പുത്തന്‍ സാന്‍ട്രോയുടെ സസ്പെന്‍സ് പൊളിഞ്ഞു!
വിപണിപ്രവേശത്തിനു ദിവസങ്ങള്‍ ശേഷിക്കുമ്പോള്‍ ഇതാ വാഹനത്തെപ്പറ്റിയുള്ള സകല വിവരങ്ങളും പുറത്തു വന്നിരിക്കുന്നു. പുത്തന്‍ സാന്‍ട്രോയെ ക്യാമറ മുഴുവനായി പകര്‍ത്തിയിരിക്കുന്നു.
മുംബൈ: ഒരുകാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്‍ടിച്ച ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഹാച്ച് ബാക്ക് സാന്‍ട്രോയുടെ മടങ്ങിവരവ് കഴിഞ്ഞകുറച്ചുകാലമായി വാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഒടുവില്‍ ആ ദിവസം എത്താറിയിക്കുന്നു. ഒക്ടോബര്‍ 23 നാണ് വാഹനം വിപണിയിലെത്തുക. വിപണിപ്രവേശത്തിനു ദിവസങ്ങള്‍ ശേഷിക്കുമ്പോള്‍ ഇതാ വാഹനത്തെപ്പറ്റിയുള്ള സകല വിവരങ്ങളും പുറത്തു വന്നിരിക്കുന്നു. പുത്തന്‍ സാന്‍ട്രോയെ ക്യാമറ മുഴുവനായി പകര്‍ത്തിയിരിക്കുന്നു. ഡീലര്‍ഷിപ്പില്‍ നിന്നും പുറത്തു വന്ന പോളാര്‍ വൈറ്റ് നിറമുള്ള കാറാണ് ചിത്രങ്ങളില്‍. പുതിയ ചിത്രങ്ങള്‍ ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന ആസ്റ്റ വകഭേദത്തെ തുറന്നുകാട്ടുന്നു. പ്രാരംഭ ശ്രേണിയിലെ പ്രീമിയം മുഖമാവാനായിരക്കും രണ്ടാംവരവില്‍ ഹ്യുണ്ടായി സാന്‍ട്രോ ശ്രമിക്കുകയെന്നാണ് പുറത്തു വന്ന വിവരങ്ങള്‍ നല്‍കുന്ന സൂചനകള്‍.
രൂപത്തില്‍ ഗ്രാന്റ് ഐ10 നോടാണ് പുതിയ സാന്‍ട്രോയുടെ സാമ്യമെന്ന് പറയാമെങ്കിലും മുന്‍ഭാഗത്തെ വലിയ കാസ്‌കാഡ് ഗ്രില്‍, അഗ്രസീവ് ബംമ്പര്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഗ്രില്ലിന് ഇരുവശത്തുമുള്ള ഫോഗ് ലാമ്പുകള്‍ പുതുമയാണ്. ടെയില്‍ലാമ്പുകളും ബമ്പറും കമ്പനി പരിഷ്‌കരിച്ചു.ക്രോം അലങ്കാരമുള്ള കറുത്ത ഗ്രില്ല് പുത്തന്‍ കസ്‌കേഡിംഗ് ശൈലിയാണ്. ബമ്പറിന്റെ ഭൂരിഭാഗവും ഗ്രില്ല് കൈയ്യടക്കുന്നു. പിറകിലും വലിയ വിന്‍ഡ്ഷീല്‍ഡാണ് ഹാച്ച്ബാക്കിന്.
സ്വെപ്റ്റ്ബാക്ക് ശൈലിയാണ് ഹെഡ്‌ലാമ്പുകള്‍ക്ക്. പിറകിലേക്കു വലിഞ്ഞുനീണ്ട കൂര്‍ത്ത ഹെഡ്‌ലാമ്പുകള്‍ സാന്‍ട്രോയുടെ മുഖച്ഛായ തന്നെ മാറ്റി. വശങ്ങളില്‍ ടോള്‍ ബോയ് ഘടന പിന്തുടരാനുള്ള എല്ലാ ശ്രമങ്ങളും കാണാം. വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ 14 ഇഞ്ച് ടയറുകളാണ് ഇടംപിടിക്കുന്നത്. ഇരുവശത്തും കയറിയിറങ്ങിയുള്ള വിന്‍ഡോലൈന്‍ ഹാച്ച്ബാക്കിന്റെ ഡിസൈന്‍ സവിശേഷതയാണ്. വലിപ്പവും വീതിയുമുള്ളവയാണഅ വിന്‍ഡോകള്‍ക്ക്. അകത്തള വിശാലത പുറമെനിന്നെ അനുഭവപ്പെടും. ബമ്പറില്‍ കറുത്ത പ്ലാസ്റ്റിക് ഘടനകളും ഒരുങ്ങുന്നുണ്ട്. പിന്‍ വൈപ്പര്‍, ഹൈ സ്റ്റോപ് ലാമ്പ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം പിറകിലെ വിശേഷങ്ങളില്‍പ്പെടും. ഹാച്ച്ബാക്കിന്റെ പിന്‍ ഭാഗമാണ് ഒരുപരിധിവരെ പഴയ സാന്‍ട്രോയെ ഓര്‍മ്മിപ്പിക്കുന്നത്.
പുത്തന്‍ സാന്‍ട്രോയുടെ ഡാഷ്ബോര്‍ഡിന്റെയും സ്റ്റിയറിങ് വീലിന്റെയും മീറ്റര്‍ കണ്‍സോളിന്റെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹ്യുണ്ടായിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന കാറുകളില്‍ നല്‍കിയിരിക്കുന്നതിനോട് സമാനമായ ക്യാബിന്‍ തന്നെയാണ് സാന്‍ട്രോയിലും. കറുപ്പും ബീജും ഇടകലര്‍ന്ന ഇരട്ടനിറശൈലിയാണ് ക്യാബിന്. എസി വെന്റുകള്‍ക്കും ഗിയര്‍ ലെവറിനും സ്റ്റീയറിംഗ് വീലിനും ക്രോം ആവരണമുണ്ട്. സ്റ്റീയറിംഗ് വീലിലുള്ള ബട്ടണുകള്‍ മുഖേന ഓഡിയോ നിയന്ത്രിക്കാന്‍ കഴിയും. ബ്ലാക്ക്-ബീജ് ഡ്യുവല്‍ ടോണാണ് ഡാഷ് ബോര്‍ഡിലും. മിറര്‍ലിങ്ക്, വോയിസ് കമാന്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ സംവിധാനങ്ങളുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ടച്ച് സ്‌ക്രീനിന് പുറമെ സ്വിച്ചുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.
ഫീച്ചറുകളുടെ ധാരാളിത്തം പുതിയ സാന്‍ട്രോയുടെ സവിശേഷതയാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വശങ്ങളിലായി വലിയ എസി വെന്റുകളും, സെന്റര്‍ കണ്‍സോളില്‍ എസി നോബുകള്‍, ഹസാഡസ് ലൈറ്റ് സ്വിച്ചും നല്‍കിയിരിക്കുന്നു. രണ്ട് അനലോഗ് മീറ്ററും ഒരു മള്‍ട്ടി ഇന്‍ഫോ ഡിസ്പ്ലേയും ഉള്‍പ്പെടുന്നതാണ് സാന്‍ട്രോയിലെ ഇന്‍സ്ട്രമെന്റ് ക്ലെസ്റ്റര്‍. ഹ്യുണ്ടായിയിലെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീലാണ് പുതിയ സാന്‍ട്രോയിലും കമ്പനി നല്‍കിയിരിക്കുന്നത്. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, വൈപ്പറുകള്‍ എന്നിവയെല്ലാം സാന്‍ട്രോയുടെ പ്രത്യേകതകളില്‍പ്പെടും.
ഡിലൈറ്റ്, ഏറ, മാഗ്ന, സ്പോര്‍ട്സ്, ആസ്റ്റ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളാണ് പുതിയ സാന്‍ട്രോയില്‍ എത്തുന്നത്. 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എഞ്ചിന്‍ 68 ബിഎച്ച്പി കരുത്തും 99 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. സാന്‍ട്രോയുടെ ഡീസല്‍ വകഭേദത്തെ കുറിച്ചു ഇതുവരെ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. റെനോ ക്വിഡ്, മാരുതി വാഗണ്‍ആര്‍, മാരുതി സെലറിയേ, ടാറ്റ ടിയാഗൊ മോഡലുകളാണ് നിരത്തിലെ എതിരാളികള്‍. സിഎന്‍ജി പതിപ്പിലും സാന്‍ട്രോ വിപണിയില്‍ എത്തും. മാഗ്ന, സ്പോര്‍ട്സ് വകഭേദങ്ങളില്‍ മാത്രമെ എഎംടി ഗിയര്‍ബോക്സ് ലഭിക്കുകയുള്ളൂ. ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ ആദ്യ എഎംടി കാര്‍ കൂടിയാണ് പുത്തന്‍ സാന്‍ട്രോ. മാഗ്ന, സ്പോര്‍ട്സ് മോഡലുകളിലാണ് സാന്‍ട്രോയുടെ സിഎന്‍ജി പതിപ്പ് ഒരുങ്ങുക. പെട്രോള്‍ വകഭേദങ്ങള്‍ (മാനുവല്‍, എഎംടി ഉള്‍പ്പെടെ) 20.3 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സുരക്ഷയ്ക്കായി എയര്‍ബാഗും എബിഎസും ഇഡിബിയും കാറിലുണ്ട്. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും സാന്‍ട്രോയ്ക്ക് ലഭിക്കും. ഏഴു നിറങ്ങളിലാണ് പുത്തന്‍ സാന്‍ട്രോ എത്തുക. 3.87 ലക്ഷം രൂപയാണ് പ്രാരംഭ സാന്‍ട്രോ ഡിലൈറ്റ് മോഡലിന് വില. ഏറ്റവും ഉയര്‍ന്ന ആസ്റ്റ വകഭേദം വില 5.29 ലക്ഷം രൂപയ്ക്കും വിപണിയിലെത്തും.
1998ലാണ് മാരുതി സുസുക്കിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ടോള്‍ബോയ് ഡിസൈനില്‍ സാന്‍ട്രോ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനത്തിന്‍റെ നിര്‍മ്മാണം 2014-ല്‍ ഹ്യുണ്ടായി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴും വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഈ ഹാച്ച്ബാക്കിന്റെതെന്നതാണ് രസകരമായ കാര്യം. ഒരു മാസം ഏകദേശം 2000 യൂണിറ്റ് എന്ന നിലയില്‍ ചൂടപ്പം പോലെ വിറ്റു പോയിരുന്ന വാഹനത്തെ ഹ്യുണ്ടായി തിരികെ വിളിച്ചതിനു പിന്നിലെ രഹസ്യം അടുത്തിടെ വെളിപ്പെടുത്തിയത് വാഹനത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറു കൂടിയായ ഷാരൂഖ് ഖാനാണ്. സുരക്ഷാ പ്രശ്നങ്ങള്‍ മൂലമാണ് വാഹനം പിന്‍വലിച്ചതെന്നാണ് ഷാരൂഖ് തുറന്നുപറഞ്ഞത്.