മണിക്കൂറില്‍ 300 കിമീ വേഗത; യൂബറിന്‍റെ പറക്കും ടാക്‌സി ഇന്ത്യയിലേക്കും!

ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറിന്റെ പറക്കും ടാക്‌സി ഇന്ത്യയിലേക്കെത്തുന്നു

Uber Elevate may launch flying taxi service in India

ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറിന്റെ പറക്കും ടാക്‌സി ഇന്ത്യയിലേക്കെത്തുന്നു. പറക്കും ടാക്സിയുടെ വിപണിയായി ആദ്യം പരിഗണിക്കുന്ന അഞ്ചു രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നാണ് യൂബർ അറിയിക്കുന്നത്. ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നിവയാണ് യൂബര്‍ ടാക്‌സി ആദ്യമെത്തുന്ന മറ്റ് രാജ്യങ്ങള്‍. യൂബര്‍ അധികൃതരും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്ഹയുമായുള്ള കൂടികാഴ്ചക്കിടെയാണ് പറക്കും ടാക്‌സിക്കായി ഇന്ത്യയെ പരിഗണിക്കുന്ന വിവരം യൂബര്‍ പങ്കുവെച്ചത്.

കുത്തനെ പറന്നുയരുകയും അതുപോലെ പറന്നിറങ്ങുകയും ചെയ്യുന്ന ഇ.വി.ടി.ഒ എല്‍ (ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വെഹിക്ക്ള്‍ കണ്‍സപ്റ്റ്) എന്ന ആശയത്തെ ഹെലികോപ്റ്ററിന്റെയും ഡ്രോണിന്റെയും സമന്വയമെന്നാണ് യൂബര്‍ വിശേഷിപ്പിക്കുന്നത്. 

ലൊസാഞ്ചലസില്‍ നടക്കുന്ന യൂബര്‍ എലിവേറ്റ് സമിറ്റിലാണ് പറക്കും ടാക്‌സിയുടെ മാതൃക ആദ്യമായി അവതരിപ്പിച്ചത്. ബാറ്ററിയാണ് പറക്കും ടാക്‌സിക്ക് ഊര്‍ജ്ജം നല്‍കുന്നത്. മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ (200 മൈല്‍) വേഗം കൈവരിക്കാന്‍ ഈ വാഹനത്തിനു കഴിയുമെന്നാണ് യൂബറിന്‍റെ അവകാശവാദം. ഒറ്റത്തവണ ചാര്‍ജു ചെയ്താല്‍ ഏകദേശം 100 കിലോമീറ്റര്‍ (60 മൈല്‍) സഞ്ചരിക്കാം.

ആദ്യ ഘട്ടത്തില്‍ പൈലറ്റിന്റെ നിയന്ത്രണത്തിലാകും പറക്കും ടാക്‌സികള്‍. പിന്നീട് സ്വയം പറക്കുന്ന രീതിയില്‍ ഇവ അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇപ്പോള്‍ ടാക്‌സി ആവശ്യപ്പെടുന്ന അതേ രീതിയില്‍ ഭാവിയില്‍ പറക്കും ടാക്‌സികളും വിളിക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു.

പറക്കും ടാക്‌സിയുടെ ആദ്യ പ്രദര്‍ശന പറക്കല്‍ 2020ല്‍ ലൊസാഞ്ചലസില്‍ നടന്നേക്കും.  തുടര്‍ന്ന് 2023 ഓടെ വാണിജ്യ അടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെടും. ഇതേവര്‍ഷം തന്നെ ലൊസാഞ്ചലസിലും മറ്റൊരു രാജ്യാന്തര നഗരത്തിലും സര്‍വീസ് ആരംഭിക്കും. അതിന് ശേഷമായിരിക്കും ഇന്ത്യയിലെത്തുക. ഇത്തരം ‘എയ്റോ ടാക്സി’കളുടെ കേന്ദ്രമായി ‘സ്കൈ പോർട്ടു’കളും മറ്റും ഉൾക്കൊള്ളുന്ന ഭാവിയിലെ നഗരങ്ങളുടെ രൂപരേഖയും യൂബർ തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios