ഒറ്റ ചാർജിൽ 200 കിലോമീറ്റർ;അമ്പരപ്പിക്കുന്ന വിലയും; വിപ്ലവം സൃഷ്ടിക്കാന്‍ ഒരു സ്‍കൂട്ടര്‍
2030 ഓടെ രാജ്യത്തെ നിരത്തുകള്‍ മുഴുവന്‍ വൈദ്യുത വാഹനങ്ങളെന്നതാണ് കേന്ദ്രസര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി. രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ഈ പദ്ധതിക്കനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍. ഈ പാത പിന്തുടര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഒകിനാവ സ്കൂട്ടേഴ്സ് ബാറ്ററിയിൽ ഓടുന്ന സ്കൂട്ടര്‍ പുറത്തിറക്കി.
നിലവില്‍ ഇന്ത്യന്‍ നിരത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഏറ്റവും കരുത്തുറ്റ സ്‌കൂട്ടര്‍ എന്ന ടാഗ് ലൈനോടെയാണ് പ്രെയ്‌സ് എന്നു പേരിട്ടിരിക്കുന്ന പ്രെയ്‍സ് എത്തുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 170 — 200 കിലോമീറ്റർ പിന്നിടാനുള്ള ശേഷിയും മണിക്കൂറിൽ 75 കിലോമീറ്റർ വരെ വേഗവും പ്രെയ്‍സിനുണ്ടെന്നാണ് ഒകിനാവയുടെ അവകാശവാദം.
3.35 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1000 watt ഇലക്ട്രിക് മോട്ടോറാണ് പ്രെയ്‌സിനെ മുന്നോട്ടു കുതിപ്പിക്കുന്നത്. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍. 1970 എംഎം നീളവും 745 എംഎം വീതിയും 1145 എംഎം ഉയരവും 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും സ്‌കൂട്ടറിനുണ്ട്. 774 എംഎം ആണ് സീറ്റ് ഹൈറ്റ്. സീറ്റിനടിയില്‍ 19.5 ലിറ്റര്‍ സ്റ്റോറേഡ് സ്‌പേസും ലഭിക്കും. 12 ഇഞ്ചാണ് വീല്‍. സുരക്ഷ ഉറപ്പിക്കാന്‍ മുന്നില്‍ ഡബിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുമുണ്ട്. പ്രീമിയം ഫീച്ചേറായി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പ്രത്യേകതയാണ്.
സൈഡ് സ്റ്റാന്റ് സെന്‍സര്‍, കീലെസ് എന്‍ട്രി എന്നീ അത്യാധുനിക സംവിധാനങ്ങളും ഒഖിനാവ പ്രെയ്‌സില്‍ ലഭിക്കും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡബിള്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍. എൽ ഇ ഡി ലൈറ്റ്, ഇക്കോണമി, സ്പോർട്ടി, ടർബോ മോഡുകളുള്ള ഡിജിറ്റൽ സ്പീഡോമീറ്റർ, മോഷണം ചെറുക്കാനുള്ള സെൻസർ, ടെലിസ്കോപിക് മുൻഫോർക്ക്, ഗ്യാസ് ചാർജ്ഡ് ഷോക് അബ്സോബർ, അലൂമിനിയം അലോയ് വീൽ, ട്യൂബ്രഹിത ടയർ എന്നിവയ്ക്കൊപ്പം ഇലക്ട്രോണിക് അസിസ്റ്റ് ബ്രേക്കിങ് സംവിധാനവും സ്കൂട്ടറിലുണ്ട്. ഇരട്ട വർണ സങ്കലനങ്ങളായ ഗ്ലോസി പർപ്ൾ/ബ്ലാക്ക്, മാറ്റ് ബ്ലൂ/ബ്ലാക്ക്, മാറ്റ് ഗോൾഡൻ/ബ്ലാക്ക് നിറങ്ങളിലാണ് വാഹനം എത്തുന്നത്.
വർഷങ്ങൾ നീണ്ട ഗവേഷണത്തിലൊടുവിലാണു പ്രെയ്‍സിന്‍റെ പിറവിയെന്ന് കമ്പനി സ്ഥാപകനും മാനേജിങ് ഡയറകട്റുമായ ജീതേന്ദർ ശർമ പറഞ്ഞു. 59889 രൂപയാണ് പ്രെയ്‍സിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഹീറോ Nyx, ഹീറോ ഫോട്ടോണ്‍ എന്നിവയാണ് ഇവിടെ പ്രെയ്‌സിന്റെ മുഖ്യ എതിരാളികള്‍. ഡിസംബര്‍ അവസാനത്തോടെ സ്‌കൂട്ടറിന്റെ വിതരണം ആരംഭിക്കും.