നിര്‍ണായക നേട്ടവുമായി മാരുതി ബ്രെസ കുതിക്കുന്നു
നിരത്തിലെത്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ ബ്രെസയുടെ വില്‍പന നാല് ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി വ്യക്തമാക്കി.
എസ്‍ യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമുള്ള കോംപാക്റ്റ് എസ് യു വി സെഗ്മെന്‍റിലെ കരുത്തനെന്ന പേര് അരക്കിട്ടുറപ്പിച്ച് വില്‍പനയില്‍ പുതിയ നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് മാരുതി വിറ്റാരെ ബ്രെസ. നിരത്തിലെത്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ ബ്രെസയുടെ വില്‍പന നാല് ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി വ്യക്തമാക്കി. ബെസ്റ്റ് സെല്ലിങ് കോംപാക്ട് എസ്.യു.വിയായ ബ്രെസയ്ക്ക് നിലവില്‍ ഈ സെഗ്‌മെന്റില്‍ 44.1 ശതമാനം വിപണി വിഹിതമുണ്ട്.
2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രേസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രേസ. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ഒക്ടോബര്‍ പാദത്തില്‍ 95000 യൂണിറ്റും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1.48 ലക്ഷം യൂണിറ്റ് ബ്രെസകളുമാണ് പുറത്തിറങ്ങിയത്. 2019 ജനുവരിയില്‍ മാത്രം 13,172 യൂണിറ്റ് ബ്രസകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ഏഴ് ശതമാനം വളര്‍ച്ചയോടെ മാസംതോറും ശരാശരി 14,675 യൂണിറ്റ് ബ്രെസ വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്.
2016ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മാരുതിയുടെ ഈ കോംപാക്ട് എസ്.യു.വി സ്വന്തമാക്കിയിരുന്നു. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ പുതുമോടിയിലെത്തി വമ്പന്‍ വിജയം നേടാന്‍ ബ്രെസയെ സഹായിച്ചതില്‍ പ്രധാനി വാഹനത്തിന്റെ ബോക്‌സി രൂപത്തിലുള്ള എക്സ്റ്റീരിയര്‍ ലുക്കാണ്. ഇതിനൊപ്പം ഡബിള്‍ ടോണ്‍ നിറവും കൂടുതല്‍ വിപണനത്തിനു സഹായകമായി.
1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS എഞ്ചിന്‍ 90 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. എര്‍ടിഗ, സിയാസ്, എസ്‌ക്രോസ് മോഡലുകളില്‍ ഉപയോഗിച്ച അതെ എഞ്ചിനാണ് ബ്രെസയിലും കമ്പനി പരീക്ഷിച്ചത്. നൂറ് കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ഇതിനു വെറും 13.3 സെക്കന്റുമതി. മികച്ച ക്യാബിന്‍ സ്‌പേസ്, മാരുതി ബ്രാന്‍ഡില്‍ സാമാന്യം ഭേദപ്പെട്ട സേഫ്റ്റി ഫീച്ചേഴ്‌സ്, ഇന്ധനക്ഷമത എന്നിവയാണ് ബ്രെസ കോംപാക്ട് എസ്.യു.വി വിപണിയില്‍ മുന്‍പന്തിയിലെത്തിച്ചത്. ആദ്യം മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രം ലഭ്യമായിരുന്ന ബ്രെസയില്‍ കഴിഞ്ഞ വര്‍ഷമാണ് ഓട്ടോമാറ്റിക് ഉള്‍പ്പെടുത്തിയത്. ഇതിന് ശേഷം ആകെ വില്‍പനയില്‍ 20 ശതമാനവും ഓട്ടോമാറ്റിക് പതിപ്പിനാണെന്നും കമ്പനി വ്യക്തമാക്കുന്നു.