ടാറ്റ നെക്സോണ്‍ ബംഗ്ലാദേശിലേക്ക്

ഇന്ത്യന്‍ നിരത്തുകളില്‍ എസ്‍യുവി രംഗത്ത് വിപ്ലവം തീര്‍ത്ത ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി നെക്‌സോണ്‍ ബംഗ്ലദേശിൽ വിൽപ്പനയ്ക്കെത്തി.

Tata Nexon SUV launched in Bangladesh

ഇന്ത്യന്‍ നിരത്തുകളില്‍ എസ്‍യുവി രംഗത്ത് വിപ്ലവം തീര്‍ത്ത ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി നെക്‌സോണ്‍ ബംഗ്ലദേശിൽ വിൽപ്പനയ്ക്കെത്തി. ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നാലെയാണു നെക്സോണ്‍ എക്സ് സെഡ് എ പ്ലസ് ബംഗ്ലദേശിൽ വിൽപ്പനയ്ക്കെത്തുന്നത്. പെട്രോൾ പതിപ്പിന് 24.90 ലക്ഷം ബംഗ്ലദേശ് ടാക മുതലും ഡീസൽ പതിപ്പിന് 5.90 ടാക മുതലുമാണു വില. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഇതു യഥാക്രമം 21.50 ലക്ഷവും 22.37 ലക്ഷവുമാണ്. മുന്തിയ വകഭേദമായ എക്സ് സെഡ് എ പ്ലസ്  മാത്രമാണു ബംഗ്ലദേശിൽ അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെ പങ്കാളിയായ നിതൊൽ മോട്ടോഴ്സിനാണു ‘നെക്സ’ന്റെ ബംഗ്ലദേശിലെ വിപണനം. 

കാഴ്ചയിൽ കോംപാക്ട് എസ് യു വികളുടെ തനത് 'ബോക്‌സി' രൂപമേയല്ല, നെക്‌സോണിന്. മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്ത് പുറത്തിറക്കിയത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണനിരീക്ഷണങ്ങൾ ക്കു ശേഷമാണ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.

1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170  ന്യൂട്ടൺ മീറ്ററാണ്.  6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മികച്ച സസ്‌പെൻഷനും ബോഡിറോളില്ലാത്ത പ്രവർത്തന രീതിയും കൂടിയ ഗ്രൗണ്ട് ക്ലിയറൻസും നെക്‌സോണിന്റെ ഡ്രൈവ് ആസ്വാദ്യകരമാക്കും. റിസ്റ്റ് ബാൻഡ് വാച്ച് പോലെ തോന്നിക്കുന്ന റിസ്റ്റ് ബാൻഡാണ് നെക്‌സോണിന്റെ മറ്റൊരു പുതുമ. ഇത് വാഹനത്തിന്റെ 'കീ' യുടെ ഫലം ചെയ്യും. അതായത് ഇത് കൈയിൽ വാച്ചു പോലെ ധരിച്ചാൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ വേറെ 'കീ' ഉപയോഗിക്കേണ്ടതില്ല. 

നിലവിൽ ഹാച്ച്ബാക്കായ ടിയാഗൊ ടാറ്റ മോട്ടോഴ്സ് ബംഗ്ലദേശിൽ വിൽക്കുന്നുണ്ട്. 


 

Latest Videos
Follow Us:
Download App:
  • android
  • ios