Book Review : സത്യാനന്തരകാലത്തെ രാഷ്ട്രീയ ജീവിതം
പുസ്തകപ്പുഴയില്‍ ഇന്ന് ഐ.ആര്‍ പ്രസാദിന്റെ 'അരാഷ്ട്രീയം' (ഐവറി ബുക്സ്, തൃശൂര്‍) എന്ന കഥാസമാഹാരത്തിന്റെ വായന. രാജേഷ് കെ.പി എഴുതുന്നു
ലളിതമായ നേരാഖ്യാനങ്ങളാണ് അരാഷ്ട്രീയത്തിലെ ഓരോ കഥയും. വിഷയങ്ങള്‍ മാത്രമാണ് നിമ്നോന്നതങ്ങള്‍. അതിനാല്‍ അരാഷ്ട്രീയത്തിലെ ഒരു കഥയും പുതിയ കഥയെഴുത്തിന്റെ വഴക്കങ്ങളെ പിന്‍പറ്റുന്നില്ല. ശേഖരിച്ച വിജ്ഞാനത്തെ അവലംബിച്ച് ഓരോ കഥാസന്ദര്‍ഭത്തേയും സൂക്ഷ്മമായ വിശകലനത്തിനും ധ്യാനാത്മകതയ്ക്കും വിധേയമാക്കിയ ചെത്തിമിനുക്കിയ കഥകളോ അതില്‍ അമ്പരപ്പിക്കുന്ന പരിണാമങ്ങളോ വായനക്കാരന്‍ പ്രതീക്ഷിക്കേണ്ടതില്ല. അതാണ് ഈ കഥകളുടെ മൗലികത.
രാഷ്ട്രം മാത്രമല്ല തന്നോട് ബന്ധപ്പെട്ടിരിക്കുന്നവരും ചുറ്റുപാടുമെല്ലാം എങ്ങനെയായിരിക്കണമെന്നുള്ള നിലപാടുകള്‍ ഓരോ മനുഷ്യനും വ്യത്യസ്ത രാഷ്ട്രീയ ജീവിതങ്ങള്‍ നല്‍കുന്നുണ്ട്. ഈ രാഷ്ട്രീയ ജീവിതങ്ങളിലുള്ള അപരസങ്കല്പനങ്ങളുടെ ബോധവും അഭാവവുമാണ് നമ്മുടെ സാമൂഹികവും സാംസ്‌കാരികവുമായ ജീവിതത്തിന്റെ കുതിപ്പും കിതപ്പും. പാര്‍ശ്വവത്കരിക്കപ്പെട്ട വ്യത്യസ്തരായ മുനുഷ്യര്‍ നമ്മുടെ കാഴ്ചകളില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടം നാം കണ്ട കാഴ്ചകളും നാം പറഞ്ഞുപോയ വാക്കുകളും എത്രമാത്രം അമാനവികമായിരുന്നുവെന്ന് നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ട്. ചിന്തയും വിനിമയവും രൂപപ്പെട്ടതിനോടൊപ്പം മനുഷ്യചിന്തയില്‍ സത്യാനന്തര ലോകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന് ആവര്‍ത്തിച്ച് മനസ്സിലാക്കേണ്ട വര്‍ത്തമാന കാലഘട്ടത്തിലെ രാഷ്ട്രീയ ജീവിതങ്ങളാണ് ഐ.ആര്‍ പ്രസാദ് തന്റെ 'അരാഷ്ട്രീയം' എന്ന കഥാസമാഹാരത്തില്‍ പ്രശ്നവത്കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.
കൈവന്ന ദൃശ്യതയിലും സ്വാതന്ത്ര്യബോധത്തിലൂടെയും മുന്നോട്ടുവരുന്ന അരിക് മനുഷ്യരും, അച്ചടക്കത്തിന്റേയും മുന്നൊരുക്കങ്ങളുടേയും ഏകതാനമായ ജീവിതത്തില്‍ അഭിരമിക്കുന്ന പുത്തന്‍ മനുഷ്യരും, പുറന്തള്ളപ്പെടുമ്പോഴും കുറ്റബോധവും ധാര്‍മികതയും വേട്ടയാടുന്ന സാധാരണ മനുഷ്യരും, ഇതിന്റെയെല്ലാം സന്ദിഗ്ധാവസ്ഥകള്‍ തിരിച്ചറിയുകയും ഉള്‍പരിവര്‍ത്തനം പൂര്‍ത്തിയാവാതെ വെമ്പുകയും ചെയ്യുന്ന മനുഷ്യരും ഉള്‍ച്ചേര്‍ന്ന ഭൂമികയിലാണ് ഈ കഥകള്‍ വേരാഴ്ത്തുന്നത്. കഥാകൃത്തിന്റെ മാധ്യമരംഗത്തെ അനുഭവപാഠങ്ങള്‍ നല്‍കിയ രാഷ്ട്രീയബോധ്യങ്ങളുടെ തുടര്‍ച്ചയായി ഈ കഥകളെ കാണാവുന്നതാണ്. (ഭീകരാക്രമണത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും കാഠിന്യമുണ്ടായിട്ടും പ്രാദേശിക ബ്യൂറോകളില്‍ നിന്നുള്ള ചടങ്ങ് സ്റ്റോറികള്‍ കൊണ്ട് ചടപ്പിക്കപ്പെട്ട ആറുമണി വാര്‍ത്തയുടെ റണ്‍ഡൗണിനേക്കാള്‍ ജൈവികതയുണ്ടായിരുന്നു ആ പ്രഭാതത്തിന്-മോജോ).
ലളിതമായ നേരാഖ്യാനങ്ങളാണ് അരാഷ്ട്രീയത്തിലെ ഓരോ കഥയും. വിഷയങ്ങള്‍ മാത്രമാണ് നിമ്നോന്നതങ്ങള്‍. അതിനാല്‍ അരാഷ്ട്രീയത്തിലെ ഒരു കഥയും പുതിയ കഥയെഴുത്തിന്റെ വഴക്കങ്ങളെ പിന്‍പറ്റുന്നില്ല. ശേഖരിച്ച വിജ്ഞാനത്തെ അവലംബിച്ച് ഓരോ കഥാസന്ദര്‍ഭത്തേയും സൂക്ഷ്മമായ വിശകലനത്തിനും ധ്യാനാത്മകതയ്ക്കും വിധേയമാക്കിയ ചെത്തിമിനുക്കിയ കഥകളോ അതില്‍ അമ്പരപ്പിക്കുന്ന പരിണാമങ്ങളോ വായനക്കാരന്‍ പ്രതീക്ഷിക്കേണ്ടതില്ല. അതാണ് ഈ കഥകളുടെ മൗലികത.
.......................
Read More: അശാന്തിയുടെ ഭൂവിടം
.......................
അരാഷ്ട്രീയം എന്ന കഥയിലൂടെ തന്നെ ഈ സമാഹാരത്തിലേക്ക് പ്രവേശിക്കാം. ഒച്ചയും അധികാരപ്രയോഗങ്ങളും നിയന്ത്രണങ്ങളും അനുസരിപ്പിക്കലുമാണ് പാര്‍ലമെന്ററി രാഷ്ട്രീയമെന്ന് ധരിച്ച് വശായ രാഷ്ട്രീയക്കാരുടെ പ്രതിനിധിയാണ് നായകന്‍ വേണു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിസമ്മതിക്കുന്ന വേണുവിന്റെ ഭാര്യ ബീനയുടെ ചോദ്യത്തില്‍ ഈ കഥ നിറയുന്നുണ്ട്. ``രാഷ്ട്രീയ തീരുമാനങ്ങള്‍ കൂടി നിങ്ങളെ അനുസരിക്കുന്നതാണോ രാഷ്ട്രീയം?''
ഇത്രയധികം അരാഷ്ട്രീയം നന്നല്ല എന്ന വേണുവിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണ് ഈ ചോദ്യം. തെരഞ്ഞെടുപ്പില്‍ തോറ്റ് ഓലപ്പടക്കങ്ങളും ആക്രോശങ്ങളും നിറഞ്ഞ ആണ്‍ നിരത്തുകളിലൂടെ എന്നത്തേക്കാള്‍ സുരക്ഷിതയായി സ്‌കൂട്ടറോടിച്ച് ബീന പോകുന്നത് രാഷ്ട്രീയം യഥാര്‍ഥത്തില്‍ എത്തിച്ചേരേണ്ട ലക്ഷ്യത്തിലേക്ക് തന്നെയാണ്. സ്ത്രീയുടെ ആന്തരികമായ ശാക്തീകരണത്തിലേക്കാണ്.
ആവര്‍ത്തനവിരാമം എന്ന കഥ ഉളുപ്പില്ലായ്മയും വിധേയത്വവും മുഖസ്തുതിയും മടുപ്പും വര്‍ത്തമാനകാലത്തെ ആവര്‍ത്തന ജീവിതത്തില്‍ സൃഷ്ടിക്കുന്ന വരള്‍ച്ചയാണ് വരച്ചിടുന്നത്. വിരസതയുടെ ജൈവിക പ്രതിരോധമായ ആര്‍ത്തവവിരാമത്തില്‍ അവധാനതയുടെ സൗന്ദര്യം എങ്ങനെ ആര്‍ദ്രത കൈവരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ഈ കഥയിലെ ''ചിന്തയില്‍ പൊളിറ്റിക്കലി ഇന്‍കറക്ടായ വാക്കുകള്‍ വരുന്നതില്‍ തെറ്റില്ല. എഴുതാനോ പറയാനോ പാടില്ല എന്നേയുള്ളൂ'' എന്ന വാചകം അരാഷ്ട്രീയത്തിലെ മിക്ക ആവര്‍ത്തന ജീവിതങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്.
...........................
Read More: ''നീയൊക്കെ കളി കാണാന്‍ വരുന്നെങ്കില്‍ വരീനെടാ.''
...........................
ഇങ്ങനെ 'വര്‍ണശലഭങ്ങളെ മാത്രം ആകര്‍ഷിക്കാന്‍ മിടുക്കുള്ള' മനുഷ്യരുടെ എതിര്‍വശത്താണ് ബുദ്ധമയൂരിയിലെ ചെത്തുകാരന്റെ മകന്‍ അയ്യപ്പന്‍കുട്ടി. ആര്‍ഭാട ശബ്ദകോലാഹലങ്ങള്‍ക്ക് ആത്മാര്‍ഥതയേക്കാള്‍ അഴക് നല്‍കുന്ന പുതിയ ലോകത്ത്, ചൊറിയമ്പുഴുക്കളായ വിജ്ഞാന കുതുകികളുടേയും ഉപദേശികളുടേയും തിണര്‍പ്പുകള്‍ പേറുന്ന അയ്യപ്പന്‍ കുട്ടിയെ രാഷ്ട്രീയമായ ശരിയുടെ പ്രതിനിധിയായാണ് കാണേണ്ടത്. മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് ജൈവകൃഷിയില്‍ അഭയം തേടി, ഒടുവില്‍ സാമൂഹ്യവിരുദ്ധനും മനുഷ്യവിരുദ്ധനുമായി മുദ്രകുത്തപ്പെട്ട് തിരികെ പ്രാദേശിക റിപ്പോര്‍ട്ടറായി മാറ്റപ്പെടുന്ന ജബ്ബാറും ഇതേ പ്രാതിനിധ്യം വഹിക്കുന്നുണ്ട്. അതിസമ്പന്നനും സര്‍വോപരി ജൈവകര്‍ഷകനുമായ എംഎല്‍എയുടെ നിര്‍മിത ജൈവപരിസരങ്ങളുടെ `റിച്ച് വിഷ്വലുക'ളില്‍ നിന്ന് അയാള്‍ തുരന്നെടുത്തുകൊണ്ടിരിക്കുന്ന പാറമടകളുടെ പശ്ചാത്തലം ഫ്രെയിമില്‍ വരാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ അയ്യപ്പന്‍ കുട്ടിയുടെ തിണര്‍പ്പുകള്‍ ജബ്ബാറിലും പ്രകടമാകുന്നുണ്ട്. അത് നിസ്സഹായരുടെ പ്രതിരോധമാണ്.
അടുത്തകാലത്ത് മാത്രം മിക്കവര്‍ക്കും അറിഞ്ഞുതുടങ്ങിയ നരവംശ വൈവിധ്യത്തിന്റെ (എല്‍.ജി.ബി.ടി.ക്യൂ) പ്രതിനിധാനവും അര്‍ഥവ്യാപ്തിയും ചര്‍ച്ച ചെയ്യുന്ന 'ഇനിയും കുറ്റവിമുക്തരാകാത്ത കുറ്റവാളികള്‍' ആണ് അടുത്ത കഥ. ലോകത്തെ എല്ലാ രാഷ്ട്രീയ പരിണാമങ്ങളും പഠിക്കുന്ന രമേശിന് തന്റെ ചുറ്റും നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ ചെറു തുരുത്തുകള്‍ ദൃശ്യമാകുന്നില്ല. തന്റെ തന്നെ വൈവിധ്യം തിരിച്ചറിയാന്‍ വൈകിയ ആ മനുഷ്യന് അതേ വൈവിധ്യം പേറുന്ന മകന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് തിരിച്ചറിവിന്റെ സ്ഫോടനം നല്‍കുന്നത്. ഈ സന്ദിഗ്ധതകളിലൂടെ സഞ്ചരിക്കുന്ന രമേശിന്റെ ഭാര്യ സുകന്യ തുറന്നിടുന്ന ലിവിങ് സ്പേസ് വായനക്കാരെ വിമോചനത്തിന്റെ സുഖകരമായ പ്രകാശത്തില്‍ നിര്‍ത്തുന്നുണ്ട്.
......................................
Read More: നാരായണി ഉള്ളതാണെന്ന് ഫാബി ബഷീര്‍, ഇല്ലെന്ന് കാരശ്ശേരി, ഫിക്ഷനാവാമെന്ന് എംടി
......................................
താപ്പന്‍ എന്ന കഥയും തിരസ്‌കാരങ്ങളുടെ കഥയാണ്. ഏതുകാലത്തും ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ലാതായി പോകുന്ന ഭൂമിയില്‍ 'ആദ്യ'വാസികളായി നിലനില്‍ക്കുന്ന മനുഷ്യരുടെ നിലവിളിയാണ്. ഈ കഥ പുറമേക്ക് നൗഷാദിന്റെ കഥയാണ്. അനാഥനായി, നാടുപേക്ഷിച്ച്, സാമൂഹ്യശാസ്ത്രാധ്യാപകനായി, തിരികെ നാട്ടിലെത്തുന്ന നൗഷാദ്. 'ഗ്രാമത്തിന് തന്നെക്കുറിച്ചുള്ള സ്വപ്നങ്ങളും ഗ്രാമത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന ധാരണകളും ഇരുവഴിയായി പിരിഞ്ഞുപോകുമ്പോഴും' അയാള്‍ക്ക് വില്‍ക്കാനെങ്കിലും ഒരുപിടി മണ്ണുണ്ട്. താപ്പന് മണ്ണും വെളിച്ചവും വായുവും അന്യമാണ്. നാട്ടുകാര്‍ക്ക് താപ്പന്റെ മുത്തഛന്‍ ഒടിയനാണ്. താപ്പനാകട്ടെ ആജ്ഞാപിച്ചാല്‍ കമ്പ് കുത്തി മറിഞ്ഞ് രസിപ്പിക്കുന്ന കോമാളിയും. നാട്ടില്‍ നിന്ന് ഓടിമറയുകയാണ് താപ്പന്‍. ഉച്ചക്കഞ്ഞിവെയ്ക്കുന്ന ജോലിയില്‍ നിന്ന് 'വൃത്തിയില്ലാത്തവ'ളായി ഭാര്യയും തിരസ്‌കരിക്കപ്പെടുന്നു. നമ്മുടെ രാഷ്ട്രീയ ബോധ്യങ്ങളില്‍ എന്തുകൊണ്ട് താപ്പന്‍ ആദ്യം കടന്നുവരേണ്ടതുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തിയ ഈ കഥയില്ലാതെ അരാഷ്ട്രീയം എന്ന സമാഹാരം പൂര്‍ണമാകുന്നില്ല.
താപ്പനിലൂടെ തവളകള്‍ എന്ന കഥയിലേക്ക് ഒരു നടത്തം ഏറെ എളുപ്പമാണ്. അന്യന്റെ ഭാര്യയും അന്യന്റെ മകളുമായി പിറന്ന മണ്ണുപേക്ഷിച്ച് ഒടുവില്‍ അവരാലും തിരസ്‌കൃതനായി, ഒരു മരക്കൊമ്പില്‍ സനാഥനാകുന്ന രേശന്റെ പശ്ചാത്തലത്തിലാണ് തവളകളുടെ പ്രമേയം കരുത്താര്‍ജിക്കുന്നത്. മാങ്ങ പറിച്ചും തേങ്ങ പറിച്ചും പൊട്ടിയ കഴായ കെട്ടിയും വാഴക്കന്ന് പറിച്ചുനട്ടും കാര്‍ഷികഗ്രാമത്തിന്റെ ഓരോ ആവശ്യവും ആത്മാര്‍ഥതയോടെ നിര്‍വഹിച്ച രേശന്റെ മുന്നില്‍ പക്ഷേ, ഗ്രാമം മൂക്കുപൊത്തി നിന്നു. ഈ വരണ്ട കാഴ്ചകളിലും ജീവചക്രത്തിന്റെ അകകം ചൂടുകള്‍ക്കൊപ്പം ഇണയുടെ അകാരണമായ പുറം ചൂടുകളിലും പിടയുന്ന ആര്‍ദ്രയ്ക്ക് തന്റെ പേരില്‍ മാത്രമാണ് ആര്‍ദ്രത അനുഭവിക്കാന്‍ കഴിയുന്നത്. എഴുത്തും വായനയും സംഗീതവുമൊക്കെ സ്വയം ആവിഷ്‌കരിക്കുന്നതില്‍ പ്രയോജനരഹിതമാകുമ്പോള്‍ തന്റെ പുസ്തകങ്ങളെല്ലാം തൂക്കാതെ വില്‍ക്കുന്നുണ്ട് അവള്‍. സ്വയം തുറക്കലിന്റെ ഒരു കരച്ചില്‍ പോലും ആണധികാരങ്ങളില്‍ ലക്ഷ്യം തെറ്റി സ്വീകരിക്കപ്പെടുമെന്ന ഉള്‍ഭയത്തില്‍ ചേറില്‍ പുതഞ്ഞുപോകുന്ന ഉഭയജീവികളുടെ ഈ ജീവിതസമരാഖ്യാനം വിഷയസ്വീകരണത്തിലും ജാഗ്രതയിലും പുലര്‍ത്തിയ സൂക്ഷ്മതകൊണ്ടുകൂടി അരാഷ്ട്രീയത്തിലെ മികച്ച കഥയായി മാറുന്നുണ്ട്.
തിരസ്‌കാരത്തിന്റെയും തിരിച്ചുപോക്കിന്റെയും മറ്റൊരു കഥാവിഷ്‌കാരമായ ചര്‍ക്കയും പരാമര്‍ശിക്കാതിരിക്കാനാവില്ല. പഴമയുടെ തെളിച്ചമുള്ള ഓര്‍മകളില്‍ നിന്ന് പുരയിറങ്ങിപ്പോകുന്ന വസ്തുക്കളോടൊപ്പം ഈ കഥയില്‍ ഓര്‍മയില്‍ നിന്ന് തന്നെ ഒരമ്മയും മകനും പടിയിറങ്ങി ഭൂതകാലത്തില്‍ പ്രവേശിക്കുന്നുണ്ട്. സ്‌നേഹം നിറച്ചുകൊടുത്തിട്ടും പൊടുന്നനെ ഇറങ്ങിപ്പോകുന്ന, അകാരണമായി ശബ്ദം പുറപ്പെടുവിക്കുന്ന, തന്റെ അധികാരപരിധിക്കകത്ത് മറ്റാരെയും അനുവദിക്കാതിരിക്കുകയും മറ്റൊരാളുടെ സ്വകാര്യതകളിലേക്ക് നുഴഞ്ഞുകയറുകയും ചെയ്യുന്ന ജീവിവര്‍ഗം ആണുങ്ങളല്ലാതെ മറ്റാരാണെന്നാണ് 'മണപ്പിച്ചം മൂത്രിച്ചും' എന്ന കഥ നമ്മോട് ചോദിക്കുന്നത്. സ്വയം തുറന്നിടാന്‍ ശ്രമിക്കുന്ന മഹേഷും അതിസങ്കീര്‍ണമായ പാസ് വേഡുകളില്‍ സുരക്ഷിതത്വം പേറി തിരികെ മഹേഷിനെത്തന്നെ ഘ്രാണിച്ച് പിടികൂടാന്‍ ശ്രമിക്കുന്ന ഉമയും ചരിത്രപരമായ അനിവാര്യതകളില്‍ ചെന്നുനില്‍ക്കുന്നു. അവിടെ കഥ അവസാനിക്കുകയല്ല, പുതിയ തുടക്കമിടുകയാണ് ചെയ്യുന്നത്.
.........................
Read More: കാര്‍ട്ടൂണ്‍ കൊള്ളാം, പക്ഷേ, വൈസ്രോയിയുടെ മൂക്കത്ര വലുപ്പമില്ല!
.........................
ഈ കഥയില്‍ നിശ്ചയമായും നമ്മള്‍ എത്തിച്ചേരേണ്ട ഒടുവിലത്തെ കഥയാണ് ഏകതാനസദാനന്ദന്‍. പതിവ് പ്രഭാതസന്ദേശങ്ങളും നടത്തങ്ങളും അതിനിടയിലെ പരദൂഷണവും ആഗോളതാപന ആകുലതകളും അടുക്കളയിലെ പതിവ് സ്‌നേഹാന്വേഷണവും സമയനിഷ്ഠയും വ്യത്യസ്തമേഖലകളിലെ വ്യുല്പത്തിയും മുഖപുസ്തകത്തിലെ അഭിരാമങ്ങളും നിറഞ്ഞ ഏകതാനജീവിതത്തില്‍ സദാ ആനന്ദം കണ്ടെത്തുന്ന സദാനന്ദന്‍ ഇന്നിന്റെ നായകന്‍ തന്നെയാണ്. അരാഷ്ട്രീയത്തിലെ മറ്റ് കഥകളില്‍ കുതറാന്‍ ശ്രമിച്ച കഥാപാത്രങ്ങള്‍ പലരും ഈ കഥക്കൊടുവില്‍ കടന്നുവരുന്നുണ്ട്. സദാനന്ദനില്‍ എന്തെങ്കിലും ട്വിസ്റ്റ് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് വായനക്കാരന്റെ തെറ്റാണെന്ന് കഥാകൃത്ത് പറയുന്നു. പ്രതിഷേധിക്കാന്‍ കരുത്തില്ലെങ്കിലും ഒന്ന് തൊലിപ്പുറത്ത് ചൊറിയാനെങ്കിലും ത്രാണിയില്ലാത്ത സദാനന്ദനെ വഴിയിലുപേക്ഷിച്ച് കഥാകൃത്ത് നിഷ്‌ക്രമിക്കുന്നതോടെ ഈ സമാഹാരത്തിന് തിരശ്ശീലവീഴുന്നു. മുമ്പെങ്ങും കാണാത്ത ഒരു വിചാരണയുടെ വലിയൊരു തുറസ്സാണ് അരാഷ്ട്രീയം. നമുക്കവിടെ വാദിക്കാം. കൂട്ടില്‍ കയറാം. കുറ്റം നിഷേധിക്കാം. കുമ്പസാരിക്കാം....
വിഷയാവതരണത്തിലെ പുതുമ കൊണ്ടും ക്രാഫ്റ്റിലെ പരീക്ഷണം കൊണ്ടും വായിക്കപ്പെടുന്ന കഥാസമാഹാരമല്ല 'അരാഷ്ട്രീയം.' ആത്മ വിമര്‍ശനത്തോടെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ആത്മാര്‍ത്ഥതയോടെ അവരുടെ ചോദനകളെ പകര്‍ത്തുകയും ചെയ്യുന്ന എഴുത്തുകാരന്റെ സത്യസന്ധതയാണ് നമ്മെ ഈ കൃതിയിലേക്ക് അടുപ്പിക്കുന്നത്.
ഒന്നുകൂടി പറയട്ടെ. വായനാസുഖത്തെ അടിസ്ഥാനപ്പെടുത്തിയാണ് പലപ്പോഴും ചില രചനകളെ ഒറ്റയിരുപ്പിന് വായിക്കാവുന്ന ഒന്നായി നാം കണക്കാക്കാറുള്ളത്. എന്നാല്‍ 'അരാഷ്ട്രീയ' ത്തിലെ കഥകള്‍ നാം ഒറ്റയിരുപ്പിന് വായിക്കുമ്പോള്‍, അയത്ന ലളിതമായി എടുത്തു മാറ്റിയ ഒരു നോവലിന്റെ അദ്ധ്യായങ്ങളായാണ് അനുഭവപ്പെടുക. അത്രകണ്ട് സമഞ്ജസമായാണ് എഴുത്തുകാരന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ കഥകളിലൂടെ സഞ്ചരിക്കുന്നത്. അതിനാല്‍ ഈ സമാഹാരത്തിലെ കഥകള്‍ ഒരുമിച്ച് വായിക്കുമ്പോള്‍ ഓരോ കഥക്കും ലഭിക്കുന്ന കരുത്തും വായനക്കാരന് ലഭിക്കുന്ന ഊര്‍ജ്ജവും ഏറെയാണ്.
Read More; ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ് : ചതിയുടെ ഒരു പുരാവൃത്തം