അജയ് പി മങ്ങാട്ട് എഴുതുന്നു, സ്ഥിരമായി  യാത്ര പോകാറുള്ള പുസ്തകങ്ങള്‍, എഴുത്തുകാര്‍

പുസ്തകപ്പുഴയില്‍ ഇന്ന് അജയ് പി മങ്ങാട്ട് എഴുതിയ 'പറവയുടെ സ്വതന്ത്ര്യം' എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം. 
 

book excerpts paravayude swathanthryam by Ajay P Mangatt

അജയ് പി മങ്ങാട്ട് എഴുതിയ 'പറവയുടെ സ്വതന്ത്ര്യം' എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം. അജയ് എഴുതിയ ഏറ്റവും പുതിയ ഈ പുസ്തകം ഡി സി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. ലോകസാഹിത്യത്തിന്റെയും മലയാള സാഹിത്യത്തിന്റെയും ഗാഢവായന വൈയക്തികമായും വൈകാരികമായും തന്നില്‍ എന്താണ് അവശേഷിപ്പിക്കുന്നത് എന്ന അന്വേഷമാണ് ഈ പുസ്തകം. 

 

book excerpts paravayude swathanthryam by Ajay P Mangatt

 

എന്റെ വായനയുടെ ഒരു ബൈ പ്രൊഡക്റ്റ് ആണ് എന്റെ എഴുത്ത് എന്നു പറഞ്ഞാല്‍ അതു കുറേ ശരിയാണ്. കാരണം ഞാന്‍ എഴുത്തിനെ വളരെ വ്യക്തിപരമായി സ്വീകരിച്ചിട്ടുള്ള ആളാണ്. അതായത് ഞാന്‍ വായിക്കുന്നു. വായിച്ചത് ആലോചിക്കുന്നു. പിന്നീടൊരിക്കല്‍ എഴുതുന്നു. എഴുത്തു മടുപ്പാകുമ്പോള്‍ വീണ്ടും വായിക്കുന്നു. ഇതാണ് എനിക്ക് എന്നെപ്പറ്റി തോന്നുന്നത്.

മേതില്‍ രാധാകൃഷ്ണനെയും പട്ടത്തുവിള കരുണാകരനെയും വായിച്ചപ്പോള്‍ എനിക്കു മനസ്സിലായത്, അവര്‍ അപാരമായ ശക്തി പകരാന്‍ കഴിവുള്ളവരാണെന്നാണ്. ഒ വി. വിജയനും ആനന്ദുമാണു മറ്റു രണ്ടുപേര്‍. എന്റെയുള്ളില്‍ വലിയ പ്രകമ്പനങ്ങള്‍ ഉണ്ടാക്കിയ ഗദ്യം ആനന്ദിന്‍േറതാണ്. പക്ഷേ, 1980-'90 കളിലൊക്കെ ആനന്ദിന്റേത് നല്ല മലയാളമല്ലെന്ന് വലിയ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് എനിക്ക് രസമായി തോന്നിയ ഒരാള്‍ ഉറൂബാണ്. സരളവും വികാരതീക്ഷ്ണവുമായ വാക്കുകളാണു ഞാന്‍ ഉറൂബില്‍ വായിച്ചത്. പരസ്പരം സാമ്യമില്ലാത്ത ഈ രണ്ട് നോവലിസ്റ്റുകളും എന്റെ ഗദ്യബോധത്തെ നന്നായി സ്വാധീനിച്ചു.

ഞാന്‍ സ്ഥിരമായി പോകാറുള്ള മറ്റ് രണ്ട് എഴുത്തുകാര്‍ ചെഖോവും ബല്‍സാഖുമാണ്. അവരുടെ കഥകളില്‍, യൗവനം ഉണ്ടാക്കുന്ന അമ്പരപ്പുകള്‍ എന്തെല്ലാം! ആ ലോകത്തെ കാലുഷ്യങ്ങള്‍ക്ക് എത്ര വിചിത്രമായ ഭാവഭേദങ്ങളും! അത് നിധി കിട്ടുന്ന സ്ഥലങ്ങളായിട്ടാണ് എനിക്ക് തോന്നുന്നത്, ഉദാഹരണത്തിന്, ചെഖോവിന്റെ 'മൈ ലൈഫ്, ത്രീ ഇയേഴ്‌സ്' അല്ലെങ്കില്‍ ബല്‍സാഖിന്റെ 'കേണല്‍ ഷബേ, എ പാഷന്‍ ഇന്‍ ദ് ഡെസേര്‍ട്ട്.' നിങ്ങളുടെ ഗദ്യം ജീവനുള്ളതാണെങ്കില്‍ എത്രയെഴുതിയാലും അത് സ്ഥൂലമാകില്ലെന്ന് ബല്‍സാഖ് തെളിയിച്ചു. ഹൃദയത്തിലേക്കാണു നിങ്ങളുടെ നോട്ടമെങ്കില്‍ അമ്പരപ്പിക്കുന്ന ആവിഷ്‌കാരങ്ങള്‍ സംഭവിക്കുമെന്നു ചെഖോവും.

ആനന്ദില്‍, എഴുത്തുകാരന്റെ ഇന്റലിജന്‍സ് ഭാവനയെ ജ്വലിപ്പിക്കുന്നു, മനുഷ്യാവസ്ഥയെ നിശിതമായി സമീപിക്കുന്നു, വലിയ സാമൂഹികമാറ്റങ്ങള്‍ക്കു മുന്നിലെ സാധാരണ മനുഷ്യരുടെ നിസ്സഹായത ആവര്‍ത്തിച്ചു കാട്ടുന്നു. ഉറൂബില്‍, മനുഷ്യന്റെ ഇച്ഛാശക്തിയാണ് ഭാവനയുടെ ബലം. ചരിത്രമടക്കം തന്നെക്കാള്‍ കരുത്തേറിയ എല്ലാറ്റിനോടും ചെറുത്തുനില്‍ക്കാന്‍ കഥാപാത്രങ്ങളെ അത് സജ്ജരാക്കുന്നു.

എന്റെ എഴുത്ത് വളരെ പേഴ്‌സനല്‍ ആണെന്ന് പറഞ്ഞല്ലോ. ഞാന്‍ കണ്ട രണ്ടു രീതികള്‍ ബോര്‍ഹെസും ബഷീറുമാണ്. അതില്‍ ഞാന്‍ ആഗ്രഹിച്ചത് ബോര്‍ഹെസിന്റെ രീതിയാണ്, ബഷീര്‍ ചെയ്തതുപോലെയല്ല. അതായത് ബോര്‍ഹെസ് തന്റെ എഴുത്ത് ഓട്ടോബയോഗ്രഫിക്കല്‍ ആണ് എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഓര്‍മയില്‍നിന്ന് പറയുകയാണ്, ഓട്ടോബയോഗ്രഫിക്കല്‍ എന്നുവച്ചാല്‍, ഒരാളുടെ ഏറ്റവും സ്വകാര്യമായ പ്രവൃത്തി. അതില്‍ കുറേ രഹസ്യമൊക്കെയുണ്ട്. പക്ഷേ, നിങ്ങള്‍ ബോര്‍ഹെസിന്റെ കഥകള്‍ വായിച്ചുനോക്കൂ. അതില്‍ എന്തെങ്കിലും പേഴ്‌സനല്‍ ആയത് ഉണ്ടോ? ബഷീര്‍ വായിക്കുമ്പോള്‍ നാം ബഷീര്‍ എന്ന വ്യക്തിയെ കാണുന്നതുപോലെ, എഴുത്തുകാരന്‍ നായകനാകുന്നതുപോലെ ഒന്ന് അവിടെയുണ്ടോ? ഇല്ല. പകരം അവിടെ വളരെ ഇംപേഴ്‌സനലായ ഗദ്യമാണുള്ളത്. പക്ഷേ, അത് താന്‍ വായിച്ച പുസ്തകങ്ങളുടെ ഓര്‍മയാണെന്നോ മറ്റോ ബോര്‍ഹെസ് പറഞ്ഞിട്ടുണ്ട്. അതായത് നിങ്ങള്‍ ആയിരത്തൊന്നു രാവുകളെ വച്ച് കഥയെഴുതുന്ന രീതി വളരെ പേഴ്‌സനല്‍ ആണ്. അതാണ് ഞാന്‍ പറഞ്ഞ ബോര്‍ഹെസിയന്‍ രീതി.

എഴുതുന്ന എല്ലാറ്റിലേക്കും പേഴ്‌സനല്‍ സ്‌പെയ്‌സ്‌കൂടി കൊണ്ടുവരാന്‍ പറ്റുമോ എന്നു ഞാന്‍ നോക്കിയിട്ടുണ്ട്. കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ ഞാന്‍ എഴുതിയിട്ടുള്ള ലേഖനങ്ങളിലെല്ലാം അത് ശ്രമിച്ചിട്ടുണ്ട്. അത് എന്റെ ഒരു അനുഭൂതിയായിരുന്നു. എസ്. ജോസഫിന്റെ കവിതയ്ക്കു പഠനം എഴുതിയപ്പോള്‍ ആ കവിതയില്‍ കണ്ട ഒരു ഉടുമ്പായിരുന്നു എന്റെ മനസ്സില്‍. ഞാന്‍ എന്റെ പഴയ ഒരു ഓര്‍മയിലെ ഉടുമ്പിലേക്ക് അതിനെ കൊണ്ടുചെന്നപ്പോഴാണ് ആ കവിതാപഠനം എഴുതാനുള്ള ഭാഷ വന്നത്. അത് ഓട്ടമാറ്റിക് ആയി സംഭവിക്കുന്നതാണ്. മുന്‍കൂട്ടി ഒരുക്കിയതല്ല.

ഞാന്‍ വളരെ കുറച്ച് യാത്രചെയ്തിട്ടുള്ള ആളാണ്. എന്റെ ജീവിതത്തിലെ അധികംകാലവും ഒരു സ്ഥലത്ത്, വളരെ ചെറിയ ഒരു ഭൂപ്രദേശത്താണ് ഞാന്‍ സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്തിട്ടുള്ളത്. തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളില്‍ ഞാന്‍ നടത്തിയിട്ടുള്ള യാത്രകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതു പക്ഷേ, സ്‌നേഹപ്രേരിതമായ അനുഭവങ്ങളുടെകൂടി ഫലമാണ്. 

 

.....................................................

അജയ് പി മങ്ങാട്ട് എഴുതിയ 'പറവയുടെ സ്വതന്ത്ര്യം' ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

book excerpts paravayude swathanthryam by Ajay P Mangatt

 

ഞാന്‍ വായിച്ചു കടന്നുപോന്ന പല പുസ്തകങ്ങളിലേക്കും വീണ്ടും മടങ്ങിപ്പോയിട്ടുണ്ട്. ഉറൂബ്, തകഴി, ബഷീര്‍, വിജയന്‍, ആനന്ദ്, പട്ടത്തുവിള, കുമാരനാശാന്‍, പി., ബാലാമണിയമ്മ, അക്കിത്തം എന്നിങ്ങനെ കുറേപ്പേരെ ഞാന്‍ പലവട്ടം വായിച്ചിട്ടുണ്ട്. വിക്ടര്‍ ലീനസ്, കാഫ്ക, ബോര്‍ഹെസ്, റില്‍ക്കെ, പെസോവ, റൂമി, എമിലി ഡിക്കിന്‍സന്‍, ടോള്‍സ്റ്റോയ്, ചെഖോവ്, സരമാഗോ തുടങ്ങി പലരെയും ഇടയ്ക്കിടെ എടുത്തുവായിക്കാറുണ്ട്. പക്ഷേ, കാലം ചെല്ലുന്തോറും എനിക്ക് ആവശ്യമുള്ള എഴുത്തുകാരുടെ എണ്ണം പരമാവധി കുറച്ചുകൊണ്ടുവരാനാണു ഞാന്‍ നോക്കുന്നത്. ഫ്‌ളോബേര്‍ ആണോ എന്നറിയില്ല പറഞ്ഞിട്ടുണ്ട്, ഒരു ജന്‍മത്തില്‍ നിങ്ങള്‍ക്ക് ശരിക്കും വായിച്ച് ആസ്വദിക്കാന്‍ കഴിയുക നാലോ അഞ്ചോ എഴുത്തുകാരെ മാത്രമായിരിക്കും. അതിനുള്ള സമയമേ ഉള്ളൂ എന്ന്. 

ഞാന്‍ പഠിക്കുന്ന കാലത്ത് ആനന്ദിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. കോളജ് മാഗസിനുകളിലൊക്കെ എഴുതുമ്പോള്‍.

എന്നാല്‍ ഒരു സ്വാധീനവും സ്ഥിരമല്ല. ഒരാള്‍ ഒരുപാടുപേരെ അനുകരിക്കണം. കുറേ അനുകരിക്കുമ്പോള്‍ അതില്‍നിന്ന് ഇതൊന്നുമല്ലാത്ത ഒരു സാധനം ഉണ്ടാകും. ഇതു ജീവശാസ്ത്രപരമായ കാര്യമാണ്. കാരണം പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ മനുഷ്യപ്രവൃത്തി ഇമിറ്റേഷനാണ്. അതിലൊരു സംശയവുമില്ല. ഭാഷ അടക്കം എല്ലാ മനുഷ്യശേഷികളും നാം അനുകരിച്ചുണ്ടാക്കണതാണല്ലോ. വി.പി. ശിവകുമാറിന്റെ ഗദ്യം വളരെ ടെംപ്റ്റിങ് ആണ്. ദൈവത്തിന്റെ വികൃതികളിലെ എം. മുകുന്ദന്‍, മധുരംഗായതിയിലെയും രാഷ്ട്രീയലേഖനങ്ങളിലെയും വിജയന്റെ ഗദ്യം, ബാലാമണിയമ്മയുടെ കവിത, മരുഭൂമികള്‍ ഉണ്ടാകുന്നത് എന്നതിലെ ആനന്ദ്. ഇതുപോലെ പത്ത് വലിയ എഴുത്തുകാരെ സ്ഥിരമായി വായിക്കുകയും മനസ്സില്‍ അവരെ അനുകരിച്ചെഴുതുകയും ചെയ്തുകൊണ്ടിരുന്നാല്‍ ഒടുവില്‍ നിങ്ങളുടെ വാക്കുകളിലേക്ക് എന്തെങ്കിലും തനി ശൈലി ഉണ്ടായിവന്നേക്കാം. ഞാന്‍ മനോഹരമായ സാധ്യത പറഞ്ഞതാണ്. എനിക്ക് അതില്‍ വിജയിക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ!

നിരൂപണം പൊതുവേ വിരസമായ പണിയാണ്, ക്രിറ്റിക്കല്‍ പ്രോസിനു നിരന്തരമായ ചില ശ്രമങ്ങളും വേണം. 

നിരൂപകരില്‍ ഞാന്‍ എം. പി. ശങ്കുണ്ണിനായരെയും കുട്ടിക്കൃഷ്ണമാരാരെയും വലിയ ബഹുമാനത്തോടെയാണു കണ്ടത്. രണ്ടുപേരും മുടിഞ്ഞ തലേക്കല്ലന്‍മാര്‍ ആയിരുന്നു. ശങ്കുണ്ണിനായര്‍ ശക്തമായ ഭാവന ഉപയോഗിച്ചാണു നിരൂപണമെഴുതിയത്. കൃതിയെ എഴുത്തുകാരനില്‍നിന്ന് തട്ടിപ്പറിച്ചു സ്വതന്ത്രമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 

പഠിക്കുന്ന കാലത്ത് ഞാനും കെ.പി. അപ്പനു പിന്നാലെയായിരുന്നു. അപ്പന്‍ ഭാഷകൊണ്ടുള്ള കൗശലങ്ങളുടെ ആളായിരുന്നു. വി. രാജാകൃഷ്ണനു നല്ല സാഹിത്യബോധവും ദര്‍ശനവും ഉണ്ട്. അദ്ദേഹത്തിന്റെ ഭാഷ അപ്പന്റേതുപോലെ അതിശയോക്തി കൊരുത്തുവച്ചതല്ലെന്നു മാത്രം.

ക്ലാസിക് രചനകള്‍ക്ക് ഒരു ഉപമ വേണമെങ്കില്‍, അത് ഒരു വനത്തിന്റെ ഭൂപ്രദേശംപോലെയാണെന്നു പറയാം. അല്ലാത്തതു നമ്മുടെ ബാല്‍ക്കണിയിലെ പൂച്ചെടികളോ അടുക്കളമുറ്റമോ പോലെയിരിക്കും. മഹാവനം പോലെ നിഗൂഢമോ വിദൂരമോ ആയ ഒരുപാടുകാര്യങ്ങള്‍ ഭാഷ കൊണ്ടുവരുന്നതാണു നാം ക്ലാസിക്കില്‍ കാണുന്നത്. ഡോണ്‍ കിഹോട്ടെ ഉദാഹരണം. എന്തിനാണ് പതിനേഴാം നൂറ്റാണ്ടിലെ ആ നോവലിനു പുതിയൊരു ഇംഗ്ലിഷ് പരിഭാഷ ചെയ്യാന്‍ കഴിഞ്ഞ ദശകത്തില്‍ എഡിത് ഗ്രോസ്മാനെ പ്രേരിപ്പിച്ചത്? അല്ലെങ്കില്‍ ഒരു പ്രസാധകര്‍ അത് അച്ചടിക്കാന്‍ മെനക്കെട്ടത്? വികാരപരമായും ധൈഷണികമായും ക്ലാസിക്കുകള്‍ കൊണ്ടുവരുന്ന പുതു ഊര്‍ജമാണു കാരണം.  മോബിഡിക് ഈയിടെ വീണ്ടും വായിക്കുമ്പോള്‍ ഞാന്‍ ആ നോവല്‍ മുന്‍പ് ഒട്ടും വായിക്കാത്തതുപോലെയാണു തോന്നിയത്. അതായത് വായിച്ചു മറന്നതു വീണ്ടും വായിക്കുമ്പോള്‍ ആ മറവിയുടെ പശ്ചാത്തലം അപാര ആനന്ദം കൊണ്ടുവരും. അതുണ്ടാക്കുന്ന ഭാഷാപരമായ ഊര്‍ജം ചെറുതല്ല. 

വേവലാതികളില്ലാതെ, ദിവസങ്ങളോ മാസങ്ങളോ ഒരു പുസ്തകംതന്നെ വായിക്കണമെന്ന് അപ്പോള്‍ തോന്നും.

മുന്‍പൊക്കെ ഒന്നും എഴുതാനില്ലെന്ന തോന്നലില്‍നിന്നാണു ഞാന്‍ ലേഖനങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. അത് ഏറിയപങ്കും ഒരുതരം ധ്യാനവിചാരങ്ങള്‍ ആയിരുന്നു. 2013 അവസാനം ഒരു ഉച്ചമയക്കത്തില്‍ ഞാന്‍ കോതമംഗലം എം എ. കോളജ് ലൈബ്രറിയുടെ വരാന്തയില്‍ എന്റെ ഒരു കൂട്ടുകാരനൊപ്പം സംസാരിച്ചുനില്‍ക്കുന്നതായി സ്വപ്നം കണ്ടു. വളരെ പഴയ കാര്യങ്ങള്‍ സ്വപ്നം കാണുന്നതു മരിക്കാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് എനിക്കു തോന്നി. ആ  ദിവസങ്ങളില്‍ ഞാന്‍ വിക്ടര്‍ സെര്‍ജിന്റെ ഒരു നോവല്‍ വായിക്കുകയായിരുന്നു. ആ മനുഷ്യന്‍ കടുത്ത സ്റ്റാലിന്‍ വിരുദ്ധനും റവല്യൂഷനറിയും അനാര്‍ക്കിസ്റ്റുമായിരുന്നു. കാലു വെന്ത നായയെപ്പോലെ യൂറോപ്പ് മുഴുവന്‍ ചുറ്റിനടന്ന് രാഷ്ട്രീയവിമോചന ദര്‍ശനം എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. അയാള്‍ ഒരു രാജ്യത്തെയും പൗരനായിരുന്നില്ല. ഫ്രഞ്ചിലും റഷ്യനിലും മാറിമാറി എഴുതി. ഒരു നോവലിസ്റ്റ് എന്ന നിലയില്‍ സെര്‍ജിന്റെ ഔട്ട്പുട്ട് അതിശയകരമായിരുന്നു. അയാള്‍ പാസ്റ്റര്‍നാക്കിനെക്കാള്‍, ആന്ദ്രേ പ്ലേറ്റനോവിനെക്കാള്‍ വലിയ റഷ്യന്‍ നോവലിസ്റ്റാണെന്ന് സെര്‍ജിന്റെ ദ് കെയ്‌സ് ഓഫ് കോംറേഡ് തുലയേവ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി. 

ഒരാള്‍ വായിക്കുന്നതെല്ലാം ആ വ്യക്തിയുടെ ജീവിതവര്‍ഷങ്ങളുമായി ചേര്‍ന്നുപോകുന്നതാണ്. വായിച്ച ഓരോ പുസ്തകവുമായും ബന്ധിപ്പിച്ച് ചില സംഭവങ്ങള്‍ ഓര്‍ത്തുവയ്ക്കാറുണ്ട്. സൂസന്നയുടെ ഗ്രന്ഥപ്പുരയില്‍ ഞാന്‍ ഈ പുസ്തകബന്ധം നിലനിര്‍ത്തിയാണു കഥ പറഞ്ഞത്. ചില സ്ഥലങ്ങളില്‍ കഥാശൈലി ആകരുത് എന്നു കരുതി ശരിക്കും ലേഖനമായിത്തന്നെ എഴുതി. ഞാന്‍ കരുതുന്നത്, എല്ലാ ലേഖനങ്ങളിലും മറ്റൊരു ഭാവിയിലേക്ക്, മറ്റൊരു നോവലിലേക്കു വഴിയുണ്ട് എന്നാണ്. അതു ഗദ്യസഞ്ചാരത്തിന്റെ വഴിയാണ്, അതൃപ്തിയോടെ, അക്ഷമയോടെ, ഒരു രൂപത്തിലും ഉറയ്ക്കാത്ത ഗദ്യത്തിന്റെ യാത്ര.

അജയ് പി മങ്ങാട്ട് എഴുതിയ 'പറവയുടെ സ്വതന്ത്ര്യം' ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

.............................................................................................

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും ഇവിടെ വായിക്കാം
 

Latest Videos
Follow Us:
Download App:
  • android
  • ios