അതെ ഇത് രജിത് കുമാര്‍ തന്നെ! ബിഗ് ബോസിലേക്ക് എത്തുന്നത് വന്‍ മേക്കോവറില്‍
ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് തുടക്കം, മത്സരിക്കാൻ രജിത് കുമാര്‍.
ഇത്തവണത്തെ ബിഗ് ബോസിലെ പതിനേഴ് മത്സരാര്‍ഥികളില്‍ ഒരാളെ മലയാളികള്‍ എല്ലാവരും അറിയും. തൂവെള്ളത്താടിയും വെളുത്ത വസ്ത്രങ്ങളുമായി നിരവധി വേദികളില്‍ വരാറുള്ള അദ്ദേഹം പ്രഭാഷണകലയില്‍ അഗ്രഗണ്യനാണ്. അതേ സമയം വിവാദങ്ങളുടെ കളിതോഴനും. എന്തായാലും വന്‍ മേക്കോവറിലാണ് രജിത്കുമാര്‍ ബിഗ് ബോസ് വേദിയിലേക്ക് എത്തുന്നത്.
രജിത്കുമാറിനെ പ്രശസ്‍തി തേടിയെത്തുന്നത് ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ്, അതും നീണ്ടൊരു കൂവലിന്റെ രൂപത്തില്‍! അദ്ദേഹമന്ന്, ശ്രീശങ്കര കോളേജിലെ ബോട്ടണി ലക്ചററായിരുന്നു.ആര്യ എന്ന ഒരു ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു അന്നത്തെ കൂവല്‍പ്രതിഷേധക്കാരി. പ്രഭാഷണത്തിനിടെ രജിത് കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണ് എന്നാക്ഷേപിച്ചായിരുന്നു ആര്യയുടെ കൂക്കിവിളി. എന്തായാലും, ആ കൂവല്‍ ആര്യയ്ക്ക് കയ്യടികള്‍ നേടിക്കൊടുത്തു. ഡോ. രജിത് കുമാറിന് തുടര്‍ച്ചയായ പ്രഭാഷണങ്ങള്‍ക്കുള്ള അവസരങ്ങളും. വെളുത്ത താടിയുള്ള ആ കൃശഗാത്രന്‍ പിന്നീടങ്ങോട്ട് നിരവധി വിവാദങ്ങളുടെ ഭാഗമായി നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു കവിഞ്ഞുനിന്നു.
വേഷഭൂഷാദികളില്‍ ഒരു അവധൂതന്റെ പരിവേഷമുണ്ട് ഡോ.രജിത് കുമാറിന്. വെള്ളവസ്ത്രങ്ങളോടാണ് കമ്പം.
പ്രഭാഷകന്‍ എന്നതിലുപരി ലബ്‍ധപ്രതിഷ്‍ഠനായ ഒരു അദ്ധ്യാപകന്‍ കൂടിയാണ് അദ്ദേഹം. ശ്രീ ശങ്കരാ കോളേജിലെ ബോട്ടണി വിഭാഗം അദ്ധ്യാപകനാണ് രജിത് കുമാര്‍. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദം. അവിടെ മികച്ച വിദ്യാര്‍ത്ഥിയെന്ന പേരുനേടി. പന്തളം എന്‍എസ്എസ് കോളേജില്‍ ബോട്ടണി ബിരുദാനന്തര ബിരുദം പഠിച്ച് ഒന്നാം റാങ്കോടെ പാസായി.
മൈക്രോബയോളജിയില്‍ എംഫിലും ഡോക്ടറേറ്റും. ബോട്ടണിയിലെ ബിരുദങ്ങള്‍ക്ക് പുറമേ ബിഎഡ്., ലൈബ്രറി സയന്‍സില്‍ ബിരുദം, സൈക്കോതെറാപ്പിയില്‍ എം.എസ്. എന്നിവയെല്ലാമുണ്ട് ഡോ. രജിത് കുമാറിന്.