‍ ഞാന്‍ ഓഫീസറാണെന്ന് തിരിച്ചുപറഞ്ഞപ്പോള്‍, പുച്ഛമുഖഭാവത്തോടെ ബെയറര്‍ തിരിച്ചുപോയി.
ഒടുവില്‍ ആ വനിതാ ഓഫീസര്‍ ലെയ്സണ്‍ ഓഫീസറോട് പരാതി പറഞ്ഞ് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് ചായ ഗ്ലാസില്‍ കിട്ടിയത്. സാധാരണ നിലയില്‍ മാത്രമല്ല, ഏത് ഉന്നത നിലയിലെത്തിയാലും പെണ്ണിന് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെ കുറിച്ചള്ള ഒരാമുഖമാണിത്.
അന്ന് ഗ്ലാസില്‍ ചായ ലഭിക്കാന്‍ വേണ്ടി ശ്രമിച്ച ആ വനിതാ ഓഫീസര്‍ ഇന്ന് കേരളത്തിലെ ഫയര്‍ഫോഴ്‌സ് മേധാവിയാണ്. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്കുള്ള അവസാന പട്ടികയില്‍ ഉള്‍പ്പെട്ട അവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍, ആ സ്ഥാനത്തെത്തുന്ന ആദ്യ വനിത ആയിരിക്കും. കവിയും എഴുത്തുകാരിയുമായ ബി സന്ധ്യയുടെ 'ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി' എന്ന പുസ്തകത്തിലെ ഒരു അനുഭവ കഥയാണ് മുകളില്‍ പറഞ്ഞത്.
സ്ത്രീയെന്ന അവഗണനകളും ക്രൂരതകളും പരക്കെ നേരിടുന്ന ഒരു സമൂഹത്തില്‍ നിന്ന് പൊലീസ് തലപ്പത്ത് എത്തിയ വ്യക്തിജീവിതത്തിലെ അനുഭവങ്ങളെ സാമൂഹ്യകാഴ്ചപ്പാടോടെ അവതരിപ്പിക്കുകയാണ് സന്ധ്യ ഈ പുസ്തകത്തില്‍. ബാല്യകാലം മുതല്‍ ഉണ്ടായ ആത്മനിഷ്ഠമായ അനുഭവങ്ങള്‍ക്കൊപ്പം ഈ കൊവിഡ് മഹാമാരിക്കാലത്ത് മനസ്സിലുദിച്ച ചിന്തകളെയും കൂടി കോര്‍ത്തിണക്കിക്കൊണ്ട് കൊവിഡ് പ്രതികൂലസന്ധികളെ കരുത്തോടെ നേരിടാന്‍ ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി പകര്‍ന്നുനല്‍കാനുള്ള ശ്രമമാണ് ബി സന്ധ്യ പുസ്തകത്തിലൂടെ നടത്തുന്നത്.
വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കടന്നുവന്ന വഴികളിലൂടെ അവര്‍ സഞ്ചരിക്കുന്നു. ഒപ്പം ശിഥിലമായി മനസ്സില്‍ കിടക്കുന്ന ചിന്തകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ലേഖനങ്ങളുടെ കുറിപ്പുകളുടെ സമാഹാരമാണ് സൈന്‍ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം. രാമായണവും മഹാഭാരതവും ബുദ്ധന്റെ ജീവിതവും മുതല്‍ മാസ്‌ക് വരെ അവരുടെ ചിന്താവിഷയങ്ങളാകുന്നു.
ആര്‍മി ബസ്സിലെ സീറ്റ്
മകളെന്നും മകളാണ് എന്ന ലേഖനത്തില്‍ സ്ത്രീയനുഭവിക്കുന്ന പ്രശ്നങ്ങളെ സ്വാനുഭവകഥനത്തിലൂടെ അവര്‍ വിശദീകരിക്കുന്നു. സ്ത്രീധന പീഡനങ്ങളുടെ പ്രാകൃതമായ കഥാകഥനങ്ങള്‍ കേട്ട് മനസ്സുമരവിച്ചുപോകുന്ന വര്‍ത്തമാനകാലത്ത് പ്രസക്തമായതും അനിവാര്യമായതുമായ ചില കാഴ്ചപ്പാടുകള്‍ അവര്‍ അവതരിപ്പിക്കുന്നു.
ആര്‍മിഅറ്റാച്ച്്മെന്റിനായി ജമ്മുവിലെത്തിയപ്പോള്‍ പരിശീലനകാലത്തുണ്ടായ മറ്റൊരു അനുഭവം അവര്‍ വിശദീകരിക്കുന്നുണ്ട്.
ഒരു ദിവസം പരിശീലനത്തിന് പോകാന്‍ യൂണിഫോം ധരിച്ച് തയാറായി ആര്‍മി ബസിലേക്ക് കയറി. കൂടെയുണ്ടായിരുന്ന രശ്മി ഡ്രൈവറുടെ സീറ്റിന് ഇടതുവശത്തിരുന്നു പൊക്കം കുറഞ്ഞ് മെലിഞ്ഞ ശരീരപ്രകൃതിയുള്ള കുട്ടിയാണ് രശ്മി. സീറ്റിലിരുന്ന രശ്മിയോട് ഡ്രൈവര്‍ പെട്ടെന്ന്് പുറകോട്ടിരിക്കാന്‍ ആജ്ഞാപിച്ചു. ഈ സീറ്റ് ഓഫീസര്‍മാര്‍ക്ക് മാത്രമുള്ളതാണെന്ന് പറഞ്ഞുകൊണ്ട്
കൂടെയുള്ള മറ്റ് ഓഫീസര്‍മാര്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നിട്ടും അത് സ്വീകരിക്കാന്‍ തയാറായില്ല.
രശ്മി സീറ്റില്‍ നിന്ന പോകാതെ വണ്ടിയെടുക്കില്ലെന്ന ഉറച്ച നിലപാടെടുത്തു.
എല്ലാവരും ഓഫീസര്‍മാര്‍. ഐപിഎസും സ്റ്റാറുമെല്ലാം ഒരുപോലെയാണ് എന്ന് പോലും കരുതാന്‍ അയാള്‍ തയാറായില്ല.
ഒടുവില്‍ ലെയ്സണ്‍ ഓഫീസറോട് പരാതി പറഞ്ഞു. അപ്പോള്‍ കിട്ടിയ മറുപടി അതിലും അപ്പുറത്തായിരുന്നു.
''അതിനെന്താ, അവര്‍ പിറകോട്ടിരുന്നാല്‍ പോരായിരുന്നോ'' എന്നായിരുന്നു ആ മറുപടി.
'അതു സാധ്യമല്ല, ഇന്ന് സ്‌ക്വാഡ് ലീഡര്‍ രശ്മിയാണ്' എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയാണ് യാത്രതുടര്‍ന്നത്.
'മാത്രമല്ല, ഡ്രൈവറുടെ അസഹിഷ്ണുത അവസാനിപ്പിക്കാന്‍, ഞാനോ രശ്മിയോ മാത്രം ആ സീറ്റില്‍ ഇരുന്നാല്‍ മതിയെന്ന് തീരുമാനവും കൈക്കൊണ്ടു' -സന്ധ്യ എഴുതുന്നു.
സ്ത്രീകള്‍ ഉന്നത പദവിയിലെത്തുന്നതുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പുരുഷാധിപത്യസമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന് ഈ അനുഭവങ്ങള്‍ മനസ്സിലാക്കിത്തരും. അത്തരം പ്രതികൂലസന്ധികളിലൂടെ സഞ്ചരിച്ചാണ് ഇന്ന് കേരള പോലീസ് മേധാവിയുടെ കസേരകളിലൊന്നില്‍ സന്ധ്യ ഇരിക്കുന്നത്.
കഴുകന്‍ കണ്ണുകള്‍
ബാല്യകാലത്തെ അനുഭവങ്ങളില്‍ നിന്ന് സീതാജീവിതം നിലകൊണ്ട ശിംശിപാ വൃക്ഷംവരെ സന്ധ്യയുടെ ചിന്ത ഒഴുകിപ്പരക്കുന്നു. പ്രകൃതിയും ജീവിതവും കാഴ്ചകളെ ഉത്തേജിപ്പിക്കുന്ന ആലോചനാ വിഷയങ്ങളാകുന്നു. കൗതുകകരവും ശ്രദ്ധേയങ്ങളുമായ നിരീക്ഷണങ്ങളും അവര്‍ അവതരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് കഴുകന്‍ കണ്ണുകള്‍ എന്ന മലയാളിയുടെ പ്രയോഗത്തെ സന്ധ്യ പൊളിച്ചുകളയുന്നുണ്ട്, പറക്കുന്ന സൗന്ദര്യധാമങ്ങള്‍ എന്ന ലേഖനത്തില്‍.
''വില്ലന്മാരുടെ വൃത്തികെട്ട നോട്ടത്തെ കഴുകന്‍ കണ്ണുകൊണ്ടുള്ള നോട്ടം എന്ന് നാം പറയാറുണ്ട്. എന്നാല്‍ ഈഗിള്‍ എന്ന പക്ഷി അവയുടെ കുഞ്ഞുങ്ങളെ നോക്കുന്നത് എന്തുമാത്രം അവധാനതയോടെയാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന മാതൃത്വത്തിന്റെ പ്രതീകമായിട്ടാണ് ആംഗലേയത്തില്‍ ഈഗിളിനെ കണക്കാക്കുന്നത്.''
കൊറോണയും മലയാളിയും
കൊവിഡ് കാലത്തെ ജീവിതം ആഴത്തിലിറങ്ങിച്ചെന്ന് വിലയിരുത്തുന്നുണ്ട്, സന്ധ്യ. കൊവിഡ് കാലത്ത് മുഖാവരണവുമായി ഇരിക്കുമ്പോള്‍ വാള്‍ട്ട് വിറ്റ്മാന്റെ 'ഈ മുഖാവരണത്തിന്റെ പിന്നില്‍ നിന്ന് പുറത്തേക്ക്' എന്ന കവിത വായിക്കുന്നു അവര്‍. പുറത്തിറങ്ങാതെ ഒരുദിവസം പോലും കഴിച്ചുകൂട്ടാന്‍ കഴിയാത്ത മനുഷ്യര്‍ വീട്ടിലിരുന്നുകൊണ്ട് സകല സാധനങ്ങളും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന കാലം. മുഖാവരണം മനുഷ്യജീവിതത്തെ മാറ്റിമറിച്ച കഥയില്‍ തുടങ്ങി കൊവിഡ് കാലത്തെ ജീവിതം സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്.
അതോടൊപ്പം ലോകം മുഴുവന്‍ ചുറ്റിക്കണ്ട ഒരാള്‍ എന്ന നിലയില്‍ കേരളത്തിന്റെ ആരോഗ്യസംവിധാനവും ജീവിതരീതിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും അവര്‍ വിലയിരുത്തുന്നു. കൊവിഡ്കാലത്തെ വിദ്യാഭ്യാസരീതിയുടെ മാറ്റം അവര്‍ നന്നായി നിരീക്ഷിക്കുന്നുണ്ട്, കുട്ടികളും ലോക് ഡൗണും എന്ന കുറിപ്പിലൂടെ.
''വിദേശത്തുനിന്ന് പല മാതാപിതാക്കളും കുട്ടികള്‍ക്ക് നാട്ടില്‍ സ്‌കൂള്‍ പ്രവേശനത്തിനായി ശ്രമിക്കുന്നു. നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി അവിടെക്ക് കുട്ടികളെ ക്ഷണിക്കാവുന്നതാണ്. അതോടൊപ്പം അധ്യാപനരീതികളിലും വിദ്യാലയങ്ങളെ ശ്രദ്ധിക്കാന്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍ എന്നിവ കൃത്യമായ പദ്ധതികളും തയാറാക്കണം. കുട്ടികള്‍ക്ക് ആണ്‍-പെണ്‍വ്യത്യാസമില്ലാതെ ഒരു കൈത്തൊഴില്‍ പഠിക്കുന്നതിനുള്ള അവസരങ്ങളും ഉണ്ടാക്കണം.''
ഇടമലക്കുടിയിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ കുട്ടികള്‍ അധ്യാപകര്‍ക്കൊപ്പം കൃഷി ചെയ്യുന്നത് കണ്ട ആവേശത്താല്‍ കണ്ണുനിറഞ്ഞുപോയ അനുഭവവും അവര്‍ പങ്കുവയ്ക്കുന്നു.
സീത മുതല്‍ ജാബാലി വരെ
രാമായണസഞ്ചാരം സന്ധ്യയുടെ ഒരു പ്രിയപ്പെട്ട വിഷയമാണ്. നേരത്തെ രാമായണത്തെ അടിസ്ഥാനമാക്കി 'ഇതിഹാസത്തിന്റെ ഇതളുകള്‍' എന്നൊരു പുസ്തകം തന്നെ ബി സന്ധ്യ എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തിലും അത്തരം പുനര്‍വായനകള്‍ അവര്‍ നടത്തുന്നുണ്ട്.
രാമായണത്തിലെ നിരീശ്വരവാദിയായ ജാബാലിമുനിയുടെ കഥ. കാനനസീതയുടെ ആശങ്കകള്‍, സ്വന്തം രക്തത്തില്‍ പിറന്ന മാണ്ഡവിയെ കല്യാണം കഴിക്കേണ്ടി വന്ന കൈകേയി പൂത്രനായ ഭരതന്റെ ആരും പറയാത്ത ചിന്തകള്‍, പഞ്ചകന്യകകള്‍ എന്ന വിളിപ്പേരുള്ള കഥാപാത്രങ്ങളില്‍ രാമായണത്തില്‍ നിന്നുള്ള അഹല്യ താര, മണ്ഡോദരി എന്നിവരെകുറിച്ച് ആരാധ്യരായ സ്ത്രീരത്നങ്ങള്‍ എന്ന ലേഖനത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും സ്ത്രീകളോടുണ്ടായിരുന്ന പരിഗണനയും അവഗണനയും സന്ധ്യസന്ധതയോടെ ഈ പുസ്തകത്തില്‍ വിലയിരുത്തുന്നുണ്ട്.
ഒരു സ്ത്രീയെന്ന നിലയില്‍ ജീവിതത്തില്‍ വ്യത്യസ്തകാലത്ത് ഒരേ സ്ഥലത്തേക്ക് യാത്ര ചെയ്തതിന്റെ കൗതുകകരമായ ഒരനുഭവം 'മനസ്സിലെ മഴവില്‍ കാഴ്ചകള്‍' എന്ന കുറിപ്പില്‍ സന്ധ്യ പങ്കുവയ്ക്കുന്നുണ്ട്. കന്യാകുമാരിയിലേക്ക് നടത്തിയ ജീവിതത്തിലെ ആദ്യ സ്വപ്നസഞ്ചാരത്തില്‍ അതാരംഭിക്കുന്നു. പിന്നെ മുതിര്‍ന്നപ്പോള്‍ കോളേജ് പഠനകാലത്ത്, അതുകഴിഞ്ഞ് മകളോടും ഭര്‍ത്താവിനോടുമൊപ്പം പോയ അനുഭവവും വിശദീകരിക്കുന്നു. പിന്നീട് സമീപകാലത്ത് പോയപ്പോള്‍ തിരുവള്ളുവരുടെ പ്രതിമയുടെ മുന്നില്‍ നിന്ന് ലഭിച്ച അനുഭൂതിയും പങ്കുവയ്ക്കുന്നു.
പൂമ്പാറ്റയും സാഹിത്യവും
അഴീക്കോട് മാഷ് സുഖമില്ലാതെ ആശുപത്രിയിലായിരുന്നപ്പോള്‍ രമണനിലെ ഗ്രാമവര്‍ണന ചൊല്ലിക്കേള്‍പ്പിച്ചതിനെ കുറിച്ചുള്ള അനുഭവം മുതല്‍ മാധവിക്കുട്ടിയുടെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെന്ന് നിന്നപ്പോള്‍ ഉണ്ടായ വേദന വരെ അവര്‍ പങ്കുവയ്ക്കുന്നുണ്ട്.
ബി സന്ധ്യ കവിയാണ്, ചിന്തകയാണ്, ബ്യൂറോക്രാറ്റാണ്. പക്ഷേ അവര്‍ക്ക് ഏറ്റവും ഇഷ്ടം ചിത്രശലഭങ്ങളും സാഹിത്യവുമാണ്. അതുകൊണ്ട് തന്നെയാകണം. 'പൂമ്പാറ്റകളില്ലാത്ത ഭൂമി' എന്ന ലേഖനത്തില്‍ അവര്‍ വ്ലാദിമിര്‍ നബോക്കോവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് 'ചിത്രശലഭങ്ങളും സാഹിത്യവും മനുഷ്യന്റെ ഏറ്റവും മധുരതരമായ രണ്ട് അഭിനിവേശങ്ങളാണ്.' എസ്സ് എഴുതുന്നു. ചിത്രശലഭങ്ങള്‍ മുതല്‍ ഈ ഭൂമിയില്‍ അസുലഭങ്ങളായ അനുഭൂതി പ്രദാനം ചെയ്യുന്ന എന്തിനെയെല്ലാം പുതിയ പുതിയ മഹാമാരികള്‍ ഇല്ലാതാക്കും എന്ന ആശങ്ക അവര്‍ പങ്കുവെയ്ക്കുന്നു.
അതേ സമയം എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള മനുഷ്യപ്രയത്നത്തെ കുറിച്ച് അവര്‍ ശുഭാപ്തി വിശ്വാസിയാകുകയും ചെയ്യുന്നു. കൊവിഡാനന്തരകാലത്തേക്കുറിച്ചുള്ള നല്ല ചിന്തകള്‍ ഈ പുസ്തകം വായനാനന്തരം അവശേഷിപ്പിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona