എതിരാളികള്‍ക്ക് ഭീഷണിയാകാന്‍ പുത്തന്‍ എംയുഎക്സുമായി ഇസുസു
എംയുഎക്‌സ് എന്ന ജനപ്രിയ എസ്‌യുവിയുടെ പുതിയ മോഡലുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസു.
എംയുഎക്‌സ് എന്ന ജനപ്രിയ എസ്‌യുവിയുടെ പുതിയ മോഡലുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസു. പുതിയ ഡിസൈനില്‍ നല്‍കിയിരിക്കുന്ന ടെയില്‍ ഗേറ്റും എല്‍ഇഡി ടെയില്‍ ലാമ്പ്, ബ്ലാക്ക് ഫിനീഷ് സ്‌കിഡ് പ്ലേറ്റ്, ബാക്ക് ഫോഗ് ലാമ്പ്, റെയില്‍ റൂഫ്, 18 ഇഞ്ച് ട്വിന്‍ സ്‌പോക് സ്പോര്‍ട്ടി അലോയി വീലുകള്‍ തുടങ്ങിയ സ്റ്റൈലന്‍ മാറ്റങ്ങളുമായിട്ടാണ് പുത്തന്‍ എംയുഎക്സ് എത്തുന്നത്. 26.34 ലക്ഷം മുതല്‍ 28.31 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില.
പുതിയ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്ന ഗ്രില്ലും ബമ്പറും എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്ലാമ്പും എല്‍ഇഡി ഡിആര്‍എല്ലും ബ്ലാക്ക് ക്ലാഡിങ്ങുകളുടെ അകമ്പടിയോടെ നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പും അതിന് മുകളിലെ ക്രോമിയം ഇന്‍സേര്‍ട്ടുമെല്ലാം വാഹനത്തിന്‍റെ മുന്‍വശത്തെ മനോഹരമാക്കുന്നു.
ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഡുവല്‍ ടോണ്‍ ഇന്റീരിയറിനൊപ്പം ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് എംയു-എക്‌സിന്റെ ഉള്‍വശം.
4x4, 4x2 ഡ്രൈവ് മോഡുകളിലെത്തുന്ന എംയു-എക്‌സിന് 3.0 ലിറ്റര്‍ എന്‍ജിനാണ് ഹൃദയം. 2999 സിസി എന്‍ജിന്‍ 174 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.
എബിഎസ്, ഇബിഡി ബ്രേക്കിംങ് സംവിധാനത്തിനൊപ്പം അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടുന്നതാണ് പുത്തന്‍ വാഹനത്തിന്‍റെ സുരക്ഷാ മുഖം. നിബന്ധനകള്‍ക്കു വിധേയമായി അഞ്ച് വര്‍ഷത്തെ സര്‍വ്വീസ് വാറന്‍റിയും കമ്പനി ഉറപ്പു നില്‍കുന്നുണ്ട്.
ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവ, ഹോണ്ട സിആര്‍വി തുടങ്ങിയവരാണ് പുത്തന്‍ എംയുഎക്സിന്‍റെ എതിരാളികള്‍.