ഉറങ്ങിപ്പോയ ഡെലിവറി ബോയ് ഇടിച്ച് തകര്‍ത്തത് 3 ഫെറാരി കാറുകള്‍; അമ്പരപ്പിക്കുന്ന പ്രതികരണവുമായി നാട്ടുകാര്‍
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നിവൃത്തിയില്ലാതായതോടെയാണ് പഠനം പകുതിക്ക് നിര്‍ത്തി ഇരുപതുകാരനായ ലിന്‍ ഡെലിവറി ബോയുടെ ജോലി ഏറ്റെടുക്കുന്നത്. വീട്ടുചെലവ് നടത്തിക്കൊണ്ടുപോകാന്‍ അമ്മയ്ക്ക് ഒരു സഹായം എന്ന കണക്കുകൂട്ടല്‍ പിഴച്ചത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് പിന്നാലെയാണ്
തായ്പേയ്: കാര്‍ ഓടിക്കുന്നതിന് ഇടയില്‍ ഉറങ്ങിപ്പോയ ഡെലിവറി ബോയുടെ കാര്‍ ഇടിച്ചത് തകര്‍ത്തത് മൂന്ന് ഫെറാരി കാറുകള്‍. പിഴ അടച്ച് തീര്‍ക്കാന്‍ വഴിയില്ലാതെ കുടുങ്ങിയ യുവാവിനെ അകമഴിഞ്ഞ് സഹായിച്ച് നാട്ടുകാര്‍. തായ്‍വാനിലാണ് സംഭവം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നിവൃത്തിയില്ലാതായതോടെയാണ് പഠനം പകുതിക്ക് നിര്‍ത്തി ഇരുപതുകാരനായ ലിന്‍ ഡെലിവറി ബോയുടെ ജോലി ഏറ്റെടുക്കുന്നത്. വീട്ടുചെലവ് നടത്തിക്കൊണ്ടുപോകാന്‍ അമ്മയ്ക്ക് ഒരു സഹായം എന്ന കണക്കുകൂട്ടല്‍ പിഴച്ചത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് പിന്നാലെയാണ്.
ഒരു ഹോട്ടലിലെ രാത്രി കാലത്തെ ഡെലിവറി ബോയ് ആയ ലിന്നിന് ഞായറാഴ്ചയാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കിട്ടിയ ഓഡറില്‍ ഭക്ഷണമെത്തിച്ച് മടങ്ങുന്നതിന് ഇടയിലാണ് ലിന്‍ ഉറങ്ങിപ്പോയത്. വാഹനം പ്രധാനപാതയില്‍ നിന്ന് മാറി റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഫെറാറി കാറുകളാണ് ഇടിച്ച് തകര്‍ത്തത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും വന്‍തുകയാണ് നഷ്ടപരിഹാരമായി കാറിന്റെ ഉടമസ്ഥര്‍ ആവശ്യപ്പെട്ടത്. 273,13,845 രൂപയാണ് ഫെറാരി കാറുകളുടെ കേടുപാടുകള്‍ തീര്‍ക്കാനായി ലിന്‍ അടയ്ക്കേണ്ടിയിരുന്നത്.
സംഭവം വാര്‍ത്തയായതോടെ ലിന്നിനെ അമ്പരപ്പിക്കുന്നതായിരുന്നു തായ്പേയിലെ ജനങ്ങളുടെ പ്രതികരണം. പിഴയടക്കേണ്ട തുക കണ്ടെത്താന്‍ ലിന്നിന് സഹായവുമായി എത്തിയത് നിരവധിയാളുകളാണ്. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ തങ്ങളാല്‍ സാധിക്കുന്ന തുക ലിന്നിന് വേണ്ടി നീക്കി വച്ചതോടെ ലിന്നിന് കാര്‍ ഉടമകള്‍ക്ക് നല്‍കേണ്ട തുകയാണ് ലഭിച്ചത്.
അപകടവും ലിന്നിന്റെ അവസ്ഥയും വാര്‍ത്തയായതോടെ പകുതിക്ക് വച്ച് നിര്‍ത്തിയ പഠനം മുഴുവനാക്കാനുള്ള അവസരവും ലിന്നിന് ലഭിച്ചിരിക്കുകയാണ്. സൗജന്യമായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള അനുമതിയാണ് ലിന്നിന് ലഭിച്ചിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കാന്‍ ഫെറാരി ഉടമകളും ലിന്നിനോട് വിട്ടുവീഴ്ച കാണിച്ചതോടെ വന്‍ കടബാധ്യത ഒഴിവാകുന്നതിന്റെ ആശ്വാസത്തിലാണ് ഈ ഇരുപതുകാരന്‍. തുച്ഛമായ മാസ ശമ്പളമുപയോഗിച്ച് പണം അടച്ചു തീര്‍ക്കാന്‍ 28 വര്‍ഷത്തില്‍ അധികമായിരുന്നു ലിന്നിന് വേണ്ടിയിരുന്നത്.