ഗിയര്‍ ലിവറിന് പകരം മുള വടി; സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍!
ഗിയര്‍ ലിവറിനു പകരം മുള വടി ഉപയോഗിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പൊട്ടിയ ഗിയര്‍ ലിവര്‍ ശരിയാക്കാന്‍ സമയം കിട്ടാതിരുന്നതിനാലാണ് മുള വടി ഉപയോഗിച്ചതെന്ന് ഡ്രൈവര്‍. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മുള വടി ഉപയോഗിച്ചാണ് ഇയാള്‍ ബസ് ഓടിച്ചിരുന്നത്.
മുംബൈ: ഗിയര്‍ ലിവറിനു പകരം മുള വടി ഉപയോഗിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‍തു. മുംബൈയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാജ് കുമാറാണ് (21) അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാജ് കുമാര്‍ ഓടിച്ച സ്‌കൂള്‍ ബസ് ഒരു കാറില്‍ ഇടിച്ചതോടെയാണ് ഇയാളുടെ മുള വടി ഡ്രൈവിങ് പുറത്തായത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ബസിനെ പിന്തുടര്‍ന്ന കാര്‍ ഉടമയാണ് ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുള വടി കണ്ടത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം കാര്‍ ഉടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് 279, 336 വകുപ്പുകള്‍ പ്രകാരം രാജ് കുമാറിനെ അറസ്റ്റ് ചെയ്തു.
പൊട്ടിയ ഗിയര്‍ ലിവര്‍ ശരിയാക്കാന്‍ സമയം കിട്ടാതിരുന്നതിനാലാണ് മുള വടി ഉപയോഗിച്ചതെന്നാണ് രാജ് കുമാര്‍ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മുള വടി ഉപയോഗിച്ചാണ് ഇയാള്‍ ബസ് ഓടിച്ചതെന്നാണ് പോലിസ് പറയുന്നത്. ബസില്‍ സഞ്ചരിച്ച കുട്ടികളെല്ലാം സുരക്ഷിതരാണെന്നും സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ രാജ്‍കുമാറിന് പിന്നീട് ജാമ്യം ലഭിച്ചു.