അപ്പാഷെ ആർ ടി ആർ 160 ഫോർ വി എബിഎസ് എത്തി
ടി വി എസ് അപ്പാഷെ ആർ ടി ആർ 160 ഫോർ വി ആന്‍റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)ത്തോടെ വിപണിയിലെത്തി.
ടി വി എസ് അപ്പാഷെ ആർ ടി ആർ 160 ഫോർ വി ആന്‍റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)ത്തോടെ വിപണിയിലെത്തി. സിംഗിൾ ചാനൽ എ ബി എസ് സഹിതമെത്തുന്ന ബൈക്കിന് പുണെ ഷോറൂമിൽ 98,644 രൂപയാണു വില. എ ബി എസില്ലാത്ത പതിപ്പിനെ അപേക്ഷിച്ച് 6,999 രൂപ അധികമാണിത്.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി.
അപ്പാച്ചെ ആർ ടി ആർ 160 ഫോർ വിയുടെ ഫ്യുവൽ ഇഞ്ചക്റ്റഡ് പതിപ്പായ ആർ ടി ആർ 160 ഫോർ വി എഫ് ഐയിലാണു നിലവിൽ എ ബി എസ് ലഭ്യമായത്. ബൈക്കിന്റെ കാർബുറേറ്റർ പതിപ്പിലും വൈകാതെ എ ബി എസ് ഇടംപിടിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.
എ ബി എസ് ഒഴികെ സാങ്കേതികവിഭാഗത്തിൽ മറ്റു മാറ്റങ്ങളൊന്നുമില്ലാതെയാണ് ആർ ടി ആർ 160 ഫോർ വി എഫ് ഐ എത്തുന്നത്. 159 സി സി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണ് ബൈക്കിന്‍റെ ഹൃദയം. പരമാവധി 16.8 പി എസ് കരുത്തും 14.8 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും.