ടാറ്റ ഹാരിയര്‍ ജനുവരി 23ന് എത്തും
ടാറ്റയുടെ ഏറ്റവും പുതിയ എസ്‌യുവി ഹാരിയര്‍ ജനുവരി 23ന് നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. വാഹനത്തിന് 16 മുതല്‍ 21 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.
ടാറ്റയുടെ ഏറ്റവും പുതിയ എസ്‌യുവി ഹാരിയര്‍ ജനുവരി 23ന് നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. വാഹനത്തിന് 16 മുതല്‍ 21 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.
ആഗോള എസ്.യു.വി.യായ റേഞ്ച് റോവറില്‍നിന്ന് കടമെടുത്ത സാങ്കേതികതയാണ് ഹാരിയറിനെ വ്യത്യസ്തമാക്കുന്നത്. രൂപത്തിലും ആ തലയെടുപ്പ് ഹാരിയറില്‍ പ്രകടം. ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റിനോട് നീതി പുലര്‍ത്തുന്ന രൂപം ഹാരിയര്‍ പ്രൊഡക്ഷന്‍ സ്‌പെക്കിനുണ്ട്. ഏകദേശം 80 ശതമാനത്തോളം ഈ രൂപം ഹാരിയര്‍ നിലനിര്‍ത്തിയിട്ടുണ്ടെന്ന് പറയാം.
ഹാരിയറിന്റെ എഞ്ചിന്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം കമ്പനി ഔദ്യോഗികമായി പുറത്തു വിട്ടിരുന്നു. 2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിനാകും ഹാരിയറിന് കരുത്ത് പകരുക. പവര്‍, വിശ്വസ്തത എന്നിവയില്‍ ക്രയോജനിക് റോക്കറ്റ് എന്‍ജിനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ക്രയോടെക് എന്‍ജിനുകള്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ലോകോത്തര മാനദണ്ഡങ്ങള്‍ പോലും മാറ്റിയെഴുതാന്‍ കരുത്തുറ്റവയാണെന്നാണ് കമ്പനിയുടെ അവകാശവാദം.
2.0ലി ക്രെയോടെക് ഡീസല്‍ എന്‍ജിന്‍ കുറഞ്ഞ കാര്‍ബണ്‍ നിര്‍ഗമനം ഉറപ്പുവരുത്തുന്നവയാണ്. ടാറ്റയുടെ പുതുതലമുറയില്‍ പെട്ട ക്രെയോടെക് ഫോര്‍ സിലണ്ടര്‍ എന്‍ജിനില്‍, ടാറ്റായുടെ മള്‍ട്ടി ഡ്രൈവ് മോഡുകള്‍ കൂടി ചേരുമ്പോള്‍ എല്ലാത്തരം ഡ്രൈവിംഗ് സാഹചര്യങ്ങളെയും ഹാരിയര്‍ അതിജീവിക്കും. ഇതോടെ ഈ സെഗ്മെന്റില്‍ തന്നെ ഹാരിയര്‍ പകരം വെക്കാനില്ലാത്ത പോരാളി ആകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
വിവിധ ഡ്രൈവിംഗ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കോണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ എന്‍ജിനും (ഇവിജിടി)കൂടിച്ചേരുമ്പോള്‍ എല്ലാത്തരം റോഡ് സാഹചര്യങ്ങളിലും ഹാരിയറിന്റെ കരുത്തും പിക്ക് അപ്പും വര്‍ദ്ധിക്കും. ക്രയോടെക്കിലെ ലോ ഫ്രിക്ഷന്‍ വാല്‍വ് ട്രെയിന്‍ ആര്‍ക്കിടെക്ചറുകളും, ഏറ്റവും പുതിയ ഇജിആര്‍ സംവിധാനവും മികച്ച ഇന്ധന ക്ഷമത പ്രദാനം ചെയ്യുന്നതിനോടൊപ്പം കാര്‍ബണ്‍ നിര്‍ഗമനത്തെ കുറച്ച് മലിനീകരണ സാധ്യത ഇല്ലാതാക്കുന്നു.
ഏറ്റവും ബുദ്ധിമുട്ടേറിയതുള്‍പ്പെടെ എല്ലാത്തരം റോഡ് സാഹചര്യങ്ങളിലും എന്‍ജിന്റെ പ്രകടനം പരീക്ഷിച്ചുറപ്പിച്ചാണ് ക്രെയോടെക് എന്‍ജിന്‍ തങ്ങളുടെ സ്വപ്ന വാഹനമായ ഹാരിയറില്‍ ഉപയോഗിക്കുന്നതെന്നാണ് ടാറ്റ പറയുന്നത്.
വാഹനത്തിന്‍റെ ഡിസൈന്‍ സംബന്ധിച്ച വിശദാംശങ്ങളും അടുത്തിടെ കമ്പനി പുറത്തുവിട്ടിരുന്നു. സാങ്കേതിക വിദ്യ, കാര്യക്ഷമത, ഡിസൈന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പുതുതലമുറ എസ്‌യുവികളിലെ കരുത്തന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാരിയര്‍, ടാറ്റയുടെ ഏറ്റവും നൂതന ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയിലുള്ള ആദ്യ വാഹനമാണ്.