ഹീറോയും ഹോണ്ടയും തമ്മിലുള്ള യുദ്ധത്തിൽ ഈ കമ്പനി ജയിച്ചു; ബജാജും ടിവിഎസും നോക്കിനിന്നു!
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ്റെ (FADA) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഇരുചക്രവാഹന വിൽപ്പന 2024 ഓഗസ്റ്റിൽ 6.28 ശതമാനം വർധിച്ച് 13,38,237 യൂണിറ്റായി.
ഹീറോയും ഹോണ്ടയും തമ്മിലുള്ള പോരാട്ടത്തിൽ ഒരിക്കൽ കൂടി ഹീറോ മോട്ടർകോർപ് വളരെ ചെറിയ മാർജിനിൽ വിജയിച്ചു. 2024 ഓഗസ്റ്റിലെ വിൽപ്പന കണക്കുകൾ അനുസരിച്ചാണ് ഇത്. എങ്കിലും രണ്ട് കമ്പനികളും തമ്മിലുള്ള കണക്കുകളിൽ വലിയ വ്യത്യാസമില്ല. അപ്പോഴും ടിവിഎസും ബജാജും ഈ രണ്ട് കമ്പനികളുടെ അടുത്തെങ്ങും ഉണ്ടായിരുന്നില്ല. ഇതാ രാജ്യത്തെ ടൂവീലർ വിൽപ്പന കണക്കുകളുടെ കഴിഞ്ഞ മാസത്തെ വിശദാംശങ്ങൾ അറിയാം.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ്റെ (FADA) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഇരുചക്രവാഹന വിൽപ്പന 2024 ഓഗസ്റ്റിൽ 6.28 ശതമാനം വർധിച്ച് 13,38,237 യൂണിറ്റായി. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം രാജ്യത്ത് പ്രതിമാസ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. 2024 ജൂലൈയിൽ വിറ്റ 14,43,463 യൂണിറ്റുകളെ അപേക്ഷിച്ച് 7.29 ശതമാനമാണ് ഇടിവ്. അതേസമയം ഹീറോ മോട്ടോകോർപ്പാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. നിലവിൽ 3,58,616 യൂണിറ്റ് വിൽപ്പനയോടെ 26.80% വിപണി വിഹിതം ഹീറോ നേടിയിട്ടുണ്ട്. 2023 ഓഗസ്റ്റിൽ വിറ്റ 3,48,613 യൂണിറ്റിൽ നിന്ന് വർധനവാണിത്.
ഹോണ്ടയുടെ ഇരുചക്ര വാഹന റീട്ടെയിൽ വിൽപ്പന കഴിഞ്ഞ മാസം 3,11,026 യൂണിറ്റിൽ നിന്ന് 3,52,605 യൂണിറ്റായി ഉയർന്നു. ഹീറോ മോട്ടോകോർപ്പും ഹോണ്ടയും ചേർന്ന് നിലവിൽ 53.15 ശതമാനം വിപണി വിഹിതം കൈവശം വച്ചിട്ടുണ്ട്. അതേസമയം ടിവിഎസിൻ്റെ വിൽപ്പന റിപ്പോർട്ട് പരിശോധിച്ചാൽ, ടിവിഎസ് മോട്ടോറിൻ്റെ വിൽപ്പന 2,25,567 യൂണിറ്റിൽ നിന്ന് 2,36,597 യൂണിറ്റായി വർധിച്ചു.
2023 ഓഗസ്റ്റിൽ വിറ്റ 1,48,516 യൂണിറ്റുകളെ അപേക്ഷിച്ച് 515 യൂണിറ്റുകളുടെ നേരിയ വർധനയോടെ, കഴിഞ്ഞ മാസം 1,49,031 യൂണിറ്റ് വിൽപ്പന കൈവരിച്ച ബജാജ് ഓട്ടോയാണ് പട്ടികയിലെ അടുത്ത കമ്പനി. ബജാജ് ഓട്ടോ ചേതക് ഇ-സ്കൂട്ടറിന് ഉയർന്ന ഡിമാൻഡാണ് കണ്ടത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ വിൽപ്പന മൂന്നിരട്ടിയായി വർദ്ധിച്ചു. 2023 ഓഗസ്റ്റിൽ വിറ്റ 69,492 യൂണിറ്റിൽ നിന്ന് 79,307 യൂണിറ്റായി ഉയർന്ന റീട്ടെയിൽ വിൽപ്പനയിൽ സുസുക്കിയും വാർഷിക വിൽപ്പന മെച്ചപ്പെടുത്തി. എങ്കിലും, റോയൽ എൻഫീൽഡിന് പ്രതിവർഷ വിൽപ്പനയിൽ ഇടിവ് നേരിട്ടു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 59,612 യൂണിറ്റുകളിൽ നിന്ന് 54,810 യൂണിറ്റുകളായി വിൽപ്പന കുറഞ്ഞു. അതേ സമയം, യമഹ ഇന്ത്യയുടെ വിൽപ്പന 2023 ഓഗസ്റ്റിൽ വിറ്റ 49,937 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 51,996 യൂണിറ്റായി ഉയർന്നു.
ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിൽ ഒല ഇലക്ട്രിക് കഴിഞ്ഞ മാസം 27,517 യൂണിറ്റ് വിൽപ്പന കൈവരിച്ചു. 2023 ഓഗസ്റ്റിൽ വിറ്റ 18,750 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് ശ്രദ്ധേയമായ പുരോഗതിയാണ്. അടുത്ത വർഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ റോഡ്‌സ്റ്റർ ഇവി ലൈനപ്പ് ഒല അവതരിപ്പിച്ചു. 2024 ഓഗസ്റ്റിൽ 10,830 യൂണിറ്റുകൾ വിറ്റഴിച്ച ഏഥർ എനർജി റീട്ടെയിൽ വിൽപ്പനയിലും പുരോഗതി കാണിച്ചു. 2023 ഓഗസ്റ്റിൽ ഒല 7,157 യൂണിറ്റുകൾ വിറ്റഴിച്ചു. എങ്കിലും, ഗ്രീവ്സ് ആമ്പിയർ (2,816 യൂണിറ്റുകൾ), പിയാജിയോ (2,712 യൂണിറ്റുകൾ), ക്ലാസിക് ലെജൻഡ്സ് ജാവ/യെസ്ഡി (2,058 യൂണിറ്റുകൾ) എന്നിവ ചില്ലറ വിൽപ്പന കണക്കുകളിൽ വാർഷിക ഇടിവ് രേഖപ്പെടുത്തി.
2024 ഓഗസ്റ്റിലെ ഈ ടൂവീലർ റീട്ടെയിൽ വിൽപ്പന പട്ടികയിൽ മറ്റ് കമ്പനികളും ഉണ്ടായിരുന്നു. മൊത്തം റീട്ടെയിൽ വിൽപ്പനയിൽ 9,342 യൂണിറ്റുകൾ സംഭാവന ചെയ്ത ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളും ഇതിൽ ഉൾപ്പെടുന്നു. എങ്കിലും, 2023 ഓഗസ്റ്റിൽ വിറ്റ 12,165 യൂണിറ്റുകളിൽ നിന്ന് ഇത് ഗണ്യമായ കുറവായിരുന്നു എന്നാണ് കണക്കുകൾ.