Anne Frank Book: ആന്‍ഫ്രാങ്കിനെ ഒറ്റിയത് ജൂതനെന്ന വെളിപ്പെടുത്തല്‍: വിവാദപുസ്തകം പിന്‍വലിച്ചു

രണ്ടാം ലോക യുദ്ധ വിദഗ്ധരും ചരിത്രകാരന്‍മാരും ഉള്‍പ്പെട്ട സമിതിയാണ് പുസ്തകത്തിന്റെ ആധികാരികത പഠിച്ച് റിപ്പോര്‍ട്ട് ചെയ്തത്.  ഇതിനെ തുടര്‍ന്നാണ്, പുസ്തകം പുറത്തിറക്കിയ ഡച്ച് പ്രസാധകര്‍ ഈ വിവാദ പുസ്തകം പിന്‍വലിച്ച

Anne Frank betrayal book recalled by publisher


ആന്‍ഫ്രാങ്കിനെ (Anne Frank) ഒറ്റിക്കൊടുത്തത് ജൂതനാണെന്ന് വെളിപ്പെടുത്തുന്ന പുസ്തകം പിന്‍വലിച്ചു. പുസ്തകത്തിലെ കണ്ടെത്തലുകള്‍ അപക്വമാണെന്നും അതിനുപയോഗിച്ച തെളിവുകളില്‍ കഴമ്പില്ലെന്നും പ്രസാധകര്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുസ്തകം വിപണിയില്‍നിന്നും പിന്‍വലിച്ചത്. രണ്ടാം ലോക യുദ്ധ വിദഗ്ധരും ചരിത്രകാരന്‍മാരും ഉള്‍പ്പെട്ട സമിതിയാണ് പുസ്തകത്തിന്റെ ആധികാരികത പഠിച്ച് റിപ്പോര്‍ട്ട് ചെയ്തത്.  ഇതിനെ തുടര്‍ന്നാണ്, പുസ്തകം പുറത്തിറക്കിയ ഡച്ച് പ്രസാധകര്‍ ഈ വിവാദ പുസ്തകം പിന്‍വലിച്ചത്. എന്നാല്‍, പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഹാര്‍പര്‍ കോളിന്‍സ് ഇതുവരെ ഇക്കാര്യത്തില്‍ നിലപാട് എടുത്തിട്ടില്ല. ജൂത സമുദായത്തിന്റെ രൂക്ഷവിമര്‍ശനത്തിനെ തുടര്‍ന്നാണ് പുസ്തകം വിവാദത്തിലായത്. 

കനേഡിയന്‍ എഴുത്തുകാരി റോസ് മേരി സല്ലിവനാണ് 'ദ് ബിട്രേയല്‍ ഓഫ് ആന്‍ ഫ്രാങ്ക്: എ കോള്‍ഡ് കേസ് ഇന്‍വെസ്റ്റിഗേഷന്‍ (The Betrayal of Anne Frank: A Cold Case Investigation) എന്ന പുസ്തകം എഴുതിയത്. ആന്‍ഫ്രാങ്ക് എങ്ങനെയാണ് ഒളിവു ജീവിതത്തിനിടെ പിടിക്കപ്പെട്ടത് എന്നാണ് ഈ  പുസ്തകം പറയുന്നത്. ചരിത്രകാരന്മാരും ഒരു മുന്‍ എഫ്ബിഐ ഏജന്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരും അടങ്ങുന്ന അന്വേഷണ സംഘം ആറു വര്‍ഷത്തോളും നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് ഈ പുസ്തകം. ആന്‍ഫ്രാങ്കിനും കുടുംബത്തിനും ഒളിത്താവളത്തില്‍ എന്താണ് സംഭവിച്ചത്, എങ്ങനെയാണ് ഒറ്റുകൊടുക്കപ്പെട്ടത് എന്നറിയാനായി പല ആധുനികസാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയാണ് അന്വേഷണം നടത്തിയത് എന്നും പുസ്തകം അവകാശപ്പെടുന്നു. 

ജൂതസമുദായത്തെ അവഹേളിക്കുന്ന പുസ്തകം ഉടനടി പിന്‍വലിക്കണമെന്ന് ജൂതസംഘടനകളുടെ കൂട്ടായ്മ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 42 രാജ്യങ്ങളിലെ ജൂത സമുദായങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ ജൂത കോണ്‍ഗ്രസാണ് ഈ ആവശ്യം ഉന്നയിച്ചത്. ഈ പുസ്തകം ആന്‍ ഫ്രാങ്കിന്റെയും അക്കാലത്ത് നാസികളുടെ ഇരയാക്കപ്പെട്ട ജൂതരുടെയും വികാരങ്ങള്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതായും സംഘടന വ്യക്തമാക്കി. ജൂതര്‍ക്കെതിരായ വികാരവും ഹോളോകാസ്റ്റ് വിരുദ്ധതയും പണ്ടത്തേതിനേക്കാള്‍ പ്രബലമായ സമയത്താണ് ഇത്തരമൊരു പുസ്തകം ഇറങ്ങുന്നതെന്നും ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നും ജൂത കോണ്‍ഗ്രസ് പറഞ്ഞു.  പുസ്തകത്തിന്റെ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സിനോടാണ് ജൂത കോണ്‍ഗ്രസ് പുസ്തകം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഹാര്‍പര്‍ കോളിന്‍സ് ഇതിനോട് പ്രതികരിച്ചിരുന്നില്ല. 

ഒളിജീവിതത്തിനിടെ ആന്‍ഫ്രാങ്കിനെയും കുടുംബത്തെയും നാസി (Nazis) പൊലീസിന് ഒറ്റിക്കൊടുത്തത് ആര്‍നോള്‍ഡ് വാന്‍ ഡെന്‍ ബെര്‍ഗ് (Arnold van den Bergh) എന്ന ജൂതനായിരുന്നു എന്നാണ് പുസ്തകം പറയുന്നത്.  ഇയാള്‍ക്കെതിരെ പുസ്തകത്തില്‍ വിമര്‍ശനാത്മകമായ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത് എന്നതാണ് പുസ്തകത്തിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം. ഡച്ച് പ്രസാധകരായ Ambo Anthos ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകം ഇറങ്ങിയ ഉടനെ തന്നെ അതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പുസ്തകം അച്ചടിച്ച ഡച്ച് പബ്ലിഷിംഗ് ഹൗസ് മാപ്പുപറയുകയും പുസ്തകത്തിന്റെ ആധികാരികത പഠിക്കുന്നതിന് സമിതിയെ ഏര്‍പ്പെടുത്തുകയുമായിരുന്നു. 

രണ്ടുവര്‍ഷത്തെ ഒളിച്ചിരിപ്പിനുശേഷം 1945 -ല്‍ ഒരു നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ വച്ചാണ് ആന്‍ഫ്രാങ്ക് മരിക്കുന്നത്. യുദ്ധസമയത്ത് ജൂതരനുഭവിച്ച ക്രൂരതകളുടെ നേര്‍ക്കാഴ്ചയായിരുന്നു ആന്‍ഫ്രാങ്കിന്റെ ഡയറി. ജൂത നോട്ടറിയായ വാന്‍ ഡെന്‍ ബെര്‍ഗ് സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടിയാവാം ആന്‍ഫ്രാങ്കിന്റെയും കുടുംബത്തിന്റെയും ഒളിത്താവളം ഒറ്റിക്കൊടുത്തത് എന്നാണ് പുസ്തകത്തില്‍ പറയുന്നത്.  

പുസ്തകം ഇറങ്ങിയതു മുതല്‍ നിരവധിപ്പേര്‍ അതിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളെല്ലാം അബദ്ധമാണെന്നാണ് സ്വിറ്റ്സര്‍ലാന്റ് ആസ്ഥാനമായ ആന്‍ ഫ്രാങ്ക് ഫണ്ട് പറഞ്ഞത്. 

Latest Videos
Follow Us:
Download App:
  • android
  • ios