പുതിയ എൻ മാക്സ് 155 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് യമഹ
പുതിയ ആർ 15 വി 4 അടിസ്ഥാനമാക്കിയുള്ള സ്‍കൂട്ടറാണിതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ എൻ മാക്സ് 155 മാക്സി സ്‍കൂട്ടര്‍ അവതരിപ്പിച്ച് ജാപ്പനീസ് (Japanes) ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ (Yamaha). പുതിയ ആർ 15 വി 4 അടിസ്ഥാനമാക്കിയുള്ള സ്‍കൂട്ടറാണിതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം അടുത്തിടെ ഇന്ത്യൻ വിപണിയിൽ കമ്പനി അവതരിപ്പിച്ച യമഹ എയ്‌റോക്‌സ് 155-മായും നിരവധി സാമ്യങ്ങൾ എൻ മാക്സിന് ഉണ്ട്.
ചില സൂക്ഷ്മമായ മാറ്റങ്ങൾ വാഹനം കൂടുതൽ ആകർഷകവുമാക്കാൻ യമഹ വരുത്തിയിട്ടുണ്ട്. വലിയ ഇന്ധന ടാങ്കിന് ഒരേസമയം 7.1 ലിറ്റർ പെട്രോൾ ഉൾക്കൊള്ളാനാകും. ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ 300 കിലോമീറ്റർ സഞ്ചരിക്കാം. എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, താഴ്ന്ന ഹാൻഡിൽബാർ, എക്സ്റ്റീരിയർ ബോഡി അപ്‌ഡേറ്റുകൾ തുടങ്ങിയവ ഉൾപ്പെടുത്തി സ്‌കൂട്ടറിന്റെ രൂപം മാറ്റിയിട്ടുണ്ട്. ഹാൻഡിൽ ബാറിന്റെ സ്ഥാനം മാറിയത് വാഹനം കൈകാര്യം ചെയ്യൽ അനായാസമാക്കുന്നു. അതിനുപുറമെ, എർഗണോമിക്‌സും ചെറിയ രീതിയിൽ ട്വീക്ക് ചെയ്തിട്ടുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി പോലുള്ള ആധുനിക ഫീച്ചറുകളുടെ ശ്രേണിയും സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യമഹയുടെ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനിലൂടെ നാവിഗേഷൻ, യാത്രാ വിശദാംശങ്ങൾ, മെയിന്റനൻസ് സേവന ഷെഡ്യൂളുകൾ എന്നിവ പോലുള്ള വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. കൂടുതൽ സൗകര്യത്തിനായി 12V ചാർജിംഗ് സോക്കറ്റുകളും ഉണ്ട്.
155 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സ്‍കൂട്ടറിന്‍റെ ഹൃദയം. പരമാവധി 15 ബി.എച്ച്.പി കരുത്ത് ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. യമഹയുടെ വേരിയബിൾ വാൽവ് ആക്ച്വേഷൻ (വിവിഎ) സജ്ജീകരണത്തോടെയാണ് എഞ്ചിൻ വരുന്നത്. യൂറോപ്യൻ വിപണിയിലാവും സ്കൂട്ടർ ആദ്യം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം എയറോക്സ് 155 ഇന്ത്യൻ വിപണിയിൽ നിലവിലുള്ളതിനാൽ എൻ മാക്സ് ഉടൻ ഇവിടെ അവതരിപ്പിച്ചേക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.