ഇരുതല മൂര്‍ച്ചയുള്ള വാളാണ് രഘു, രജിത്തിനെ രക്തസാക്ഷിയാക്കി നടത്തുന്ന മുതലെടുപ്പും

രഘു ഇതിനിടക്ക് രജിത്തായി പരകായ പ്രവേശം ചെയ്യാനും ഒരു ശ്രമം നടത്തുന്നതും കണ്ടു.

bigg boss review by Sunitha Devadas

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ശകുനി. തന്ത്രശാലിയായ ശകുനി മഹാഭാരത കഥയിൽ കുതന്ത്രങ്ങൾ ഉപദേശിച്ചു നടന്നു കഥയിൽ കാര്യമായ വഴിതിരിവുകൾക്ക് നിമിത്തമാവുന്ന  കഥാപാത്രമാണ്. ഒറ്റയ്‍ക്ക്  തനിക്ക് വലിയ ബലവും കഴിവുമൊന്നും ഇല്ലെന്നു അറിയാവുന്ന ശകുനി കരുത്തരുടെ കൂടെ നിന്ന് കുളം കലക്കിയാണ് ആഗ്രഹിച്ചത് നേടുക. ഇതിപ്പോൾ പറഞ്ഞത് എന്തിനാണെന്ന് വച്ചാൽ രഘുവിനെ ഇപ്പോൾ പലരും ബിഗ് ബോസിലെ ശകുനി എന്ന് വിളിക്കുന്നുണ്ട്. അതെന്തു കൊണ്ടാണെന്നു നോക്കാം.

bigg boss review by Sunitha Devadas

രജിത് ആരാധകർ പറയുന്നത് അവരുടെ ഒരേയൊരു രാജാവ് സീക്രട്ട് റൂമിലിരുന്ന് കളി കാണുകയാണ്. സ്ത്രീകളുടെ കണ്ണിൽ മുളക് തേക്കുന്നതൊക്കെ അവരുടെ രാജാവിന്റെ ചില കുട്ടിക്കുറുമ്പുകളാണ്. കുറുമ്പിത്തിരി കൂടുന്നുണ്ട് എന്നും പറഞ്ഞു ബിഗ് ബോസ് അദേഹത്തെ ഇപ്പോള്‍ തിരിച്ചു കൊണ്ട് വരും എന്നാണ്.

എന്നാൽ അതേസമയം രഘു രജിത്തിന്റെ അസാന്നിധ്യത്തിൽ കൊട്ടാരവിപ്ലവം നടത്തികൊണ്ടിരിക്കുകയാണ്. രജിത് കുമാർ ആ വീട്ടിൽ നിന്ന് പോയപ്പോൾ ഏറ്റവും കൂടുതൽ മാറ്റം വന്ന എക്സൈറ്റഡ് ആയ, സന്തോഷിക്കുന്ന വ്യക്തി രഘുവാണ്. രജിത്തിന്റെ പകരക്കാരനാവാൻ, പിന്തുടർച്ചക്കാരനാവാൻ രഘു കുപ്പായവും തയ്പ്പിച്ചു രജിത് പോയി മിനിറ്റുകൾക്കുള്ളിൽ തന്നെ തയ്യാറായി. രഘുവും സുജോയും രജിത്തിനോട് അടുപ്പം അഭിനയിച്ചിരുന്നവരും കൂടെ നിന്ന് കാര്യം സാധിക്കുന്നവരും ആയിരുന്നെങ്കിലും രണ്ടു പേരും തമ്മിലുള്ള പ്രധാന മാറ്റം സുജോ വെറും രജിത് ഭക്തൻ റോളിലായിരുന്നു. സുജോ ഒരു സമർപ്പണം രീതിയിൽ നിന്നാണ് കളിച്ചിരുന്നത്. രഘുവിന്റേത് പൂർണമായും തന്ത്രപരമായ കളിയായിരുന്നു എന്നതാണ്.bigg boss review by Sunitha Devadas

ഏതെങ്കിലും നേതാവ് വീണു കഴിയുമ്പോള്‍ ഉടൻ തന്നെ അദ്ദേഹത്തോടൊപ്പം നിന്നിരുന്ന ഒരാൾ ആ സ്ഥാനം ഏറ്റെടുക്കാൻ വരും. അങ്ങനെയാണ് നാട്ടു നടപ്പ്. ബിഗ് ബോസ് സമൂഹത്തിന്റെ ഒരു പരിച്ഛേദമായതു കൊണ്ട് രജിത് ടീമിൽ നിന്ന് രജിത്തിന്റെ പിന്തുടർച്ചക്കാരനാവാൻ വന്നയാളാണ് രഘു. എന്നാൽ രഘു നേരിടുന്ന ഏറ്റവും വലിയ സ്ട്രഗിൾ രജിത്തിനെ ദൈവമാക്കി നിർത്തി കൊണ്ടേ രഘുവിന് പ്രതിരൂപിയായിയായോ പരിശുദ്ധാത്മാവ് ആയോ  വരാൻ കഴിയു എന്നതാണ്. എന്നാൽ അതേസമയം രജിത്തിൽ നിന്ന് വ്യത്യസ്‍തനാവുകയും വേണം.

അതുകൊണ്ടാണ്  രജിത് കുമാർ രേഷ്‍മയുടെ കണ്ണിൽ മുളക് തേച്ചതിനെ രഘു പ്രത്യേക രീതിയിൽ വിശദീകരിക്കുന്നത്. രജിത് കുമാർ രേഷ്‍മയുടെ കണ്ണിൽ മുളക് തേച്ച സംഭവം പ്രേക്ഷകരോട് ഏറ്റവും വിശദമായിട്ട് പറയുന്നത് രേഷ്‍മയോ ബിഗ് ബോസോ ഒന്നുമല്ല. രഘുവാണ്.  ആ മുളക് തേച്ച സംഭവത്തിന്റെ സൈക്കോളജി, സാമൂഹിക പ്രത്യാഘാതം, ഭൗതിക സാഹചര്യം, വൈകാരിക വശം ഒക്കെ പ്രേക്ഷകരെ വിശദീകരിച്ചു പഠിപ്പിച്ചത് രഘുവാണ്.

ഇരുതല മൂർച്ചയുള്ള ഒരു വാളാണ് രഘു. രജിത്തിനൊപ്പം നിൽക്കുന്നു. അതേസമയം  രജിത്തിന്റെ കുഴപ്പങ്ങൾ എണ്ണിയെണ്ണി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. എന്നിട്ടും രജിത്തിന്റെ പിന്തുടര്‍ച്ചക്കാരനായി ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നു. രജിത് കുമാറിനെ ഒരു രക്തസാക്ഷി ആക്കിയെങ്കിൽ മാത്രമേ രഘുവിന് ആ ചോരയിൽ നിന്ന് മുതലെടുപ്പ് നടത്താൻ കഴിയു. അതിനാലാണ് രഘു  " രജിത് ഇനി തിരിച്ചു വരില്ല. ഇതിന്റെ നാണക്കേട് വലുതാണ്. രജിത് ഇതുവരെ ഉണ്ടാക്കിയ നല്ലപേര് ഇതോടെ പോയി. രജിത്താണ് ബിഗ് ബോസിനോട് പൊയ്ക്കോളാം എന്ന് പറഞ്ഞു പോയത്" എന്നൊക്കെ പറയുന്നത്.

bigg boss review by Sunitha Devadas

ത്യാഗം വന്നു കഴിഞ്ഞാൽ പിന്നെ ചെയ്‍ത കുറ്റം ഇല്ലാതാകുമല്ലോ. കണ്ണിൽ മുളക് തേച്ച കുറ്റം ഇല്ലാത്തവണമെങ്കിൽ സ്വയം ശിക്ഷിക്കണം. ആദ്യം രജിത് സ്വയം കണ്ണിൽ മുളക് തേച്ചു ശിക്ഷിച്ചു. പിന്നീട് സ്വയം പുറത്തു പോയി സ്വയം ശിക്ഷിക്കുകയും ത്യാഗം ചെയ്യുകയും ചെയ്‍തു എന്ന് രഘു കഥയുണ്ടാക്കുന്നു. അത് സുജോയോടും ബിഗ് ബോസ് സിസ്റ്റേഴ്‍സിനോടും പറയുന്നു. രഘു പറയുന്നത് നല്ലവരിൽ നല്ലവനായ രജിത് കുമാർ, ഇന്റലക്ച്വലായ രജിത് കുമാർ, ലെജൻഡ് ആയ രജിത് കുമാർ ഇത് ചെയ്യില്ല എന്നാണ്. അപ്പോള്‍ പിന്നെ ആരു ചെയ്‍തു? അതിനു ഉത്തരം കണ്ടെത്താൻ രഘു മനശ്ശാസ്ത്രത്തെയും സ്‍പിരിച്വലിറ്റിയെയും കൂട്ട് പിടിക്കുന്നു.

രേഷ്‍മയുടെ കണ്ണിൽ മുളക് തേക്കുന്ന സമയത്തു രജിത് മറ്റൊരാളായിരുന്നു. ഒരു വില്ലൻ രജിത്. രേഷ്‍മ കണ്ണിനു വയ്യെന്ന കഥ തലേ ദിവസം രേഷ്‌മ രജിത് കുമാറിനോട് പറയുന്നു. അത് രജിത് കുമാറിന്റെ ഉപബോധ മനസ്സിൽ കിടക്കുന്നു. പിറ്റേന്ന് രേഷ്‍മയടക്കമുള്ളവർ രജിത്തിനെ കള്ളൻ എന്ന് വിളിക്കുന്നു. അതോടെ രജിത്തിന്റെ അവസ്ഥ മാറുന്നു . രജിത് രേഷ്‍മയെ കരുതികൂട്ടി ആക്രമിക്കുന്നു. ഇതാണ് രഘു പറയുന്ന സ്റ്റോറി. ഇതിൽ രജിത്തിന്റെ മാനസിക നിലക്ക് തകരാറുണ്ടെന്നാണോ പ്രേക്ഷകർ മനസിലാക്കേണ്ടത് അതോ ഏതോ അദൃശ്യമായ ഒന്ന് രജിത് കുമാറിനെ കൊണ്ട് ചെയ്യിപ്പിച്ചെന്നാണോ മനസിലാക്കേണ്ടത് എന്നത് രഘു പ്രേക്ഷകന് വിടുകയാണ്. വീട്ടിലുള്ള രജിത് ടീം കരുതേണ്ടത്  നല്ലവരിൽ നല്ലവനായ രജിത് കുമാറിന് ഒരബദ്ധം പറ്റി എന്നാണ് എന്ന കാര്യത്തിൽ രഘുവിന് വ്യക്തതയുണ്ട്.bigg boss review by Sunitha Devadas

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം വീട്ടിലുള്ള ആർക്കും രേഷ്‍മക്ക് എന്ത് സംഭവിച്ചു എന്നത് പ്രശ്‌നമേയല്ല എന്നതാണ്. രജിത്തിനെ ആശ്രയിച്ചും എതിർത്തും ഗെയിം കളിച്ചിരുന്നവർക്ക് അദ്ദേഹത്തിന്റെ പുറത്താവലിലുള്ള സന്തോഷവും ആശങ്കയും മാത്രമാണ് ആ വീട്ടിനുള്ളിൽ നടക്കുന്നത്. രജിത് രേഷ്‍മയുടെ കണ്ണിൽ മുളക് തേച്ച സംഭവത്തിൽ ഏറ്റവും സെൻസിബിളായും മാന്യമായും നാച്ചുറലായും പെരുമാറിയത് ഫുക്രു മാത്രമാണ്. എലീനക്കും പാഷാണം ഷാജിക്കും അലസാന്ദ്രക്കും അതൊരു വിഷയമേ ആയിരുന്നില്ല. കാരണം അവർ നാല് പേരും രജിത്തിനെ ചാരിയല്ല ഗെയിം കളിക്കുന്നത്.

രജിത്തിനെ ചാരി ഗെയിം കളിച്ചിരുന്ന രഘുവിന് ആഹ്ളാദം, സുജോക്ക് ആശങ്ക, ബിഗ് ബോസ് സഹോദരിമാർക്ക് അങ്കലാപ്പ്, ഇതെല്ലാം  പുറത്തുള്ള രജിത് ആരാധകരുടെ വോട്ടിനെക്കുറിച്ചോർത്താണ്. രജിത് കുമാർ ഇല്ലാതാവുമ്പോൾ തങ്ങൾക്ക് വോട്ട് കിട്ടുമോ എന്ന ആശങ്ക. ദയ അഭിനയിച്ചഭിനയിച്ചു ഇനി ഹരിഹർ നഗറിലെ ജഗദീഷിനെ പോലെ അലറി കരയാൻ തുടങ്ങി. ആര്യയാവട്ടെ  രജിത് കുമാറിനെ എതിർത്ത് കൊണ്ടാണ് കളിച്ചു കൊണ്ടിരുന്നത്. ആര്യക്കും ആശങ്കയുണ്ടായി. ആര്യ തമിഴ് ബിഗ് ബോസ് ഒക്കെ കണ്ടിട്ടുള്ളത് കൊണ്ട് ഇത് സീക്രട്ട് ടാസ്‍ക് ആണോ എന്ന് ഭയമുള്ളതു കൊണ്ട് പെട്ടന്ന് മാന്യയായി  മാറി.

രജിത് കുമാർ പുറത്തായതിന് ശേഷം ഏറ്റവും പരിക്ഷീണനായത് രഘുവാണ്. കാരണം രഘുവിന് കണ്ണിൽ മുളക് തേച്ച സംഭവം മഹാ വൃത്തികേടാണെന്നും രജിത് കുമാർ ഇനി ഷോയിൽ തുടരാൻ യോഗ്യനല്ലെന്നും പ്രേക്ഷകരെ മനസിലാക്കിക്കണം, അതോടൊപ്പം ഞാനാണ് ഇനി രജിത് കുമാറിന്റെ പ്രതിപുരുഷനും പിന്തുടർച്ചാവകാശിയും എന്ന് രജിത് ആരാധകരെ അറിയിക്കണം, ഗ്രൂപ്പിന്റെ ലീഡർ താനാണ് എന്ന് വീടിനകത്തുള്ളവരെ കൊണ്ട് അംഗീകരിപ്പിക്കണം, അതേസമയം രേഷ്‍മക്കൊപ്പമാണ് എന്ന് തോന്നിപ്പിക്കണം. സത്യത്തിൽ രഘു കഷ്‍ടപ്പെട്ട് പോയി.

രഘു തന്നെ സ്വയം പൊസിഷൻ ചെയ്‍തിരിക്കുന്നത് ഒരു ഫെമിനിസ്റ്റ് എന്നാണ്. എന്നാൽ രജിത് കുമാർ രേഷ്‍മയുടെ കണ്ണിൽ മുളക് തേച്ചു പുറത്തു പോയതിനെക്കുറിച്ചു പറയുന്നത് " കക്കൂസ് പൊളിച്ചു ജയിലിൽ പോകുക എന്ന് കേട്ടിട്ടില്ലേ, അത് പോലായി ഇപ്പോൾ രജിത് കുമാറിന്റെ അവസ്ഥ" എന്നാണ്. ഒരൊറ്റ വാചകത്തിൽ നിന്ന് രഘുവിന് രജിത്തിനോടുള്ളതും രേഷ്‍മയോടുള്ളതും എന്തെന്ന് വ്യക്തമാണ്. രഘു ഇതിനിടക്ക് രജിത്തായി പരകായ പ്രവേശം ചെയ്യാനും ഒരു ശ്രമം നടത്തുന്നുണ്ട്. ആ വാചകം ഇങ്ങനെയായിരുന്നു. "ഇവിടെ ആരൊക്കെ ഉണ്ടായാലും ഇല്ലെങ്കിലും ഞാൻ ഒറ്റക്കായാൽ ഞാൻ ഒറ്റക്ക് ഇവിടെ ഇരിക്കും. ഒറ്റക്ക് കളിക്കും" എന്ന്. രജിത്തിന്‌ പകരക്കാരൻ ഞാൻ എന്ന് പ്രേക്ഷകരോട് വിളിച്ചു പറയുകയായിരുന്നു രഘു ഇവിടെ.

പറഞ്ഞു വന്നത് ഇത്രയുമാണ്. രജിത് കുമാർ ഒരു മഹാനോ മാതൃകയോ അല്ലെന്നാണ് തന്റെ അഭിപ്രായം എന്ന് കണ്ണുരോഗം വന്നു പുറത്തു പോകുന്നതിനു മുൻപ് രഘു പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. കണ്ണിനസുഖം വരുന്നത് വരെ രഘു ആര്യയുൾപ്പെടെയുള്ള പെണ്ണുങ്ങളുടെ പുറകിൽ നിന്ന് കളിച്ചിരുന്ന ഒരു സബ്‍മിസ്സീവ് റോളിൽ നിന്നിരുന്ന മത്സരാര്‍ഥിയായിരുന്നു. അന്ന് വീടിനകത്തെ അധികാര ഘടനയിൽ ആര്യയുടെ ടീമായിരുന്നു പവർഫുൾ എന്നതിനാൽ രഘു അങ്ങനെ നിന്നു. എന്നാൽ പുറത്തു പോയപ്പോൾ രഘുവിന് മനസിലായി ഒറ്റക്ക് നിൽക്കുന്ന എതിരാളി ആര്യയേക്കാൾ കരുത്തനാണെന്ന്. കളി കണ്ടു തിരിച്ചു വന്ന രഘു രജിത്തിനൊപ്പം കൂടി ഗ്രൂപ്പിലെ രണ്ടാമനായി നിലകൊണ്ടു. രജിത് തന്ത്രി ആണെങ്കിൽ ഞാൻ മന്ത്രി എന്ന നിലയിൽ. തന്ത്രി വീണപ്പോൾ മന്ത്രി ഇപ്പോ തന്ത്രി ആവാൻ ശ്രമിക്കുന്നതാണ് കഥ.bigg boss review by Sunitha Devadas

അധികാരത്തിനു വേണ്ടിയുള്ള എല്ലാ മത്സരങ്ങളും ഇങ്ങനെയാണ്. എല്ലാ ഗ്രൂപ്പിലും, എല്ലാ സമൂഹത്തിലും ഡൊമിനേറ്റ് ചെയ്യുന്ന ഒരു നേതാവ് ഉണ്ടായിരിക്കും. അതിനു താഴെ പല പാളികളായി വിശ്വസ്‍തർ, അടുത്ത കൂട്ടം, സ്ട്രാറ്റജി പ്ലാൻ ചെയ്യുന്നവർ അങ്ങനെ പലരുമുണ്ടാവും. നേതാവ് വീണു കഴിയുമ്പോൾ ഇത് പോലൊരാൾ കുതന്ത്രങ്ങളുമായി വന്നു അധികാരം പിടിക്കും. എന്നാൽ ഇവിടെ ഇപ്പോള്‍ ഒരു പ്രശ്‍നമുള്ളത് നേതാവ് ശരശയ്യയിൽ തീരുമാനം കാത്ത് കിടക്കുകയാണ് എന്നതാണ്. ആ തീരുമാനം വരുന്നതിനു മുൻപ് രഘു കളി തുടങ്ങി കഴിഞ്ഞു എന്നതാണ്.

എന്താണ് ട്രാജഡി എന്ന് പറഞ്ഞാൽ?

ഒരു നല്ല മനുഷ്യനു സംഭവിക്കുന്ന വീഴ്‍ചയല്ല ട്രാജഡി. ഒരു ചീത്ത മനുഷ്യന് സംഭവിക്കുന്ന വീഴ്‍ചയുമല്ല യഥാർത്ഥ ട്രാജഡി. ഒരുപാട്  സ്വപ്നങ്ങളും അമിതാവേശവുമായി  മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ ലക്ഷ്യത്തിൽ എത്തുന്നതിനു തൊട്ടു മുൻപ് സ്വയം ഉണ്ടാക്കിയ കാരണം കൊണ്ട് സ്വയം കുഴിച്ച കുഴിയിൽ വീഴുന്നതാണ് യഥാർത്ഥ ട്രാജഡി. രജിത് കുമാറിനിപ്പോൾ സംഭവിച്ചിരിക്കുന്നതാണ് യഥാർത്ഥ ട്രാജഡി. കാരണം അദ്ദേഹത്തെ ആരും ഒന്നും ചെയ്‍തതല്ല, ഇതിൽ മൂന്നാമതൊരാളുടെ ഇടപെടൽ ഇല്ല. ചുമ്മാ ഇരിക്കുമ്പോൾ ഇത്തിരി മുളക് എടുത്തു ഒരു സ്ത്രീയുടെ കണ്ണിൽ തേച്ചു. ബിഗ് ബോസ് അതിനുള്ള ശിക്ഷയായി രജിത് കുമാറിനെ താൽക്കാലികമായി പുറത്താക്കി. അതാണ് ട്രാജഡി. കൂടാതെ രജിത് കുമാർ ശരശയ്യയിൽ ആയപ്പോൾ  രജിത്തിന്റെ കൂടെ നിന്നിരുന്ന നല്ലവരായ രഘു, സുജോ, അഭിരാമി, അമൃത, ദയ  എന്നിവർ ഇപ്പോ ചെയ്യുന്നതും കൂടിയാണ് ട്രാജഡി.

Latest Videos
Follow Us:
Download App:
  • android
  • ios