ഇതുവരെ നിരത്തിലെത്തിയത് രണ്ട് ലക്ഷം ടിയാഗോകള്‍
ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് ടിയാഗോയുടെ ഇതുവരെയുള്ള വിൽപ്പന രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടു. പ്രതിമാസം 7,000 — 8,000 യൂണിറ്റാണു ടിയാഗൊയുടെ ശരാശരി വിൽപ്പന.
ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് ടിയാഗോയുടെ ഇതുവരെയുള്ള വിൽപ്പന രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടു. പ്രതിമാസം 7,000 — 8,000 യൂണിറ്റാണു ടിയാഗൊയുടെ ശരാശരി വിൽപ്പന. 2016 ഏപ്രിൽ ആറിനു നിരത്തിലെത്തിയ ടിയാഗോ ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ടാറ്റ കാറാണ്. സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ചയില്ലാതെ പണത്തിനു മികച്ച മൂല്യം ഉറപ്പാക്കിയതാണു ടിയാഗോയുടെ ജനപ്രിയതയ്ക്ക് പിന്നിലെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്ക്ൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് പറഞ്ഞു.
രണ്ട് എൻജിൻ സാധ്യതകളോടെയാണു ടിയാഗൊ എത്തുന്നത്. കാറിലെ 1.2 ലീറ്റർ, മൂന്നു സിലിണ്ടർ റെവൊട്രോൺ പെട്രോൾ എൻജിന് 85 പി എസ് വരെ കരുത്തും 114 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. കാറിലെ 1.05 ലീറ്റർ, മൂന്നു സിലിണ്ടർ റെവൊടോർക് ഡീസൽ എൻജിനാവട്ടെ 70 പി എസ് വരെ കരുത്തും 140 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ഡീസൽ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ; അതേസമയം പെട്രോൾ എൻജിൻ അഞ്ചു സ്പീഡ് മാനുവൽ, എ എം ടി ഗീയർബോക്സുകളോടെ ലഭ്യമാണ്.
ടാറ്റയുടെ പുത്തൻ രൂപകൽപ്പനാ സിദ്ധാന്തമായ ഇംപാക്ട് ശൈലി പിന്തുടരുന്ന ടിയാഗോ ഏഴു നിറങ്ങളിലും 22 വകഭേദങ്ങളിലുമാണു വിൽപ്പനയ്ക്കുള്ളത്. തകർപ്പൻ രൂപകൽപ്പനയുടെയും ഈ വിഭാഗത്തിൽ പതിവില്ലാത്ത സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ലഭ്യതയുമൊക്കെയാണ് കടുത്ത മത്സരത്തിനു വേദിയായ ചെറുഹാച്ച്ബാക്ക് വിപണിയിൽ വിജയം കൊയ്യാൻ ടിയാഗോയെ സഹായിച്ചത്.
നിരത്തിലെത്തി മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ ടിയാഗോയുടെ നിരവധി പതിപ്പുകള്‍ ടാറ്റ അവതരിപ്പിച്ചിരുന്നു. 2017ൽ എക്സ് സെഡ് എ, എക്സ് ടി എ എന്നീ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുള്ള വകഭേദങ്ങളും ഉത്സവകാല പതിപ്പായ ടിയാഗൊ വിസ്സുമാണു ടാറ്റ പുറത്തിറക്കിയത്. കഴിഞ്ഞ വർഷം അർബൻ ടഫ്റോഡറായ ടിയാഗൊ എൻ ആർ ജിയും പ്രകടനക്ഷമതയേറിയ ജെ ടി സ്പെഷൽ വെഹിക്ക്ൾസും മുന്തിയ വകഭേദമായ എക്സ് സെഡ് പ്ലസും നിരത്തിലെത്തിയിരുന്നു.