വരുന്നൂ രാജ്യത്തെ ഏറ്റവും വേഗമുള്ള ഇലക്ട്രിക് മോട്ടോർസൈക്കിള്‍; അണിയറക്കാര്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി!
മണിക്കൂറിൽ 95 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള ‘KRIDN’ വിപണിയിലെത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് മോട്ടോർസൈക്കിള്‍ ആയിരിക്കുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്
ദില്ലി: പുത്തന്‍ ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വൺ ഇലക്ട്രിക്. KRIDN എന്നു പേരുള്ള വാഹനം ഒക്ടോബറില്‍ വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറിൽ 95 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള ‘KRIDN’ വിപണിയിലെത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് മോട്ടോർസൈക്കിള്‍ ആയിരിക്കുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 2020 ഒക്ടോബറിൽ കമ്പനി ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കും.
KRIDN എന്ന വാക്കിന്റെ അർത്ഥം സംസ്‍കൃതത്തിൽ കളിക്കുക എന്നാണ്. ബൈക്കിന്റെ കൃത്യമായ സവിശേഷതകൾ ഇതുവരെ അറിവായിട്ടില്ല, എന്നാൽ 95 കിലോമീറ്റർ വേഗത കൈവരിക്കാനും 165 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുമെന്ന് കമ്പനി വ്യക്തമാക്കി. മുഞ്ജൽ ഷോവയിൽ നിന്നുള്ള സസ്പെൻഷൻ, സിയറ്റിൽ നിന്നുള്ള വിശാലമായ ടയറുകൾ, FIEM ഇൻഡസ്ട്രീസിൽ നിന്നുള്ള ലൈറ്റിംഗ്, സ്വയം വികസിപ്പിച്ച ഹെവി ഡ്യൂട്ടി ചേസിസ് എന്നിവ KRIDN ഉറപ്പാക്കുന്നു.
ഇവി സ്റ്റാർട്ടപ്പായ വൺ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഹോമോലോഗേഷൻ പ്രക്രിയയും പുതിയ ‘KRIDN’ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഓൺ-റോഡ് ട്രയലുകളും പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു കഴിഞ്ഞു. 2020 ഒക്ടോബർ ആദ്യ വാരത്തോടെ ദില്ലി NCR, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിൽ കമ്പനി മോട്ടോർസൈക്കിളിന്റെ ഡെലിവറികൾ ആരംഭിക്കും. 1.29 ലക്ഷം രൂപയായിരിക്കും ബൈക്കിന്റെ താൽക്കാലിക എക്സ്-ഷോറൂം വില.