റോഡിലെ ഈ വരകളുടെ അര്‍ത്ഥം അറിയാമോ?
റോഡില്‍ പലതരം വരകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മിക്കപ്പോഴും വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അത് ശ്രദ്ധിക്കാറില്ല. ഈ വരകളുടെ അർത്ഥം മനസ്സിലാക്കി തന്നെ നമ്മള്‍ വാഹനം ഓടിക്കണം.
റോഡ് നിയമങ്ങള്‍ അറിയാതെ വാഹനവുമായി നിരത്തിലിറങ്ങുന്നവരാണ് ഭൂരിഭാഗം റോഡപകടങ്ങള്‍ക്കുമുള്ള പ്രധാന കാരണം. റോഡില്‍ പലതരം വരകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മിക്കപ്പോഴും വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അത് ശ്രദ്ധിക്കാറില്ല. ഈ വരകളുടെ അർത്ഥം മനസ്സിലാക്കി തന്നെ നമ്മള്‍ വാഹനം ഓടിക്കണം. കാരണം നമ്മുടെ ലൈഫ് ലൈനാണിത്.
റോഡിനെ സംബന്ധിച്ച് അറിവ് കൊടുക്കുന്നതോടൊപ്പം അപകടസാധ്യതകൾ മുൻകൂട്ടി മനസിലാക്കാൻ ഡ്രൈവറെ സഹായിക്കുന്നതിനുമാണ് റോഡിലെ വരകൾ. റോഡിലെ ശ്രദ്ധ വ്യതിചലിക്കാതെ കാര്യങ്ങൾ മനസിലാക്കാനും കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് ഉപയോഗിക്കുവാനും ഇവ സഹായിക്കും. മഞ്ഞ, വെള്ള എന്നീ നിറങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. റോഡിനു നെടുകെയുള്ള വരകൾ വാഹനത്തിന്‍റെ സ്ഥാനം എവിടെയായിരിക്കണമെന്ന് ഡ്രൈവർക്ക് നൽകുന്ന സൂചനയാണ്. റോഡിനു കുറുകെയുള്ള വരകൾ വാഹനം നിർത്തേണ്ട സ്ഥാനം അറിയിക്കുന്നതിനാണ് മറ്റു വരകൾ ഡ്രൈവർക്കുള്ള നിർദ്ദേശങ്ങളാണ്.
ഇടവിട്ട വെള്ളവര :
ഇരുവരിപ്പാതയുടെ മധ്യരേഖ. ഇരുദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്നതിനു വേണ്ടിയാണ് ഈ വര. ഡ്രൈവർമാർക്ക് റോഡിന്റെ ഇടതുഭാഗം നിലനിർത്തി വാഹനമോടിക്കുവാൻ സഹായിക്കുന്ന ഈ വര ഓവർടേക്കിങ് സമയത്ത് അത്യാവശ്യമെങ്കിൽ മുറിച്ചു കടക്കാം.
ഹസാർഡ് വാണിങ് ലൈൻ/ അകലം കുറഞ്ഞ ഇടവിട്ട വെള്ളവര :
അപകട സാധ്യതയുള്ള സ്ഥലം സമീപിക്കുന്നു എന്ന് മുന്നറിയിപ്പു നൽകുന്നതിനാണ് ഇത്തരം വരകൾ. മധ്യരേഖയെക്കാൾ ഈ വരയ്ക്ക് നീളം കൂടുതലും വരകൾ തമ്മിലുള്ള ഗ്യാപ്പ് കുറവും അയിരിക്കും. കുറഞ്ഞത് ഏഴു വരകൾ ഉണ്ടായിരിക്കും. വളവുകൾ ജങ്ഷനുകൾ മുതലായ സ്ഥലങ്ങൾ അടുക്കുന്നതിനു മുൻപായി മധ്യരേഖയോട് തുടർച്ചയായാണ് ഈ വര ഉണ്ടാകുക.
തുടർച്ചയായ വെള്ളവര :
ഇരു ദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്നു. റോഡിന്റെ ഇടതുഭാഗം നിലനിർത്തിത്തന്നെ വാഹനോടിക്കണം. വര മുറിച്ചു കടക്കുന്നതിന് നിയന്ത്രണമുണ്ട്.
തുടർച്ചയായ മഞ്ഞവര :
മഞ്ഞവരയുള്ള ഭാഗത്ത് ഓവർടേക്കിങ് പാടില്ല. സൈറ്റ് ഡിസ്റ്റന്റ് കുറവായ വളവുകളിലാണ് ഈ വരകൾ ഉണ്ടാകുക. വര മുറിച്ചു കടക്കുന്നത് കുറ്റകരമാണ്.
ഇരട്ട വെള്ള/ മഞ്ഞ വര:
ഇരട്ടവരയുള്ള ഭാഗത്ത് വര മുറിച്ചു കടക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.
തുടർച്ചയായ വരയും ഇടവിട്ട വരയും :
ഇടവിട്ട വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാം. എന്നാൽ തുടർച്ചയായ വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാൻ അനുവാദമില്ല.
ട്രാഫിക് ലെയിൻ വര:
വീതികൂടിയ റോഡുകളിൽ ഗതാഗതം വരിവരിയായി ക്രമീകരിച്ച് സുഗമമാക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ വരകൾ. ഇടവിട്ട വെള്ളവരയായാണ് ട്രാഫിക് ലെയിൻ വരയ്ക്കുക., മധ്യരേഖയെ അപേക്ഷിച്ച് നീളവും വീതിയും കുറവായിരിക്കും ഈ വരകൾക്ക്.
കടപ്പാട്: കേരള പൊലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്