ബെന്യാമിന്‍ എഴുതുന്നു, മുന്നിലിപ്പോള്‍ മാര്‍കേസിന്റെ സ്വന്തം നഗരം!

പുസ്തകപ്പുഴയില്‍ ഇന്ന് ബെന്യാമിന്‍ എഴുതിയ 'മാര്‍കേസില്ലാത്ത മക്കൊണ്ടോ'യില്‍നിന്നുള്ള ഒരു ഭാഗം 

book excerpts Marquez illatha macondao by Benyamin

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകമായ 'മാര്‍കേസില്ലാത്ത മക്കൊണ്ടോ'യില്‍നിന്നും ഒരു ഭാഗം. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം യാത്രയെ ഒരു സാംസ്‌കാരികോല്‍സവം കൂടിയാക്കുന്നു. 

 

book excerpts Marquez illatha macondao by Benyamin

 
'എന്റെ കഥകളില്‍ കാണുന്ന കാര്‍ത്തഹേന്യ, വര്‍ത്തമാനകാലവും ഭാവിയിലേക്കുള്ള എന്റെ തുടക്കവും ആയിരുന്നു. ഇന്ന് അതെന്റെ ഭൂതകാലമാണ്. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ അതെന്റെ ഗൃഹാതുരത്വമാണ്. മികച്ച സാഹിത്യത്തിനുള്ള മഹത്തായ ചേരുവകള്‍ അതെനിക്ക് സമ്മാനിച്ചു.' 

മാര്‍കേസിന്റെ കഥകളില്‍ സ്ഥിരമായി കടന്നുവരുന്ന ഉച്ചകഴിഞ്ഞുള്ള മഴ ആസ്വദിച്ചുകൊണ്ട് കൊളംബിയയിലെ പുരാതന തുറമുഖപട്ടണമായ കാര്‍ത്തഹേന്യയിലെ ഒരു കടത്തിണ്ണയിലിരിക്കുമ്പോള്‍ ഈ വരികള്‍ അദ്ദേഹത്തിന്റെ സ്വന്തം ശബ്ദത്തില്‍ എന്റെ കാതുകളിലേക്ക് അരിച്ചെത്തിക്കൊണ്ടിരുന്നു. നഗരത്തിലെ ഒരു ടൂര്‍ കമ്പനി സംഘടിച്ചിട്ടുള്ള 'ഗാബോ ഓഡിയോ വാക്കിങ് ടൂറിന്റെ' ഭാഗമായി നല്‍കിയിരുന്ന റെക്കോര്‍ഡറില്‍നിന്നായിരുന്നു ആ ശബ്ദം ഒഴുകിവന്നത്. 

അതെ, ഞാന്‍ മാര്‍കേസിന്റെ സ്വന്തം നഗരത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ലോകം ഹൃദയംകൊണ്ട് സ്വീകരിച്ച മഹത്തായ സാഹിത്യത്തിനുള്ള ചേരുവകള്‍ സമ്മാനിച്ച കാര്‍ത്തഹേന്യ എന്ന പുരാതനനഗരത്തില്‍. ഇതൊരു സ്വപ്നമല്ല. ഫിക്ഷണല്‍ റിയലിസം എന്ന് ഞാന്‍ പേരിട്ടുവിളിക്കുന്ന കഥാസന്ദര്‍ഭവുമല്ല. ആ കൊളോണിയല്‍ നഗരത്തിലെ ഒരു പഴയ കെട്ടിടത്തിന്റെ ഉയര്‍ന്ന മേല്‍ക്കൂരയില്‍നിന്നും ഒഴുകിയിറങ്ങിവന്ന് എന്റെ കാല്‍്ച്ചുവട്ടില്‍ പതിക്കുന്ന മഴത്തുള്ളികള്‍പോലെ സത്യം. അത് എന്നെത്തന്നെ ബോധ്യപ്പെടുത്തുന്നതിനായി ആ മഴ തീരുംവരെയും ഞാന്‍ മാര്‍കേസിന്റെ ശബ്ദം ആവര്‍ത്തിച്ചു കേട്ടുകൊണ്ടേയിരുന്നു...!

മനുഷ്യവാസമുള്ള എല്ലാ വന്‍കരകളിലും ഒരു തവണയെങ്കിലും കാലുകുത്തുക എന്ന ആഗ്രഹത്തില്‍ തെക്കേ അമേരിക്ക മാത്രം ഇനിയും ബാക്കിയായിരുന്നു. അവിടെ ഏതു രാജ്യം എന്ന ചോദ്യത്തിന് മാര്‍കേസിന്റെ സ്വന്തം കൊളംബിയ എന്നല്ലാതെ എന്റെ മനസ്സില്‍ മറ്റൊരുത്തരം ഇല്ലായിരുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് 'കോളറാകാലത്തെ പ്രണയ'ത്തിലൂടെയാണ് ഞാന്‍ മാര്‍കേസിന്റെ മാസ്മരികവലയത്തില്‍ പെട്ടുപോകുന്നത് അതിനും 'പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്ത'ത്തിനും പിന്നാലെയാണ് ഞാന്‍ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലേ'ക്കു പ്രവേശിക്കുന്നത്. മാജിക്കല്‍ റിയലിസത്തിന്റെ വശ്യത അത്രയും അതില്‍ സാന്ദ്രതപ്പെട്ടുകിടക്കുന്നുണ്ടെങ്കിലും എനിക്കിന്നും പ്രിയപ്പെട്ട മാര്‍കേസ്‌കൃതി കോളറാകാലംതന്നെ. 'പ്രതിഭാധനനായ ഒരെഴുത്തുകാരന്റെ ആദ്യം വായിക്കുന്ന കൃതി നമ്മെ കീഴടക്കിക്കളയും, അദ്ദേഹത്തിന് അതിനെക്കാള്‍ മികച്ച കൃതികള്‍ ഉണ്ടെങ്കിലും' എന്നതുകൊണ്ടാവാം അത്. പക്ഷേ, ലോകവായനക്കാര്‍ മാര്‍കേസിനെ കണ്ടതും അറിഞ്ഞതും ഹൃദയംകൊണ്ട് സ്വീകരിച്ചതും ഏകാന്തതയിലൂടെയും അതു സൃഷ്ടിച്ച മക്കൊണ്ടോയിലൂടെയുമാണ് എന്ന് അംഗീകരിക്കേണ്ടതുണ്ട്. അപ്പോള്‍ എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം മാര്‍കേസിനെക്കുറിച്ചുള്ള ഏതന്വേഷണവും ചെന്നു നില്ക്കുക മക്കൊണ്ടോ എന്ന രൂപകത്തിലാവാതെ തരമില്ലല്ലോ. 

 

...............................................

 'മാര്‍കേസില്ലാത്ത മക്കൊണ്ടോ' ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം 

book excerpts Marquez illatha macondao by Benyamin

 

എല്‍ ദൊറാദോ  സാങ്കല്പിക സ്വര്‍ണ്ണനഗരി    
തെക്കേ അമേരിക്കയില്‍ എവിടെയോ ഇതേപേരില്‍ ഒരു സ്വര്‍ണ്ണനഗരി ഉണ്ടെന്നായിരുന്നു പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് അധിനിവേശക്കാരുടെ ഉറച്ച വിശ്വാസം. അതിനുവേണ്ടി അവര്‍ ഒത്തിരി പര്യവേക്ഷണങ്ങള്‍ നടത്തി. പക്ഷേ, നിരാശയായിരുന്നു ഫലം. പിന്നെ അതൊരു മനോഹരമായ മിത്തായി മാറി. ഇന്നത് സംഗീതമായി, സിനിമയായി, വീഡിയോ ഗെയിം ആയി, കവിതയായി കഥയായി ഒക്കെ നിലനില്ക്കുന്നു. പതിനൊന്ന് ദിവസത്തെ പ്രണയപൂര്‍ണ്ണമായ യാത്രയ്ക്കുശേഷം ഫ്‌ളോറന്റിനോ അരീസയും ഫെര്‍മിന ഡാസയും എത്തിച്ചേര്‍ന്നു എന്ന് മാര്‍കേസ് സങ്കല്പിക്കുന്ന അവസാന തുറമുഖത്തിന്റെ പേരും എല്‍ ദൊറാദോ എന്നുതന്നെയാണ്. പ്രണയവും സാഹിത്യവും ഒരു സാങ്കല്‍പികനഗരിയിലേക്കുള്ള യാത്രയാണെന്നാവും മാര്‍കേസ് അതുകൊണ്ട് അര്‍ത്ഥമാക്കിയിരിക്കുക. 

മക്കൊണ്ടോയുടെ പുതിയ മുഖം തേടിയിറങ്ങിയ ഞങ്ങള്‍ മൂന്ന് മാര്‍കേസ് പ്രേമികള്‍ ചെന്നിറങ്ങിയതും മറ്റൊരു എല്‍ ദൊറാദോയിലാണ് എന്നതാണ് കൗതുകകരമായ കാര്യം. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലെ എല്‍ ദൊറാദോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍. നിങ്ങള്‍ പ്രവേശിക്കുന്നത് ഒരു സാങ്കല്‍പികനഗരിയിലേക്കാണ് എന്ന സൂചന അതിലുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യം എന്നതായിരുന്നു യാത്രയ്ക്കു മുന്‍പേ ഏറെക്കേട്ട മുന്നറിയിപ്പുകളില്‍ ഒന്ന്. അതിന്റെ ഒരു ഭയം ന്യൂയോര്‍ക്കില്‍നിന്നുള്ള അഞ്ചു മണിക്കൂര്‍ വിമാനയാത്രയില്‍ ഉടനീളം ഉണ്ടായിരുന്നുതാനും. അതിനെ മറികടക്കാതെ ഈ യാത്രയില്‍ എവിടെയും എത്തിപ്പെടില്ല എന്നറിയാവുന്നതുകൊണ്ട് ചെന്നിറങ്ങിയ പാതിരാനേരത്തുതന്നെ ഞങ്ങള്‍ നഗരത്തിന്റെ നിയോണ്‍വെളിച്ചം വീണ തണുപ്പിലേക്കു നടക്കാനിറങ്ങി. വഴിയരുകില്‍നിന്ന് അക്കോര്‍ഡിയന്‍ മീട്ടിപ്പാടുന്ന യുവാക്കളും സര്‍വേസ കുടിച്ച് ആര്‍ത്തുചിരിക്കുന്ന യുവതികളും വര്‍ത്തമാനം പറഞ്ഞ് നടക്കുന്ന കുടുംബങ്ങളും അപകടം പിടിച്ച ഒരു നഗരത്തിന്റെ സൂചനയല്ല ഞങ്ങള്‍ക്കു നല്കിയത്. പിന്നത്തെ പതിനേഴു ദിവസങ്ങളില്‍ ഏതാണ്ട് എല്ലാ രാത്രികളിലും കൊളംബിയയിലെ പല നഗരങ്ങളിലൂടെ ഞങ്ങള്‍ അലഞ്ഞുതിരിഞ്ഞു നടന്നെങ്കിലും ഒരിക്കല്‍പോലും ആ അഭിപ്രായം ഞങ്ങള്‍ക്ക് തിരുത്തേണ്ടിവന്നില്ല. മാര്‍കേസിന്റെ കാലത്തെ കൊലപാതകങ്ങളുടെ, പിടിച്ചുപറിയുടെ തട്ടിക്കൊണ്ടുപോകലുകളുടെ കൊളംബിയ അസ്തമിച്ചുപോയിരിക്കുന്നു. ഇന്നത് ഒരു പുതിയ രാജ്യമാണ്. ഒരു പുതിയ മക്കൊണ്ടോ. 

ബൊഗോട്ടയിലെ മാര്‍കേസ്
കൊളംബിയ മാര്‍കേസിനെ മറന്നുതുടങ്ങി എന്ന ആരോപണം ചില മുന്‍ യാത്രികരില്‍നിന്നെങ്കിലും കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്. എന്നാല്‍ മാര്‍കേസിനെ കൊളംബിയയും ഇതര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും കൂടുതല്‍ സ്‌നേഹിച്ചുതുടങ്ങിയിരിക്കുന്നു എന്നാണ് ഞങ്ങള്‍ക്കനുഭവപ്പെട്ടത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മാര്‍കേസിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം ചെലുത്തിയ ബൊഗോട്ടയില്‍ അടുത്തിടെ സ്ഥാപിതമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് കള്‍ച്ചറല്‍ സെന്റര്‍. മാര്‍കേസിനെ ഒരു പടി മേലെ സ്‌നേഹിക്കുകയും അദ്ദേഹം തങ്ങളുടേതാണ് എന്നു വാദിക്കുകയും ചെയ്യുന്ന മെക്‌സിക്കോയുടെ സംഭാവനയാണ് ആ കള്‍ച്ചറല്‍സെന്റര്‍. 

മാര്‍കേസിന്റെ പേര് വലിപ്പത്തില്‍ ആലേഖനം ചെയ്ത അതിന്റെ മുന്‍കവാടത്തില്‍ ചെന്നിറങ്ങുമ്പോള്‍ ഒരു 'എല്‍ ദൊറാദോ'യില്‍ ചെന്നിറങ്ങിയ ആഹ്ലാദം എനിക്കനുഭവപ്പെട്ടു. എന്റെ അതേ ആഹ്ലാദം അനുഭവിക്കുന്ന മറ്റു ചില യാത്രികരും അവിടെനിന്ന്, മതിവരാതെ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. മാര്‍കേസിന്റെ ലോകം അനുഭവിക്കാനായി ലോകത്തെമ്പാടുമുള്ള സാഹിത്യസ്‌നേഹികള്‍ കൊളംബിയയിലേക്കു വരുന്നുണ്ട് എന്നതിന്റെ സൂചനയായിരുന്നു അത്. 

പ്രമുഖ പ്രസാധകരായ ''Fondo de Cultura Economica' യുടെ ആസ്ഥാനമായ ആ മന്ദിരത്തില്‍ വിശാലമായ ഒരു ബുക്ക് സ്റ്റാള്‍, മുന്നൂറിലധികം പേര്‍ക്ക് ഇരിക്കാവുന്ന ആഡിറ്റോറിയം, എക്‌സിബിഷന്‍ ഹാള്‍, ആഹാരശാല എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. മര്‍കേസിന്റെ ഏതാണ്ടെല്ലാ കൃതികളുടെയും സ്പാനിഷ് പതിപ്പുകള്‍ അവിടെ ഉണ്ടായിരുന്നു. അന്നേവരെ പരിഭാഷയിലൂടെ മാത്രം മാര്‍കേസിനെ കണ്ടിട്ടുള്ള ഞാന്‍ ആര്‍ത്തിയോടെ ആ പുസ്തകങ്ങളിലൊന്നു കൈയിലെടുത്ത് അദ്ദേഹം ഹൃദയംകൊണ്ടുച്ചരിച്ച വാചകങ്ങള്‍ അതേ ശബ്ദത്തില്‍ വായിക്കാന്‍ തുടങ്ങി. 

Muchos anos despues, frente al peloton de fusilamiento el coronel Aureliano Buendia...  അതിന്റെ അര്‍ത്ഥം ആരും എനിക്ക് പറഞ്ഞുതരേണ്ടതില്ലായിരുന്നു. ലക്ഷക്കണക്കിനു വായനക്കാര്‍ ഹൃദയത്തിലേറ്റിയ ആ തുടക്കവാചകംതന്നെ ആയിരുന്നു അത്. മാര്‍കേസിന്റെ ജീവിതം ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുവാന്‍ ശ്രമിക്കുന്ന 'ഗാബോ 1917-2014' എന്ന പുസ്തകം സ്വന്തമാക്കിയാണ് ഞങ്ങള്‍ അവിടെനിന്നും ഇറങ്ങിയത്. 

ആ പുസ്തകം പോലും മാര്‍കേസാനന്തര മക്കൊണ്ടോയുടെ ഭാഗമാണ്. 

 

 'മാര്‍കേസില്ലാത്ത മക്കൊണ്ടോ' ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം 
......................................................................

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Latest Videos
Follow Us:
Download App:
  • android
  • ios