'അതിനാല്‍ അവര്‍ ചുംബനത്താല്‍ ഒറ്റുകൊടുക്കപ്പെട്ടവരും  അനുരാഗത്താല്‍ നാടുകടത്തപ്പെട്ടവരുമായി'

പുസ്തകപ്പുഴയില്‍ ഇന്ന് രാജേന്ദ്രന്‍ എടത്തുംകരയുടെ 'കിളിമഞ്ജാരോ ബുക്‌സ്റ്റാള്‍' എന്ന നോവലിന്റെ വായനാനുഭവം. കെ. പി ജയകുമാര്‍ എഴുതുന്നു

Book review Kilimanjaro bookstall by rajendran Edathumkara

'ഫിക്ഷന്‍ വായിക്കുക എന്നാല്‍ ലോകത്ത് സംഭവിച്ചതോ സംഭവിക്കുന്നതോ സംഭവിച്ചേക്കാവുന്നതോ ആയ കാര്യങ്ങളുടെ അപാരതയെക്കുറിച്ച് മനസ്സിലാക്കുന്ന ഒരു ഗെയിം കളിക്കുക എന്നാണര്‍ത്ഥം' എന്ന് ഉംബര്‍ട്ടോ എക്കോ. ഭാവനയില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേയ്ക്കും തിരിച്ചും ഒഴുകിപ്പരക്കുന്ന ജീവിതത്തിന്റെ അമ്പരപ്പുകളെ കളിച്ചുതോല്‍പ്പിക്കാനാവാത്ത, എന്നാല്‍ കളിതുടര്‍ന്നുകൊണ്ടിരിക്കാന്‍ നിര്‍ബന്ധിക്കുന്ന  വായനയുടെയും ഭാവനയുടെയും ഇടമാണ് കിളിമഞ്ജാരോ ബുക്സ്റ്റാള്‍. 

 

Book review Kilimanjaro bookstall by rajendran Edathumkara


To survive, you must tell stories.
The Island of the Day Before-Umberto Eco

 
കഥകള്‍ പൊടുന്നനെ അവസാനിക്കുമോ? വാക്കുകളുടെ അന്ത്യത്തില്‍ ലോകം നിലച്ചുപോകുമോ? 

ഓരോ കഥയും പറഞ്ഞതിനേക്കാളേറെ മൂടിവയ്ക്കപ്പെട്ട ദുരൂഹതകളുടെ പാഠാവലികളാണ്. പറഞ്ഞതും പറയാതിരുന്നതും പറയാന്‍ മാറ്റിവച്ചതും ഇനിയും പറയാനിടയില്ലാത്തതുമായ അര്‍ത്ഥങ്ങളുടെ രാവണന്‍ കോട്ട. പുസ്തകശാലകളാകട്ടെ ഒട്ടനവധി രാവണന്‍കോട്ടകളെ അക്കം ചെയ്ത അര്‍ദ്ധവിരാമങ്ങളുടെ സമുച്ചയം. 

ഒരു പുസ്തകശാലയും പൂര്‍ണ്ണമായി സന്ദര്‍ശിക്കുക സാധ്യമല്ല. എല്ലാ സന്ദര്‍ശനങ്ങളും ഇടയ്ക്കുവച്ചു മടങ്ങിപ്പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട യാത്രകള്‍പോലെ അര്‍ദ്ധ(ത്ഥ)വിരാമങ്ങളുടേതാണ്. രാജേന്ദ്രന്‍ എടത്തുംകരയുടെ കിളിമഞ്ജാരോ ബുക്സ്റ്റാള്‍ അര്‍ദ്ധ വിരാമങ്ങളുടെ പുസ്തകമാണ്; യാത്രകളുടെയും. 

അര്‍ദ്ധവിരാമങ്ങളുടെ പരമ്പരയാണ് കിളിമഞ്ജാരോ ബുക്സ്റ്റാള്‍. ഉദ്ഘാടനവേദിയില്‍  കവിത അവതരിപ്പിച്ച് മടങ്ങിപ്പോയതാണ് കവി കൊയ്ത്താറ്റില്‍. ഒരു വാഹനാപകടം അയാളെ എന്നേക്കുമായി പാതിയില്‍ ചൊല്ലിനിര്‍ത്തി. വൈകിയ ഓര്‍മ്മപ്പടവുകളില്‍ എഴുതിത്തുടങ്ങാത്ത ഒരാത്മകഥയായി വി കെ കാക്കോറ. അടുത്തൊരു ദിവസം കിളിമഞ്ജാരോയിലെത്തി പഴയ തൊഴിലാളിയുടെ ശമ്പളക്കുടിശിക നല്‍കാന്‍ ആഗ്രഹിച്ച കെ കെ സി. പ്രണയകവിതകള്‍ മാത്രമെഴുതിയ തൊഴിലന്വേഷകനായ രാജീവന്‍,  പ്രണയകാമനകളുടെ അപര ദേശത്തേയ്ക്ക് അപ്രത്യക്ഷരായ രമയും ലീനയും. അമ്പാടി, നളിനി... ചരിത്രത്തിലേയ്ക്ക് പുറപ്പെട്ടുപോയ നിലീന. ഒരു കവിള്‍പോലും കുടിക്കാതെ കഥകളിലേയ്ക്ക് പിന്‍വാങ്ങിയ ഭാസ്‌കരേട്ടന്‍, വയല്‍ വരമ്പില്‍ നില്‍ക്കുന്ന റാഹേല്‍. 

'ഞാന്‍' എന്ന ആഖ്യാതാവ് യാത്രയുടെ തുടക്കമോ ഒടുക്കമോ അല്ല, തുടര്‍ച്ചയാണ്. കെകെസിയുടെ മരക്കടയില്‍ തടികളുടെ കണ്ടിക്കണക്കെഴുതിയിരുന്ന 'ഞാന്‍' കിളിമഞ്ജാരോ ബുക്സ്റ്റാളിലെ വില്‍പ്പനക്കാരനായി രൂപാന്തരപ്പെടുന്നു. കാട് കടലാസാകുന്നതുപോലെ, വാക്കുകള്‍ കാടുണ്ടാക്കുന്നതുപോലെ, പുസ്തകം കാടാകുന്നതുപോലെ, മനുഷ്യര്‍ കഥകളും കഥകള്‍ മനുഷ്യരുമാകുന്നതുപോലെ അവസാനിക്കാത്ത ഉപമകളുടെ പലതരം രൂപാന്തരങ്ങളും രൂപകങ്ങളുമായി 'ഞാന്‍' അര്‍ദ്ധോക്തികളുടെ അഴിഞ്ഞുതീരാത്ത ചുരം കയറുന്ന കഥാപാത്രമാണ്. 

വി കെ കാക്കോറ എഴുതാനുദ്ദേശിക്കുന്ന ആത്മകഥ കേട്ടെഴുതുന്ന 'ഞാന്‍',  കേട്ട കഥയ്ക്കും കാക്കോറ പറയുന്ന കഥയ്ക്കുമിടയില്‍ അകപ്പെട്ടുപോകുന്ന ആഖ്യാതാവുകൂടിയാണ്.  കാക്കോറയുടെ ജീവിതമെഴുത്തില്‍ നിന്ന് നിഷ്‌കാസിതരാവുന്ന നിരവധി കഥാ ജീവിതങ്ങള്‍ ആവിഷ്‌കരിക്കപ്പെടാതെ അലഞ്ഞുതിരിയുന്നുണ്ട്. സ്വന്തം ജീവിതം എഴുതുമ്പോള്‍ എന്തെഴുതണം? ആരെ എഴുതണം? എന്നത് ആത്മകഥാകാരന്റെ തിരഞ്ഞെടുപ്പാണെന്ന് കഥയിലെ ചോദ്യത്തെ നേരിട്ടുകൊണ്ട് കാക്കോറ പ്രസ്താവിക്കുന്നുണ്ട്. 'വായനക്കാരാണോ എന്റെ എഴുത്ത് നിശ്ചയിക്കുന്നത്?' എന്ന ചോദ്യംകൊണ്ട് വായനയുടെ ആകാംക്ഷകളെ നിരാകരിക്കുന്ന എഴുത്തധികാരമാണ്. ഗാന്ധിജിയുടെ ആത്മകഥയില്‍ ''അദ്ദേഹത്തിന്റെ എട്ടന്റെ ഫാമിലിയെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ?'' എന്ന പാഠാന്തര റഫറന്‍സിലൂടെ കാക്കോറ, എഴുത്തിന്റെ ഉടമസഥതയെ അസന്ദിഗ്ധമാക്കുന്നു. 

അപ്പോള്‍ ആത്മകഥകള്‍ ആരുടെ കഥകളാണ്? എന്തെല്ലാം മറക്കലുകളിലൂടെയാണ് മറയ്ക്കലുകളിലൂടെയാണ് പുരുഷന്‍ ആത്മകഥയുടെ ആഖ്യാനപ്രദേശങ്ങളെ അളന്നുതിരിക്കുന്നത്? മറവിയുടെ നിരവധി നാടോടിക്കഥകളെ വകഞ്ഞുമാറ്റിക്കൊണ്ടാണ് കാക്കോറയുടെ ആത്മകഥയുടെ അനുഷ്ഠാനതലം വികസിക്കേണ്ടത്. അതിനാല്‍ നളിനിയും അമ്പാടിയും അവരുടെ അകാലമരണങ്ങളാല്‍ അപൂര്‍ണ്ണമാക്കപ്പെട്ട നാടോടി ആഖ്യാനങ്ങളായിത്തീരുന്നു. ചരിത്രത്തിലേയ്ക്ക് ജീവന്‍വയ്ക്കാന്‍ കഴിയാതെ പോകുന്ന പരേതാത്മാക്കള്‍.

പരേതരുടെ ജീവിതത്തെ കഥകളിലേയ്ക്ക് പുനരാഖ്യാനം ചെയ്യുന്നത് ഭാസ്‌കരേട്ടനാണ്. അഥവാ ഭാസ്‌കരന്‍ ഒരു കഥയുടെയോ ജീവിതത്തിന്റെ തന്നെയോ പുനരാഖ്യാനമാണ്. ഗ്രാമ നഗരങ്ങളുടെ വിസ്തൃതഭൂതകാലത്തെ സമകാലികതയിലേയ്ക്ക് വലിച്ചുകെട്ടുന്ന ചരിത്രാഖ്യാനങ്ങളുടെ തുടര്‍ച്ച. കടുക്കന്‍ ദാമോദരന്‍ മാസ്റ്റര്‍ എന്ന 'ചെകുത്താനില്‍'നിന്ന് ആരംഭിക്കുന്ന പകയുടെയും ആസക്തിയുടെയും ജനിതകപാരമ്പര്യത്തെ അയാള്‍ തന്റെ സമകാലിക കഥാജീവിതത്തിലൂടെ മറികടക്കുന്നു. വി കെ കാക്കോറയുടെ ആത്മകഥ കയ്യൊഴിഞ്ഞ നളിനിയെയും അമ്പാടിയെയും പലരുടെ സ്മരണകളില്‍ എഴുതിച്ചേര്‍ക്കുന്നു. നഗരത്തില്‍ ഗ്രാമത്തിന്റെ പൂര്‍വ്വകാലത്തെ മിത്തായി വളരാന്‍ വിത്തിട്ടുപോകുന്ന കഥപറച്ചിലുകാരനാണ് ഭാസ്‌കരന്‍. 

ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനത്തിലേയ്ക് നീട്ടിയെടുത്ത പരേതന്റെ ഉടലടയാളമാണ് ധീരേന്ദ്ര എന്ന കുണാല. പ്രണയത്തിന്റെ നീലക്കണ്ണുകളെ പാടലീപുത്രത്തിലെ രാജകുമാരനും അശോകന്റെ പുത്രനുമായിരുന്ന കുണാലയിലേയ്ക്ക് ബന്ധിപ്പിക്കുമ്പോള്‍ നിലീന സ്വന്തം ശരീരത്തെ, അതിന്റെ പ്രണയാവിഷ്‌കാരങ്ങളെ-അനിവാര്യ ദുരന്തങ്ങളെയും- ചരിത്രത്തിലുടനീളം കണ്ടെടുക്കുന്നു. നിലീന വീണ്ടെടുക്കുന്ന മറ്റൊരടയാളമാണ് 'കിളിമഞ്ജാരോ'. ''ലോണാവ്‌ലയിലെ കോട്ടേജുകള്‍ക്ക് പര്‍വ്വതങ്ങളുടെ പേരുകളായിരുന്നു.'' ധീരേന്ദ്ര എന്ന കുണാലയുടെ വരവിനായി കാത്തിരുന്ന അവസാന നാളുകളിലൊന്നില്‍ നിലീന പറയുന്നു. ''കിളിമഞ്ജാരോ'' ബുക്സ്റ്റാള്‍, ആദ്യമായി കണ്ട പുരുഷ നഗ്‌നതയുടെ, അനുഭവിച്ച രതിയുടെ, ഉടലാവിഷ്‌കാരങ്ങളുടെ ഓര്‍മ്മപ്പെടല്‍. കുണാലയിലേയ്ക്ക് യാത്രപോയ നിലീനയുടെ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫാണ്.  ''വര്‍ത്തമാനങ്ങളുടെ'' പരിധിവിട്ട് അവളുടെ യാത്ര ചരിത്രത്തിലേയ്‌ക്കോ ഭാവിയിലേയ്‌ക്കോ? യാത്ര എന്ന അനന്തതയിലോ, അര്‍ദ്ധവിരാമത്തിലോ നിലീന സ്വയം അടയാളപ്പെട്ടു. 

 

...............................................

കിളിമഞ്ജാരോ ബുക്‌സ്റ്റാള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

Book review Kilimanjaro bookstall by rajendran Edathumkara

 

''ഇതുകഴിഞ്ഞാല്‍ പിന്നെയും പിന്നെയും ചുരങ്ങള്‍ കാണും'' യാത്രകളുടെ അനന്തതയേക്കാളേറെ അസാധ്യതകളെ ധ്വനിപ്പിക്കുന്നതാണ് 'ഞാന്‍' എന്ന ആഖ്യാതാവിന്റെ സഞ്ചാരം. എഴുത്തിലുടനീളം ഇത്തരം അസാധ്യതകളുടെ മുനമ്പില്‍ നിന്നുപോകുന്നുണ്ട് അയാള്‍. അപ്പോഴെല്ലാം ചില പൊതു തത്വങ്ങളെന്നപോലെ, വചനങ്ങള്‍ കൊണ്ടെന്നപോലെ അയാള്‍ അതിജീവിച്ചു. നിത്യതയുടെ സ്മൃതി സാന്നിധ്യത്താല്‍, അതിന്റെ ചരിത്ര ഭാരത്താല്‍ ഒട്ടൊന്നു തങ്ങിനില്‍ക്കുമെങ്കിലും ആ വചനങ്ങള്‍ക്ക് മനുഷ്യസഹജമായ പിടച്ചിലുകളെ പിടിച്ചുകെട്ടാനാകുന്നില്ല. ആഖ്യാനത്തിലുടനീളം കഥാസൂചനകളായും കവിതയായും ചരിത്രമായും കയറിവരുന്ന അന്യപാഠങ്ങള്‍ (റഫറന്‍സ്) 'വചന'ങ്ങളില്‍ സ്വയം അന്വേഷിക്കുകയോ, ഒളിക്കുകയോ ചെയ്യുന്ന മനുഷ്യപ്രയത്‌നങ്ങളാണ്. വചനത്താല്‍ പൊറുപ്പിക്കാനാവാത്ത മനുഷ്യരുടെ മുറിവുകള്‍ കഥകളുടെ, ആഖ്യാനങ്ങളുടെ, വ്യാഖ്യാനങ്ങളുടെ അനന്തതയാണ്. ദൈവ വിളിയുടെ സ്വപ്നപീഢയാല്‍ കന്യാവഴി തേടിപ്പോയ റാഹേലും മഠത്തില്‍നിന്ന് മടങ്ങിയെത്തിയ റാഹേലും പ്രണയത്തിന്റെ വയല്‍വരമ്പില്‍ നില്‍ക്കുന്നത് അതുകൊണ്ടാണ്. 

ജീവിതത്തെ യാത്രകൊണ്ട് നീട്ടിയെഴുതുകയായിരുന്നു രമയും ലീനയും. കിളിമഞ്ജാരോ ബുക്സ്റ്റാളിന്റെ ഇടനാഴിയില്‍ അവര്‍ പരസ്പരം ചുംബിച്ചു. അവര്‍ ചേര്‍ന്നിരുന്നു, പറഞ്ഞുതീരാത്ത വിശേഷങ്ങളുമായി. പുസ്തകശാലയിലെ നല്ല തൊഴിലാളികളായി. ചുംബിച്ചു എന്നതിന്റെ കുറ്റത്താല്‍ കെ കെ സിയുടെ വാടകക്കെട്ടിടത്തിലെ മുറിയില്‍ നിന്ന് രമയും ലീനയും പിന്നീട് പുറത്താക്കപ്പെട്ടു. നഗരത്തില്‍ അവര്‍ക്ക് ജീവിക്കാന്‍ ഇടം കിട്ടിയില്ല. 

മനുഷ്യരെ സദാചാര രൂപങ്ങളായാണ് സമൂഹം സ്വീകരിക്കുന്നത്. അതിനാല്‍ അവര്‍ ചുംബനത്താല്‍ ഒറ്റുകൊടുക്കപ്പെട്ടവരും അനുരാഗത്താല്‍ നാടുകടത്തപ്പെട്ടവരുമായി. പേ വിഷബാധയേറ്റ് കെ കെ സി മരണാസന്നമായി കിടക്കുന്ന ആശുപത്രി വരാന്തയില്‍ അനുരാഗത്തിന്റെ ജ്വരബാധയേറ്റ കാമുകന്റെ വിലാപക്കാഴ്ച രമയുടെയും ലീനയുടെയും അലച്ചില്‍കൊണ്ട് പകരം വയ്ക്കാനാവില്ല. സദാചാരത്തിന്റെ ലിംഗ-വര്‍ഗ നീതി കെ കെ സിയുടെ മരണംകൊണ്ടോ, രമയുടെയും ലീനയുടെയും പുറപ്പെട്ടുപോകലുകൊണ്ടോ പരിഹരിക്കപ്പെടുകയുമില്ല.

'ഫിക്ഷന്‍ വായിക്കുക എന്നാല്‍ ലോകത്ത് സംഭവിച്ചതോ സംഭവിക്കുന്നതോ സംഭവിച്ചേക്കാവുന്നതോ ആയ കാര്യങ്ങളുടെ അപാരതയെക്കുറിച്ച് മനസ്സിലാക്കുന്ന ഒരു ഗെയിം കളിക്കുക എന്നാണര്‍ത്ഥം' എന്ന് ഉംബര്‍ട്ടോ എക്കോ. ഭാവനയില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേയ്ക്കും തിരിച്ചും ഒഴുകിപ്പരക്കുന്ന ജീവിതത്തിന്റെ അമ്പരപ്പുകളെ കളിച്ചുതോല്‍പ്പിക്കാനാവാത്ത, എന്നാല്‍ കളിതുടര്‍ന്നുകൊണ്ടിരിക്കാന്‍ നിര്‍ബന്ധിക്കുന്ന  വായനയുടെയും ഭാവനയുടെയും ഇടമാണ് കിളിമഞ്ജാരോ ബുക്സ്റ്റാള്‍. 

 

കിളിമഞ്ജാരോ ബുക്‌സ്റ്റാള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം
........................................................

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും ഇവിടെ വായിക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios