വണ്ടി വില്‍ക്കുമ്പോള്‍ ആർസിയിലെ പേരുമാറ്റിയില്ലെങ്കില്‍ സംഭവിക്കുന്നത്
വാഹനം വിൽക്കുമ്പോൾ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യമാണ് ആർസിയിലെ പേരുമാറ്റം. വിൽപന നടത്തിയ വാഹനം അപകടത്തിലോ കേസിലോ കുടുങ്ങി നോട്ടീസ് കിട്ടുമ്പോഴാണ് മിക്കവർക്കും കാര്യം പിടികിട്ടുക. വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശവും മാറ്റി നൽകുവാൻ ശ്രദ്ധിക്കുക. വിൽക്കുന്നയാൾ ഉടമസ്ഥാവകാശം മാറിയിട്ടേ ആർ സി ബുക്ക് കൈമാറാവൂ. ആർ സി ബുക്കിൽ പേരു മാറ്റാൻ ചെയ്യേണ്ടത് എന്തെല്ലാമാണെന്നു നോക്കാം.
കോഴിക്കോട് രാമനാട്ടുകരയില്‍ യുവതിയെ ആക്രമിച്ച് ഓട്ടോഡ്രൈവര്‍ പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ സിസി ടിവിയില്‍ പതിഞ്ഞ നമ്പര്‍ അനുസരിച്ച് പൊലീസ് ആര്‍സി ഉടമയെ പിടികൂടിയിട്ട് മണിക്കൂറുകളേ ആയിട്ടുള്ളു. സംഭവത്തെക്കുറിച്ച് അറിയുകയേ ഇല്ലെന്ന് ഇയാള്‍. ഒടുവില്‍ ഇയാളല്ല അക്രമം നടത്തിയതെന്ന് യുവതിയും പറഞ്ഞു. ഒടുവിലാണ് സത്യം തിരിച്ചറിഞ്ഞത്. ഇയാള്‍ ഓട്ടോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിറ്റതായിരുന്നു. ഉടമയുടെ പേര് രേഖകളില്‍ നിന്ന് മാറ്റിയിരുന്നില്ല എന്നനതാണ് ഇയാള്‍ക്ക് വിനയായത്.
ആർ സി ബുക്കിൽ പേരു മാറ്റാൻ
ഇങ്ങനെ എട്ടിന്‍റെ പണി കിട്ടാതിരിക്കണമെങ്കില്‍ വാഹനം വിൽക്കുമ്പോൾ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യമാണ് ആർസിയിലെ പേരുമാറ്റം. വിൽപന നടത്തിയ വാഹനം അപകടത്തിലോ കേസിലോ കുടുങ്ങി നോട്ടീസ് കിട്ടുമ്പോഴാണ് മിക്കവർക്കും കാര്യം പിടികിട്ടുന്നതുതന്നെ. വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശവും മാറ്റി നൽകുവാൻ ശ്രദ്ധിക്കുക. വിൽക്കുന്നയാൾ ഉടമസ്ഥാവകാശം മാറിയിട്ടേ ആർ സി ബുക്ക് കൈമാറാവൂ. ആർ സി ബുക്കിൽ പേരു മാറ്റാൻ ചെയ്യേണ്ടത് എന്തെല്ലാമാണെന്നു നോക്കാം.
ഒരു വാഹനം വിറ്റാൽ നിങ്ങളുടെ ഉത്തരവാദിത്തം തീർന്നു എന്നു കരുതരുത്. വാഹനം വാങ്ങുന്നയാളിൽനിന്ന് ഫോം 29 (notice of ownership) രണ്ടു കോപ്പി ഒപ്പിട്ടു വാങ്ങണം. അതിൽ ഒരു കോപ്പിക്കൊപ്പം ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷാഫോം (ഫോം 30), ഹൈപ്പോത്തിക്കേഷനുണ്ടെങ്കിൽ (വായ്പ) ആ സ്ഥാപനത്തിന്റെയോ വ്യക്തിയുടേയോ സമ്മതപത്രം, നിലവിലെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, മേൽവിലാസം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഫീസ് അടച്ച് ആർടിഒ ഓഫിസിൽ അപേക്ഷ കൊടുത്താൽ ഉടമസ്ഥാവകാശം മാറ്റി നൽകും. അപേക്ഷ ഓൺലൈൻ വഴിയും സമർപ്പിക്കാം. വാഹനത്തിന്റെ റജിട്രേഷൻ സർട്ടിഫിക്കറ്റിൽ പേരുമാറ്റി 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റിലെയും പേരുമാറ്റേണ്ടതാണ്. അല്ലെങ്കിൽ പരിരക്ഷ ലഭിക്കുകയില്ല.
ഓര്‍ക്കുക. വാഹനം വിൽക്കുമ്പോൾ വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിൽ ഉണ്ടാക്കുന്ന ഉഭയകക്ഷി കരാറിന് മോട്ടോർ വാഹന വകുപ്പ് നിയമത്തിൽ നിലനിൽപ്പേയില്ല. വാഹനത്തിന്‍റെ പേരിൽ എന്തെങ്കിലും കേസ് ഉണ്ടായാൽ നിയമ നടപടിക്രമങ്ങൾ ആർസി ബുക്കിൽ പേരുള്ള ഉടമ തന്നെ നേരിടേണ്ടിവരും.
ഉടമയുടെ മരണ ശേഷം പേരുമാറ്റാൻ
വാഹന ഉടമയുടെ മരണശേഷം അനന്തരാവകാശിയുടെ പേരിലേക്കു വാഹനത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനായി മരണം നടന്നു മൂന്നു മാസത്തിനുള്ളിൽ അപേക്ഷിക്കണം. ഇതിനായി ഫോറം 31 (Application and intimation of transfer of ownership ), രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, അനന്തരവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നവ സഹിതം റജിസ്ട്രേഷൻ അധികാരിക്കു സമർപ്പിക്കണം. ആവശ്യമായ അന്വേഷണത്തിനു ശേഷം ഉടമയുടെ പേരു മാറ്റിക്കിട്ടും.