Kawasaki Z650RS : കാവസാക്കി Z650RS 50-ാം വാർഷിക പതിപ്പ് ഇന്ത്യയിലേക്ക്
പരിമിതമായ യൂണിറ്റുകളിൽ മാത്രം ലഭ്യമാകുന്ന ഈ മോട്ടോർസൈക്കിളുകൾ ഐക്കണിക്ക് കാവസാക്കി Z1 പുറത്തിറക്കി 50 വർഷം പിന്നിട്ടതിന്റെ സ്‍മരണയ്ക്കായി നിർമ്മിച്ചതാണ്. ഈ പുതിയ Z650RS 50-ാം വാർഷിക പതിപ്പ് മോട്ടോർസൈക്കിൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍
ജാപ്പനീസ് (Japanese) ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവാസാക്കി Z650 RS-ന്റെയും Z900 RS-ന്റെയും 50-ാം വാർഷിക പതിപ്പുകൾ അന്താരാഷ്ട്ര വിപണിയിൽ അടുത്തിടെയാണ് പുറത്തിറക്കിയത്. പരിമിതമായ യൂണിറ്റുകളിൽ മാത്രം ലഭ്യമാകുന്ന ഈ മോട്ടോർസൈക്കിളുകൾ ഐക്കണിക്ക് കാവസാക്കി Z1 പുറത്തിറക്കി 50 വർഷം പിന്നിട്ടതിന്റെ സ്‍മരണയ്ക്കായി നിർമ്മിച്ചതാണ്.
ഈ പുതിയ Z650RS 50-ാം വാർഷിക പതിപ്പ് മോട്ടോർസൈക്കിൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഈ പ്രഖ്യാപനം നടത്താൻ കമ്പനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നടത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമ്മാതാവ് ഇതിനകം തന്നെ അടിസ്ഥാന Z650RS ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. അതിനാലാണ് പ്രത്യേക വാർഷിക പതിപ്പ് രാജ്യത്തേക്ക് കൊണ്ടുവരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മോട്ടോർസൈക്കിളിൽ ഡ്യുവൽ-ടോൺ, ചുവപ്പ്, കറുപ്പ് പെയിന്റുകൾ അവതരിപ്പിക്കും. അതായത്, Z1-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 'ഫയർക്രാക്കർ റെഡ്' പെയിന്റ് സ്‍കീമിൽ അലങ്കരിച്ചിരിക്കുന്നു ഈ മോഡലുകള്‍. ഇപ്പോൾ കാവസാക്കിയിൽ നിന്ന് അന്യമായതായി തോന്നുന്ന ഈ വർണ്ണ സ്‍കീം, ഒരു കാലത്ത് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഓപ്ഷനായിരുന്നു. ഒരു തരത്തിൽ ഇപ്പോൾ റെട്രോ-സ്റ്റൈൽ RS മോഡലുകൾക്ക് തികച്ചും അനുയോജ്യമാണ്.
ലുക്ക് പൂർത്തിയാക്കാൻ, രണ്ട് മോട്ടോർസൈക്കിളുകൾക്കും കോൺട്രാസ്റ്റിംഗ് ഗോൾഡൻ റിമ്മുകളും ഒരു ക്രോം ഗ്രാബ്രെയിലും ലഭിക്കും. സ്വർണ്ണ നിറത്തിലുള്ള റിമ്മുകളുടെ ഉപയോഗത്താൽ മൊത്തത്തിലുള്ള സ്റ്റൈലിംഗും കൂടുതൽ ബൂസ്റ്റ് ചെയ്യും. ഇന്ത്യൻ വിപണിയിൽ നിലവിലുള്ള കാൻഡി എമറാൾഡ് ഗ്രീൻ പെയിന്റ് ഓപ്ഷനുകളിൽ ഇതിനകം തന്നെ ഗോൾഡൻ നിറമുള്ള അലോയികൾ ഉണ്ട്.
ബൈക്കിന്‍റെ മെക്കാനിക്കൽ സവിശേഷതകളില്‍ മാറ്റമൊന്നും ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കി വിശദാംശങ്ങളും അതേപടി തുടരാൻ സാധ്യതയുണ്ട്. 8,000rpm-ൽ 67.3bhp പരമാവധി പവർ ഉത്പാദിപ്പിക്കുന്ന അതേ BS 6-കംപ്ലയന്റ് 649cc, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഈ മോട്ടോർസൈക്കിളിൽ തുടരും. 6,700rpm-ൽ 64Nm പീക്ക് ടോർക്കാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
വിലയുടെ കാര്യത്തില്‍, സ്റ്റാൻഡേർഡ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സ്‌പെഷ്യൽ എഡിഷൻ മോഡൽ നേരിയ തോതിൽ വില കൂടിയേക്കും. ഇതിന് ഏകദേശം 7 ലക്ഷം രൂപ ദില്ലി എക്സ്-ഷോറൂം വിലവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.