ട്രെയിന്‍ യാത്രികരുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ നയിക്കാന്‍ ക്യാപ്റ്റന്‍ വരുന്നു
ദക്ഷിണ റെയില്‍വേയിലെ ആറ് തീവണ്ടികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ട്രെയിന്‍ ക്യാപ്റ്റന്‍ സംവിധാനം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയിലെ ആറ് തീവണ്ടികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ട്രെയിന്‍ ക്യാപ്റ്റന്‍ സംവിധാനം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. യാത്രക്കാരുടെ പരാതികള്‍ ട്രെയിനിനുള്ളില്‍ത്തന്നെ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ദീര്‍ഘദൂര വണ്ടികളിലാണ് ക്യാപ്റ്റന്‍റെ സേവനം ലഭ്യമാക്കുന്നത്.
ഏറ്റവും മുതിര്‍ന്ന ടി.ടി.ഇ. ആണ് ഒരു ട്രെയിനിലെ ക്യാപ്റ്റന്‍ ആവുക. എന്നാല്‍ മറ്റുള്ള ടിടിഇമാരില്‍നിന്നു വ്യത്യസ്തമായി കടുംനീല പാന്റ്സും വെള്ളഷര്‍ട്ടും ക്യാപ്റ്റന്‍മാരുടെ യൂണിഫോമാക്കാനാണ് റെയില്‍വേയുടെ ആലോചനയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന് എ.സി. കമ്പാര്‍ട്ട്മെന്റില്‍ പ്രത്യേക സീറ്റ് ഉണ്ടാകും. 'ട്രെയിന്‍ ക്യാപ്റ്റന്‍' എന്നെഴുതിയ വെള്ളത്തൊപ്പിയും പ്രത്യേക ബാഡ്ജും നല്‍കും.
യാത്രക്കാര്‍ക്ക് ട്രെയിന്‍ സേവനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങള്‍ക്കും ക്യാപ്റ്റനുമായി യാത്രക്കാര്‍ക്ക് ബന്ധപ്പെടാം. ഇതിനായി റിസര്‍വ് ചെയ്ത് പോകുന്ന യാത്രക്കാര്‍ക്ക് ക്യാപ്റ്റന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കും. ട്രെയിന്‍ കോച്ചുകളിലെ ശുചിത്വം, സൗകര്യങ്ങളുടെ പരിശോധന, ജലലഭ്യത, നിലവാരമുള്ള ഭക്ഷണം തുടങ്ങിയവ ഉറപ്പാക്കല്‍, ഇലക്ട്രിക്കല്‍ പ്രശ്നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവയെല്ലാം ക്യാപ്റ്റന്റെ ചുമതലയില്‍ വരും. തീവണ്ടിയിലെ റെയില്‍വേ ജീവനക്കാരും വിവിധ കരാറേറ്റെടുത്തവരുമൊക്കെ ക്യാപ്റ്റനുമായാണ് ഇനി ബന്ധപ്പെടേണ്ടത്.