ജയ്‍സലിന്‍റെ ഈ 'സ്രാവിനു' മുന്നില്‍ ഇന്നോവ അല്‍പ്പമൊന്നു പതറും!
പ്രളയത്തില്‍ മുതുകു ചവിട്ടുപടിയാക്കി ജനഹൃദയങ്ങള്‍ കീഴടക്കിയ മലപ്പുറം താനൂരിലെ മത്സ്യത്തൊഴിലാളി ജയ്‍സലിന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നാണ് മരാസോ മലയാളി മനസുകളെ കീഴ്‍പ്പെടുത്തുന്നത്. മരാസോയുടെ മുഖ്യ എതിരാളി ഇന്നോവ ക്രിസ്റ്റയും മരാസോയു തമ്മിലുള്ള താരതമ്യം
മഹീന്ദ്രയുടെ ഏറ്റവും പുതിയ എംപിവിയാണ് മരാസോ. സ്രാവ് എന്ന് ഓമനപ്പേരുള്ള മരാസോയുടെ വരവ് വാഹനലോകം ഏറെ ആകാക്ഷയോടെയാണ് കാത്തിരുന്നത്. ഇപ്പോള്‍ കേരളത്തിലും ഈ വാഹനം അവതരിച്ചിരിക്കുന്നു. മരാസോ എന്ന പേര് മലയാളികളുടെ നാവിന്‍ തുമ്പിലും ഏറെ പ്രസിദ്ധമാണ്. കാരണം പ്രളയത്തില്‍ മുതുകു ചവിട്ടുപടിയാക്കി ജനഹൃദയങ്ങള്‍ കീഴടക്കിയ മലപ്പുറം താനൂരിലെ മത്സ്യത്തൊഴിലാളി ജയ്‍സലിന്‍റെ ജീവിതത്തിലേക്കാണ് മരാസോ ആദ്യം കടന്നുവന്നത്. മരാസോ എന്ന സ്പാനിഷ് പേരിന് സ്രാവ് എന്നാണ് അര്‍ത്ഥമെന്നത് മറ്റൊരു കൗതുകം. എന്തായാലും മരാസോ വിപണിയിലെത്തിയതോടെ വാര്‍ത്തകളില്‍ നിറയുന്ന മറ്റൊരു വാഹനമാണ് ടൊയോട്ടയുടെ ഇന്നവ ക്രിസ്റ്റ. ഇന്നോവയും മരാസോയും തമ്മിലുള്ള താരതമ്യമാണ് ഇവിടെ.
വില
കൊക്കിലൊതുങ്ങുന്ന വിലയാണ് മരാസോയുടെ വലിയ ഹൈലൈറ്റ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മരാസോയ്ക്കു 10 ലക്ഷം മുതൽ 13.90 ലക്ഷം വരെയാണ് വില. എന്നാല്‍ ക്രിസ്റ്റയ്ക്ക് 14.65 ലക്ഷം മുതൽ 22 ലക്ഷം വരെയും. ഒന്നുകൂടെ വിശദമാക്കിയാല്‍ നാലു വകഭേദങ്ങളിലാണ് മരാസോ വിപണിയിലെത്തുന്നത്. അതിൽ ആദ്യത്തെ മൂന്നു വകഭേദങ്ങൾ 8 സീറ്റ് ലേഔട്ടിലും ലഭ്യമാണ്. അടിസ്ഥാന വകഭേദമായ എം 2ന്റെ ഏഴ് സീറ്റ് മോഡലിന് 9.99 ലക്ഷം രൂപയും എട്ട് സീറ്റ് മോഡലിന് 10.04 ലക്ഷം രൂപയുമാണ് വില. എം4 ഏഴ് സീറ്റിന് 10.95 ലക്ഷം രൂപയും എട്ട് സീറ്റിന് 11 ലക്ഷം രൂപയുമാണ് വില. എം6 ഏഴു സീറ്റിന് 12.40 ലക്ഷം രൂപയും എട്ട് സീറ്റിന് 12.45 ലക്ഷം രൂപയും. ഉയർന്ന വകഭേദമായ എം8 ഏഴ് സീറ്റിന് 13.90 ലക്ഷം രൂപയുമാണ് വില.
ഇന്നോവയുടെ വില തുടങ്ങുന്നത് തന്നെ 14 ലക്ഷത്തില്‍ നിന്നാണ്. പെട്രോൾ ഡീസൽ വകഭേദഹങ്ങളിലായി അഞ്ച് മോഡലുകളുണ്ട് ഇന്നോവ ക്രിസ്റ്റയ്ക്ക്. അതിൽ ഉയർന്ന വകഭേദങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ഏഴ്. എട്ടു സീറ്റ് പതിപ്പുകളിൽ ലഭ്യമാണ്. 14.65 ലക്ഷം മുതൽ 22.01 ലക്ഷം രൂപവരെയാണ് വിവിധ മോഡലുകളുടെ വില.
കൂടിയ വീതി
വീതി 3.6 സെന്റിമീറ്ററും വീൽബേസിൽ ഒരു സെന്റിമീറ്ററും ഇന്നോവയെക്കാൾ കൂടുതലാണു മരാസോയ്ക്ക്. മരാസോയുടെ വീതി 1866 എംഎം ഉയരം 1774 എംഎം വീൽബെയ്സ് 2760 എംഎം ഉം ആണ്. എന്നാല്‍ ഇന്നോവയെക്കാൾ നീളവും ഉയരവും അൽപ്പം കുറയും. 4585 എംഎം നീളമുണ്ട് മരാസോയ്ക്ക്.
എൻജിൻ
മരാസോയ്ക്ക് നിലവിൽ ഡീസൽ എൻജിൻ മാത്രമേയുള്ളൂ. ഈ 1.5 ലീറ്റർ ഡീസൽ എൻജിന് 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും സൃഷ്‍ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയർബോക്സ്.
എന്നാൽ ഒരു പെട്രോൾ എൻജിനും രണ്ട് ഡീസൽ എൻജിൻ പതിപ്പുകളും ഇന്നോവ ക്രിസ്റ്റയ്ക്കുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് 2.4 ലീറ്റർ ഡീസൽ എൻജിൻ 148 ബിഎച്ച്പി കരുത്തും 343 എൻഎം ടോർക്കും സൃഷ്‍ടിക്കും. 2.8 ലീറ്റർ ഡീസൽ എൻജിന് 172 ബിഎച്ച്പി കരുത്തും 360 എൻഎം ടോർക്കുമുണ്ട്. 2.7 ലീറ്റർ പെട്രോൾ എൻജിന് 164 ബിഎച്ച്പി കരുത്തും 245 എൻഎം ടോർക്കുമുണ്ട്. അഞ്ച് സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദങ്ങളിൽ ലഭിക്കും.
എന്നാല്‍ അൽപ്പം ചെറിയ എൻജിനായതുകൊണ്ടു തന്നെ ഇന്ധന ക്ഷമതയുടെ കാര്യത്തിൽ മരാസോ തന്നെയാണ് മുന്നിൽ. ഇക്കാരണങ്ങളൊക്കെ കൊണ്ടു തന്നെ ഇന്നോവ കൈയ്യടിക്കിയിരിക്കുന്ന ടാക്സി വിപണി വിഴുങ്ങുന്നതിനൊപ്പം സാധാരണക്കാരന്‍റെ എംപിവി സ്വപ്നങ്ങളും മഹീന്ദ്രയുടെ ഈ സ്രാവ് സാക്ഷാത്കരിക്കുമെന്ന് ഉറപ്പ്.