ഡിസയറിന്‍റെ വില്‍പ്പന വേഗം കണ്ട് അന്തംവിട്ട് മാരുതിയും വാഹനലോകവും
രാജ്യത്തെ വാഹനലോകത്തെ അമ്പരപ്പിച്ച് മാരുതി സുസുക്കിയുടെ കോംപാക്ട് സെഡാനായ പുത്തന്‍ ഡിസയര്‍ ചരിത്രനേട്ടത്തിലേക്ക്
രാജ്യത്തെ വാഹനലോകത്തെ അമ്പരപ്പിച്ച് മാരുതി സുസുക്കിയുടെ കോംപാക്ട് സെഡാനായ പുത്തന്‍ ഡിസയര്‍ ചരിത്രനേട്ടത്തിലേക്ക്. ഡിസയറിന്റെ പുത്തൻ പതിപ്പിന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന മൂന്നു ലക്ഷത്തിലെത്തിയതായി നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കി. 2017 മേയിൽ നിരത്തിലെത്തിയ ഡിസയർ 17 മാസത്തിനകമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
2017 മെയ് 16നാണ് ഡിസയര്‍ വിപണിയിലെത്തുന്നത്. മൊത്തം വിൽപ്പനയിൽ 25 ശതമാനത്തോളം മുന്തിയ വകഭേദങ്ങളുടെ സംഭാവനയാണ്. 20 ശതമാനത്തിലേറെ ഉടമകൾ ഓട്ടമാറ്റിക് വകഭേദം തിരഞ്ഞെടുത്തു. യഥാർഥ സെഡാൻ ശൈലിയിലുള്ള രൂപകൽപ്പനയും കാഴ്ചപ്പകിട്ടും ഡ്രൈവിങ് സുഖവും മികച്ച സീറ്റുകളുമൊക്കെയാണു ‘ഡിസയറി’നു മികച്ച വിൽപ്പന നേടിക്കൊടുക്കുന്നതെന്നും സ്ഥലസൗകര്യമുള്ള അകത്തളവും മികച്ച യാത്രാസുഖവും ആധുനിക സുരക്ഷാ സംവിധാനങ്ങളുമൊക്കെയായാണു വാഹനത്തിനു നേട്ടമായതെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
2008ലാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്കിൽ നിന്ന് ജന്മം കൊണ്ട സെഡാനായ ഡിസയർ ആദ്യമായി വിപണിയിലെത്തിയത്. 2012ൽ ഡിസയറിന്റെ പുതുരൂപം വിപണിയിലെത്തി. മൂന്നാം തലമുറയിൽപ്പെട്ട ഡിസയറാണ് 2017 മെയില്‍ പുറത്തിറങ്ങിയത്. പ്ലാറ്റ്‌ഫോം ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് ഏറ്റവും പുതിയ മോഡലിൽ സംഭവിച്ചിരിക്കുന്നത്.
1.2 ലിറ്റർ, 4 സിലിണ്ടർ 83 ബിഎച്ച്പി പെട്രോൾ, 1.3 ലിറ്റർ 4 സിലിണ്ടർ 75 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിനുകൾ. രണ്ട് എഞ്ചിൻ വേരിയന്റുകൾക്കും 5 സ്പീഡ് മാനുവൽ എഎംടി (ഓട്ടോമാറ്റിക്) ട്രാൻസ്മിഷനുകളുണ്ട്. പുതിയ ഡിസയറിന്റെ മൈലേജും മാരുതി വർദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 22കിമീ/ലിറ്ററും ഡീസലിന് 28.4 കി.മീ/ലിറ്ററുമാണ് പുതിയ മൈലേജ്. എബിഎസ്, ഇബിഡി, രണ്ട് എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വേരിയന്റുകളിലുമുണ്ട്.